പ്രണയം അന്തസ്സും ആത്മാഭിമാനവും നഷ്ടപ്പെടുത്തി, അത് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയി - ഷാഹിദ് കപൂർ

ഷാഹിദ് കപൂര്‍ | Photo: AFP
ഷാഹിദ് കപൂര്‍ | Photo: AFP

ബോളിവുഡിന്റെ ചോക്ലേറ്റ് ബോയ് ഷാഹിദ് കപൂറിന്റെ ഏറ്റവും പുതിയ ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുന്ന 'ദേവ'. ചിത്രത്തില്‍ മുരടനായ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഷാഹിദ് എത്തുന്നത്. ചോക്ലേറ്റ് ബോയ് ഇമേജ് വിട്ട് പരുക്കന്‍ കഥാപാത്രങ്ങളില്‍ എത്തിയപ്പോഴൊക്കെ ബോക്‌സ്ഓഫീസ് ഹിറ്റുകള്‍ സ്വന്തമായിട്ടുണ്ട് ഷാഹിദിന്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ബോളിവുഡിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ജനപ്രീതി ദേവയിലൂടെ തിരിച്ചുപിടിക്കാനാവും എന്ന പ്രതീക്ഷയിലാണ് താരം. എന്നാല്‍ ദേവയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ താരം പ്രണയത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

നിരവധി പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കരീന കപൂറുമായുള്ള നീണ്ടനാളത്തെ പ്രണയമാണ് തന്നെ ഏറെ സ്വാധീനിച്ചിരുന്നത് എന്ന് ഷാഹിദ് തന്നെ പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും ബ്രേക്ക്അപ്പിന് വലിയ ഞെട്ടലോടെയാണ് ബോളിവുഡ് സാക്ഷ്യം വഹിച്ചത്. പിന്നാലെ പല നടിമാരുമായും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുവെങ്കിലും വൈകാതെ സിനിമാ മേഖലയ്ക്ക് പുറത്തുനിന്ന് ഒരു പെണ്‍കുട്ടിയെ ജീവിതസഖിയാക്കി ഷാഹിദ്. ഭാര്യ മിര രാജ്പുതിനെക്കുറിച്ച് ഏറെ അഭിമാനത്തോടെയാണ് ഷാഹിദ് അഭിമുഖങ്ങളിലെല്ലാം സംസാരിക്കാറ്. ഇപ്പോഴിതാ, ദേവ് സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ചുള്ള തന്റെ തിരിച്ചറിവുകള്‍ കൂടി പങ്കുവെച്ചിരിക്കുകയാണ് താരം. 

'പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്.. നിങ്ങളെ വേണ്ടാ എന്നു പറയുന്നവരുടെ പിന്നാലെ, നിങ്ങളുടെ അന്തസ്സും ആത്മാഭിമാനവും നഷ്ടപ്പെടുത്തി നിങ്ങള്‍ പോകും. അവരോടുള്ള സ്‌നേഹാധിക്യമാണ് നിങ്ങളെക്കൊണ്ട് അങ്ങനെ ചെയ്യിക്കുക. എന്നാല്‍ ഇക്കാര്യങ്ങള്‍ നിങ്ങള്‍ തന്നെ തിരിച്ചറിയുമ്പോഴേക്കും ഒരുപാട് വൈകിപ്പോയിട്ടുണ്ടാവും. അപ്പോള്‍ മാത്രമേ നിങ്ങള്‍ നിങ്ങളോട് ചോദിക്കൂ, നീ എന്താ ഈ ചെയ്യുന്നതെന്ന്. പ്രണയം നിങ്ങള്‍ക്ക് എന്താണ് നല്‍കുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം. അത് നിങ്ങള്‍ക്ക് നല്ലതാണോ ചീത്തയാണോ നല്‍കുന്നത് എന്ന് സ്വയം വിലയിരുത്തണം. കാരണം, എല്ലാം കഴിയുമ്പോള്‍ നിങ്ങളെ നോക്കാന്‍ നിങ്ങള്‍ മാത്രമേ ഉണ്ടാവൂ,' ഷാഹിദ് പറയുന്നു. 

'പ്രണയിക്കുമ്പോള്‍, ഇങ്ങോട്ട് കിട്ടുന്നതില്‍ മാത്രമായിരിക്കും നമ്മുടെ ശ്രദ്ധ. നമ്മള്‍ അങ്ങോട്ട് എന്തുകൊടുക്കുന്നു എന്ന് ശ്രദ്ധിക്കാറില്ല. സ്‌നേഹം, സഹാനുഭൂതി, പിന്തുണ.. അങ്ങനെ എന്തും ആയിക്കോട്ടേ, ഇങ്ങോട്ട് ആവശ്യപ്പെടുകയും നേടിയെടുക്കുകയും മാത്രമല്ല, അങ്ങോട്ട് കൊടുക്കാനും നമ്മള്‍ തയ്യാറാവണം,' ഷാഹിദ് വ്യക്തമാക്കുന്നു. 2015-ലാണ് ഷാഹിദും മിരയും വിവാഹിതരായത്. 2016-ലാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്, മിഷ എന്നാണ് മകളുടെ പേര്. 2018-ല്‍ മകന്‍ സെയ്ന്‍ ജനിച്ചു. 

Content Highlights: shahid kapoor opens up about previous love relationships