"ഈ ജെയിംസ് ബോണ്ടാണ് ഉശിരൻ.."; വെടിയും പുകയും മാത്രമായിരുന്നില്ല കോണറിക്കാലത്തെ ജെയിംസ് ബോണ്ട്

ജെയിംസ് ബോണ്ടിന്റെ തീം മ്യൂസിക്കിനൊപ്പം മനസ്സിൽ ഓടിക്കയറിവരുന്ന ചിലതുണ്ട്. ക്രൗൺ തിയേറ്ററിലെ പുരാതനമായ പങ്കകൾ, തൂണുകൾ, തൊട്ടപ്പുറത്തെ പാളങ്ങളിലൂടെ കുതിച്ചോടുന്ന തീവണ്ടിയുടെ ഇരമ്പം, പിന്നെ ടിക്കറ്റ് ചെക്കർ ഗോവിന്ദേട്ടന്റെ കുഞ്ഞു മുഖം....
തോക്കുമായി സ്ക്രീനിൽ വിലങ്ങനെ നടക്കുകയും ഇടയ്ക്കിടെ നമ്മളെ നോക്കി നിറയൊഴിക്കുകയും ചെയ്യുന്നു ബോണ്ടേട്ടൻ; പശ്ചാത്തലത്തിലെ "റ്റടറ്റഡാ" എന്ന ആ വിഖ്യാത സംഗീത ശകലത്തിന്റെ അകമ്പടിയോടെ. ഒരു പക്ഷേ ലോകത്തെ ഏറ്റവും സുപരിചിതമായ പ്രമേയ സംഗീതം.
ചിട്ടപ്പെടുത്തിയ മോണ്ടി നോർമ്മനും അറേഞ്ച് ചെയ്ത ജോൺ ബാരിക്കും നന്ദി; പിന്നെ ക്രൗൺ സ്വാമിക്കും. സ്വാമിയുടെ തീയറ്ററിലെ തിരശ്ശീലയിൽ നിന്നാണല്ലോ നീലക്കണ്ണുകളും പുകയുന്ന റിവോൾവറുമായി "ഡബിൾ ഓ സെവൻ" കൗമാരകുതൂഹലങ്ങളിലേക്ക് ഓടിക്കയറിവന്നത്. "മൈ നെയിം ഈസ് ബോണ്ട്; ജെയിംസ് ബോണ്ട്" എന്ന ട്രേഡ് മാർക്ക് ഇൻട്രൊഡക്ഷനോടെ.
ആദ്യം കണ്ട ബോണ്ട് ചിത്രം "ലിവ് ആൻഡ് ലെറ്റ് ഡൈ." 1973 ൽ റിലീസായ പടം. പക്ഷേ ക്രൗണിലെ സ്ക്രീനിൽ കണ്ടത് പിന്നെയും നാല് വർഷം കഴിഞ്ഞ്. മൂന്നു രൂപാ മുടക്കി, കൈയിലൊരു കടലപ്പൊതിയുമായി അകത്തു കയറാൻ തുടങ്ങുമ്പോൾ വാതിലിൽ ടിക്കറ്റ് മുറിക്കാൻ നിന്ന കൊച്ചു മനുഷ്യൻ മുഖത്ത് നോക്കാതെ പറഞ്ഞു; ആത്മഗതമെന്നോണം:
"അടീം ഇടീം വെടീം ഒക്കേണ്ട്. പക്ഷേ മറ്റോന്റെ അത്ര വരൂല."
ആരാ ആ "മറ്റോൻ" എന്നാലോചിച്ചു ഒരു നിമിഷം നിന്നപ്പോൾ അതാ വരുന്നു വെടിയുണ്ട കണക്കെ ഗോവിന്ദേട്ടന്റെ വിശദീകരണം.
"ആയ്, മ്മടെ സീങ്കോണറി ല്ലേടോ. ഓനാണ് ശരിക്കൂള്ള ബോണ്ട്. ഉശിരൻ. അധികം ബർത്താനം ല്യ. കണ്ണോണ്ടുള്ള കളിയാ. പുത്യേ ചങ്ങായി കൊഴപ്പല്യ. ന്നാലും പോരാ. ഇബൻ ആക്ഷന്റെ ആളാ. മറ്റോന് സൂപ്പർ ആക്റ്റിംഗും ണ്ട്. അതാ വെത്യാസം.."
ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ, അഗാധമായ നിരീക്ഷണപാടവത്തോടെയുള്ള ആ റിവ്യൂവിനെ കടത്തിവെട്ടാൻ ഇന്നത്തെ ന്യൂജെൻ യൂട്യൂബ് നിരൂപക ശിങ്കങ്ങൾക്ക് പോലും പറ്റുമോ എന്ന് സംശയം. ഷോൺ കോണറിയുടെയും റോജർ മൂറിന്റെയും ബോണ്ടഭിനയത്തെ എത്ര സുചിന്തിതമായാണ് ഗോവിന്ദേട്ടൻ താരതമ്യപ്പെടുത്തിയത്.
രത്നച്ചുരുക്കം ഇങ്ങനെ: വെറും വെടിയും പുകയുമായിരുന്നില്ല കോണറിക്കാലത്തെ ജെയിംസ് ബോണ്ട്. ബുദ്ധിയും വികാരവും ഉപയോഗിച്ചായിരുന്നു മൂപ്പരുടെ വിളയാട്ടങ്ങൾ ഏറെയും. റോജർ മൂർ വന്നപ്പോൾ വൈകാരികത പിന്നിലായി. സാങ്കേതികതയും കൈക്കരുത്തും വെടിവെപ്പും സെക്സും മുന്നിൽ കയറി. പിന്നെ ആ പഴയ കാലത്തേക്ക് തിരിച്ചുപോയതേയില്ല ബോണ്ടേട്ടൻ.
അന്ന് ക്രൗണിലെ സ്പീക്കറുകളിലൂടെ കേട്ടു തുടങ്ങിയതാണ് ബോണ്ടിന്റെ ത്രസിപ്പിക്കുന്ന തീം മ്യൂസിക്. ഇന്നും ഉറക്കത്തിൽ പോലും ആ സംഗീത ശകലം കേട്ടാൽ ഷോൺ കോണറിയോ റോജർ മൂറോ തിമോത്തി ഡാൾട്ടണോ പിയേഴ്സ് ബ്രോസ്നനോ ഡാനിയൽ ക്രെയ്ഗോ മുന്നിലേക്ക് നടന്നുവരും പോലെ തോന്നും.
"ഗംബോൾ റാലി" ആയിരിക്കണം ക്രൗണിൽ നിന്ന് ആദ്യം കണ്ട സിനിമ. ഏതോ വെക്കേഷൻ കാലത്ത് ഗോപിയേട്ടന്റെയും പാർവ്വതിയേടത്തിയുടെയും കൂടെ കോഴിക്കോട്ട് വന്നപ്പോൾ ചെന്നു കണ്ട പടം. അന്ന് "എയർ കൂൾഡ്" ആണ് ക്രൗൺ. കണ്ടീഷൻഡ് ആയിട്ടില്ല. ഭാഷ ഇംഗ്ലീഷ് ആയതുകൊണ്ട് വങ്കനായി മിഴുങ്ങസ്യ എന്നിരിക്കേണ്ടി വരുമോ എന്നായിരുന്നു എന്റെ പേടി. എന്നാൽ സിനിമ മൊത്തം കാർ റാലി ആകയാൽ കഥാഗതി ഏതാണ്ടൊരു രൂപം കിട്ടി. പിടി തരാതിരുന്നത് കോമഡി ഡയലോഗുകൾമാത്രം.
"അതെന്താ ഗോപ്യേട്ടാ അയാള് പറഞ്ഞത്"-- തിയേറ്ററിൽ ചിരി ഉയരുമ്പോൾ അടുത്തിരുന്ന ഗോപിയേട്ടനെ തോണ്ടി ഞാൻ ചോദിക്കും. ഇതൊരു പതിവായപ്പോൾ ഗോപിയേട്ടൻ പറഞ്ഞു: "ആയ്, ഇച്ചെക്കനെ കൊണ്ട് സൊല്ല ആയല്ലോ. ബോറടിപ്പിക്കല്ലേടോ. ഒന്ന് കാണട്ടെ. എല്ലാരും ചിരിക്കുമ്പോ നീയ്യും ചിരിച്ചോ. തമാശ ഒക്കെ പിന്നെ സിനിമ കഴിഞ്ഞിട്ട് പറഞ്ഞുതരാം.." എവിടെ പറഞ്ഞുതരാൻ?
പാർവതിയേടത്തിയും അടുത്തിരുന്ന് "ഗുംഗും"ന്ന് ചിരിക്കുന്നുണ്ടായിരുന്നെങ്കിലും തമാശ പിടികിട്ടിയിട്ടുള്ള ചിരിയാണതെന്ന് തോന്നിയില്ല. എല്ലാരും ചിരിച്ചു മറിയുമ്പോ നമ്മള് ചിരിക്കാഞ്ഞാലും മോശല്ലേ?
ദേവഗിരി കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന് ന്യൂമാൻ ഹോസ്റ്റലിൽ വാസം തുടങ്ങിയ ശേഷമാണ് പ്രതിവാര ക്രൗൺ തീർത്ഥാടനം ഒരു ദൗർബല്യമായി ഒപ്പം കൂടിയത്. തലങ്ങും വിലങ്ങും കണ്ടു ഹോളിവുഡ് സിനിമകൾ. ക്ലിന്റ് ഈസ്റ്റ്വുഡ്, ചാൾസ് ബ്രോൺസൺ, ആന്റണി ക്വിൻ, സിഡ്നി പൊയ്റ്റർ, ടെറൻസ് ഹിൽ, ബഡ് സ്പെൻസർ, ജെയിംസ് കൊബേൺ, ഗ്രിഗറി പെക്ക്, എലിസബത്ത് ടെയ്ലർ, സോഫിയ ലോറൻ, റാക്വൽ വെൽച്ച്, ഗോൾഡീ ഹോൺ ... മത്സരിച്ചു ക്ഷണിച്ചു കൊണ്ടിരുന്നു ഇവരൊക്കെ ക്രൗണിലേക്ക്.
കൂടെ വരാൻ തയ്യാറുള്ളവർ കുറവായിരുന്നു ഹോസ്റ്റൽ വാസികൾക്കിടയിൽ. ഒരു സദാനന്ദൻ, ഒരു വിജയകുമാർ, ഒരു കൃഷ്ണൻ നമ്പൂതിരി.. അങ്ങനെ കുറച്ചു പേർമാത്രം. മറ്റുള്ളവരൊക്കെ തച്ചോളി അമ്പുവിനും മൂർഖനും കഴുകനും ഇരുമ്പഴികൾക്കും ക്യൂ നിൽക്കാൻ പോയിട്ടുണ്ടാകും.
വെസ്റ്റേൺ സിനിമകളോടായിരുന്നു അക്കാലത്ത് പ്രാന്ത്. ഇക്കിളിപ്പെടുത്തിയാൽ പോലും ചിരിക്കാൻ മനസ്സില്ലാത്ത നായകർ, കുതിച്ചുപായുന്ന കുതിരകൾ, അരക്കെട്ടിലുറങ്ങുന്ന തോക്കുസഞ്ചിയിൽ നിന്ന് ഏതു നിമിഷവും പൊന്തിവരാവുന്ന തോക്കുകൾ.... സത്യം പറയാലോ. ഇന്നും പൂർണ്ണമായി കൈവിട്ടിട്ടില്ല ആ കൗബോയ് പ്രണയം.
ഇടയ്ക്ക്, അപൂർവമായിമാത്രം ധർമേന്ദ്ര, ഹേമമാലിനി, ഫിറോസ് ഖാൻ തുടങ്ങിയ നാടൻ പരിഷകളും മിന്നിമറയും ക്രൗണിലെ തിരശ്ശീലയിൽ. ഡ്രീംഗേൾ, ധർമാത്മാ, ഖോട്ടെ സിക്കായ്, രാജാജാനി തുടങ്ങിയ ഹിന്ദി സിനിമകൾ കണ്ടത് അവിടെ നിന്നാണ്. ഇംഗ്ലീഷ് സിനിമകളുടെ ഫിലിം പെട്ടി സമയത്തിന് വന്നുകിട്ടാത്തപ്പോൾ തൽക്കാലശാന്തിക്ക് പൊട്ടിവീഴുന്ന സിനിമകളാണത്രെ അവ.
വർഷങ്ങളേറെയായി ക്രൗണിൽ നിന്ന് സിനിമ കണ്ടിട്ട്. ഇപ്പൊ അതൊരു തിയറ്റർ കോംപ്ലക്സാണത്രെ. ഇയ്യിടെ അതിലെ പോയപ്പോൾ വെറുതെ അകത്തേക്കൊന്ന് പാളിനോക്കി. ഗോവിന്ദേട്ടൻ മുകളിൽ നിന്ന് കൈകൊട്ടി വിളിച്ച പോലെ...
"വന്നു കണ്ട് പൊയ്ക്കോളീ ടോ. കാലം മാറീലേ? മൊത്തം ഗ്രാഫിക്സാ; സിംഹോം പുലീം പാമ്പും അടക്കം. ജീവനുള്ള ഉരുപ്പടികള് കൊറവാ... ന്നാലും രസംണ്ട്..."
Content Highlights: James Bond's theme music evokes vivid memories of the Crown Theatre's ancient pillars and the rumble of trains, with ticket checker Govindettan's face etched in memory. Bond, with his iconic gun, walks across the screen, occasionally firing at us, accompanied by the famous music.