ആദ്യഗാനം പതിനഞ്ചാം വയസ്സിൽ, ദേവരാജൻ അഭിനന്ദിച്ച എഴുത്തുകാരി; പാട്ടെഴുത്തിൽ അരനൂറ്റാണ്ട് തികച്ച് ശശികല

ഉള്ളിലൊരു സ്വപ്നജീവിയുണ്ട് പണ്ടുമുതലേ. പതിനഞ്ചുകാരിയായ സ്കൂൾ കുട്ടിയെക്കൊണ്ട് കവിതയും പാട്ടും എഴുതിച്ചത് ആ സ്വപ്നജീവിയല്ലാതെ മറ്റാര്? അന്ന് കുറിച്ച പാട്ടുകളിലൊന്ന് സിനിമയിൽ വരുമെന്ന് സങ്കല്പിച്ചിട്ടുപോലുമില്ല ശശികല മേനോൻ. പി. ഭാസ്കരനും ഒ.എൻ.വിയും യൂസഫലി കേച്ചേരിയും ശ്രീകുമാരൻ തമ്പിയും ബിച്ചു തിരുമലയും പൂവച്ചൽ ഖാദറുമൊക്കെ നിറഞ്ഞുനിൽക്കുകയാണല്ലോ സിനിമാലോകത്ത്. പക്ഷേ, വിധി പനയപ്പള്ളി സ്വദേശിയായ ആ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പാട്ടെഴുത്തുകാരിയാക്കി. അര നൂറ്റാണ്ട് പിന്നിട്ട ഒരു സർഗ്ഗയാത്രയുടെ തുടക്കം.
ജേസി സംവിധാനം ചെയ്ത 'സിന്ദൂര'ത്തിന് (1976) പാട്ടെഴുതുമ്പോൾ എറണാകുളം ഗവ ഗേൾസ് ഹൈസ്കൂളിൽ പഠിക്കുകയാണ് ശശികല. "അന്നേ കവിതകൾ വായിക്കും, എഴുതും. ആ ശീലമായിരിക്കണം യദുകുല മാധവ യശോദാനന്ദന എന്ന ചലച്ചിത്രഗാനമായി മാറിയത്.'' ഒരു കൗതുകം കൂടി പങ്കുവെക്കുന്നു ശശികല: "എന്റെ ആദ്യ ചലച്ചിത്രഗാനത്തിന്റെ സംഗീതസംവിധായകനായ എ.ടി ഉമ്മറിനെ നേരിൽ കണ്ടിട്ടേയില്ല ഞാൻ. ആ പാട്ടുപോലും അപൂർവമായേ പിന്നീട് കേട്ടിട്ടുള്ളൂ.''
Content Highlights: Shashikala Menon, a dreamer since childhood, began her journey as a lyricist at the age of fifteen. Her unexpected entry into the film industry was marked by writing songs for the 1976 film 'Sindhooram'