ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ കുഞ്ചോക്കോ നായികയെ തിരഞ്ഞെടുത്തു, തിരശ്ശീലയിലെ ഭാവതാരമായി ശാരദ

#സ്വന്തം ലേഖകര്‍
ശാരദ, ആലപ്പുഴ കൈരളി ശ്രീ തീയേറ്ററിന്റെ ഉദ്ഘാടനച്ചടങ്ങിൽ കവിയൂർ പൊന്നമ്മയ്ക്കൊപ്പം ശാരദ (ഫയൽച്ചിത്രം) | ഫോട്ടോ: മാതൃഭൂമി
ശാരദ, ആലപ്പുഴ കൈരളി ശ്രീ തീയേറ്ററിന്റെ ഉദ്ഘാടനച്ചടങ്ങിൽ കവിയൂർ പൊന്നമ്മയ്ക്കൊപ്പം ശാരദ (ഫയൽച്ചിത്രം) | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ നടി ശാരദ, അറുപതുകൾ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളിസ്ത്രീയെ തിരശ്ശീലയിൽ അനശ്വരയാക്കി. മലയാളിസ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകർച്ചകളോടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968-ൽ ‘തുലാഭാരം’ എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയപുരസ്കാരം ലഭിച്ചത്. 1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന ചിത്രത്തിലൂടെയും 1977-ൽ തെലുങ്ക് ചിത്രമായ ‘നിമജ്ജന’ത്തിലൂടെയും ദേശീയ അംഗീകാരം നേടി.

‘ത്രിവേണി’, ‘മുറപ്പെണ്ണ്’, ‘മൂലധനം’, ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ തുടങ്ങിയ ചിത്രങ്ങളിൽ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിക്ക് എന്തുകൊണ്ടും അർഹയാണെന്ന് ശ്രീകുമാരൻതമ്പി അധ്യക്ഷനായ ജൂറി വിലയിരുത്തി.

1945 ജൂൺ 25-ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തിൽ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി, ‘ഇരുമിത്രലു’ എന്ന ആദ്യ തെലുങ്കുചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേരു സ്വീകരിച്ചത്.

മുട്ടത്തുവർക്കി രചിച്ച് കുഞ്ചാക്കോ സംവിധാനംചെയ്ത ‘ഇണപ്രാവുകൾ’ എന്ന ചിത്രത്തിലൂടെ 1965-ൽ മലയാള സിനിമയിൽ അരങ്ങേറി. തുടർന്ന്, എം.ടി.യുടെ തിരക്കഥയിൽ വിൻസെന്റ് സംവിധാനം ചെയ്ത ‘മുറപ്പെണ്ണ്’, എം.ടി.യുടെതന്നെ തിരക്കഥയിൽ പി.ഭാസ്‌കരൻ സംവിധാനം ചെയ്ത ‘ഇരുട്ടിന്റെ ആത്മാവ്’ എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിന്റെ പ്രിയങ്കരിയായി.

‘ഉദ്യോഗസ്ഥ’, ‘യക്ഷി’, ‘അടിമകൾ’, ‘അസുരവിത്ത്’, ‘കൂട്ടുകുടുംബം’, ‘നദി’, ‘ഏണിപ്പടികൾ’, ‘എലിപ്പത്തായം’, ‘രാപകൽ’ തുടങ്ങി 125-ഓളം മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഐഎഫ്എഫ്കെയിൽ റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടി ശാരദയായിരുന്നു. 2019-ൽ നടന്ന 24-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലാണ് ശാരദയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.

സരസ്വതിയായെത്തി റാഹേലായി തുടങ്ങി ശാരദയായി തിളങ്ങി

ചേർത്തല: മലയാള സിനിമയുടെ ദുഃഖപുത്രിയെന്നു വിളിക്കപ്പെടുന്ന ശാരദയ്ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിക്കുമ്പോൾ ആലപ്പുഴയ്ക്കുമുണ്ട് അഭിമാനിക്കാൻ. ഈ മണ്ണിലാണ് മലയാളത്തിൽ അവർ തുടങ്ങിയത്. മലയാളത്തിലെത്തിയത് സരസ്വതി എന്ന പേരുമായാണ്. ആദ്യ മലയാള ചിത്രമായ ഇണപ്രാവുകളിലെ കഥാപാത്രത്തിന്റെ പേര് റാഹേൽ എന്നായിരുന്നു. ആ പേരിലാണ് തുടക്കത്തിൽ അറിയപ്പെട്ടതും. പിന്നീടാണ് ശാരദയെന്നു മാറിയത്.

തുടക്കം ആലപ്പുഴ ഉദയാ സ്റ്റുഡിയോയിൽനിന്നായിരുന്നു. 1965-ൽ കുഞ്ചാക്കോയുടെ ഇണപ്രാവുകളിൽ സത്യന്റെ നായികയായാണ് തുടങ്ങിയത്. ഇന്ത്യൻ പീപ്പിൾസ് തിയേറ്ററിന്റെ നാടകങ്ങളിലൂടെയാണ് ആന്ധ്രാക്കാരി സരസ്വതി സിനിമയിലെത്തിയത്. കന്നടയിൽ നായികയായി തിളങ്ങിയതിനുപിന്നാലെ സരസ്വതിക്കു മലയാളത്തിലേക്കു വിളിയെത്തി. ഇണപ്രാവുകളിലെ നായികയായി ഭരണി സ്റ്റുഡിയോയിലെ കണ്ണനാണ് സരസ്വതിയെ നിർദേശിച്ചത്.

ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ കുഞ്ചോക്കോ നായികയെ തിരഞ്ഞെടുത്തു. ഇണപ്രാവുകളിലെ നായികാ കഥാപാത്രത്തിന്റെ പേരായ റാഹേൽ എന്ന പേരിൽത്തന്നെയാണ് കുഞ്ചാക്കോ പുതുമുഖനടിയെ പ്രചാരണ നോട്ടീസുകളിലും മറ്റും പരിചയപ്പെടുത്തിയത്. മലയാളത്തിന്റെ മനം കവർന്നതോടെ തിരക്കായി. തെലുങ്കിൽ അഭിനയം തുടങ്ങിയപ്പോഴുള്ള പേരാണ് ശാരദ. തുടർന്ന്, മലയാളത്തിലും അതേ പേരു സ്വീകരിച്ചു. ഇണപ്രാവുകളിൽ തുടങ്ങിയ ശാരദ 70-ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. ഇണപ്രാവുകളിൽ സത്യനെക്കൂടാതെ ശാരദയ്ക്കൊപ്പം നിർണായകവേഷം ചെയ്തത് ചേർത്തല പട്ടണക്കാട്ടുകാരി പരേതയായ പുന്നശ്ശേരി കാഞ്ചനയായിരുന്നു. റാഹേലിന്റെ ചേച്ചിയുടെ വേഷമായിരുന്നു കാഞ്ചനയ്ക്ക്.

Content Highlights: Sarada's Cinema Journey: From JC Daniel Award to National Recognition