'ശങ്കരാഭരണ'ത്തിലെ കാമുകൻ മാഷ്, ശങ്കരനെന്ന ആൺകുട്ടിയായി വേഷമിട്ട തുളസി; കൾട്ട് ക്ലാസിക്കിനെ വീണ്ടും ഓർക്കുമ്പോൾ

മല്ലംപള്ളി ചന്ദ്രശേഖര റാവു എന്ന ചന്ദ്രമോഹനെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മവരിക സത്യനാരായണ സ്വാമി ക്ഷേത്രത്തിന്റെ കൽപ്പടവുകളിലൂടെ താഴേക്ക് ഉരുണ്ടുപോകുന്ന ഒരു പിച്ചള ഗ്ലാസാണ്. 'ശങ്കരാഭരണ'ത്തിലെ കുസൃതി നിറഞ്ഞ പ്രണയരംഗം.
വെങ്കടകാമേശ്വര റാവു എന്ന സ്കൂൾ അധ്യാപകന്റെ റോളിലാണ് പടത്തിൽ ചന്ദ്രമോഹൻ. ദർശനത്തിനായി അമ്മൂമ്മയോടൊപ്പം ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറിപ്പോകവേ ശങ്കര ശാസ്ത്രിയുടെ സുന്ദരിയായ മകൾ ശാരദയെ യാദൃച്ഛികമായി കണ്ടുമുട്ടുന്നു റാവു. പ്രഥമദർശനാനുരാഗം. കൈയിലെ കൂജയിൽ നിന്ന് അമ്മൂമ്മയ്ക്ക് കുടിക്കാൻ വെള്ളം എടുത്തുകൊടുക്കവേ അബദ്ധത്തിലെന്നോണം കയ്യിലെ ഗ്ലാസ് താഴേക്കിടുന്നു അയാൾ. ഗ്ലാസ് നേരെ ഉരുണ്ടു ചെന്നത് ശാരദയുടെ മുന്നിൽ. ഓടിയിറങ്ങിവന്ന റാവുവിന് ലജ്ജയോടെ ഗ്ലാസെടുത്തുകൊടുക്കുകയാണ് ശാരദ. ഒരു നിശബ്ദ പ്രണയത്തിന്റെ തുടക്കം.
ആ പ്രണയം വിവാഹാലോചനയിലും പെണ്ണുകാണൽ ചടങ്ങിലുമെത്തിയപ്പോഴാണ് സിനിമയിൽ "സാമജ വരഗമനാ" എന്ന ഹിന്ദോളരാഗ കൃതിയുടെ രംഗപ്രവേശം. ശങ്കരശാസ്ത്രിയുടെ കല്പനയനുസരിച്ച് പ്രതിശ്രുത വരന് മുന്നിൽ പാടുന്നതിനിടെ ശാരദയുടെ ആലാപനത്തിൽ ചെറിയൊരു പിഴവ് വരുന്നതും ശാസ്ത്രികൾ ക്ഷുഭിതനാകുന്നതുമൊക്കെ ശങ്കരാഭരണത്തിലെ കൗതുകമാർന്ന രംഗങ്ങൾ. തെല്ലൊരു ജാള്യത്തോടെ എല്ലാറ്റിനും സാക്ഷിയായി ഇരിക്കുന്ന ചന്ദ്രമോഹന്റെ മുഖം ഇപ്പോഴുമുണ്ട് ഓർമ്മയിൽ.
തെലുങ്കിലെ കൾട്ട് ക്ലാസിക് ആയി കണക്കാക്കപ്പെടുന്ന, കേരളത്തിൽ പോലും മാസങ്ങളോളം തുടർച്ചയായി ഓടിയ 'ശങ്കരാഭരണ'ത്തിൽ നിന്ന് ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന വിഷ്വലുകൾ. രാജലക്ഷ്മിയോടൊപ്പം ആ രംഗങ്ങളിൽ അഭിനയിച്ച ചന്ദ്രമോഹൻ മൂന്ന് വർഷം മുൻപൊരു നവംബറിലാണ് ഓർമ്മയായത്; എഴുപത്തെട്ടാം വയസ്സിൽ.
'ശങ്കരാഭരണം' (1980) ചരിത്രമാകുന്നതിന് വർഷങ്ങൾ മുൻപ് തന്നെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട് ചന്ദ്രമോഹൻ. 1972-ൽ കെ സുകുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അനന്തശയന'ത്തിൽ നായകതുല്യമായ വേഷമായിരുന്നു ചന്ദ്രമോഹന്. നായികമാരായി ഷീലയും ജയഭാരതിയും. ബ്രഹ്മാനന്ദൻ പാടിയ മാരിവിൽ ഗോപുര വാതിൽ തുറന്നൂ, ജയചന്ദ്രന്റെ മാനവഹൃദയം ഭ്രാന്താലയം (ശ്രീകുമാരൻ തമ്പി -- കെ രാഘവൻ) എന്നീ ഗാനങ്ങൾ ഈ സിനിമയിലാണ്.
എന്നാൽ ചലച്ചിത്ര യാത്രയിൽ ചന്ദ്രമോഹന് പറയാനുണ്ടായിരുന്നത് നിർഭാഗ്യകഥകൾ മാത്രം. മികച്ച അഭിനയപ്രതിഭയായിട്ടും സ്വന്തം കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ അപൂർവമായേ അദ്ദേഹത്തിന് ലഭിച്ചുള്ളൂ. നല്ലൊരു റോളിനായുള്ള കാത്തിരിപ്പിലാണ് ഈ പ്രായത്തിലും താനെന്ന് മരിക്കുന്നതിന് കുറച്ചു കാലം മുൻപ് നൽകിയ ഒരഭിമുഖത്തിൽ ചന്ദ്രമോഹൻ പറഞ്ഞു. 2015 ൽ പിണഞ്ഞ ഹൃദയാഘാതമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. സിനിമാലോകം അതോടെ ചന്ദ്രമോഹനെ കൈവിട്ടു. അവസാന കാലത്ത് സാമ്പത്തിക പ്രശ്നങ്ങളും നേരിട്ടിരുന്നു അദ്ദേഹം.
"സിനിമയിൽ പേരുണ്ടാക്കാൻ കഴിഞ്ഞു എന്നത് സത്യം. പക്ഷേ വരുമാനം തുച്ഛമായിരുന്നു. സാധാരണക്കാരന്റെ ലളിത ജീവിതമായിരുന്നില്ല എന്റേത്. ധാരാളം യാത്ര ചെയ്തും ചെയ്യരുതാത്ത വേഷങ്ങൾ ചെയ്തുമാണ് ഞാൻ ജീവിച്ചത്. പന്തയത്തിൽ നിന്ന് പിന്തള്ളപ്പെട്ടുപോകുമോ എന്ന ഭീതിയായിരുന്നു അത്തരം റോളുകൾ ഏറ്റടുത്തതിന് പിന്നിൽ. 45 വർഷം സിനിമയിൽ ചെലവഴിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി യോജിപ്പിക്കാൻ പ്രയാസപ്പെടുകയാണ് ഞാൻ." -- 2011 ൽ ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിൽ ചന്ദ്രമോഹൻ പറഞ്ഞു.
'ശങ്കരാഭരണ'ത്തിന്റെ ക്ലൈമാക്സിൽ ചന്ദ്രമോഹൻ - രാജലക്ഷ്മിമാരുടെ വിവാഹത്തോടനുബന്ധിച്ചുള്ള കച്ചേരിയിൽ "ദൊരകുനാ ഇഡുവണ്ടിസേവാ" എന്ന കൃതി പാടിക്കൊണ്ടിരിക്കേ ശങ്കരശാസ്ത്രിക്ക് തൊണ്ടയിടറിയപ്പോൾ സദസ്സിൽ നിന്ന് പാടിക്കൊണ്ട് വേദിയിൽ കയറിവരുന്ന ശങ്കരൻ എന്ന നിഷ്കളങ്ക ബാലകഥാപാത്രത്തെ സ്നേഹവാത്സല്യങ്ങളോടെ ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ടാകും അന്നത്തെ തലമുറ. അതേ ചിത്രത്തിൽ മാനസസഞ്ചരരേ, ബ്രോചേവാ എന്നീ കീർത്തനങ്ങൾ പാടി അഭിനയിച്ചതും ഇതേ ശങ്കരൻ തന്നെ.
സിനിമയിലെ കുട്ടിശ്ശങ്കരന്റെ യഥാർത്ഥ പേര് തുളസി ശിവമണി. തെലുങ്കിലെ തിരക്കേറിയ സ്വഭാവ നടിയാണ് ഇന്ന് തുളസി. ഷഷ്ടിപൂർത്തിയുടെ പടിവാതിൽക്കൽ എത്തിനിൽക്കുന്നു അന്നത്തെ പതിമൂന്നുകാരി.
1967 ൽ മൂന്നാം വയസ്സിൽ സിനിമയിൽ അഭിനയിച്ചുതുടങ്ങിയതാണ് തുളസി. "ജീവനതരുംഗുലു" എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് തൊട്ടിലിൽ കിടക്കുന്ന കുഞ്ഞായാണ് അരങ്ങേറ്റം. "സീതാലക്ഷ്മി"യിലും "ശങ്കരാഭരണ"ത്തിലും മികച്ച ബാലനടിക്കുള്ള ആന്ധ്ര സർക്കാരിന്റെ നന്ദി അവാർഡ് ലഭിച്ച തുളസി മലയാളത്തിൽ "അപ്പു" എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. തെലുങ്കിൽ അമ്മ റോളുകളിൽ ഇപ്പോഴും സജീവമാണ് അവർ. ഭർത്താവ് കന്നഡ സംവിധായകൻ ശിവമണി. തെലുങ്ക് സിനിമയിലെ "ഭാഗ്യതാരങ്ങ"ളിൽ ഒരാളാണ് തുളസി.
ശങ്കരാഭരണത്തിന്റെ നൂറാം നാൾ തിരുവനന്തപുരത്ത് ആഘോഷിച്ചപ്പോൾ, ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയായിരുന്നു മുഖ്യാതിഥി. "കൊച്ചു ശങ്കരനായി അഭിനയിച്ച തുളസിറാമിനെ കണ്ടപ്പോൾ ജസ്റ്റിസിന് അത്ഭുതമായിരുന്നു. ഓമനത്തമുള്ള ആൺകുട്ടിയായി അഭിനയിച്ച് പ്രേക്ഷകരുടെ മുഴുവൻ മനം കവർന്ന ബാലതാരം യഥാർത്ഥത്തിൽ ഒരു പെൺകുട്ടിയാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല അദ്ദേഹത്തിന്." -- സംവിധായകൻ കെ. വിശ്വനാഥിന്റെ വാക്കുകൾ.
ശങ്കരാഭരണത്തിൽ അഭിനയിച്ച പലരും ഓർമ്മയാണിന്ന്. ശങ്കരശാസ്ത്രികളായി തിളങ്ങിയ ജെ വി സോമയാജുലു അന്തരിച്ചത് 2004 ൽ. അല്ലു രാമലിംഗയ്യ, നിർമ്മലാമ്മ, സാക്ഷി രംഗറാവു എന്നിവരും ഇന്ന് നമുക്കൊപ്പമില്ല.
Content Highlights: Remembering Mallampalli Chandrasekhara Rao, known as Chandramohan, evokes the iconic scene from 'Shankarabharanam' where a brass glass rolls down the temple steps. In the film, Chandramohan plays Venkata Kameshwara Rao, a school teacher who accidentally meets Sharada, the beautiful daughter of Shankara Shastri, sparking a silent romance. This love story unfolds with the memorable "Samaaja Vara Gamana" song during a marriage proposal scene. Despite his talent, Chandramohan's film journey was marked by missed opportunities, as he revealed in a 2011 interview. He struggled financially and faced a heart attack in 2015, which ended his career. 'Shankarabharanam' remains a Telugu cult classic, with Chandramohan's role alongside Rajalakshmi etched in memory. The film's child actor, Tulasi Shivamani, now a prominent Telugu actress, began her career at age three. She received accolades for her roles in 'Seethalakshmi' and 'Shankarabharanam'. Many from the film, like J.V. Somayajulu, have passed away, leaving behind a legacy cherished by fans.