വേദന ഉള്ളിലൊതുക്കി ശേഖർ മൂളി; മനസ്സുകൊണ്ട് ഒപ്പിയെടുത്ത് അർജുനൻ മാസ്റ്റർ; ‘ചോറ്റാനിക്കര അമ്മ’യിലെ ഗാനത്തിന്റെ പിറവി

എം.കെ. അർജുനൻ, ആർ.കെ. ശേഖർ | ഫോട്ടോ: മാതൃഭൂമി
എം.കെ. അർജുനൻ, ആർ.കെ. ശേഖർ | ഫോട്ടോ: മാതൃഭൂമി

അരനൂറ്റാണ്ട് മുൻപൊരു ഓഗസ്റ്റ് ആറിന് 'ചോറ്റാനിക്കര അമ്മ' (1976) പ്രദർശനശാലകളിൽ എത്തുമ്പോൾ രോഗശയ്യയിലായിരുന്നു സംഗീത സംവിധായകൻ ആർ.കെ. ശേഖർ. ഒരു മാസം കൂടിയേ ജീവിച്ചിരുന്നുള്ളൂ അദ്ദേഹം. സെപ്തംബർ ഒൻപതിന് ശേഖർ ഓർമയായി; മറക്കാനാവാത്ത ഒരുപാട് ഗാനങ്ങളും ഗാനസ്മൃതികളും ഭൂമിയിൽ അവശേഷിപ്പിച്ചുകൊണ്ട്.

ആ ഗാനങ്ങളിലൊന്ന് നവരാത്രി ആശംസകളോടെ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചപ്പോൾ ശേഖറിന്റെ ഹംസഗീതമായ 'ചോറ്റാനിക്കര അമ്മ'യുടെ ഓർമകൾ വീണ്ടും മനസ്സിൽ നിറഞ്ഞു. ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത ആ ചിത്രം ഇന്ന് ഓർമയിൽ അവശേഷിപ്പിക്കുന്നത് ഭരണിക്കാവ് ശിവകുമാറും ശേഖറും ചേർന്നൊരുക്കിയ പാട്ടുകൾ മാത്രമാണല്ലോ. പ്രത്യേകിച്ച്, മനസ്സ് മനസ്സിന്റെ കാതിൽ (യേശുദാസ്, സുശീല), ചോറ്റാനിക്കര ഭഗവതീ (യേശുദാസ്) എന്നീ ഗാനങ്ങൾ.

മരണംവന്ന് കൂട്ടിക്കൊണ്ടുപോകുമ്പോൾ ശേഖറിന് വെറും 42 വയസ്സ്. 'ചിട്ടയില്ലാത്ത ജീവിത ശൈലിയും ഭക്ഷണരീതിയും ഒക്കെ ചേർന്നാണ് പാവം ശേഖറിന്റെ രോഗിയാക്കിത്തീർത്തത്.'-ശേഖറിന്റെ ആത്മസുഹൃത്തും സന്തത സഹചാരിയുമായിരുന്ന എം.കെ. അർജുനൻ മാസ്റ്ററുടെ വാക്കുകൾ. 'ശ്വാസം വിടാൻ പോലും സാവകാശമില്ലാത്തത്ര തിരക്കായിരുന്നു അദ്ദേഹത്തിന്. എല്ലാ സംഗീത സംവിധായകർക്കും ഓർക്കസ്ട്ര അസിസ്റ്റന്റ് ആയി ശേഖറിനെ തന്നെ വേണം. ആരോടും മറുത്തു പറഞ്ഞു ശീലമില്ല. സ്റ്റുഡിയോയിൽനിന്ന് സ്റ്റുഡിയോയിലേക്കുള്ള ഓട്ടപ്പാച്ചിലിനിടെ സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ മറന്നു ശേഖർ. പലപ്പോഴും അസമയത്താണ് വീട്ടിൽ കയറിവരിക. ഭാര്യ ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാകും. പക്ഷേ കഴിക്കില്ല, രുചിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറും. താൻ പോലുമറിയാതെ കടുത്ത ഉദരരോഗത്തിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു അദ്ദേഹം'.

അസുഖം രൂക്ഷമായിട്ടും ജോലിയിൽ മുടക്കം വരുത്താതിരിക്കാൻ ശേഖർ ശ്രദ്ധിച്ചു. പലപ്പോഴും സ്റ്റുഡിയോ മുറികളിലെ ബെഞ്ചുകളിൽ കിടന്നുപോലും വാദ്യോപകരണക്കാർക്ക് നൊട്ടേഷൻ വിശദീകരിച്ചു കൊടുത്തു. പാട്ടുകാരുടെ റിഹേഴ്സൽ നിയന്ത്രിച്ചു. വെല്ലൂരിൽ ശസ്ത്രക്രിയക്ക് വിധേയനായിട്ടും വേദനക്ക് കുറവുണ്ടായില്ല. അതിനിടെ ഏതോ ഡോക്ടർ മരുന്ന് മാറി കുത്തിവെച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. എന്നിട്ടും ജോലിയിൽ പൂർണമായി മുഴുകി എല്ലാ വേദനയും മറക്കാൻ ശ്രമിച്ചു അദ്ദേഹം.

READ MORE | നവരാത്രിയുടെ മൂന്നാം ദിനം; 'ചോറ്റാനിക്കര അമ്മ'യിലെ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ദേവരാജൻ മാസ്റ്ററാണ് ശേഖറിനെ അർജുനന് പരിചയപ്പെടുത്തിയത്. 'കറുത്ത പൗർണമി' എന്ന സിനിമക്ക് പാട്ടൊരുക്കാൻ ചെന്നൈയിൽ എത്തിയതായിരുന്നു അർജുനൻ. വർഷം 1968. വന്നിറങ്ങിയയുടൻ അനുഗ്രഹം വാങ്ങാനായി വുഡ്ലാൻഡ്സ് ഹോട്ടലിലെ ദേവരാജൻ മാസ്റ്ററുടെ മുറിയിൽ ചെല്ലുന്നു അദ്ദേഹം. 'കൊള്ളാം. പക്ഷേ സൂക്ഷിച്ചു വേണം ഓരോ ചുവടുവെപ്പും. നാടകം പോലെയല്ല സിനിമ. പരിചയസമ്പന്നനായ ഒരാളെ നിന്റെ സഹായത്തിനായി ഏർപ്പാട് ചെയ്യാം ഞാൻ', മാസ്റ്റർ പറഞ്ഞു. അപ്പോൾ തന്നെ ശേഖറിനെ വിളിച്ചുവരുത്തി അർജുനനെ അദ്ദേഹത്തിനെ കൈകളിൽ 'സുരക്ഷിതമായി' ഏൽപ്പിക്കുന്നു മാസ്റ്റർ. തുടക്കമായതുകൊണ്ട് പടത്തിലെ പാട്ടുകൾ നാല് വ്യത്യസ്ത സ്റ്റുഡിയോകളിൽ റെക്കോർഡ് ചെയ്യുന്നത് നന്നായിരിക്കുമെന്ന് നിർദേശിച്ചതും മാസ്റ്റർ തന്നെ. എല്ലാ സ്റ്റുഡിയോകളുമായും ബന്ധമുണ്ടാകുന്നത് ഗുണം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. അങ്ങനെ ജെമിനി, വിജയ, ഭരണി, രേവതി സ്റ്റുഡിയോകളിൽ കറുത്ത പൗർണമിയിലെ പാട്ടുകൾ റെക്കോർഡ് ചെയ്യപ്പെടുന്നു.

വൈവിധ്യമാർന്ന ആ ഗാനങ്ങളിൽനിന്ന് തുടങ്ങുന്നു അർജുനനും ശേഖറും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ ചരിത്രം. താത്കാലിക നീക്കുപോക്കുകൾക്ക് അപ്പുറത്ത് ശാശ്വത സൗഹൃദങ്ങൾ കുറവായ സിനിമാലോകത്ത് എങ്ങനെ ശേഖറുമായി ഇത്ര സുദീർഘമായ സ്‌നേഹബന്ധം നിലനിർത്താൻ കഴിഞ്ഞു എന്ന് ചോദിച്ചിട്ടുണ്ട് അർജുനൻ മാസ്റ്ററോട്. സൗമ്യമായ പുഞ്ചിരിയോടെയായിരുന്നു മറുപടി. 'ഞങ്ങളുടെ സ്വഭാവ വിശേഷങ്ങളുടെ സമാനത കൊണ്ടാകാം. അങ്ങേയറ്റം ഒതുങ്ങിയ പ്രകൃതക്കാരായിരുന്നു ശേഖറും ഞാനും. ആരോടും കലഹിക്കാറില്ല. അമിത മോഹങ്ങളുമില്ല'.

ശേഖറും അർജുനനും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതീകമായിരുന്നു 'ചോറ്റാനിക്കര അമ്മ'യിലെ ഗാനങ്ങൾ; പ്രത്യേകിച്ച് 'മനസ്സു മനസ്സിന്റെ കാതിൽ മന്ത്രിക്കും മധുവിധു രാത്രി, നഖമുള്ള നമ്മുടെ രാഗവികാരങ്ങൾ നീഹാരമണിയുന്ന രാത്രി'.

ആ ഗാനം പിറന്ന കഥ അർജുനൻ മാസ്റ്റർ വിവരിച്ചുകേട്ടിട്ടുണ്ട്. ചെന്നൈ ഹബീബുള്ള റോഡിലെ വീട്ടിൽ ശയ്യാവലംബിയാണ് അക്കാലത്ത് ശേഖർ; കടുത്ത വയറുവേദന കൊണ്ട് പുളയുമ്പോഴും ഉള്ളിലെ സംഗീതജ്വാല കെടാതെ സൂക്ഷിച്ചു അദ്ദേഹം. 'സിനിമയിലെ ഈ ഒരൊറ്റ പാട്ടേ ചെയ്യാൻ ബാക്കിയുള്ളു. ആ സമയത്താണ് ശേഖർ പൂർണമായി കിടപ്പിലായത്', അർജുനൻ മാസ്റ്ററുടെ ഓർമ. 'അസുഖം തുടങ്ങിയിട്ട് കുറെ കാലമായിരുന്നെങ്കിലും അതൊന്നും വകവെക്കാതെ നിരന്തരം ജോലി ചെയ്തുകൊണ്ടിരുന്നു അദ്ദേഹം. എല്ലാം കൈവിട്ടുപോകുന്ന ഒരു ഘട്ടമെത്തി ഒടുവിൽ. കിടന്ന കിടപ്പിൽനിന്ന് അനങ്ങാൻ വയ്യാത്ത സ്ഥിതി. ആ നിസ്സഹായാവസ്ഥയിലാണ് പടത്തിലെ അവസാനത്തെ പാട്ട് പൂർത്തിയാക്കാൻ സഹായിക്കാമോ എന്ന് ശേഖർ ചോദിച്ചത്. എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ ആ ചുമതല ഏറ്റെടുക്കാൻ. സിനിമാ ജീവിതത്തിൽ ഉടനീളം നിഴൽ പോലെ കൂടെനിന്ന ആളല്ലേ ശേഖർ?'. കടുത്ത വേദന ഉള്ളിലൊതുക്കി, കിടന്ന കിടപ്പിൽ ശേഖർ മൂളിക്കൊടുത്ത ഈണം ആത്മസുഹൃത്തിന്റെ രോഗശയ്യക്ക് തൊട്ടരികെയിരുന്ന് മനസ്സുകൊണ്ട് ഒപ്പിയെടുക്കുകയായിരുന്നു അർജുനൻ മാസ്റ്റർ.

ആദ്യചിത്രം മുതൽ ഓർക്കസ്ട്ര സഹായി ആയി അർജുനന് ഒപ്പമുണ്ട് ശേഖർ. പിന്നണിയിലെ ആ മാന്ത്രിക സ്പർശം ഒഴിച്ചുനിർത്തി അർജുന ഗീതങ്ങളെക്കുറിച്ച് സങ്കൽപ്പിക്കാനാകുമോ നമുക്ക്? എന്നാൽ ഇത്തവണ നേരെ മറിച്ചാണ് സ്ഥിതി. ശേഖറിന്റെ മനസ്സിലെ ഈണത്തിന് 'മജ്ജയും മാംസവും' നൽകേണ്ട ചുമതല അർജുനന്. ഹൃദയവേദനയോടെ ആ ദൗത്യം സുഹൃത്തിനുവേണ്ടി നിർവഹിക്കുന്നു അദ്ദേഹം; ഓർക്കസ്ട്ര സഹായിമാരായ മുത്തുവിന്റെയും വിഠോബയുടെയും പിന്തുണയോടെ.

ശേഖറിന്റെ മരണശേഷവും ആ കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചില്ല അർജുനൻ മാസ്റ്റർ. മകൻ ദിലീപിനെ ആദ്യമായി സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയത് മാസ്റ്ററാണ്. അടിമച്ചങ്ങല എന്ന ചിത്രത്തിന്റെ റെക്കോർഡിങ് വേളയിൽ സ്റ്റുഡിയോയിലെ ടേപ്പ് റെക്കോർഡർ പ്രവർത്തിപ്പിക്കുകയായിരുന്നു 14 വയസ്സുകാരൻ പയ്യന്റെ ആദ്യ ദൗത്യം. പതുക്കെ അർജുനൻ മാസ്റ്ററുടെ റെക്കോർഡിങ്ങുകളിൽ കീബോർഡ് വായിച്ചുതുടങ്ങുന്നു ദിലീപ്. ലോകമറിയുന്ന എ.ആർ. റഹ്‌മാൻ ആയി ആ കുട്ടി വളർന്നത് പിൽക്കാല ചരിത്രം.

'റഹ്‌മാന്റെ വിസ്മയകരമായ വളർച്ച കാണുമ്പോൾ അറിയാതെ ശേഖറിനെ ഓർത്തുപോകും ഞാൻ', അർജുനന്റെ വാക്കുകൾ. 'വിധിയാണ് ശേഖറിന്റെ അവസാനനാളുകൾ ദുരിതമയമാക്കിയത്. അതേ വിധി തന്നെ അദ്ദേഹത്തിന്റെ മകനെ ലോകപ്രശസ്തനാക്കുന്നതും നാം കാണുന്നു. എല്ലാം സിനിമയുടെ മായാജാലം.'

Content Highlights: Late music composer R.K. Shekhar (father of A.R. Rahman) created the songs for 'Chottanikkara Amma' (1976) while suffering from severe illness, passing away a month after its release at age 42. M.K. Arjunan Master recalled how he helped transcribe and record the melodies hummed by R.K. Shekhar from his sickbed due to their deep bond of friendship. R.K. Shekhar worked tirelessly as an orchestra assistant and composer across multiple South Indian studios, neglecting his health due to a hectic schedule. M.K. Arjunan Master maintained a lifelong connection with Shekhar's family after his death and took his 14-year-old son Dileep (A.R. Rahman) to a music studio for his first job. The article highlights how Prime Minister Narendra Modi sharing the song 'Chottanikkara Bhagavathi' brought back memories of R.K. Shekhar's musical legacy.