‘ചെയ്തുപോയ മഹാപരാധത്താൽ ഞാൻ തകർന്നുപോയി, റായിയുടെ കൈകൾ ചേർത്തുപിടിച്ച് ക്ഷമ പറഞ്ഞു’

#പ്രിയദർശൻ
രഘുറായ്, പ്രിയദര്‍ശന്‍ | ഫോട്ടോ: മാതൃഭൂമി
രഘുറായ്, പ്രിയദര്‍ശന്‍ | ഫോട്ടോ: മാതൃഭൂമി

ഘുറായ് മരിച്ച വിവരമറിയുമ്പോൾ ഞാൻ മുംബൈയിൽ ഒരു പരസ്യചിത്രം ചിത്രീകരിക്കുകയായിരുന്നു. വർഷങ്ങൾക്കുമുൻപ്‌ ഇതേ നഗരത്തിൽവെച്ചാണ് രഘുറായ് എന്റെമുന്നിൽ ‘പ്രത്യക്ഷപ്പെട്ട’തും എന്നെ അമ്പരപ്പിച്ചതും.

തേന്മാവിൻ കൊമ്പത്തിന്റെ ഷൂട്ടിങ്സമയത്ത് പ്രൊഡക്‌ഷൻ ഡിസൈനറായ സാബു സിറിലാണ് രഘുറായിയെ അദ്ദേഹത്തിന്റെ ഫോട്ടോകൾ കാണിച്ച് എനിക്ക് പരിചയപ്പെടുത്തിത്തരുന്നത്. സിനിമയ്ക്കാവശ്യമായ സെറ്റുകളും അന്തരീക്ഷവുമൊരുക്കാൻ സാബു റഫറൻസായി രഘുറായിയുടെ ഫോട്ടോകൾ ഉപയോഗിച്ചിരുന്നു. ആ ഫോട്ടോകൾ എന്നെ അമ്പരപ്പിച്ചു. അപാരമായ ക്രിയേറ്റീവ് കോമ്പോസിഷൻ അവയിൽ ഞാൻ അനുഭവിച്ചു. അവയൊന്നും വെറും ഫോട്ടോ ആയിരുന്നില്ല. കാലത്തെയും ദേശത്തെയും ജീവിതത്തെയും ആഴത്തിൽ അറിയാൻ അവയിലൂടെ സാധിക്കുമായിരുന്നു. ഒരു പുഴയും അതിലേക്കിറങ്ങുന്ന പടിക്കെട്ടുകളും കുളിച്ചീറനായ ആളുകളുമാണ് ഫ്രെയിമിലെങ്കിൽ, രഘുറായ് അതിൽ ഏതെങ്കിലും ഭാഗത്ത് ഒരു ചീന്ത് ഇലയും അതിൽ പൂക്കളും വെച്ചിരിക്കും. അത് ആ ഫോട്ടോയിൽ മറ്റൊരു തലം സൃഷ്ടിക്കും. ഇങ്ങനെ സന്ദർഭത്തിനനുസരിച്ച് ഓരോന്ന്... വാരാണസിയെ റായ് പകർത്തിയത് നോക്കൂ: ആ നഗരത്തിന്റെ ഭക്തി, ശുദ്ധി, നൈർമല്യം എന്നിവയെല്ലാം അവയിലുണ്ട്.

അന്നുമുതൽ ഞാൻ രഘുറായിയുടെ ചിത്രപുസ്തകങ്ങൾ തേടിപ്പിടിച്ച് വാങ്ങാൻതുടങ്ങി. ഇന്ത്യ എന്ന മഹാരാജ്യത്തെയും അതിലെ ഗംഭീരവ്യക്തിത്വങ്ങളെയും കുറിച്ച് അവ എനിക്ക് അപൂർവമായ ദൃശ്യപാഠങ്ങൾ നൽകി. എന്റെ ഹിന്ദി സിനിമകളുടെ സീൻ കോമ്പോസിഷനുകളിൽ രഘുറായിയുടെ ചിത്രങ്ങൾ വഴികാട്ടികളായിട്ടുണ്ട്. ‘കിലുക്ക’ത്തിലും റഫറൻസിനായി ഞാൻ റായിയുടെ ഫോട്ടോകളുടെ സഹായംതേടി.

കാലം കുറെക്കഴിഞ്ഞു. ഹൽച്ചൽ എന്ന സിനിമയുടെ ക്ലൈമാക്‌സ് മുംബൈയിലെ ഫിലിം ഡിവിഷൻ ഓഫീസിൽ ചിത്രീകരിക്കുകയായിരുന്നു, ഞാൻ. കരീനാ കപൂർ, അമരീഷ് പുരി, ജാക്കി ഷ്‌റോഫ്, അക്ഷയ് ഖന്ന, സുനിൽ ഷെട്ടി, എന്നിവരെല്ലാമുണ്ടായിരുന്നു. പെട്ടെന്ന്, കുറച്ചപ്പുറംമാറി ഒരു ബഹളം. അമരീഷ് പുരിയുടെ ശബ്ദം ഉയർന്നുകേൾക്കാം. ഞാൻ ചെന്നുനോക്കിയപ്പോൾ അദ്ദേഹം ഒരാളെ പിടിച്ചുവെച്ചിട്ടുണ്ട്. നീണ്ടുമെലിഞ്ഞ ആ മനുഷ്യന്റെ കഴുത്തിൽ ഒരു ക്യാമറ തൂങ്ങിക്കിടന്നിരുന്നു. അദ്ദേഹത്തിനൊപ്പം മെലിഞ്ഞ രണ്ടു പെൺകുട്ടികളുമുണ്ടായിരുന്നു. അവരുടെ കൈയിലുമുണ്ടായിരുന്നു ക്യാമറകൾ.

‘‘ഇയാൾ ഞാൻ മേക്കപ്പ് ചെയ്യുന്നത് ഒളിഞ്ഞുനിന്ന് ഫോട്ടോ എടുക്കുകയായിരുന്നു പ്രിയൻ’’ -അമരീഷ്ജി പതിവുപോലെ കണ്ണുകൾ വിടർത്തി, രോഷത്തോടെ പറഞ്ഞു. ഷൂട്ടിങ്‌സ്ഥലമായ ഫിലിം ഡിവിഷന്റെ അനുവാദമുണ്ട് എന്നായിരുന്നു ആ മനുഷ്യന്റെ വാദം.

‘‘അതുപോരല്ലോ, ഇത് ഞങ്ങളുടെ സെറ്റല്ലേ?’’ -ഞാൻ ചോദിച്ചു. അയാൾ ക്ഷമപറഞ്ഞു. ടി.കെ. രാജീവ് കുമാറായിരുന്നു ഹൽച്ചലിൽ എന്റെ അസോസിയേറ്റ് ഡയറക്ടർ. രാജീവ് എന്നെ മാറ്റിനിർത്തി ചോദിച്ചു: ‘‘പ്രിയൻ, എനിക്കൊരു സംശയം. നമ്മൾ പിടിച്ചുവെച്ചിരിക്കുന്ന ഈ മനുഷ്യൻ രഘുറായ് അല്ലേ?’’.

‘‘ആണോ?’’ എന്റെ ചോദ്യത്തിൽ ഒരു ഞെട്ടലിന്റെ അമിട്ടുപൊട്ടി. ‘‘താങ്കളുടെ പേരെന്താണ്?’’ -ഞാൻ ചെറിയ ഭയത്തോടെ ചോദിച്ചു.

‘‘ഞാൻ രഘുറായ് ആണ്. ബോളിവുഡ് സിനിമയെക്കുറിച്ച് എന്റെയൊരു പുസ്തകം വരുന്നുണ്ട്. അതിനുള്ള ഫോട്ടോകൾ എടുക്കുകയായിരുന്നു. നിങ്ങളുടെ അനുമതികൂടാതെ ഇങ്ങോട്ട് കടക്കരുതായിരുന്നു, ക്ഷമിക്കണം’’.

ചെയ്തുപോയ മഹാപരാധത്താൽത്തന്നെ ഞാൻ തകർന്നുപോയിരുന്നു. അതിൽ ഈ വിനയംകൂടി ചേർന്നപ്പോൾ ഞാൻ ഭസ്മമായി. ഞങ്ങൾ പിടികൂടിയപ്പോൾത്തന്നെ അദ്ദേഹത്തിന് ലോകപ്രശസ്തമായ തന്റെ പേര് പറയാമായിരുന്നു. പക്ഷേ, പറഞ്ഞില്ല. സംസ്‌കാരം, അന്തസ്സ് എന്നീ വാക്കുകളുടെ അർഥം അനുഭവിച്ചറിയുകയായിരുന്നു ഞാൻ.

ഞാൻ റായിയുടെ കൈകൾ ചേർത്തുപിടിച്ച് ക്ഷമപറഞ്ഞു. ക്യാമറ തിരികെക്കൊടുത്തു. സെറ്റിൽ എല്ലാവർക്കും അദ്ദേഹത്തെ പരിചയപ്പെടുത്തി. എവിടെവേണമെങ്കിലും എത്രവേണമെങ്കിലും ഫോട്ടോ എടുക്കാൻ അനുമതികൊടുത്തു.

രഘുറായ് പിന്നീട് ഞങ്ങളുടെ സെറ്റിനുള്ളിലേക്ക് ‘അപ്രത്യക്ഷനാ’യി. ഒപ്പമുള്ള സഹായികളായ പെൺകുട്ടികൾ ക്യാമറയിൽ റോൾ തീരുന്നതിനനുസരിച്ച്, അദ്ദേഹത്തിന് ലോഡ് ചെയ്തുകൊടുക്കും. ഷോട്ടെടുക്കുമ്പോഴും രഘുറായിയുടെ അദ്ഭുതക്യാമറകൾ ക്ലിക്ക്... ക്ലിക്ക് എന്ന് ശബ്ദിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

ഷൂട്ടിങ് കഴിഞ്ഞപ്പോൾ, നന്ദിപറഞ്ഞ് രഘുറായ് നടന്നുപോയി. അദ്ദേഹം ദൂരെമറയുന്നതിനുമുൻപ്‌ ഞാൻ ഓടിച്ചെന്ന് വിളിച്ചു. ‘‘സാർ, എന്റെ കൈയിൽ ഇപ്പോൾ സാറിന്റെ പുസ്തകങ്ങളൊന്നുമില്ല. എനിക്ക് ഒരു പുസ്തകത്തിൽ ഒപ്പിട്ടുതരണം.’’ -ഞാൻ പറഞ്ഞു.

അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പെൺകുട്ടികളിലൊരാൾ അന്നുരാത്രി എന്റെ മുറിയിൽ വന്നു. ആ കുട്ടിയുടെ കൈയിൽ രഘുറായ് എനിക്കായി ഒപ്പിട്ടുനൽകിയ അദ്ദേഹത്തിന്റെ ഒരു പുസ്തകമുണ്ടായിരുന്നു. ഇപ്പോഴും, അതെന്റെ അമൂല്യനിധിയാണ്.

സിനിമയിൽ എനിക്ക് ഗുരുക്കന്മാരില്ല. ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും ഞാൻ പഠിച്ചിട്ടില്ല. എന്നാൽ, ഏകലവ്യഭാവേന ഒരുപാടുപേരെ ഞാൻ ഗുരുവായി വരിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ടുപേരാണ് സത്യജിത് റായിയും രഘുറായിയും. ഇവരെ മനസ്സുകൊണ്ട് നമസ്‌കരിച്ചുമാത്രമേ ഞാനിന്നും ഒരു ഷോട്ട് വെക്കാറുള്ളൂ. ഇവരുടെ അദൃശ്യമായ അനുഗ്രഹം മാത്രമാണ് എന്റെ ബലം എന്നു ഞാൻ വിശ്വസിക്കുന്നു.

Content Highlights: Priyadarshan shares a personal, transformative encounter with legendary photographer Raghu Rai. Raghu Rai's photography served as a visual guide for many of Priyadarshan's iconic films. The story highlights Rai's humility and grace despite his global stature. Priyadarshan considers Raghu Rai one of his mentors in visual composition