‘കാലിന്‍റെ വേദനയേക്കാൾ വാക്കുപറഞ്ഞിട്ടും എത്തിച്ചേരാൻ കഴിയാത്തതിന്‍റെ വേദനയായിരുന്നു മാളച്ചേട്ടന്’

#ഷാജി പട്ടിക്കര
മാള അരവിന്ദന്‍ | ഫോട്ടോ: ദിവിത് പോൾ \ മാതൃഭൂമി
മാള അരവിന്ദന്‍ | ഫോട്ടോ: ദിവിത് പോൾ \ മാതൃഭൂമി

അഭ്രപാളികളിൽ തിളങ്ങിയ താരങ്ങളിൽ താരപരിവേഷം ജീവിതത്തിൽ അണിയാത്ത അപൂർവ്വം ചിലരിൽ ഒരാളായിരുന്നു മാള അരവിന്ദൻ എന്ന സിനിമാക്കാരുടെ പ്രിയപ്പെട്ട മാളച്ചേട്ടൻ. അരവിന്ദൻ എന്ന തന്‍റെ പേരിനും അപ്പുറം മാള എന്ന തന്‍റെ ജന്മദേശത്തെ സ്വന്തം പേരിനേക്കാളും ഉയരത്തിൽ എത്തിച്ച നടൻ.

ഒരു പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ സിനിമയിലെ എല്ലാ വിഭാഗം പ്രവർത്തകരുമായും നിരന്തരബന്ധം പുലർത്തേണ്ടിവരുമെങ്കിലും ആത്മാർത്ഥവും സത്യസന്ധവുമായ സ്നേഹബന്ധങ്ങൾ ചിലരുമായേ ഉണ്ടാകാറുളളു. അത്തരത്തിലെ ഒരു സ്നേഹബന്ധമായിരുന്നു മാളച്ചേട്ടനുമായി ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ശ്രീമൂലനഗരം മോഹൻ എഴുതിയ 'കോടിജന്മങ്ങളായ്'എന്ന നാടകത്തിന്‍റെ പാലക്കാട് ജില്ലയിലെ കുറ്റനാടുളള റിഹേഴ്സൽ ക്യാമ്പിൽ വെച്ചാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. മാളച്ചേട്ടനായിരുന്നു ആ നാടകത്തിന്‍റെ സംവിധായകൻ. അന്ന് വെറും പരിചയപ്പെടലിൽ തുടങ്ങിയ ബന്ധം പിന്നീട് സൗഹൃദത്തിനും സ്നേഹത്തിനും വഴിമാറി.

ഞാൻ നിർമാണ നിർവ്വഹണം ചെയ്ത ഒട്ടനവധി സിനിമകളിൽ അദ്ദേഹത്തെ സഹകരിപ്പിക്കാൻ എനിക്ക് സാധിച്ചു. ചിത്രീകരണസമയങ്ങളിലോ അല്ലാത്തപ്പോഴോ യാതൊരുവിധ ബുദ്ധിമുട്ടുകളും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഓരോ പുതിയ ചിത്രങ്ങളിലേക്കും അദ്ദേഹത്തെ കരാർ ചെയ്യുമ്പോൾ മനസ്സിന് പൂർണ്ണ സംതൃപ്തി ഉണ്ടായിരുന്നു.

വർഷങ്ങൾക്ക് മുൻപ് ടി.വി. ചന്ദ്രൻ സാർ സംവിധാനം ചെയ്ത 'ശങ്കരനും മോഹനനും' എന്ന ചിത്രത്തിന്‍റെ പ്രാരംഭ ചർച്ചകൾ നടക്കുന്ന സമയത്ത് അതിൽ ഒരു കഥാപാത്രം മാളച്ചേട്ടന് നൽകുവാൻ തീരുമാനിക്കുകയും ഫോണിലൂടെ ആ വിവരം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. വളരെയധികം സന്തോഷത്തോടെ പ്രതികരിച്ച അദ്ദേഹം ഉടൻ തന്നെ സമ്മതിക്കുകയും ഞങ്ങളുടെ ടീമിനോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിന്‍റെ ആവേശം മറച്ചുവെക്കാതെ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ വിധി അദ്ദേഹത്തിന്‍റെ ആ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ടു- കൊയിലാണ്ടിയിലാണ് ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. എത്തിച്ചേരേണ്ടതിന്‍റെ രണ്ട് ദിവസം മുൻപ് എന്നെ ഫോണിൽ വിളിക്കുകയും കാലുകൾ നീരുവന്ന് അസഹ്യമായ വേദനയും കൂടി ഉളളതിനാൽ എത്തിച്ചേരാൻ കഴിയില്ലായെന്ന് സങ്കടത്തോടെ അറിയിക്കുകയും ചെയ്തു. ഒരിക്കലും വാക്ക് തെറ്റിക്കാത്ത മാളച്ചേട്ടന് ഇങ്ങിനെ ഒരു വിവരം അറിയിക്കുമ്പോൾ തന്‍റെ കാലിന്‍റെ വേദനയേക്കാൾ വാക്കുപറഞ്ഞിട്ടും എത്തിച്ചേരാൻ കഴിയാത്തതിന്‍റെ വേദനയായിരുന്നു കൂടുതൽ. ഒരല്പമെങ്കിലും തന്‍റെ ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നെങ്കിൽ തീർച്ചയായും ആദ്ദേഹം എത്തിച്ചേരുമായിരുന്നു. ഒടുവിൽ വിഷമത്തോടെ മാളച്ചേട്ടനെ മാറ്റുകയും പകരം ആ വേഷം മറ്റൊരു നടനെ ഏൽപ്പിക്കുകയും ചെയ്തു.

സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും കേരളത്തിൽ അങ്ങോളമിങ്ങോളം പലയിടത്തും മാളച്ചേട്ടനോടൊപ്പം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ യാത്രകളിലൊക്കെയും തമാശയും ഗൗരവവും നിറഞ്ഞ വിഷയങ്ങൾ ചർച്ചകൾ ആക്കാറുമുണ്ട്. നിരവധി തവണ അദ്ദേഹത്തിന്‍റെ ആ വീട്ടിൽ ആ പ്രതിഭയുടെ അതിഥിയാകുവാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. ഒരിക്കൽ അത്തരം ഒരു സന്ദർശനത്തിന് ശേഷം ഞങ്ങൾ കാറിൽ മടങ്ങുമ്പോൾ അദ്ദേഹം ഇടക്കിടെ മാളയിലെ ചില സ്ഥലങ്ങൾ കാണിച്ച് സന്തോഷത്തോടുകൂടി ഇത് ഞാൻ വാങ്ങിയതാണ്, ഇത് ഞാൻ വാങ്ങിയതാണ് എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ അപ്പോൾ ഇനി മാള പോലീസ് സ്റ്റേഷനും കൂടിയേ വാങ്ങാൻ ബാക്കിയുളളൂ അല്ലേ... എന്ന് ഞാൻ ചോദിച്ചപ്പോൾ സ്വയം മറന്ന് പൊട്ടിച്ചിരിച്ചു.

നിഷ്കളങ്കമായ ആ പൊട്ടിച്ചിരി ഇന്നും എന്‍റെ കാതുകളിൽ വന്ന് അണയ്ക്കുന്നുണ്ട്. നിരവധി അനവധി വേഷങ്ങൾ കെട്ടി ആടിയും പാടിയും ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ആബാലവൃദ്ധം ജനത്തേയും പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ അതുല്യപ്രതിഭയുടെ വിയോഗം ചലചിത്രപ്രവർത്തകർക്കും ആസ്വാദകർക്കും തീരാനഷ്ടം തന്നെയാണ്. ഒപ്പം ഒരു സഹപ്രവർത്തകനേക്കാൾ ഉപരി സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത എനിക്ക് തീരാ നൊമ്പരവും. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ സ്നേഹ പ്രണാമം.

Content Highlights: Cherish the memories of Mala Aravindan, the beloved actor and film professional known for his warmth and dedication. A tribute to his unforgettable presence.