ആവാരാ ഹൂം പാടിക്കുന്ന മുത്തച്ഛന്‍,പകരം കിട്ടുന്ന ചോക്ലേറ്റ്;രാജ് കപൂറിനെ അനുസ്മരിച്ച് രണ്‍ബീര്‍

രാജ് കപൂര്‍, രണ്‍ബീര്‍ കപൂര്‍ | PTI
രാജ് കപൂര്‍, രണ്‍ബീര്‍ കപൂര്‍ | PTI

ന്യൂഡല്‍ഹി: വിഖ്യാത ചലച്ചിത്രകാരന്‍ രാജ് കപൂറിന്റെ നൂറാം ജന്മദിനാഘോഷത്തില്‍ മുത്തച്ഛനുമായി ചെലവിട്ട തന്റെ കുട്ടിക്കാലത്തെ ഓര്‍ത്തെടുത്ത് രണ്‍ബീര്‍ കപൂര്‍. ഷോമാന്‍ ഓഫ് ഹിന്ദി സിനിമ എന്നറിയപ്പെടുന്ന രാജ്കപൂര്‍ ഞങ്ങള്‍ പേരക്കുട്ടികള്‍ക്ക് സ്‌നേഹമുള്ള മുത്തച്ഛന്‍ കൂടിയായിരുന്നുവെന്ന് രണ്‍ബീര്‍ ഓര്‍ത്തെടുത്തു. 

എപ്പോഴും ചോക്ലേറ്റുകള്‍ കൊണ്ട് നിറഞ്ഞ ഫ്രിഡ്ജ് അദ്ദേഹത്തിന്റെ മുറിയിലുണ്ടായിരുന്നു. അത് ഞങ്ങള്‍ കുട്ടികള്‍ക്കുമറിയാം. പക്ഷെ ഒന്നുമറിയാത്തപോലെ ഞങ്ങള്‍ മുത്തചന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറി റെയ്ഡ് നടത്തും. 

പേരക്കുട്ടികളെത്തിയാല്‍ അവരെക്കൊണ്ട് തന്റെ ആവാരയിലെ  ആവാരാ ഹൂം എന്ന പാട്ട് പാടിപ്പിക്കുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. പ്രധാനമായും ഞാനും കരീനയും കരിഷ്മയും റിഥിമയുമാണുണ്ടാവുക. ഞങ്ങളോട് ലൈനായി നിന്ന് ആവാരാഹൂം പാടാന്‍ പറയും. ചോക്ലേറ്റിനെ കുറിച്ച് ചിന്തിച്ച് ഞങ്ങള്‍ ആ പാട്ട് മനോഹരമായി പാടിക്കൊടുക്കും.

ശേഷം കവിളില്‍ ഒരു ഉമ്മകൂടി കൊടുത്ത ശേഷമായിരിക്കും ചോക്ലേറ്റ് വിതരണം. അദ്ദേഹത്തിന്റെ നീലക്കണ്ണുകള്‍ക്ക് പേരമക്കളായ രണ്ട് പെണ്‍കുട്ടികള്‍ക്ക് നല്‍കിയാണ് അദ്ദേഹം ഈ ലോകം വിട്ടതെന്നും രണ്‍ബീര്‍ ഓര്‍ത്തെടുത്തു. ശരിക്കും സിനിമയിലെ നീലക്കണ്ണുള്ള രാജകുമാരനായിരുന്നു രാജ്കപൂറെന്നും രണ്‍ബീര്‍ ചൂണ്ടിക്കാട്ടുന്നു.  

ആദ്യ ചെറുമകള്‍ കരിഷ്മ ആയതുകൊണ്ടുതന്നെ അവളെയായിരുന്നു രാജ്കപൂറിന് ഏറെയിഷ്ടമെന്ന് കരീനയും ഓര്‍ത്തെടുത്തു. മുത്തച്ഛന്റെ നീലക്കണ്ണുകളെ അതേ പോലെ പകര്‍ത്തിയത് ആദ്യം കരിഷ്മയായിരുന്നു.  


 

Content Highlights: Ranbir remember rajkapoor on hos 100'th birthday