ഭോപ്പാൽ ദുരന്തത്തിൽനിന്നുള്ള രക്ഷപ്പെടൽ, സിനിമചെയ്യാൻ ഭയപ്പെട്ട നാളുകൾ; ആർ. ശരത്തിന്റെ സിനിമാവഴി

#ടി. രാമാനന്ദകുമാർ
സിനിമാ ചിത്രീകരണത്തിനിടെ ആർ. ശരത്തും എം.ജെ. രാധാകൃഷ്ണനും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
സിനിമാ ചിത്രീകരണത്തിനിടെ ആർ. ശരത്തും എം.ജെ. രാധാകൃഷ്ണനും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

1984 ഡിസംബറിൽ നടന്ന ഭോപാൽ യൂണിയൻ കാർബൈഡ് ദുരന്തത്തിൽനിന്ന്‌ അദ്‌ഭുതകരമായാണ് ആർ.ശരത് രക്ഷപ്പെട്ടത്. ആ അനുഭവം അദ്ദേഹത്തിലെ സംവിധായകനിൽനിന്നും ഡോക്യുമെന്ററിയായി രൂപപ്പെട്ടു. ഭോപാൽ യൂണിവേഴ്‌സിറ്റിയിൽ എം.ഫിൽ പഠനത്തിന് പോയതായിരുന്നു അദ്ദേഹം. അടുത്ത വീട്ടിലെ സൂഫി എന്ന പെൺകുട്ടിയാണ് ദുരന്തത്തെക്കുറിച്ച് അറിയിച്ചത്. കിലോമീറ്ററുകളോളം ഓടിയാണ് അദ്ദേഹവും സുഹൃത്തും രക്ഷപ്പെട്ടത്. സൂഫിയും കുടുംബവും ദുരന്തത്തിനിരയായി. ആയിരങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ബറിയൽ ഓഫ് ഡ്രീംസ് (സ്വപ്നങ്ങളുടെ ശവസംസ്കാരം) എന്ന പേരിൽ ഇത് ഡോക്യുമെന്ററിയായി. ജനറൽ പിക്ചേഴ്സ് രവീന്ദ്രൻനായരുടെ മകൻ പ്രതാപ് നായരായിരുന്നു നിർമാതാവ്. അരമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭോപാലിൽ പ്രദർശിപ്പിച്ചിരുന്നു.

വ്യത്യസ്തങ്ങളായ ചിത്രങ്ങൾ

‘സായാഹ്ന’മെന്ന സിനിമയുടെ തിരക്കഥ പൂർത്തിയായപ്പോഴാണ് തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ കെ.പി.എ.സി.യുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം വീണ്ടും അരങ്ങേറിയത്. നാടകം കാണാൻ പോയ ശരത് അവിടെ നടൻ ഒ. മാധവനെ കണ്ടു. സിനിമയുടെ കാര്യവും അഭിനയിക്കണമെന്ന ആവശ്യവും ശരത് ഉന്നയിച്ചു. അഭിനയിക്കാൻ അദ്ദേഹത്തിന് പൂർണ സമ്മതമായിരുന്നു. ആദ്യസിനിമയ്ക്ക് അദ്ദേഹത്തിനുൾപ്പെടെ ഏഴ് സംസ്ഥാന അവാർഡുകൾ എന്ന നേട്ടം ആ സിനിമയ്ക്കുണ്ടായി. പൊഖ്‌റാൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇ.എം.എസിനെ മനസ്സിൽക്കണ്ടാണ് കഥാപാത്രത്തെ സൃഷ്ടിച്ചത്. മികച്ച നവാഗതസംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡ് ഈ സിനിമയ്ക്ക് ശരത്തിന് ലഭിച്ചു. 12 ലക്ഷം രൂപയാണ് അന്ന് സിനിമയ്ക്ക് ചെലവായത്. 2001-ലെ മ്യൂണിക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയും തുടർന്ന് മറ്റ് ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തു.

അടുത്ത ചിത്രമായ ‘സ്ഥിതി’ 2003-ലെ ബാങ്കോക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. മൂന്നാമത്തെ ഫീച്ചർ ചിത്രം ‘ശീലാബതി’ (2006) ഗുരുതരമായ സാമൂഹിക തിന്മകളെ വെളിച്ചത്തുകൊണ്ടുവരുന്നതായിരുന്നു. ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രം തയ്‌വാനിലെ ഏഷ്യ പസഫിക് ചലച്ചിത്രമേളയിൽ പ്രീമിയർ ചെയ്യപ്പെട്ടു. ജോലിയിൽനിന്ന് അവധിയെടുത്താണ് ‘സ്ഥിതി’യും ‘ശീലാബതി’ യും അദ്ദേഹം പൂർത്തിയാക്കിയത്. ശീലാബതിയിൽ കാവ്യാമാധവൻ, നരേൻ, ശ്രീരഞ്ജിനി തുടങ്ങിയവരായിരുന്നു പ്രധാനറോളിലെത്തിയത്. പരീക്ഷണമെന്നതിലുപരി തിയേറ്ററിൽ കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശീലാബതിക്ക് താരമൂല്യമുള്ളവരെ അഭിനയിപ്പിച്ചത്. ആ സിനിമയ്ക്കുശേഷം വിവിധ മേഖലകളിൽനിന്ന് അദ്ദേഹത്തിനുനേരേ എതിർപ്പുയർന്നിരുന്നു. ഔദ്യോഗികജീവിതത്തിലും ഏറെ ബുദ്ധിമുട്ടുകളുണ്ടായി. തുടർന്ന് സിനിമ ചെയ്യാൻ പോലും ആ നാളുകളിൽ അദ്ദേഹം ഭയപ്പെട്ടിരുന്നു.

ഇന്തോ-ചൈനീസ് സംയുക്ത സംരംഭമാണ് ‘ദി ഡിസയർ - എ ജേർണി ഓഫ് എ വുമൺ’ (2011) എന്ന ഹിന്ദി ചലച്ചിത്രം. ജനീവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച നറേറ്റീവ് ഫീച്ചർ ഫിലിമിനുള്ള അവാർഡ് ചിത്രം കരസ്ഥമാക്കി. ‘പറുദീസ’ (2012) മെക്സിക്കൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ആംസ്റ്റർഡാം ചലച്ചിത്രമേളയിലും പുരസ്കാരങ്ങൾ നേടി. ഈ ജനപ്രിയ ചിത്രം ഇന്നും അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. ചാർളിചാപ്ലിന്റെ അനുസ്മരണമാണ് ‘ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു’ എന്ന ശരത്തിന്റെ സിനിമ. സ്വിറ്റ്‌സർലൻഡിലെ ചാപ്ലിൻ മ്യൂസിയം ഈ ചിത്രം വാങ്ങി. പകരം ചാപ്ലിൻ സിനിമകളുടെ പകർപ്പവകാശം അഞ്ചിലൊന്നു വിലയ്ക്ക് ശരത്തിന് നൽകി.

സ്ഥിതിയിൽ ഉണ്ണിമേനോൻ

‘സ്ഥിതി’ എന്ന അദ്ദേഹത്തിന്റെ ചിത്രത്തിൽ ഗായകൻ ഉണ്ണിമേനോനായിരുന്നു നായകൻ. പുതിയ നായകനെ അന്വേഷിക്കുന്നതിനിടയിൽ ഗാനനിരൂപകൻ രവിമേനോനോട് ശരത് ഇക്കാര്യം സൂചിപ്പിച്ചു. കഥ കേട്ട അദ്ദേഹം ഗായകൻ ഉണ്ണിമേനോന്റെ പേര് നിർദേശിച്ചു. ഇക്കാര്യം ഉണ്ണിമേനോനെ അറിയിക്കാൻ ശരത് മടിച്ചുവത്രെ. രവിമേനോൻ ചോദിച്ചപ്പോൾ ഉണ്ണിമേനോൻ നായകനാകുന്ന കാര്യത്തിൽ അദ്‌ഭുതം പ്രകടിപ്പിച്ചു. പിന്നീട് സമ്മതിച്ചു. പ്രഭാവർമ രചിച്ച ‘ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ’ ഒരുവേള നിൻനേർക്കു നീട്ടിയില്ല എന്ന ജനപ്രിയഗാനം ഈ സിനിമയിലേതായിരുന്നു. ഉണ്ണിമേനോൻ തമിഴിൽ തിളങ്ങിനിന്ന അക്കാലത്ത് മലയാളത്തിൽ പാട്ടുകൾ കുറവായിരുന്നു. ദീർഘനാളുകൾക്കുശേഷം ഉണ്ണിമേനോൻ മലയാളത്തിൽ പാടിയതായിരുന്നു ഈ ഗാനം. പാട്ടിന്റെ സംഗീതസംവിധാനം നിർവഹിച്ചതും അദ്ദേഹമായിരുന്നു. മലയാളികൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന പാട്ടിന്റെ രചന, ആലാപനം, സംഗീതസംവിധാനം എന്നിവയ്ക്കൊന്നും പുരസ്കാരം ലഭിച്ചില്ലെന്ന വേദന ഗാനത്തിന്റെ പിന്നണിയിലുള്ളവർ പങ്കുവെച്ചിരുന്നു.

സ്വയം

ഓട്ടിസവുമായി ബന്ധപ്പെട്ട പ്രമേയമായിരുന്നു സ്വയം എന്ന സിനിമയുടേത്‌ പി.ആർ.ഡി.യിൽ സഹപ്രവർത്തകനായിരുന്ന സജീവ് പാഴൂരുമായി ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ബെംഗളൂരു എയർപോർട്ടിൽ ഓട്ടിസം ബാധിച്ച ഒരു മകനെ അമ്മ കൊണ്ടുപോകുന്ന കാഴ്ചയാണ് സിനിമയ്ക്ക് പ്രേരകമായത്. ഡോക്യുമെന്ററികളും ശ്രദ്ധേയമായി അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയായ ‘ദി പെയിന്റഡ് എപിക്‌സ്’ ചിത്രീകരിക്കുന്നതിനിടയിൽ, കിലുനൂർ ക്ഷേത്രത്തിൽനിന്ന് രാജാരവിവർമ്മയുടെ അപൂർവമായ ചില മ്യൂറൽ പെയിന്റിങ്‌സ് ശരത് കണ്ടെത്തി. ഈ കണ്ടെത്തൽ ഭിത്തിചിത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് വലിയ സംഭാവനയായി മാറി. മ്യൂറൽ ഗവേഷണത്തിനായി അദ്ദേഹത്തിന് 1996-ൽ ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു.
 

Content Highlights: R. Sarath narrowly escaped the Bhopal Union Carbide disaster in December 1984, which inspired him to create a documentary titled "Burial of Dreams," highlighting the tragedy and its impact.