‘എന്താടാ ഈ ചെയ്തുവെച്ചിരിക്കുന്നത്, ഇവൻ ഇങ്ങനെയൊക്കെ നടിക്കുമോ? താളവട്ടം കണ്ട് രാജാ സാർ ചോദിച്ചു’

വർഷങ്ങൾക്കു മുൻപാണ്. ഞാൻ സംവിധായകനാവാൻ മോഹിച്ച് മദിരാശിയിൽ വണ്ടിയിറങ്ങി. 11 എ, പോണ്ടിബസാർ എന്ന ബസ്സിലായിരുന്നു എനിക്ക് കയറേണ്ടിയിരുന്നത്. ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ കടകളിൽനിന്നെല്ലാം ഒരേ പാട്ട് ഒഴുകിവരുന്നു: ‘പൂവരശംപൂ പൂത്താച്ച്...’ പിന്നെ ബസ്സിൽക്കയറിപ്പോഴും, പോണ്ടി ബസാറിലിറങ്ങിയപ്പോഴും എല്ലായിടത്തും ആ പാട്ട് തന്നെ... ‘പൂവരശംപൂ പൂത്താച്ച്...’
സ്റ്റുഡിയോയിലെത്തിയപ്പോൾ ആർട്ട് ഡയറക്ടർ സുധാകരനോട് ഞാൻ ചോദിച്ചു:
‘‘ഇതേതാണ് പാട്ട്?’’
അപ്പോൾ സുധാകരൻ പറഞ്ഞു:
‘‘ഇവിടെ ഭാരതീരാജ എന്നൊരു സംവിധായകൻ ഇറങ്ങിയിട്ടുണ്ട്. അയാളുടെ ‘കിഴക്ക് പോകും റെയിൽ’ എന്ന സിനിമയിലെ പാട്ടാണ്’’
അപ്പോഴേക്കും രാജാസാറിന്റെ ‘ചുവപ്പ് റോജാക്കൾ’ എന്ന സിനിമ ഇറങ്ങിക്കഴിഞ്ഞിരുന്നു. അന്ന് രാത്രി ഞാൻ ആ സിനിമ പോയിക്കണ്ടു. തല ചുറ്റിക്കൊണ്ടാണ് ഞാൻ സിനിമ കഴിഞ്ഞിറങ്ങിയത്. സിനിമയുടെ വ്യാകരണത്തെയാകെ ഈ മനുഷ്യൻ പൊളിച്ചടുക്കിയിരിക്കുന്നു. ഞാൻ ധരിച്ചുവന്ന സിനിമാ സങ്കല്പങ്ങളെല്ലാം ആ തിയേറ്ററിൽ വീണുടഞ്ഞു.
സ്റ്റുഡിയോയിൽനിന്നും തമിഴ് സിനിമയെ ഭാരതീരാജ തമിഴ് നാടൻ ഗ്രാമങ്ങളിലേക്ക് കൊണ്ടുപോയി. ആ ഗ്രാമങ്ങളുടെ ദൃശ്യഭംഗിയിൽ തമിഴർപോലും അമ്പരന്നു. തമിഴ് നാടോടിസംഗീതം അവയെ കൂടുതൽ മനോഹരമാക്കി. എം.ജി.ആറും ശിവാജി ഗണേശനും അരങ്ങുവാഴുംകാലത്ത് രജനീകാന്ത്, കമൽഹാസൻ എന്നീ പുത്തൻ പിള്ളേരെവെച്ച് ഭാരതീരാജ തമിഴ് സിനിമയെ വേറൊരു ലോകമാക്കി... സംഗീതത്തിൽ ഇളയരാജയെ അദ്ദേഹം ഒപ്പം കൂട്ടി.
ഞാൻ എന്റെ മാനസഗുരുവായി ഭാരതീരാജയെ പ്രതിഷ്ഠിച്ചു
********
മദ്രാസിലെ പാംഗ്രൂവ് ഹോട്ടലിൽ അക്കാലത്ത് ഒരേസമയം ഭാരതീരാജയ്ക്ക് ആറോളം മുറികളുണ്ടാവുമായിരുന്നു. ഒരേസമയം അത്രയും സിനിമകളുടെ ചർച്ചകൾ നടക്കും. ഒരിക്കൽ ഞാൻ പാംഗ്രൂവിൽ താമസിക്കുന്നു. ‘താളവട്ടം’ ചെയ്യുന്ന സമയമാണ്. ഭാരതീരാജയെ കണ്ടു. ഞാൻ പറഞ്ഞു:
‘‘ഇന്നെന്റെ സിനിമയുടെ പ്രീമിയർ ഉണ്ട്. സാർ പറ്റുമെങ്കിൽ വരണം. സവേരയിലാണ്’’
അദ്ദേഹം വന്നു. പടം മുഴുവൻ കണ്ടു. ഒന്നും പറയാതെ പോയി.
പിറ്റേന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മുറിയിൽവന്ന് പറഞ്ഞു:
‘‘സാർ വിളിക്കുന്നു’’
ഞാൻ ചെന്നു. രാജസാർ എന്നെ ചേർത്തുപിടിച്ച് ചോദിച്ചു:
‘‘എന്താടാ നീ ചെയ്തുവെച്ചിരിക്കുന്നത്? ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല. ഞാൻ വിചാരിച്ചു കമൽഹാസനുമാത്രമേ ഇങ്ങനെയൊക്കെ അഭിനയിക്കാൻ സാധിക്കൂ എന്നാണ്. ഇവൻ ഇങ്ങനെയൊക്കെ നടിക്കുമോ?’’
മോഹൻലാലിനെക്കുറിച്ചായിരുന്നു അദ്ദേഹം അത് പറഞ്ഞത്. സാറിന്റെ വാക്കുകൾ എനിക്കുതന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. സാറിന്റെ സിനിമകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടിട്ടാണ് ഞാൻ താളവട്ടം ഊട്ടിയിലും മറ്റും ഷൂട്ട് ചെയ്തത് എന്നത് അദ്ദേഹത്തോട് പറയാത്ത സത്യം.
*********
കുറച്ചുകാലംമുൻപ് അദ്ദേഹം ചെന്നൈയിലെ എന്റെ സ്റ്റുഡിയോയിൽ വന്നു. ഏതോ സിനിമയുടെ ഡബ്ബിങ്ങിന് വന്നതായിരുന്നു. ലിഫ്റ്റിൽവെച്ചാണ് അദ്ദേഹത്തെ കണ്ടത്
‘എങ്ങോട്ടുപോവുന്നു?’’ -അദ്ദേഹം ചോദിച്ചു
ഒരു സംവിധായകന്റെ സിനിമ കാണാനായിപ്പോവുകയായിരുന്നു ഞാൻ. ഞാനത് പറഞ്ഞു
‘‘തിരിച്ചുകയറെടാ ലിഫ്റ്റിൽ. ആ സിനിമയൊന്നും കാണരുത്. വലിയ സംവിധായകരുടെ വലിയ സിനിമകൾ മാത്രമേ കാണാവൂ. അപ്പോഴേ നമുക്ക് വാശിവരൂ. നമുക്കും അങ്ങനെ ചെയ്യാൻ തോന്നൂ.’’ ഞാൻ ആ സിനിമ കണ്ടില്ല.
ഭാരതീരാജയിൽനിന്ന് ഞാൻ ഒരുപാട് കടംകൊണ്ടിട്ടുണ്ട്. അദ്ദേഹം സിനിമയെക്കുറിച്ച് പറഞ്ഞ ഒരു കാര്യം ഓരോ സിനിമ തുടങ്ങുമ്പോഴും മനസ്സിലുദിക്കാറുണ്ട്:
‘‘സിനിമ കണ്ടാൽ കവിതപോലിരിക്കണം’’
എന്റെ മനസ്സിലെ പൂവരശുപൂ പൊഴിഞ്ഞു. വലിയ സംവിധായകനുമുന്നിൽ മാത്രമല്ല, സിനിമയിലെ മഹാകവിക്കുമുന്നിൽക്കൂടിയാണ് ഞാൻ പ്രണമിക്കുന്നത്.
Content Highlights: Hitmaker Priyadarshan has penned a deeply emotional and nostalgic tribute to the late Tamil cinematic titan, Bharathiraja. Walking down memory lane, Priyadarshan recalled arriving in Madras years ago as an aspiring filmmaker, greeted by the sounds of the iconic song "Poovarasam Poo Poothaachu" from Bharathiraja's Kizhakke Pogum Rail echoing from every corner of Pondy Bazaar.