മുറുകുന്ന സസ്പെൻസ്, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ; ഒടിടിയിലും ത്രില്ലടിപ്പിക്കുന്ന ചില മസ്റ്റ് വാച്ച് ത്രില്ലറുകൾ

#മൂവി ഡെസ്ക്
Photo: X
Photo: X

അജയ് ദേവ്ഗൺ നായകനായ ദൃശ്യം 3: ദ കൺക്ലൂഷൻ തിയേറ്ററുകളിൽ വിജയക്കുതിപ്പ് നടത്തുകയാണ്. മൂന്നാം ഭാഗത്തോടെ ബോളിവുഡ് ദൃശ്യം ഫ്രാഞ്ചൈസി നിർത്തുകയാണെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നു. മോഹൻലാലിന്റെ മലയാളം ദൃശ്യം 3 പതിപ്പിൽ നിന്ന് വ്യത്യസ്തമായി, ഹിന്ദി പതിപ്പ് ഈ പരമ്പരയിലെ മുൻ രണ്ട് സിനിമകളുടെ അതേ കഥയല്ല പിന്തുടരുന്നത് എന്നതാണ് ദൃശ്യം 3: ദ കൺക്ലൂഷന്റെ പ്രത്യേകത. സസ്പെൻസും ട്വിസ്റ്റുകളും നിറഞ്ഞ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കായി ഒടിടിയിൽ കാണേണ്ട അഞ്ച് മികച്ച ത്രില്ലർ ചിത്രങ്ങൾ പരിചയപ്പെടാം.

1. ഒരു സിബിഐ ഡയറിക്കുറിപ്പ് (1988)-മലയാളം

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, ലിസി, വിജയരാഘവൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സി.ബി.ഐ. ഉദ്യോഗസ്ഥനായ സേതുരാമയ്യർ എന്ന കേന്ദ്രകഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന കുറ്റാന്വേഷണ ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത്. ജാഗ്രത (1989), സേതുരാമയ്യർ സി.ബി.ഐ. (2004), നേരറിയാൻ സി.ബി.ഐ. (2005) സിബിഐ 5: ദ ബ്രെയിൻ (2022) എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങൾ. ചിത്രം യുട്യൂബിൽ ലഭ്യമാണ്.

2. മഹാരാജ (2024)-തമിഴ്

ഒരു അസാധാരണ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന നിശബ്ദനനായ ഒരു ബാർബറുടെ കഥയാണ് നിതിലൻ സ്വാമിനാഥൻ ഒരുക്കിയ മഹാരാജ പറയുന്നത്. വിജയ് സേതുപതിയാണ് ടൈറ്റിൽ റോളിൽ. 'ലക്ഷ്മി' എന്ന് മഹാരാജ വിളിക്കുന്ന അദ്ദേഹത്തിന്റെ മെറ്റൽ ഡസ്റ്റ്ബിൻ മോഷണം പോയിരിക്കുന്നു. നിസ്സാരമെന്ന് തോന്നുന്ന ഈ വിഷയം വളരെ പെട്ടെന്ന് തന്നെ മറ്റൊരു ഗൗരവകരമായ വഴിയിലേക്ക് തിരിയുന്നു, ഒപ്പം മഹാരാജ പോലീസ് സ്റ്റേഷനിലെത്താനുള്ള യഥാർത്ഥ കാരണം പുറത്തുവരാനും തുടങ്ങുന്നു.

വ്യത്യസ്ത കാലഘട്ടങ്ങളിലായാണ് കഥ വികസിക്കുന്നത്. എന്ത് സംഭവിച്ചുവെന്നും എന്തുകൊണ്ടാണ് മഹാരാജ പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നതെന്നും ചിത്രം പതിയെയാണ് വെളിപ്പെടുത്തുന്നത്. ഒരു രംഗത്ത് പ്രാധാന്യമില്ലാത്തതായി തോന്നുന്ന കാര്യങ്ങൾ പിന്നീട് തികച്ചും വ്യത്യസ്തമായ അർത്ഥങ്ങൾ കൈവരിക്കുന്നു, ഇത് ചിത്രത്തിലെ ട്വിസ്റ്റുകളെ കൂടുതൽ ശക്തമാക്കുന്നു. അനുരാഗ് കശ്യപ്, മമത മോഹൻദാസ്, നാട്ടി എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്.

3. ജാനേ ജാൻ (2023)-ഹിന്ദി

കലിംപോംഗിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 'ജാനേ ജാൻ', മകൾക്കൊപ്പം ശാന്തമായ ഒരു ജീവിതം നയിക്കാൻ ശ്രമിക്കുന്ന മായയുടെ (കരീന കപൂർ) കഥ പറയുന്നു. ഉപദ്രവകാരിയായ അവളുടെ മുൻ ഭർത്താവ് പെട്ടെന്ന് തിരിച്ചെത്തുമ്പോൾ അവളുടെ പഴയകാലം അവളെ തേടിയെത്തുന്നു. ഒരു വാക്കുതർക്കം അയാളുടെ മരണത്തിൽ കലാശിക്കുമ്പോൾ, മായയ്ക്ക് ഒരു ശവശരീരം ഒളിപ്പിക്കേണ്ടി വരുന്നു.

തന്റെ അയൽവാസിയും മായയോട് പ്രത്യേക താൽപ്പര്യമുള്ളവനുമായ നരേൻ (ജയ്ദീപ് അഹ്ലാവത്) എന്ന റിട്ടയേർഡ് ഗണിതശാസ്ത്ര അധ്യാപകൻ അവളെ സഹായിക്കാനായി മുന്നോട്ട് വരുന്നു. എന്നാൽ ആ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ മുംബൈ പോലീസ് ഉദ്യോഗസ്ഥനായ കരൺ (വിജയ് വർമ്മ) കലിംപോംഗിൽ എത്തുന്നതോടെ സത്യം മൂടിവെക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറുന്നു. യഥാർത്ഥത്തിൽ എന്ത് സംഭവിച്ചുവെന്ന് കരൺ പതുക്കെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ, അന്വേഷണത്തിന് മുന്നിൽ നിൽക്കാൻ നരേൻ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളാണ് പിന്നീട് ചിത്രത്തിൽ കാണുന്നത്.

സുജോയ് ഘോഷ് സംവിധാനം ചെയ്ത ഈ ചിത്രം ഒറിജിനൽ 'ദൃശ്യത്തിന്' പ്രചോദനമായ കെയ്ഗോ ഹിഗാഷിനോയുടെ 'ദി ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. നെറ്റ്ഫ്ലിക്സിലാണ് ച്ത്രം സ്ട്രീം ചെയ്യുന്നത്.

4. അന്ധാധുൻ (2018)-ഹിന്ദി

സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്ന് കരുതി അന്ധനായി നടിക്കുന്ന പിയാനിസ്റ്റാണ് ആകാശ് (ആയുഷ്മാൻ ഖുറാന). വിരമിച്ച ഒരു ചലച്ചിത്ര നടന്റെ വീട്ടിൽ സംഗീതം അവതരിപ്പിക്കാൻ ക്ഷണിക്കപ്പെടുന്നത് വരെ ആ കള്ളം നന്നായി മുന്നോട്ട് പോകുന്നു. എന്നാൽ ആകാശ് യാദൃച്ഛിമായി ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നതോടെ എല്ലാം തകിടംമറിയുന്നു..

താൻ അന്ധനാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത് എന്നതാണ് ആകാശിന്റെ പ്രശ്നം, അതിനാൽ തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ കഴിയില്ലെന്ന് അവൻ തുടർന്നും നടിക്കേണ്ടി വരുന്നു. സത്യം പറഞ്ഞാൽ അവൻ അപകടത്തിലാകും, എന്നാൽ നിശബ്ദനായിരുന്നാൽ തനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ അവൻ കുടുങ്ങിപ്പോകുകയും ചെയ്യും. കൂടുതൽ ആളുകൾ ഇതിലേക്ക് ഇടപെടുന്നതോടെ, കഥ നുണകളുടെയും കബളിപ്പിക്കലുകളുടെയും അതിജീവനത്തിന്റെയും ഒരു വലിയ കളിയായി മാറുന്നു. തനിക്ക് ആരെയാണ് വിശ്വസിക്കാൻ കഴിയുക എന്ന് ആകാശ് നിരന്തരം കണ്ടെത്താൻ ശ്രമിക്കുന്നു.

ശ്രീരാം രാഘവൻ സംവിധാനം ചെയ്ത 'അന്ധാധുൻ', ഡാർക്ക് ഹ്യൂമറും സസ്പെൻസും സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്. ആയുഷ്മാൻ, തബു, രാധിക ആപ്തെ, അനിൽ ധവാൻ എന്നിവർ അഭിനയിച്ച ഈ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ കാണാൻ ലഭ്യമാണ്.

5. പോർ തൊഴിൽ (2023)-തമിഴ്

യുവതികളെ ലക്ഷ്യമിട്ടുള്ള ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്ന പ്രകാശ് (അശോക് സെൽവൻ) എന്ന യുവ പോലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പ്രതീക്ഷിച്ചതിലും വളരെ നേരത്തെയാണ് ഇത്രയും വലിയൊരു കേസ് അയാൾക്ക് കൈകാര്യം ചെയ്യേണ്ടിവരുന്നത്. പരിചയസമ്പന്നനും എന്നാൽ കർക്കശക്കാരനുമായ ലോഗനാഥനോടൊപ്പം (ആർ. ശരത്കുമാർ) ആണ് അവനെ ഈ കേസ് അന്വേഷിക്കാൻ ജോഡിയാക്കുന്നത്. ഇരുവരും തികച്ചും വ്യത്യസ്തരായ വ്യക്തിത്വങ്ങളുള്ളവരാണ്, എന്നിരുന്നാലും കൊലയാളിയുടെ രീതി മനസ്സിലാക്കാനും വീണ്ടും കുറ്റകൃത്യം നടത്തുന്നതിന് മുമ്പ് അവനെ തടയാനും അവർ തങ്ങളുടെ ഭിന്നതകൾ മാറ്റിവെക്കേണ്ടി വരുന്നു.

വിഘ്നേഷ് രാജ സംവിധാനം ചെയ്ത 'പോർ തൊഴിൽ', ആക്ഷനിലോ അനാവശ്യ നാടകീയതയിലോ അല്ല, മറിച്ച് അന്വേഷണത്തിൽ തന്നെയാണ് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊലയാളിയിലേക്ക് അടുക്കാൻ ഉദ്യോഗസ്ഥർ സൂചനകളെയും പെരുമാറ്റരീതികളെയും സൂക്ഷ്മ നിരീക്ഷണത്തെയുമാണ് ആശ്രയിക്കുന്നത്. പരിചയസമ്പന്നനല്ലാത്ത പ്രകാശും കഠിനാധ്വാനിയായ ലോഗനാഥനും തമ്മിലുള്ള വളരുന്ന കൂട്ടുകെട്ട് ഈ ത്രില്ലറിന് മറ്റൊരു തലം കൂടി നൽകുന്നു. നിഖില വിമൽ, സുനിൽ സുഖദ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
സോണിലിവിൽ (SonyLIV) ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ: https://mbiurl.in/movies

Content Highlights: A curated list of five must-watch suspense and crime thriller movies available on various OTT platforms, including classic and contemporary hits like Oru CBI Diary Kurippu, Maharaja, Jaane Jaan, Andhadhun, and Por Thozhil.