'തന്മാത്രയി'ലെ ഈ പെൺകുട്ടി ഇന്ന് ഐ.ആർ.എസ് ഓഫീസറാണ്, ചിത്രകാരിയും; അഭിമുഖം

നന്ദിനി ആർ. നായർ| Photo: Nandini R Nair
നന്ദിനി ആർ. നായർ| Photo: Nandini R Nair

തിരുവനന്തപുരം ജില്ലയിലെ ഒരു മധ്യവർത്തി കുടുംബം. സെക്രട്ടേറിയേറ്റിൽ ജോലിയുള്ള രമേശൻ നായരാണ് ​ഗൃഹനാഥൻ. ഭാര്യ ലേഖയ്ക്കും മകൻ മനുവിനും മകൾ മഞ്ജുവിനുമൊപ്പം അയാൾ സന്തുഷ്ട ജീവിതം നയിക്കുന്നു. തന്നിലൂടെ തന്റെ പിതാവ് സ്വപ്നം കണ്ട സിവിൽ സർവീസ് വിജയം നേടിയെടുക്കാൻ കഴിയാത്തതിന്റെ വീർപ്പുമുട്ടലിലാണ് രമേശൻ നായർ. എന്നിരുന്നാലും പഠിക്കാൻ മിടുക്കനായ തന്റെ മകനിലൂടെ തന്റെയും പിതാവിന്റെയും സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് അയാളുടെ ജീവിതം.

പ്രതീക്ഷകളോടെയും സന്തോഷത്തോടെയും മുന്നോട്ട് പോകുന്നതിനിടെ രമേശൻ നായരുടെ ജീവിതത്തിൽ അൽഷിമേഴ്സ് എന്ന വില്ലൻ കടന്നുവരുന്നു. ഓർമകൾ ഒന്നൊന്നായി ഇതളൂർന്ന് പോകുമ്പോൾ രമേശൻ നായരെ മകനും ഭാര്യയും പിതാവും ചേർന്ന് നാട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുന്നു. യാത്രയ്ക്കുള്ള തയ്യാറെടുപ്പിനിടെ മനു വീടിന്റെ ജനലിലൂടെ തന്റെ കൂട്ടുകാരിയെ ഒരു നോക്കുകാണുകയാണ്. എല്ലായ്പ്പോഴും കണ്ണട വയ്ക്കുന്ന, നൃത്തം ചെയ്ത് ഊർജസ്വലയായി നടക്കുന്ന അവളുടെ മുഖത്ത് ആ പഴയ ചിരിയില്ല. ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൾ തന്റെ കൂട്ടുകാരനെ യാത്രയാക്കുന്നു..... 

പഠിക്കാൻ മിടുക്കിയല്ലാത്ത, കളിയും കുസൃതിയുമായി മാത്രം നടന്ന മനുവിന്റെ ആ കൂട്ടുകാരി എന്നാൽ യഥാർഥ ജീവിതത്തിൽ സിവിൽ സർവീസ് നേടിയെടുത്തു. ഇന്ന് ചെന്നെെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി കമ്മീഷണറാണ് ഈ എറണാകുളം സ്വദേശി. പേര് നന്ദിനി ആർ നായർ. തന്മാത്രയാണോ സിവിൽ സർവീസിന് പ്രചോദനമായത് എന്ന് ചോദിക്കുമ്പോൾ നന്ദിനി പറയുന്നു- ''അല്ല കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നു അത്, എന്നോട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട് (ചിരിക്കുന്നു). തന്മാത്രയ്ക്ക് ശേഷം ഒരു സിനിമ കൂടി മാത്രമേ ചെയ്തുള്ളു. അഭിനയം  പ്രത്യേകിച്ച് നാടകങ്ങൾ ഇഷ്ടമാണെങ്കിലും അങ്ങനെ സിനിമ മോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല''- ജോലി തിരക്കുകൾക്കിടയിലും മാതൃഭൂമി ഡോട്ട്കോമുമായി വിശേഷം പങ്കുവയ്ക്കുകയാണ് നന്ദിനി. 

നാടകത്തിൽ നിന്ന് തന്മാത്രയിലേക്ക്.....


നന്ദിനി ആർ നായർ

കുട്ടികളുടെ നടകക്കളരിയിലൂടെയായിരുന്നു തുടക്കം. കൊച്ചിയിൽ ചന്ദ്രദാസൻ സാർ നേതൃത്വം നൽകുന്ന ഒരു തീയറ്റർ ഗ്രൂപ്പുണ്ട്, ലോകധർമി. ഒരു വേനലവധിക്കാലത്തു അവിടെ കുട്ടികൾക്ക് വേണ്ടി നാടകക്കളരി സംഘടിപ്പിക്കുകയുണ്ടായി. അങ്ങനെ അന്ന് കണ്ടുമുട്ടിയ കുട്ടികളെല്ലാം ചേർന്ന് മഴവില്ല് എന്ന പേരിൽ ഒരു നാടകക്കൂട്ടമുണ്ടാക്കി. ഞാൻ അതിൽ സജീവമായി പ്രവർത്തിക്കുമായിരുന്നു. വേനൽക്കാല അവധികളിൽ നാടക ക്യാമ്പുകളൊക്കെ ഉണ്ടാകുമായിരുന്നു. ജീവിതത്തിലെ തന്നെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ അവിടെനിന്നാണ് ലഭിച്ചത് എന്നുവേണം പറയാൻ.

തന്മാത്രയിൽ നന്ദിനി നായർ

അങ്ങനെ ഒരിക്കൽ ചന്ദ്രദാസൻ സാറിന്റെ ശിഷ്യനായ സംവിധായകൻ  റോഷൻ ആൻഡ്രൂസ് ഞങ്ങളുടെ കാമ്പിലെത്തി. അദ്ദേഹത്തിന്റെ സുഹൃത്താണ് സംവിധായകൻ ബ്ലെസി. ബ്ലെസി ഒരു സിനിമ ചെയ്യുന്നുണ്ടെന്നും സ്കൂളിൽ പഠിക്കുന്ന ഒരു പെണ്കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം എന്റെ പേര് നിർദ്ദേശിക്കുകയും ഞാൻ തന്മാത്രയിൽ അഭിനയിക്കുകയുമായിരുന്നു. തന്മാത്രയിലേത് ഒരു ചെറിയ കഥാപാത്രമായിരുന്നു. മനുവിനോട്  നിശബ്ദമായ ഒരിഷ്ടമുള്ള അയൽവീട്ടിലെ പെൺകുട്ടി. പഠിക്കാൻ മടിയുള്ള എല്ലായ്പ്പോഴും മറ്റു കാര്യങ്ങളിൽ മുഴുകിയിരിക്കുന്ന വേഷമായിരുന്നു. വളരെ നല്ലൊരു അനുഭവമായിരുന്നു, തന്മാത്ര . ബ്ലെസിയെപ്പോലെ ഒരു മികച്ച സംവിധായകന്റെ ചിത്രത്തിൽ അതും മോഹൻലാലിനോടൊപ്പം. അൽഷിമേഴ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഇന്നും തന്മാത്ര ചർച്ചകളിൽ നിറയുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. 

സിവിൽ സർവീസ് എന്ന സ്വപ്നം


നന്ദിനി ആർ നായർ

തന്മാത്രയ്ക്ക് ശേഷം പിന്നീട് 'ടാ തടിയാ' എന്ന ചിത്രത്തിലും ഭാഗമാകാൻ കഴിഞ്ഞു. ശേഖർ മേനോൻ അവതരിപ്പിച്ച ലൂക്കാച്ചന്റെ സുഹൃത്തിന്റെ വേഷമായിരുന്നു അത്. പിന്നീട് സിനിമയൊന്നും ചെയ്തില്ല. ഞാൻ നേരത്തേ പറഞ്ഞ പോലെ സിവിൽ സർ‍വീസ് നേടണമെന്നത് വലിയ ആ​ഗ്രഹമായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്തു തന്നെ, പഠിക്കാൻ ഇഷ്ടമായിരുന്നു. എന്നാൽ പുസ്തക പുഴുവായിരുന്നില്ല. പഠനത്തോടൊപ്പം തന്നെ എക്സ്ട്രാ കരികുലർ ആക്ടിവിറ്റികളിലെല്ലാം സജീവമായി പങ്കെടുക്കുമായിരുന്നു. ചെന്നൈ ലയോള കോളേജിൽ നിന്ന് എം.എം എക്ണോമിക്സ് പൂർത്തിയാക്കിയ ശേഷം 2012 ലാണ് ഞാൻ സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. ആദ്യശ്രമത്തിൽ ഐ.ആർ.എസ് ലഭിച്ചു. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് ഇൻകം ടാക്സായി തമിഴ്നാട്ടിൽ ആദ്യ പോസ്റ്റിങ് ലഭിച്ചു. ഇപ്പോൾ ചെന്നെെയിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി കമ്മീഷണറാണ്. 

'ടാ തടിയാ'യിൽ നന്ദിനി നായർ

നൃത്തം, പെയിന്റിങ്....

നന്ദിനി വരച്ച ചിത്രങ്ങൾ| Instagram.com/nandini.r.nair/?hl=en

ജോലിയോടൊപ്പം തന്നെ നൃത്ത പരിശീലനത്തിനും ചിത്ര രചനയ്ക്കും സമയം കണ്ടെത്താറുണ്ട്.  സ്കൂൾ കാലഘട്ടത്തിലാണ്, ശ്യാമള സുരേന്ദ്രന്റെ ധരണി എന്ന നൃത്ത വിദ്യാലയത്തിൽ ഭരതനാട്യം പഠിക്കാനായി ചേരുന്നത്. ഇപ്പോൾ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ കീഴിൽ രണ്ട് വർഷങ്ങളായി മോഹിനിയാട്ടം പഠിക്കുന്നു. 

നന്ദിനി വരച്ച ചിത്രങ്ങൾ| Instagram.com/nandini.r.nair/?hl=en

കുട്ടിക്കാലം മുതൽ തന്നെ ചിത്ര രചനയോട് താത്പര്യമുണ്ടായിരുന്നു.  സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. 10 വയസ്സുമുതൽ ചിത്രരചന പരിശീലിച്ചിരുന്നു, അതുമായി ബന്ധപ്പെട്ട ശിൽപ്പശാലകളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. ഞാൻ കളമശ്ശേരിയിലെ രാജഗിരി സ്കൂളിലാണ് പഠിച്ചത്, അവിടെ അധ്യാപകനായിരുന്ന മനോജ് സർ ആണ് ചിത്രരചനയിൽ താല്പര്യമുണ്ടാകാൻ കാരണമായത്.  സിവിൽ സർവീസിൽ ചേരുന്നതിന് ശേഷവും ചിത്രം വരയ്ക്കാനുള്ള സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ വർഷം ചെന്നൈയിലെ വൈറ്റ് റോഡിലുള്ള അമെതിസ്റ്റ് ദി ഫോളി ഹാളില്‍ എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. എന്റെ ജീവിതത്തിലൂടെ കടന്നുപോയ പെൺമുഖങ്ങളെ  കഥാപാത്രങ്ങളാക്കിയ ചിത്രങ്ങളാണ് ആ പ്രദര്ശനത്തിലുണ്ടായിരുന്നത്. സ്ത്രീകള്‍ പൊതു സമൂഹത്തോട് വിളിച്ച് പറയാന്‍ ആഗ്രഹിക്കുന്നതും മനസ്സില്‍ ഒളിപ്പിച്ചതുമായ കാര്യങ്ങൾ വരയിലൂടെ അവതരിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു. ചിത്രപ്രദർശനം കാണാൻ വന്നവരെല്ലാം നല്ല പ്രോത്സാഹനമാണ് നൽകിയത്, അതിൽ ഏറെ സന്തോഷം തോന്നി.

നന്ദിനി വരച്ച ചിത്രങ്ങൾ| Instagram.com/nandini.r.nair/?hl=en
നന്ദിനി വരച്ച ചിത്രങ്ങൾ| Instagram.com/nandini.r.nair/?hl=en

ആ​ഗ്രഹങ്ങൾക്ക് ചിറകു നൽകിയ മാതാപിതാക്കൾ

എനിക്ക് മേൽ എന്റെ മാതാപിതാക്കൾ യാതൊരു വിധ സമ്മർദ്ദവും ചെലുത്തിയിരുന്നില്ല. അതാണ് പഠിത്തത്തോടൊപ്പം എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സാധിച്ചത്. നാടകമായാലും സിനിമയായാലും ചിത്രരചനയായാലും ഒന്നും വേണ്ടെന്ന് പറഞ്ഞിട്ടില്ല. ഞാൻ ഡോക്ടറാകണമെന്നോ എഞ്ചിനീയറാകണമെന്നോ അവർ സ്വപ്നം കണ്ടിരുന്നില്ല. നമുക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തേണ്ടത് നമ്മൾ തന്നെയാണ്, ഈ കാര്യങ്ങൾ ഒന്നും എന്റെ പഠനത്തെ ബാധിച്ചിരുന്നുമില്ല. അവർ എപ്പോഴും എന്നെ എന്റെ വഴിക്കു വിടുമായിരുന്നു, ചെറിയ പ്രായത്തിൽ തന്നെ എന്റെ അഭിപ്രായങ്ങൾ മാനിക്കുമായിരുന്നു.

ജോലി വെല്ലുവിളിയാണ്, അത്ര തന്നെ ആസ്വാദ്യകരവും

ഞാൻ എന്റെ ജോലി വളരെ ആസ്വദിച്ചാണ് ചെയ്യുന്നത്. മറ്റുള്ള ജോലികളിൽ നിന്ന് സിവിൽ സർവീസിനുള്ള ഒരു വലിയ ​വ്യതാസവും ഗുണവും എന്ന് പറയുന്നത് വളരെ ചെറുപ്പത്തിൽ തന്നെ നമുക്ക് വലിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും എന്നതാണ്. നമുക്ക് കീഴിൽ ധാരാളം ആളുകൾ ജോലി ചെയ്യുന്നുണ്ടാകും. പ്രധാനപ്പെട്ട തീരുമാനങ്ങൾ ചുരുങ്ങിയ സമയത്തിൽ എടുക്കേണ്ടിവരും. അതെല്ലാം വലിയ ഉത്തരവാദിത്തങ്ങളാണ്. ആ ഉത്തരവാദിത്തം വെല്ലുവിളിയാണ്. വെല്ലുവിളികളല്ലെങ്കിൽ ജോലി രസകരമാകില്ലല്ലോ.

സിവിൽ സർവീസ് സ്വപ്നം കാണുന്നവരോട്

സിവിൽ സർവീസിനോടുള്ള ആളുകളുടെ കാഴ്ചപ്പാടിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പണ്ടെല്ലാം പറയുമായിരുന്നു സിവിൽ സർവീസ് പാസാകണമെങ്കിൽ ഒരുപാട് വർഷങ്ങൾ ചെലവഴിക്കണം എന്നും, പല പ്രാവശ്യം എഴുതേണ്ടി വരുമെന്നും. അങ്ങനെയൊന്നുമില്ല. പഠനകാലത്ത് സ്കൂളിലും കോളേജിലും ഉയർന്ന റാങ്കുകൾ നേടുന്നവർക്ക് മാത്രമേ സിവിൻ സർവീസ് നേടാൻ കഴിയൂ എന്ന തെറ്റായ ധാരണ ചിലർക്കെങ്കിലുമുണ്ട്. എന്നാൽ ആ ധാരണ ശരിയല്ല. സ്കൂളിലും കോളേജിലും പഠനത്തിൽ ശോഭിക്കാൻ കഴിയാതെയിരുന്നിട്ടും സിവിൽ സർവീസ് നേടി നല്ല ഉദ്യോ​ഗസ്ഥരായി പ്രവർത്തിക്കുന്നവർ ഒരുപാട് പേരുണ്ട്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സാമാന്യ ധാരണയുണ്ടാകുക, നന്നായി വായിക്കുക. ഇതൊക്കെയാണ് സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർക്ക് അത്യാവശ്യമായി വേണ്ടത്. അതിനേക്കാളുപരി സ്ഥിരമായ പരിശ്രമവും. മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി ചെയ്യേണ്ട ഒന്നല്ല ഇത്.

കുടുംബം


നന്ദിനി ആർ നായർ

അച്ഛൻ എച്ച്.എം.ടി ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ റിട്ടയറായി നാട്ടിൽ തന്നെയുണ്ട്. പേര് രഘു, അമ്മ വിജയലക്ഷ്മി. സഹോദരൻ വിജയ് സിനിമറ്റൊഗ്രാഫർ ആണ് . ഭർത്താവ് വിഷ്ണു വേണു​ഗോപാൽ തമിഴ് നാട് കേഡർ ഐ.എ.എസ് ഓഫീസറാണ്. തമിഴ്നാട് സ്കിൽ ഡിലവപ്പ്മെന്റ്  കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറാണ്.

Content Highlights: Nandini R Nair, IRS officer, deputy commissioner of income tax Chennai, Thanmathra Mohanlal Blessy Movie Fame fame actor

Content Highlights: