മലയാളികൾക്കായി പാട്ടിന്റെ പാലാഴി തീർത്ത സംഗീതജ്ഞൻ, എം.എസ്. ബാബുരാജ് ഓർമയായിട്ട് 48 വർഷം

ആകാശവാണിയും ഗ്രാമഫോണും മാത്രം സിനിമാഗാനങ്ങൾ ആസ്വാദകരിലേക്ക് സംഗീതമെത്തിച്ചിരുന്ന ഒരുകാലം. പാട്ടിന്റെ പാലാഴിയൊരുക്കി ആരാധകരുടെ തലമുറകളെ ത്രസിപ്പിച്ച ഒരു സംഗീതസംവിധായകനുണ്ടായിരുന്നു മലയാളികൾക്ക്. അതായിരുന്നു എം.എസ്. ബാബുരാജ്, കോഴിക്കോടിന്റെ ബാബുക്ക. അദ്ദേഹം ഓർമയായിട്ട് 48 വർഷം.
മുഹമ്മദ് സാബിർ ബാബുരാജ് എന്ന എം. എസ്. ബാബുരാജ് 1929 മാർച്ച് 3-ന് കോഴിക്കോട്ടാണ് ജനിച്ചത്. പശ്ചിമ ബംഗാളിൽ നിന്നുള്ള ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ജാൻ മുഹമ്മദ് ഖാന്റെയും മലയാളി അമ്മയുടെയും മകനായിരുന്നു അദ്ദേഹം. ബാല്യകാലത്ത് പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് കൊൽക്കത്തയിലേക്ക് മടങ്ങിയതിനെത്തുടർന്ന്, ബാബുരാജ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലാണ് വളർന്നത്; ജീവനോപാധിക്കായി തീവണ്ടികളിൽ പാട്ടുപാടി നടക്കേണ്ടി വന്ന ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്.
പിതാവിൽ നിന്നാണ് ബാബുരാജിന് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആദ്യപാഠങ്ങൾ ലഭിച്ചത്. പിന്നീട് സംഗീത പഠനം തുടരാനും ഹാർമോണിയം വായന അഭ്യസിക്കാനുമായി അദ്ദേഹം പശ്ചിമ ബംഗാൾ, മുംബൈ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തു. കേരളത്തിൽ തിരിച്ചെത്തിയ ശേഷവും സാമ്പത്തിക പ്രയാസങ്ങൾ നേരിട്ട അദ്ദേഹം തെരുവുകളിലും പൊതുസ്ഥലങ്ങളിലും പാടി നടന്നു. ഈ സമയത്ത്, കോഴിക്കോട്ടെ സംഗീതപ്രേമിയായ കുഞ്ഞുമുഹമ്മദ് എന്ന പോലീസുകാരൻ അദ്ദേഹത്തിലെ സംഗീതപ്രതിഭയെ തിരിച്ചറിയുകയും ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകുകയും ചെയ്തു. ഇതായിരുന്നു ബാബുരാജിന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്.
Also Read: പാട്ടു കേട്ട് ആരോ വിതുമ്പി; ബാബുക്ക ഒന്നുമറിഞ്ഞില്ല
ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് ബാബുരാജ് മലബാർ മേഖലയിലെ നാടകങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിരുന്നു. 1957-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് പി. വേണുവിന്റെ 'ഉദ്യോഗസ്ഥ' (1967) എന്ന ചിത്രത്തിലെ "അനുരാഗഗാനം പോലെ", "എഴുതിയതാര് സുജാത", "കളിചിരി മാറാത്ത പെണ്ണേ" തുടങ്ങിയ ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി.
രണ്ടു പതിറ്റാണ്ടു കാലമാണ് മലയാള സിനിമാ സംഗീത ലോകത്ത് ബാബുരാജ് നിറഞ്ഞുനിന്നത്. ഇക്കാലയളവിൽ നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങൾക്ക് ഈണം പകർന്നു. എല്ലാം നിത്യഹരിതങ്ങൾ. യേശുദാസിനെക്കൊണ്ട് ആദ്യമായി ഒരു ഹിറ്റ് ഗാനം പാടിച്ചതും എസ്. ജാനകിയുടെ ശബ്ദം കണ്ടെത്തിയതും ബാബുരാജാണ്.
മലയാള ചലച്ചിത്ര സംഗീതത്തിൽ ഹിന്ദുസ്ഥാനി രാഗങ്ങളും ഈണങ്ങളും സമർത്ഥമായി സംയോജിപ്പിച്ച് വിപ്ലവം സൃഷ്ടിച്ച സംഗീതസംവിധായകനാണ് ബാബുരാജ്. പി. ഭാസ്കരൻ, വയലാർ രാമവർമ്മ തുടങ്ങിയവരുടെ വരികൾക്ക് സംഗീതത്തിലൂടെ ജീവൻ നൽകി ബാബുരാജ്. ബാബുരാജ് ഈണമിട്ട ഗാനങ്ങൾ അധികവും രചിച്ചത് പി. ഭാസ്കരനാണ്. വയലാർ-ദേവരാജൻ ടീം പോലെ വളരെ പ്രസിദ്ധമായിരുന്നു പി. ഭാസ്കരൻ-എം.എസ്. ബാബുരാജ് ടീമും. 1960-കളിലും 70-കളിലും ബാബുരാജ്-പി. ഭാസ്കരൻ-കെ. ജെ. യേശുദാസ് കൂട്ടുകെട്ടിൽ പിറന്നത് നിരവധി ഹിറ്റ് ഗാനങ്ങൾ. പി. ലീല, യേശുദാസ്, എസ്. ജാനകി എന്നിവർ പാടിയ ഡ്യുയറ്റുകളും സോളോ ഗാനങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി, ഒ.എൻ.വി. കുറുപ്പ്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവർക്കൊപ്പവും അദ്ദേഹം ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
1956-ൽ കല്ലായി കുണ്ടുങ്ങൽ മൊയ്തീന്റെയും ബിച്ചാമിനയുടെയും മകളായ ബിച്ചയെ ബാബുരാജ് വിവാഹം കഴിച്ചു. സാബിറ, ദീദാർ, ഗുൽനാർ, അബ്ദുൾ ജബ്ബാർ, ഷംഷാദ്, റോഷ്ന, സുൽഫിക്കർ, ഫർഹാദ്, ഷംന എന്നിങ്ങനെ ഒമ്പത് മക്കളാണ് ഇവർക്കുള്ളത്. ഹരിഹരൻ സംവിധാനം ചെയ്ത യാഗാശ്വം (1978) എന്ന ചിത്രത്തിലെ പി. സുശീല പാടിയ "തൃക്കാക്കരെ തീർത്ഥക്കരെ" എന്ന ഗാനമാണ് ബാബുരാജ് അവസാനമായി റെക്കോർഡ് ചെയ്തത്. 1978 ഒക്ടോബർ 7-ന്, 49-ാം വയസ്സിൽ, മദ്രാസിലെ ജനറൽ ആശുപത്രിയിൽ വെച്ച് മസ്തിഷ്കാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു.
ജീവിതത്തിലുടനീളം വലിയ ജനപ്രീതിയും അംഗീകാരവും ലഭിച്ചെങ്കിലും കടുത്ത സാമ്പത്തിക പ്രയാസങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി 1983-ൽ ലളിതസംഗീത വിഭാഗത്തിലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചു. 2014-ൽ കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കമുകറ സംഗീത പുരസ്കാരവും മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ലഭിക്കുകയും ഭാര്യ ബിച്ച അത് ഏറ്റുവാങ്ങുകയും ചെയ്തു. 2021-ലാണ് ബിച്ച അന്തരിച്ചത്.
എം.എസ്. ബാബുരാജ് ഈണമിട്ട 10 സൂപ്പർഹിറ്റ് ഗാനങ്ങൾ
- താമസമെന്തേ വരുവാൻ - ഭാർഗ്ഗവീനിലയം
- പ്രാണസഖി ഞാൻ വെറുമൊരു - പരീക്ഷ
- സൂര്യകാന്തീ-കാട്ടുതുളസി
- ഒരു കൊച്ചു സ്വപനത്തിൻ-അന്വേഷിച്ചു കണ്ടെത്തിയില്ല
- മാമലകൾക്കപ്പുറത്ത്-നിണമണിഞ്ഞ കാല്പാടുകൾ
- തളിരിട്ട കിനാക്കൾ തൻ-മൂടുപടം
- ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന-പാലാട്ടുകോമൻ
- കദളിവാഴക്കൈയ്യിലിരുന്ന്-ഉമ്മ
- സുറുമയെഴുതിയ മിഴികളെ-ഖദീജ
- ആദിയിൽ വചനമുണ്ടായി-ചേട്ടത്തി
Content Highlights: Remembering veteran composer M.S. Baburaj on his 48th death anniversary, tracing his inspiring journey from singing on trains to revolutionizing Malayalam film music by blending Hindustani ragas with soulful lyrics.