‘ലാലിനെവെച്ച് ഒരു സിനിമയെടുക്കണം എന്നത് എന്റെ മോഹമായിരുന്നു, പക്ഷേ, നടന്നില്ല’;അന്ന് ഭാരതിരാജ പറഞ്ഞു

സിനിമയിലെ പലമേഖലകളിലെയും പലകാലങ്ങളിലെയും മാസ്റ്റേഴ്‌സിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു എന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും. പ്രേംനസീർ, മധു, എസ്.പി. പിള്ള, നാഗേശ്വര റാവു, ശിവാജി ഗണേശൻ, അമിതാഭ് ബച്ചൻ, രാജ്കുമാർ, ദക്ഷിണാമൂർത്തി സ്വാമി... അക്കൂട്ടത്തിലാണ് ഭാരതീരാജയുടെയും സ്ഥാനം.
സിനിമയുടെ അകംപുറം മാറ്റിമറിച്ച സംവിധായകനായിരുന്നു അദ്ദേഹം. സിനിമയെ അദ്ദേഹം ഭൂമിയെ സ്പർശിപ്പിച്ചു. മീഡിയത്തിനെപ്പറ്റി അപാരമായ ധാരണയുള്ളയാൾ. ‘ചുവപ്പ് റോജാക്കൾ’ കണ്ട് അമ്പരന്ന നാളുകൾ. ഇങ്ങനെയും സിനിമായാവാമോ എന്നുതോന്നിയ നിമിഷങ്ങൾ.
പിന്നീടെപ്പോഴോ പരിചയപ്പെട്ടു, കാലങ്ങളിലൂടെ അടുത്തു. ആദ്യതവണ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു:
‘‘ലാലിനെവെച്ച് ഒരു സിനിമയെടുക്കണം എന്നത് എന്റെ മോഹമായിരുന്നു. പക്ഷേ, നടന്നില്ല.’’
അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു. സിനിമകൾ എപ്പോഴും സംഭവിക്കേണ്ടതാണ്. എല്ലാ വ്യാകരണങ്ങൾക്കുമപ്പുറത്തുള്ള എന്തോ ഘടകം അതിലുണ്ടെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. വിചാരിച്ചാൽ നടക്കില്ല, വിചാരിക്കാതിരിക്കുമ്പോൾ സംഭവിക്കുകയും ചെയ്യും. ഇവിടെ സാർ വിചാരിച്ചിട്ടും നടന്നില്ല.
‘തുടരും’ എന്ന സിനിമയിൽ യോജ്യമായ ഒരു വേഷം വന്നപ്പോൾ ഞങ്ങൾ അദ്ദേഹത്തെ ബന്ധപ്പെട്ടു. കടുത്ത അനാരോഗ്യമായിരുന്നു അദ്ദേഹത്തിന്. എന്നിട്ടും അദ്ദേഹം സമ്മതിച്ചു. അങ്ങനെയാരും ചെയ്യാറില്ല. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ളയാൾക്ക് മാത്രമേ ഇങ്ങനെ തയ്യാറാവാൻ സാധിക്കൂ.
അദ്ദേഹത്തോടൊപ്പം അഭിനയിച്ച ആ നാളുകൾ എന്നെസംബന്ധിച്ചിടത്തോളം മറക്കാനാവാത്തതായിരുന്നു. പലരുമായും പലതരത്തിലാണ് എന്റെ വേവ് ലെങ്ത്. സാറുമായി അധികം സംസാരിക്കേണ്ട ആവശ്യംപോലുമുണ്ടായിരുന്നില്ല. ഒരു ചിരി, മൂളൽ. ഞങ്ങൾക്ക് പരസ്പരം മനസ്സിലാകുമായിരുന്നു. ഇത്തരത്തിലുള്ള തിരിച്ചറിവുകൾ ബന്ധങ്ങളെ മനോഹരമാക്കും.
അത്രയും ഹൃദയത്തോട് ചേർന്നുനിന്ന ഒരാളാണ് പോയത്. ഒപ്പമിരുന്ന നിമിഷങ്ങൾ ഓർമ്മയിൽ ഒരു തിരപോലെ വന്നുപോകുന്നു.
Content Highlights: Offering a masterclass in cinematic humility, actor Mohanlal shared a profound, poetic note mourning the departure of auteur Bharathiraja. Reflected on his career, Mohanlal stated that his biggest life blessing was the opportunity to work alongside the ultimate titans of Indian cinema across eras—spanning Prem Nazir, Madhu, S.P. Pillai, Akkineni Nageswara Rao, Sivaji Ganesan, Amitabh Bachchan, and Dr. Rajkumar—and placed Bharathiraja proudly among this elite constellation.