വസന്തകാലംപോലെ വന്ന് കൊടുങ്കാറ്റുപോലെ ഹൃദയങ്ങൾ കീഴടക്കിയ നിത്യസുന്ദരി; മെർലിൻ മൺറോയ്ക്ക് ജന്മശതാബ്ദി

കാറ്റിൽ പാറിപ്പറക്കുന്ന വെള്ളഗൗൺ ഒതുക്കിപ്പിടിച്ച് വശ്യമായി പുഞ്ചിരിക്കുന്ന നിത്യസുന്ദരി. 1926 ജൂൺ ഒന്നിന് ജനിച്ച് 1950-കളിലെ ഹോളിവുഡിന്റെ മുഖവും യൗവനവും ലഹരിയുമൊക്കെയായി മാറിയ മെർലിൻ മൺറോ. തീവ്രമായ അഭിനയശൈലികൊണ്ടും തീക്ഷ്ണമായി ജ്വലിക്കുന്ന സൗന്ദര്യംകൊണ്ടും ഹോളിവുഡിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച മെർലിന്റെ മനംമയക്കുന്ന ചിരിക്കുപിന്നിൽ ഏകാന്തതയുടെയും വേദനയുടെയും ജീവിതയാഥാർഥ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഒരു വസന്തകാലംപോലെ വന്ന്, ടെലിവിഷനുകൾക്കുപോലും പ്രചാരം കുറവായിരുന്ന കാലത്ത് കൊടുങ്കാറ്റുപോലെ ലോകഹൃദയം കീഴടക്കി ഇന്നും വറ്റാത്ത യൗവനമായി നിലനിൽക്കുന്ന മെർലിന്റെ ജീവിതവും മരണവും വിവാദംനിറഞ്ഞതായിരുന്നു.
കുട്ടിക്കാലം
- യു.എസിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ്ആഞ്ജലിസിൽ നോർമ ജീൻ മോർട്ടെൻസൺ എന്ന പേരിൽ ജനനം. പിന്നീട് നോർമ ജീൻ ബേക്കർ എന്ന പേര് സ്വീകരിക്കുന്നു.
- അമ്മ ഗ്ലാഡിസ് ബേക്കർ ഹോളിവുഡ് സ്റ്റുഡിയോകളിൽ സാങ്കേതികജീവനക്കാരിയായിരുന്നു. കഠിനമായ മനസികരോഗങ്ങൾ അലട്ടിയിരുന്ന ഗ്ലാഡിസ് മാനസികരോഗാശുപത്രിയിൽ അഡ്മിറ്റായതോടെ നോർമയുടെ ജീവിതം ശിശുകേന്ദ്രങ്ങളിലും അനാഥാലയങ്ങളിലുമായി.
- 1942-ൽ ജെയിംസ് ഡഗേർട്ടിയുമായി വിവാഹം. അന്ന് നോർമയ്ക്ക് 16 വയസ്സ്.
വെള്ളിവെളിച്ചത്തിലേക്ക്
- 1944-ൽ ജെയിംസ് ഡഗോർട്ടി രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുക്കാൻ പോയതോടെ ബർബാങ്കിലെ ഒരു ഫാക്ടറിയിൽ നോർമ ജോലിനേടുന്നു.
- ഫാക്ടറിയിൽവെച്ച് ഡേവിഡ് കോണോവർ എന്ന ഫോട്ടോഗ്രാഫറുടെ കണ്ണിൽപ്പെടുന്നതോടെ മോഡലിങ് ലോകത്തേക്ക്.
- 1946-ൽ ജെയിംസുമായി വിവാഹബന്ധം വേർപെടുത്തുന്നു.
- 1946 ഓഗസ്റ്റ് 26-ന് ട്വന്റീത് സെഞ്ചുറി ഫോക്സുമായി ആദ്യ സ്റ്റുഡിയോ കോൺട്രാക്ട്. ഇതോടെ മെർലിൻ മൺറോ എന്ന പേര് സ്വീകരിക്കുന്നു.
നക്ഷത്രത്തിളക്കം
- ആദ്യചലച്ചിത്രങ്ങളിൽ ചെറുവേഷങ്ങൾമാത്രംചെയ്ത മെർലിൻ 1950-ൽ ‘ദി അസ്‌ഫാൾട്ട് ജംഗിൾ’ എന്ന ചിത്രത്തിലൂടെ മുഖ്യധാരയിലേക്ക്.
- 1953-ൽ ‘നയാഗ്ര’ എന്ന ചലച്ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക്.
- 1955-ൽ ‘ദി സെവൻ ഇയർ ഇച്ച്’ എന്ന ചിത്രത്തിലൂടെ ലോകത്തിന്റെ വിവാദനായികാപദവിയിലേക്ക്.
- 1955-ൽ മെർലിൻ മൺറോ പ്രൊഡക്ഷൻസ് എന്നപേരിൽ സ്വന്തമായി സിനിമാനിർമാണക്കമ്പനി.
- 1959-ൽ ‘സം ലൈക്ക് ഇറ്റ് ഹോട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് കോമഡിവിഭാഗത്തിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം.
- 1961-ൽ പുറത്തിറങ്ങിയ 'മിസ്‌ഫിറ്റ്സ്' അവസാനചിത്രം.
- 1962 ഓഗസ്റ്റ് നാലിന് മുപ്പത്തിയാറാമത്തെ വയസ്സിൽ മരണം.
Content Highlights: Commemorating the 100th birth anniversary of Marilyn Monroe. Overview of her transition from Norma Jeane Baker to a global icon. Highlights of her film career including 'Some Like It Hot' and 'Niagara'. Reflection on the personal struggles behind her public persona. Chronological summary of her life from 1926 to 1962