ചിത്ര ചേച്ചിയെ കൊണ്ട് പാടിപ്പിക്കണം; മൊഞ്ചത്തി പാട്ടിന്റെ സംഗീത സംവിധായകന്‍ പറയുന്നു

#സൂരജ് കരിവെള്ളൂർ
-
-

കണ്ണ് തുറന്ന് ഖൽബ് മിഴിച്ച് നോക്കുമ്പോൾ മലയാളിയുടെ മുന്നിൽ തട്ടമിട്ട് 'ഓള്' നിൽക്കുകയാണ്... സിദ്ദ് ശ്രീറാമിന്റെ മധുരശബ്ദം ഹൃദയത്തിൽ കുളിർമഴയായി പെയ്തിറങ്ങുമ്പോൾ മണിയറയിലെ അശോകനിലെ മൂന്നാമത്തെ പാട്ടും ഹിറ്റ് ചാർട്ടിൽ ഇടംനേടുകയാണ്. കുസൃതി ചിരി നിറച്ച് ദുൽഖറും ഗ്രിഗറിയും മൊഞ്ചത്തിപെണ്ണേ ഉണ്ണിമായയെ വിളിച്ചപ്പോൾ ആദ്യ ഹിറ്റ്, പിന്നാലെ അനുപമ പരമേശ്വരനും ഗ്രിഗറിയും കണ്ണുകൾ കൊണ്ട് പ്രണയം കൈമാറിയ പെയ്യും നിലാവ് എത്തി. മൂന്ന് പാട്ടുകളും ഹിറ്റ് ചാർട്ടിൽ മിന്നി നിൽക്കുമ്പോൾ ഈണത്തിന്റെ ഉടമയായ 24 കാരൻ ശ്രീഹരി കെ നായരും സന്തോഷത്തിലാണ്. അച്ഛന്റെ കവിതയ്ക്ക് ആരുമറിയാതെ ഈണമിട്ട് സംഗീത സംവിധാനം തുടങ്ങിയവനാണ് ശ്രീഹരി. വർഷങ്ങൾക്കിപ്പുറം ആദ്യ സ്വതന്തൃ സംഗീത സംവിധാനമായ മണിയറയിലെ അശോകനിലെ വിശേഷങ്ങളെ കുറിച്ചും കടന്നുവന്ന വഴികളെ കുറിച്ചും കാസർഗോഡ് കുണ്ടംകുഴി സ്വദേശി ശ്രീഹരി മനസുതുറക്കുന്നു.

ചട്ടഞ്ചാൽ സ്കൂളിലെ പാട്ടുകാരൻ

ചെറുപ്പം മുതൽ പാട്ടിനോട് ഇഷ്ടം കൂടാറുണ്ട്. ചെറുപ്പത്തിൽ തന്നെ സംഗീത ക്ലാസിൽ ചേർത്തിരുന്നു. ഒരു ദിവസം അച്ഛന്റെ മേശപ്പുറത്ത് കറുത്ത ചട്ടയുള്ള ഒരു ഡയറി കണ്ടു. മറിച്ച് നോക്കിയപ്പോൾ അച്ഛൻ എഴുതിയ കവിതകളാണ്. എന്റേതായ ഈണത്തിൽ ഞാനവ മൂളി. അച്ഛൻ രാജേന്ദ്രൻ നായർ ചട്ടഞ്ചാൽ സ്കൂളിലെ അധ്യാപകനായിരുന്നു. എട്ടാം ക്ലാസിലെത്തിയപ്പോൾ ഒരിക്കൽ സ്കൂളിൽ പരിപാടിക്ക് കവിത അവതരിപ്പിക്കാൻ പറഞ്ഞപ്പോൾ അച്ഛനെഴുതിയ കവിത ഞാൻ ഈണമിട്ട് പാടി. അത് അച്ഛന് ഏറെ ഇഷ്ടമായി.സ്കൂൾ പഠനകാലത്ത് കലോത്സവങ്ങളിൽ ലളിതഗാന മത്സരത്തിൽ ഞാൻ പങ്കെടുക്കാറുണ്ട്. അങ്ങനെ പിന്നാലെ ലളിതഗാന മത്സരത്തിനും അച്ഛന്റെ കവിത തന്നെ ഞാൻ പാടി. പഠനത്തിന് ഒപ്പം മതി സംഗീതം എന്ന ഉപദേശം വീട്ടിൽ നിന്ന് തന്നിരുന്നു. അതിനാൽ പ്ലസ് ടു വിന് ശേഷം മംഗളൂരുവിൽ നിന്ന് ബിസിഎയും ബാംഗലൂരുവിൽ നിന്ന് എംബിഎയും പൂർത്തിയാക്കി. ഡിഗ്രിസമയത്ത് തന്നെ മ്യൂസിക് പ്രൊഡക്ഷൻ കോഴ്സ് പൂർത്തിയാക്കിയിരുന്നു. വീട്ടിൽ നിന്ന് അതിന് നല്ല പിന്തുണ കിട്ടി.

വഴിത്തിരിവിന്റെ ബാംഗ്ലൂർ

കീ ബോർഡ് പ്രോഗ്രാമിങ് ചെയ്ത് കൊണ്ടാണ് ഞാൻ ശരിക്കും സിനിമയിലേക്ക് വന്നത്. കുറച്ച് നല്ല വർക്കുകൾ ചെയ്തതോടെ മോശമല്ലാത്ത വരുമാനം കിട്ടാൻ തുടങ്ങി. നല്ല അവസരങ്ങളും വന്നു. അതോടെ സിനിമയുടെ ഭാഗമായി മാറി. ബെം​ഗലൂരുവിലുള്ള സമയത്താണ് സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയെ പരിചയപ്പെടുത്തതും കുറച്ച് മാസം അദ്ദേഹത്തിന്റെ സഹായിയായി വർക്ക് ചെയ്യുന്നത്. അദ്ദേഹം അസിസ്റ്റന്റ്സിന്റെ ആവശ്യമുണ്ടെന്ന് അറിയിപ്പ് നൽകിയിരുന്നു. അത് കണ്ടാണ് ഞാൻ അപേക്ഷിച്ചത്. പിന്നാലെ സുഹൃത്ത് വഴി അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം സമ്മതം മൂളി. പടയോട്ടം, ഫ്രഞ്ച് വിപ്ലവം എന്നീ സിനിമകളിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചു. രണരംഗം എന്ന പേരിലുള്ള തെലുഗ് ചിത്രത്തിൽ അദ്ദേഹം എന്നെകൊണ്ട് സീതാ കല്യാണം എന്നുതുടങ്ങുന്ന പാട്ട് പാടിച്ചു. അത് നല്ലൊരു അനുഭവമായിരുന്നു.

അശോകന്റെ പാട്ടുകൾ

മണിയറയിലെ അശോകന് മുന്നേ തന്നെ സംവിധായകനായ ഷംസുവിനെ അറിയാം. ഞങ്ങളൊന്നിച്ച് ഹ്രസ്വചിത്രങ്ങളിലൊക്കെ വർക്ക് ചെയ്തിട്ടുണ്ട്. തിരക്കഥ എഴുതുന്ന സമയത്ത് തന്നെ എന്നോട് വിവരം പറഞ്ഞിരുന്നു. ഓരോ പാട്ടിന്റെയും സന്ദർഭങ്ങൾ എഴുത്തിന്റെ സമയത്ത് തന്നെ പറഞ്ഞുതന്നു. അതുകൊണ്ട് ഏകദേശം ഐഡിയ ഞാൻ മനസിൽ ഉണ്ടാക്കിവച്ചു. കഥ പൂർത്തിയായപ്പോൾ എന്നെ വിളിച്ച് സംഗീതം നീയാണെന്ന് എന്ന് ഷംസു പറഞ്ഞു. ഒരു വലിയ ഉത്തരവാദിത്തം ആണെന്ന് മനസിലാക്കി കൊണ്ട് ഞാൻ ഏറ്റെടുത്തു. അങ്ങനെ ആറ് പാട്ടുകൾ തയ്യാറാക്കി. ആ ഈണവുമായിട്ടാണ് പ്രൊഡക്ഷൻ ടീമിനെ കാണാൻ ഞങ്ങൾ ചെന്നത്. ആറ് പാട്ടുകളും ചിത്രത്തിലുണ്ട്. അതിൽ രണ്ട് പാട്ട് പാടിയിരിക്കുന്നതും ഞാനാണ്. അത്യാവശ്യം മോശമല്ലാത്ത രീതിയിൽ പാടുന്നതിനാൽ ആറ് പാട്ടിനു ഞാൻ തന്നെയാണ് ട്രാക്ക് പാടിയത്. അതിൽ രണ്ടെണ്ണം മാറ്റേണ്ടതില്ല എന്ന് എല്ലാവരും പറഞ്ഞു. ഇനി മൂന്ന് പാട്ടുകളാണ് പുറത്തുവരാനുള്ളത്. അതിൽ രണ്ടെണ്ണം ഇമോഷണൽ മൂഡിലുള്ള പാട്ടാണ്. ഭയങ്കര സാഡ് പരിപാടിയാണത്. മറ്റൊന്ന് ഒരു ഫീൽ ഗുഡ് ഐറ്റമാണ്.


ദുൽഖറും പാടി ഞാനും പാടി...

ദുൽഖർ നിർമിക്കുന്ന സിനിമയിലൂടെ അരങ്ങേറാനായി എന്നത് വലിയൊരു ഭാഗ്യമായി കാണുന്നു. ആ എക്സെറ്റ്മെന്റ് ഇപ്പോഴും മാറിയിട്ടില്ല. പിന്നെ ആദ്യ സ്വതന്ത്ര്വ സംഗീത സംവിധാനം ചെയ്യുന്നതിന്റെ എല്ലാ ടെൻഷനും വെല്ലുവിളിയും ഉണ്ടായിരുന്നു. ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാനും ആൾക്കാരെ പരിചയപ്പെടാനും സാധിച്ചു. പാട്ടുകാരെ തെരഞ്ഞെടുത്ത് കൂട്ടായ തീരുമാനമായിരുന്നു. ഓരോ പാട്ട് കേട്ട ശേഷം അതിന് അനുയോജ്യമായ ഓപ്ഷനുകൾ കണ്ടെത്തുകയായിരുന്നു. സിദ്ദ് ശ്രീരാം എന്ന തീരുമാനവും അങ്ങനെ എടുത്തതാണ്. സിദ്ദ് ഓള് എന്ന പാട്ട് അനുയോജ്യനാണെന്ന് തോന്നി. അതുപോലെ മൊഞ്ചത്തി പെണ്ണേ എന്ന പാട്ട് ദുൽഖർ പാടിയാൽ നന്നാകുമെന്ന് തോന്നി. ദുൽഖറിനെ കേൾപ്പിച്ച് കൊടുത്തപ്പോൾ സമ്മതിച്ചു.

ചിത്ര ചേച്ചി കാത്തിരിക്കുന്നു...

എല്ലാവരുടെയും പാട്ടുകൾ കേൾ്ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണ് ഞാൻ. റെക്സ് വിജയനാണ് മലയാളത്തിലെ എന്റെ ഫേവറേറ്റ്. അദ്ദേഹം ചെയ്ത വർക്കുകളെല്ലാം ഏറെ ഇഷ്ടമാണ്. തമിഴിൽ സന്തോഷ് നാരായണന്റെ സംഗീതവും അതുപോലെ ഇഷ്ടമാണ്. ഇംഗ്ലീഷിൽ ജോൺ മെയറാണ് ഫേവറേറ്റ്. ഇവരുടെ പാട്ടുകൾ കേൾക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. എന്റെ സംഗീതത്തിൽ പാടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ചിത്ര ചേച്ചിയെകൊണ്ട് ഒരുപാട്ട് പാടിപ്പിക്കണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. കാരണം ചിത്ര ചേച്ചിയെ ശബ്ദം മാജിക്ക് പോലെയാണ് ചെറുപ്പംതൊട്ട് ഓരോ കേൾവിയിലും ഫീൽ ചെയ്യുന്നത്. യേശുദാസ് സാർ, സുജാത ചേച്ചി തുടങ്ങിയ ആഗ്രഹങ്ങളുടെ നിര പിറകെയുണ്ട്.

മൊഞ്ചുള്ള പാട്ടുകാർ കാസ്രോഡുമുണ്ട്

കാസർഗോഡ് ഒരുപാട് കഴിവുള്ള സംഗീതഞ്ജരുണ്ട്. തൃക്കരിപ്പൂർ മുതൽ തലപ്പാടിവരെ നീളുന്ന സപ്തഭാഷ സംഗമഭൂമി കലയുടെ നിറകുടം തന്നെയാണ്. പക്ഷേ മലയാള സിനിമ പലപ്പോഴും അവിടേക്ക് എത്തുന്നില്ല എന്നതാണ് സത്യം. അവിടെ നിന്ന് സിനിമയിലേക്ക് എത്താനുള്ള സാഹചര്യങ്ങൾ കുറവാണ്. മാംഗലൂരും ബാംഗലൂരും വിദ്യാഭ്യാസ സംബന്ധമായി പോയത് കൊണ്ടാകാം എന്റെ കരിയർ മാറിയത്. ഇപ്പോൾ കുറച്ച് കൂടി സാധ്യതകൾ വരുന്നുണ്ടെന്ന് തോന്നുന്നു. കാസർഗോഡ് നിന്ന് കൂടുതൽ പേർ വരുംനാളുകളിൽ നിന്ന് സിനിമയിലേക്ക് എത്തുമെന്നാണ് എന്റെ പ്രതീക്ഷ.

content Highlights :Maniyarayile Ashokan Movie Music director Sreehari interview

Content Highlights: