ആര് കട്ട് പറയും സ്ക്രീനിലെ ഈ ചോരക്കളിക്ക്? വെറും കാഴ്ചക്കാരോ 'സെൻസ്ലെസ് ബോർഡ്'?

സിനിമയ്ക്ക് പ്രേക്ഷകരെ സ്വാധീനിക്കാനാവുമെന്ന കാര്യം നിസ്തര്‍ക്കമാണ്-നല്ല നിലയ്ക്കും ചീത്ത നിലയ്ക്കും. ഇന്ന് സമൂഹത്തില്‍ നടമാടുന്ന ക്രൈമിനും വയലന്‍സിനും സിനിമയ്ക്കും പങ്കുണ്ട്. സിനിമ ഏറെ സ്വാധീനം ചെലുത്തുന്നത് യുവതലമുറയിലാണ്. ഹീറോ വര്‍ഷിപ്പും ഈ പ്രായക്കാരിലാണ് ഏറെ പ്രകടമാകുന്നത്, ഹീറോയെ അനുകരിക്കുന്നതിനുള്ള ആവേശവും. മലയാളിയുടെ മദ്യപാന സ്വഭാവം പരിശോധിക്കുമ്പോള്‍ അതിത്ര വിപുലവും വ്യാപകമായതിലും സിനിമയുടെ 'റോള്‍' സ്പഷ്ടമാണ്. വയലന്സിന്റെയും ക്രൈമിന്റേയും ബീജാവാപം പലപ്പോഴും മദ്യത്തിലാണ്. ഒരു ചിത്രത്തില്‍ ഹീറോ കുളത്തിലെ വെള്ളം കലര്‍ത്തി മദ്യം കഴിക്കുന്ന ഒരു രംഗമുണ്ട് (നരസിംഹം). അത് അനുകരിച്ചാല്‍ എന്താകും ഫലം?
ഇടുക്കി ഗോള്‍ഡ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പടമാണ്. കഞ്ചാവിന്റെ ഉപയോഗം 'ഗ്ലോറിഫൈ' ചെയ്യുന്ന രംഗങ്ങള്‍ ഇതിലുണ്ടെന്നതാണ് വിമര്‍ശനകാരണം. യുവാക്കള്‍ക്കും ടീനേജുകാര്‍ക്കും ഇത്തരം പടങ്ങള്‍ വികലമായ, വിഷലിപ്തമായ സന്ദേശം നല്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ജീവിതം, സമൂഹം സിനിമയെയാണോ അതോ മറിച്ചാണോ അനുകരിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നത് പ്രയാസകരമാണ്. സമൂഹത്തിലെ വയലന്‍സ് സിനിമയില്‍ പ്രതിഫലിക്കുന്നു എന്ന വാദത്തിന്റെ പ്രതിവാദം ദൃശ്യകലയിലെ ക്രൂരതയ്ക്കും സംഘര്‍ഷത്തിനും അനുകര്ത്താക്കളുണ്ടാകുന്നു എന്നതാണ്. ജീവിതം മാറുന്നതുപോലെ കലയും മാറുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്ന് ഇരുപതാം നൂറ്റാണ്ടിലെത്തുമ്പോള്‍ വലിയ പരിവര്‍ത്തനമാണ് ഇരു രംഗങ്ങളിലും ദൃശ്യമാകുന്നത്. സിനിമയിലെ വയലന്സിനു വേണ്ടിയുള്ള വയലന്‍സാണ് ഏറെ അപകടം. അത് തെറ്റായ സന്ദേശം നല്കുന്നു.
Content Highlights: Malayalam cinema violence in movies screen crime censor board youth impact film violence drug abuse