ഹോളിവുഡ് സിനിമയില്‍ യൂദാസായ കലിംഗ ശശി വാങ്ങിയത് സൂപ്പര്‍താരങ്ങളെ മറികടന്ന പ്രതിഫലം

-
-

നാല് വര്‍ഷം മുമ്പ് 2015-ല്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങി ഒരു ഹോളിവുഡ് സിനിമയിലെ പ്രധാന റോളില്‍ കലിംഗ ശശി അഭിനയിച്ചിരുന്നു. പക്ഷേ, അഞ്ചു വര്‍ഷം കഴിഞ്ഞ് അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോഴും ആ സിനിമ തിയ്യറ്ററുകളിലെത്തിയില്ല. അന്ന് മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അതുവരെ ആരോടും പറയാതിരുന്ന ഈ രഹസ്യം ശശി വെളിപ്പെടുത്തിയത്. സിനിമയുടെ പേരോ മറ്റ് വിശദവിവരങ്ങളോ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു ഹോളിവുഡിലെ കരാറെന്നും സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനി അത് അനൗണ്‍സ് ചെയ്ത ശേഷമേ ആ സിനിമയെ കുറിച്ച് മാധ്യമങ്ങളോട് പറയാന്‍ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശമുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഹോളിവുഡിലെ മുന്‍നിര നടന്‍മാര്‍ അഭിനയിച്ച സിനിമയുടെ ഷൂട്ടിങ്ങിനായി ദിവസവും പോയിരുന്നത് താമസിക്കുന്ന  ഹോട്ടലിന്റെ റൂഫ്‌ടോപ്പില്‍ നിന്ന് ഹെലികോപ്റ്ററിലായിരുന്നുവെന്നും അദ്ദേഹമന്ന് പറഞ്ഞിരുന്നു.

ഗദ്ദാമയില്‍ അഭിനയിക്കാന്‍ ദുബായില്‍ പോയതായിരുന്നു ശശി. അവിടുത്തെ ഒരു ഷോപ്പിങ് മാളില്‍ വെച്ച് ഒരാള്‍ ശ്രദ്ധിച്ചു. അയാളാണ് ഹോളിവുഡിലേക്ക് പൊക്കിെക്കാണ്ടുപോയത്. സുപ്രസിദ്ധ ഹോളീവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് നായകനായി അഭിനയിച്ച സിനിമ ബൈബിളിലെ കഥയെ അടിസ്ഥാനമാക്കിയായിരുന്നുവെന്നും അതില്‍ യൂദാസിന്റെ റോളായിരുന്നു തനിക്കെന്നും ശശി വെളിപ്പെടുത്തിയിരുന്നു. 

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയിലൂടെ 2009-ലാണ് കലിംഗ ശശി സിനിമയില്‍ ഹരിശ്രീ കുറിക്കുന്നത്. അതിനുശേഷം ഇരുന്നൂറിലധികം സിനിമകളില്‍ അദ്ദേഹം വിഷമിട്ടു. ഹാസ്യരംഗങ്ങളും സീരിയസ് സിറ്റുവേഷനുകളും ഒരേപോലെ കൈകാര്യം ചെയ്യുന്ന ഈ കലാകാരന്‍ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ചേരുവയായി മാറുകയായിരുന്നു. കോഴിക്കോട്ടെ പ്രമുഖ നാടകകമ്പനിയായ സ്റ്റേജ് ഇന്ത്യയുടെ നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടിരുന്ന തന്നെ സിനിമയിലേക്ക് കൈപിടിച്ച് നടത്തിയതും പുറത്തുതട്ടി ഉയര്‍ത്തിവിട്ടതും രഞ്ജിത്താണെന്ന് ശശി നന്ദിയോടെ സ്മരിച്ചിരുന്നു. ''രഞ്ജിസാറിനു മുന്നില്‍ ഞാന്‍ ഇരിക്കില്ല. അത്രയ്ക്ക് കടപ്പാടും നന്ദിയും അദ്ദേഹത്തിനോടുണ്ട്.''

പല്ലുകളില്ലാത്ത വായയായിരുന്നു ശശിയുടെ ഹൈലൈറ്റ്. ആവശ്യമുള്ളപ്പോള്‍ ഹാസ്യവും മറ്റു ചിലപ്പോള്‍ ക്രൗര്യവും പ്രകാശിപ്പിക്കാന്‍ ശശിയുടെ രൂപത്തിന് കഴിഞ്ഞു. അഭിനയിക്കാന്‍ വേണ്ടി പല്ലുകള്‍ എടുത്തു കളഞ്ഞതാണോയെന്ന് ചോദിച്ചപ്പോള്‍ ശശി ഉറക്കെ ചിരിച്ചു കൊണ്ട് ശശി പറഞ്ഞത് ഇതായിരുന്നു.-'വീട്ടിലെ ഏക ആണ്‍കുട്ടിയായിരുന്നു ഞാന്‍. മുതിര്‍ന്നവര്‍ എല്ലാവരും വരുമ്പോള്‍ എനിക്ക് മിഠായി തരും. എല്ലാം വാങ്ങിതിന്ന് എനിക്കത് ഒരു ഹോബിയായി. അങ്ങനെ ചെറുപ്പത്തിലേ പല്ല് കേടുവന്നു, അങ്ങനെയത് കൊഴിഞ്ഞു പോയി. ഏതായാലും ഇപ്പോള്‍ സിനിമയില്‍ അതൊരു അനുഗ്രഹമായി.'

കോഴിക്കോട് കുന്ദമംഗലത്തെ വാഴപറമ്പാണ് ശശിയുടെ നാട്. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ നിന്ന് ഡിഗ്രിയെടുത്ത ശേഷം നാടകവും യാത്രകളുമായി ജീവിതം ആഘോഷിക്കുകയാണ് ശശി ചെയ്തത്. നാടകത്തിലേക്കെത്താന്‍ ഒരു കാരണവുമുണ്ടായിരുന്നു. കോഴിക്കോട്ടെ പ്രസിദ്ധ നാടകകമ്പനിയായ സ്റ്റേജ് ഇന്ത്യയുടെ ജീവനാഡിയായിരുന്ന വിക്രമന്‍ നായര്‍ ശശിയുടെ അമ്മാവനാണ്. കെ.ടി. മുഹമ്മദിന്റെ സാക്ഷാത്ക്കാരം, സ്ഥിതി, സംഹാരം തുടങ്ങി ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. കാല്‍നൂറ്റാണ്ട് നിരന്തരം നാടകങ്ങളായിരുന്നു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത 'നോ കമന്റ്‌സ് പ്ലീസ്' എന്ന സ്‌കിറ്റിലും പിന്നീട് ആ ചാനലിലെ തന്നെ കാരിക്കേച്ചര്‍ പരമ്പരയായ മുന്‍ഷിയിലും വേഷമിട്ടതിനു ശേഷമാണ് സിനിമയില്‍ എത്തുന്നത്. 

സ്റ്റാര്‍ ആന്റ് സറ്റൈലിന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍

പാലേരിമാണിക്യത്തിലെ റോള്‍ ഒരു വഴിത്തിരിവായിരുന്നു അല്ലേ?

അതിനു ശേഷം കിട്ടിയ റോളുകളെല്ലാം കൈ നീട്ടി സ്വീകരിച്ചു. ശവമായും വഴിപോക്കനായുമെല്ലാം ഇരുന്നൂറിലധികം സിനിമകള്‍. ഓഫര്‍ വരുമ്പോള്‍ കഥാപാത്രം എന്താണെന്നൊന്നും നോക്കാറില്ല. റേറ്റും ഡേറ്റുമേ നമ്മള്‍ നോക്കാറുള്ളൂ. പക്ഷേ, പ്രാഞ്ചിയേട്ടനിലെ കഥാപാത്രം ഞാന്‍ ആസ്വദിച്ച് ചെയ്തതാണ്. രഞ്ജിസാറിന്റെ സിനിമയില്‍ ആയിരിക്കുമ്പോള്‍ ഒരു പ്രത്യേക ഇതുണ്ട്. നമ്മുടെ കഴിവുകള്‍ പൂര്‍ണമായും പുറത്തെടുക്കാനാവും. മലയാളത്തിലെ വലിയ നടന്‍മാര്‍ക്കൊപ്പമൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞു. മമ്മൂക്കയും ലാലേട്ടനുമെല്ലാം ഒത്ത്. വലിയ ഭാഗ്യമല്ലേയത്? സുരേഷ്‌ഗോപിക്കൊപ്പം ഇതുവരെ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ ആ റോള്‍ വേണം, ഈ റോള്‍ വേണമൊന്നൊന്നും ഞാന്‍ ആഗ്രഹിക്കാറില്ല. അങ്ങനെയൊക്കെ ആഗ്രഹിക്കാന്‍ ഞാനാരാ? പ്രേംനസീറിനോട് കടുത്ത ആരാധനയായിരുന്നു എനിക്ക്. പക്ഷേ അദ്ദേഹം അഭിനയിച്ച പോലെ ശ്രീകൃഷ്ണനാവണം എന്നെല്ലാം എന്റെ ഈ രൂപവും വെച്ച് ആഗ്രഹിക്കാനാവുമോ?

നാടകക്കാരനായ ശശി എങ്ങനെയാണ് സിനിമയില്‍ എത്തിപ്പെട്ടത്?

പാലേരിമാണിക്യത്തിലേക്ക് നടന്‍മാരെ തേടി രഞ്ജിസാര്‍ കോഴിക്കോട് ക്യാമ്പ് നടത്തിയിരുന്നു. ആ ക്യാമ്പിലുണ്ടായിരുന്ന സുഹൃത്ത് വിജയന്‍ വി. നായരെ കാണാനാണ് ഞാന്‍ ചെന്നത്. എന്നെ കണ്ടപ്പോള്‍ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് രഞ്ജിസാര്‍ പറഞ്ഞു. മൂന്നു ദിവസം അവിടെ തന്നെയായിരുന്നു. ക്യാമ്പില്‍ വേറെയും ശശിമാര്‍ ഉണ്ടായിരുന്നു. തിരിച്ചറിയുന്നതിന് വേണ്ടി എന്റെ പേരിനു മുന്നില്‍ ആരോ കലിംഗ എന്നെഴുതിവെച്ചു. സത്യത്തില്‍ അങ്ങിനെയാണ് ഞാന്‍ കലിംഗ ശശിയായത്. ക്യാമ്പ് കഴിഞ്ഞപ്പോള്‍ എന്നെ സിനിമയിലെടുത്തു. ഞാന്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ പ്രാധാന്യമുള്ളൊരു വേഷം. ഡിവൈഎസ്പിയുടെ റോള്‍. രഞ്ജിത്ത് സാര്‍ തന്ന തുടക്കം തകര്‍ത്തു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

നാടകത്തില്‍ നിന്ന് സിനിമയിലേക്ക് പ്രമോഷന്‍ ലഭിച്ചപ്പോള്‍ ജീവിതമാകെ മാറി കാണും അല്ലേ?

വഴിയിലെവിടെ കണ്ടാലും ആളുകള്‍ തിരിച്ചറിയും, ലോഗ്യം പറയും. പിന്നെ കാശൊക്കെ കിട്ടി, കാറ് വാങ്ങി... എന്നാലും എന്റെ ജീവിതരീതിക്കും ഇഷ്ടങ്ങള്‍ക്കും വലിയ മാറ്റം വന്നിട്ടില്ല. കോഴിക്കോട്ടെ ക്രൗണ്‍ തിയ്യറ്ററില്‍ നിന്ന് ഇംഗ്ലീഷ് പടം കാണണം. മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന ഉണക്കസ്രാവ് കൊണ്ട് കറിവെച്ച് ചോറ് തിന്നണം. കോഴിക്കോടിന്റെ മണവും നിറവും അറിഞ്ഞ് ജീവിക്കണം. അതൊക്കെ തന്നെ ഇപ്പോഴത്തെയും ആവശ്യങ്ങള്‍. മാസത്തില്‍ 25 ദിവസം സിനിമയില്‍ അഭിനയിക്കും. ബാക്കി അഞ്ചു ദിവസം വീട്ടില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമാണ്. 

സിനിമയില്‍ ഒട്ടേറെ മണ്ടന്‍കഥാപാത്രങ്ങള്‍ ശശി ചെയ്തിട്ടുണ്ട്. പക്ഷേ ജീവിതത്തില്‍ അങ്ങനെയല്ല ഈ നടന്‍. തന്റെ ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. കോഴിക്കോട്ടങ്ങാടിയില്‍ വിശാലമായ സുഹൃദ്‌വലയമുണ്ട്. കലിംഗ ശശിയെ ആര്‍ക്കും എളുപ്പം 'ശശി'യാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Content Highlights: Sasi Kalainga, Malayalam Actor, Star And Style, Pranchiyettan And The Saint, Hollywood

Content Highlights: