പണിയില്ലാതിരുന്നപ്പോള്‍ സംവിധാനം, ലാല്‍ജോസ് പറഞ്ഞതുപോലെ ഗണപതി ശരിക്കും ഞെട്ടിച്ചു

#രഞ്ജന കെ
-
-

2007ൽ ബാലതാരമായി സിനിമയിലെത്തിയതാണ് ഗണപതി എസ് പൊതുവാൾ. സത്യൻ അന്തിക്കാടിന്റെ വിനോദയാത്രയിൽ 'പാലും പഴവും കൈകളിലേന്തി' എന്നു പാടിനടന്നിരുന്ന തമിഴൻ വികൃതിപ്പയ്യൻ വലുതായി ക്യാരക്ടർ റോളുകളിലും പിന്നീട് നായകനായും സിനിമകളിലെത്തി. ഇപ്പോൾ ഒരു സംവിധായകനുമായി. 'ഒന്നു ചിരിക്കൂ' എന്ന പേരിൽ ഗണപതി ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് കുറേ സിനിമകളിൽ ഓടിനടന്ന് അഭിനയിച്ചു. എന്നിട്ടുപോലും കിട്ടാത്ത സ്വീകാര്യത ഈ രണ്ടുദിവസം കൊണ്ട് കിട്ടിയെന്നും അതിൽ ത്രില്ലടിച്ചിരിക്കുകയാണെന്നും പറയുകയാണ് ഗണപതി.

'സംവിധായകനാവണമെന്നു കരുതി ചെയ്തതല്ല ഈ ചിത്രം. ലോക്ഡൗണിൽ പയ്യന്നൂരിൽ വന്നു. പണിയില്ലാതിരുന്നപ്പോൾ എന്തു ചെയ്യാമെന്നോർത്തപ്പോൾ ചെയ്തുപോയതാണ്' -ഗണപതി പറയുന്നു. സിനിമയും ഛായാഗ്രഹണവും ലൈംലൈറ്റുമായെല്ലാം ചെറുപ്പം തൊട്ടേ ബന്ധമുണ്ട്. സന്തോഷ് ശിവന്റെ ബിഫോർ ദ റെയ്ൻസിനും അനന്തഭദ്രത്തിനും ഡബ് ചെയ്താണ് സിനിമയിലെ എന്റെ തുടക്കം. സാങ്കേതികതയോടുള്ള ഇഷ്ടം കാരണം സെറ്റുകളിൽ ക്യാമറയുടെ പിന്നാമ്പുറങ്ങളിൽ പോയിനിന്നു പഠിക്കാറുണ്ട്. അച്ഛൻ സതീഷ് പൊതുവാൾ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. ഡാനി, പൊന്തൻമാട, ഓർമകൾ ഉണ്ടായിരിക്കണം, സ്വരൂപം, ദൈവനാമത്തിൽ തുടങ്ങിയ ചിത്രങ്ങളിൽ അച്ഛൻ പ്രവർത്തിച്ചിട്ടുണ്ട്.

കഠിനാധ്വാനിയും ദാനശീലനുമായ ഒരു വൃദ്ധകർഷകന്റെയും അയാളുടെ സ്നേഹനിധിയായ ഭാര്യയുടെയും കഥ ഒരു മുത്തശ്ശിക്കഥ പോലെ കാണിച്ചുതന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഗണപതി തന്നെ. കോവിഡ് 19 വൈറസ് പശ്ചാത്തലത്തിൽ ഇനിയും സിനിമയെടുത്തു വെറുപ്പിക്കേണ്ടെന്നും ഭീതി പരത്തേണ്ടെന്നും കരുതി പ്രളയത്തെ ആസ്പദമാക്കി പോസിറ്റീവ് ആയൊരു കഥയെപ്പറ്റി ആലോചിച്ചു. 2018ലെ പ്രളയക്കാലത്ത് ആസിഫ് അലിയ്ക്കൊപ്പം എറണാകുളത്തെ ചേവരയിലെ ദുരിതാശ്വാസക്യാമ്പിൽ സജീവമായിരുന്നു ഗണപതി. എല്ലാം നഷ്ടപ്പെട്ടവരുടെയും ഒന്നുമില്ലായ്മയിൽ നിന്നും ദാനം ചെയ്തവരുടെയും ജീവിതങ്ങൾ അന്നും നേരിൽ കണ്ടറിഞ്ഞതാണ്. ലോക്ഡൗണിൽ നാട്ടിൽ തിരിച്ചെത്തിയപ്പോൾ പയ്യന്നൂരിലെ നാട്ടുമ്പുറങ്ങളിൽ കുട്ടിക്കാലം മുതൽ കണ്ടുവളർന്ന കാഴ്ച്ചകൾ ഒന്നുകൂടി പോയിക്കണ്ടു. അങ്ങനെ മനസ്സിൽ ഒരു കഥ രൂപപ്പെട്ടു- ഗണപതി പറയുന്നു.

'ഒന്നുമില്ലായ്മയിൽ നിന്ന് കൊടുക്കുന്ന ആളുകൾ നമുക്കു ചുറ്റുമുണ്ട്. ടെൻഷൻ ഫ്രീയായാണ് ജീവിക്കുന്നത്. ജീവിതം നന്നായി ആസ്വദിക്കാറുള്ളവരാണ്. യഥാർഥ രാഷ്ട്രീയക്കാരൻ എന്നാൽ മറ്റുള്ളവരെ സേവിക്കാനും സ്നേഹിക്കാനും സഹായിക്കാനും മനസ്സുള്ളവരാണ് എന്ന മുൻമുഖ്യമന്ത്രി ഇ എം എസിന്റെ വാക്കുകൾ സ്വാധീനിച്ചിട്ടുണ്ട്. ചിത്രത്തിലെ കോരനെപ്പോലെ കഠിനാധ്വാനികളായ കർഷകരെ പലരെയും പരിചയമുണ്ട്. കോരൻ എന്ന പേരിൽ 92 വയസ്സുപ്രായമുള്ള കൃഷി തൊഴിലാക്കിയ ഒരു ചേട്ടനെ അറിയാം. വീടിനു മുന്നിലൂടെ പോകുമ്പോഴുമെല്ലാം സംസാരിക്കാറുണ്ട്. വിശേഷങ്ങൾ പങ്കിടാറുണ്ട്. അദ്ദേഹം അഭിനയിക്കട്ടെ എന്നാണാദ്യം തീരുമാനിച്ചത്. പിന്നെ പ്രായം പരിഗണിച്ച് ആളെ മാറ്റുകയായിരുന്നു. ഇതിലെ കോരൻ(കോരേട്ടൻ) നാരായണൻ നമ്പ്യാർ നാടകനടനാണ്. ടിക് ടോക്ക് ഒക്കെ ചെയ്യുമായിരുന്നു. കുംബയായെത്തിയ തമ്പായി മോണച്ചായ് ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിലും നിരവധി ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

''ഈ ചിത്രം വീട്ടിൽ നിന്നുണ്ടായി വന്നതാണ്. കസിൻസും സുഹൃത്തുക്കളും ചേർന്നാണ്  പ്രൊഡക്ഷൻ. ഛായാഗ്രഹകൻ ഗൗതം ബാബു, എഡിറ്റർ ശ്രീവൽസൻ ആർ എസ്, സിങ്ക് സൗണ്ട് വൈശാഖ്, കലാസംവിധാനം ചെയ്ത സിദ്ധാർഥ് എല്ലാവരും ബന്ധുക്കളും സുഹൃത്തുക്കളുമാണ്. സിനിമയിലെ സുഹൃത്തുക്കൾ റിലീസ് സമയത്ത് ഷെയർ ചെയ്തും അഭിപ്രായങ്ങൾ അറിയിച്ചും കൂടെനിന്നു. സിനിമയിലെ ആരോടും ഇങ്ങനെയൊന്നു ചെയ്യാൻ പോകുന്ന കാര്യം പറഞ്ഞിരുന്നില്ല. ഒരു സംഭവമുണ്ട് കാണിച്ചുതരാമെന്നു പറഞ്ഞ് ഞെട്ടിച്ചു. ഹലുവ പ്രതീക്ഷിച്ച് കണ്ടതാണ്, ബിരിയാണി കിട്ടിയെന്നാണ് ആസിഫ് ഇക്ക പറഞ്ഞത്. കേട്ടപ്പോൾ അതിയായ സന്തോഷം തോന്നി''.

 

''ലാൽജോസ്, ജീത്തു ജോസഫ്, പ്രിയനന്ദനൻ എന്നിവർ ഷെയർ ചെയ്തതും അഭിപ്രായങ്ങൾ പറഞ്ഞതുമാണ് കിട്ടിയ ഏറ്റവും വലിയ അവാർഡ്. സുരേഷ് ഗോപിച്ചേട്ടൻ വിളിച്ചിരുന്നു. ഗോകുൽ എന്റെ സുഹൃത്താണ്. അങ്ങനെ വിളിച്ചതാണ്. അടുത്തകാലത്ത് കുറേ സിനിമകളിൽ അഭിനയിച്ചു. എന്നിട്ടുപോലും ഇത്ര വലിയൊരു സ്വീകാര്യത കിട്ടിയിട്ടില്ല. അവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പുകള്‍ കണ്ട് വലിയ സന്തോഷം തോന്നി. ഗണപതി ഞെട്ടിച്ചുകളഞ്ഞെന്നും ആദ്യസംവിധാനസംരംഭത്തിനായി മണ്ണിന്റെ മണം തന്നെ വിഷയമായെടുത്തത് വലിയ സന്തോഷം നല്‍കിയെന്നാണ് ലാല്‍ജോസ് കമന്റ് ചെയ്തത്.  സൃഷ്ടിയുടെ സുഖമെന്താണെന്നു മനസ്സിലായി''-ഗണപതി പറയുന്നു.

ത്രൈക ഫിലിംസ്(ത്രയം) ഗണപതിയും സഹോദരൻ ചിദംബരവും ചേർന്നാരംഭിച്ച പ്രൊഡക്ഷൻ കമ്പനിയാണ്. ''യൂട്യൂബ് ചാനലായാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, വെബ്സീരീസുകൾ അടക്കമുള്ള ക്രിയേറ്റീവ് കണ്ടന്റുകളാണ് ചാനലിലൂടെ പുറത്തുവിടാൻ ഉദ്ദേശിക്കുന്നത്. വെബ്സീരീസുകളെ പ്രോത്സാഹിപ്പിക്കണമെന്നു തന്നെയാണ് തോന്നിയിട്ടുള്ളത്. സിനിമ പോലെയല്ലല്ലോ. എന്നും പണിയുണ്ടാകും. ഒരുപാടു പേർക്ക് ജോലിസാധ്യതകളുണ്ട്''- ഗണപതി

നാദിർഷ-ദിലീപ് ചിത്രം കേശു ഈ വീടിന്റെ ഐശ്വര്യം, അർജുൻ അശോകനൊപ്പം തട്ടാശ്ശേരി കൂട്ടം, ഇൻസ്റ്റാഗ്രാമം എന്ന വെബ്സീരീസ്, ആസിഫ് അലിയ്ക്കൊപ്പം തട്ടും വെള്ളാട്ടം എന്നിവയാണ് പുതിയ ചിത്രങ്ങൾ. ഇവയെല്ലാം തീയേറ്റർ റിലീസാണ് ഉദ്ദേശിച്ചിരിക്കുന്നത്.

Content Highlights :malayalam actor ganapathi turns director shortfilm onnu chirikkoo viral in social media

Content Highlights: