പ്രേംനസീർ മുതർ ഫഹദ് ഫാസിൽ വരെ; തലമുറകൾക്ക് ചമയമിട്ട പാണ്ഡ്യൻ

#സ്വന്തം ലേഖകൻ
വി. പാണ്ഡ്യന്‍ | Photo: X/ Viji Venkatesh
വി. പാണ്ഡ്യന്‍ | Photo: X/ Viji Venkatesh

ചെന്നൈ: അരനൂറ്റാണ്ടുപിന്നിട്ട സിനിമാജീവിതത്തിൽ പ്രേംനസീർമുതൽ ഫഹദ് ഫാസിൽവരെ പലതലമുറകളിലെ താരങ്ങൾക്കു ചമയമിട്ട കലാകാരനാണ് ചൊവ്വാഴ്ച അന്തരിച്ച വി. പാണ്ഡ്യൻ. ആദ്യ സിനിമയായ കുറുക്കന്റെ കല്യാണംമുതൽ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പ്രിയ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു പാണ്ഡ്യൻ. സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ ചിത്രമായ ‘ഹൃദയപൂർവ്വ’ത്തിനാണ് അദ്ദേഹം അവസാനം ചമയമൊരുക്കിയത്. അസുഖബാധിതനായ പാണ്ഡ്യന് സുഖപ്പെടുംവരെ മനസ്സിനക്കരെ എന്ന സിനിമയുടെ ചിത്രീകരണം സത്യൻ അന്തിക്കാട് നീട്ടിവെക്കുകപോലും ചെയ്തു.

വേലുവിന്റെയും തായമ്മയുടെയും

മകനായി തമിഴ്‌നാട്ടിലെ നാഗർകോവിലിൽ ജനിച്ച വേലു പാണ്ഡ്യൻ ഒൻപതാം ക്ലാസുവരെ തിരുനെൽവേലിയിലാണ് പഠിച്ചത്. തുടർപഠനത്തിനാണ് ചെന്നൈയിലെത്തിയതെങ്കിലും സിനിമയിലാണ് വന്നുപെട്ടത്. പതിനാറാം വയസ്സിൽ മേക്കപ്പ് മാൻ കൃഷ്ണരാജിന്റെ സഹായിയായാണ് തുടക്കം. 1972-ൽ, ‘പുള്ളിമാൻ’ എന്ന സിനിമയിൽ എം.ഒ. ദേവസ്യയുടെ മേക്കപ്പ് അസിസ്റ്റന്റായി. തുടർന്ന് മലയാളം, തമിഴ്, തെലുഗു, കന്നഡ തുടങ്ങി വിവിധ ഭാഷകളിലെ ഒട്ടേറെ ചിത്രങ്ങളിൽ മേക്കപ്പ് അസിസ്റ്റന്റായി പ്രവർത്തിച്ചു.

പ്രശസ്ത ഛായാഗ്രാഹകൻ ജെ. വില്യംസിനെ പരിചയപ്പെട്ടതാണ് പാണ്ഡ്യന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ചമയത്തിൽ മാത്രമല്ല, ഛായാഗ്രഹണത്തിലും സംവിധാനത്തിലുമെല്ലാം അദ്ദേഹം പാണ്ഡ്യനെ സഹായിയാക്കി. 1978-ൽ ജെ. വില്യംസ് സംവിധാനംചെയ്ത ‘മദാലസ’ എന്ന ചിത്രത്തിലൂടെ പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി. പിന്നീടദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

ALSO READ | 'മദാലസ' മുതൽ 'ഹൃദയപൂർവ്വം'വരെ; മുതിർന്ന മേക്കപ്പ്മാൻ വി. പാണ്ഡ്യൻ അന്തരിച്ചു

എൻ.ടി. രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനീകാന്ത്, കമൽഹാസൻ തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രശസ്ത താരങ്ങൾക്കെല്ലാം മേക്കപ്പ് ഇട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ തട്ടകം മലയാളസിനിമയായിരുന്നു. സത്യൻ അന്തിക്കാടിനുപുറമേ കമലിനും ജോഷിക്കുമെല്ലാം പ്രിയപ്പെട്ട മേക്കപ്മാനായിരുന്നു അദ്ദേഹം. 2001-ൽ കമലിന്റെ ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.

Content Highlights: Renowned South Indian makeup artist V. Pandian passed away on Tuesday after half a century in the film industry. He worked across several generations of actors, from Prem Nazir to Fahadh Faasil, Rajinikanth, and Kamal Haasan. Pandian was a long-time collaborator of director Sathyan Anthikad, beginning with 'Kurukkante Kalyanam' and ending with 'Hridayapoorvam'. Started his independent career with the 1978 film 'Madalasa', directed by J. Williams. Won the Kerala State Film Award for Best Makeup Artist in 2001 for Kamal's movie 'Madhuranombarakattu'.