'അന്ന് അച്ഛന്‍ എന്റെ കൈപിടിച്ച് ചോദിച്ചു, ഇതിലും മോശം ഇനിയെന്ത് സംഭവിക്കാനാണ്?'

അനസൂയ സെന്‍ഗുപ്ത അച്ഛനോടൊപ്പം/ അനസൂയ സെന്‍ഗുപ്ത | Photo: instagram/ anasuya sengupta
അനസൂയ സെന്‍ഗുപ്ത അച്ഛനോടൊപ്പം/ അനസൂയ സെന്‍ഗുപ്ത | Photo: instagram/ anasuya sengupta

പാരിസിലെ കാന്‍ ചലച്ചിത്രമേള ഏതൊരു സിനിമാക്കാരന്റേയും സ്വപ്‌നമാണ്. അഭിനയിച്ച, സംവിധാനം ചെയ്ത ചിത്രത്തിന്റെ ഭാഗമായി ആ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പറ്റിലൂടെ നടക്കാന്‍ ആഗ്രഹിക്കാത്ത ചലച്ചിത്രപ്രവര്‍ത്തകരുമുണ്ടാകില്ല. എന്നാല്‍ അതിനുമപ്പുറമുള്ള ഒരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അനസൂയ സെന്‍ഗുപ്ത എന്ന ഇന്ത്യന്‍ നടി. കാനിലെ അണ്‍ സെര്‍ട്ടന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരമാണ് അനസൂയ ഇന്ത്യയിലെത്തിച്ചത്. ദി ഷെയിംലെസ്സ് എന്ന ചിത്രത്തിലെ രേണുക എന്ന കഥാപാത്രമാണ് അനസൂയയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഇതോടെ കാനില്‍ അഭിനയത്തിന് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന ചരിത്രവും അനസൂയയുടെ പേരിനൊപ്പം ചേര്‍ന്നു.

കൊല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന അനസൂയ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. അതുശേഷം മാധ്യമപ്രവര്‍ത്തനത്തില്‍ ഉന്നതപഠനമായിരുന്നു ലക്ഷ്യം. എന്നാല്‍ 2009-ല്‍ അഞ്ജന്‍ ദത്തയുടെ മാഡ്‌ലി ബാംഗ്ലീ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം അനസൂയയെ തേടിയെത്തി. ആ സിനിമയില്‍ സഹനടിയായി വെള്ളിത്തിരയില്‍ അരങ്ങേറി.

ഇതോടെ ജേണലിസം എന്ന പ്ലാനെല്ലാം അനസൂയ ഉപേക്ഷിച്ചു. കൊല്‍ക്കത്തിയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറി. ആദ്യകാലങ്ങളില്‍ പ്രൊഡക്ഷന്‍ ഡിസൈനറായി ജോലി നോക്കി. സിനിമയില്‍ വേഷം കിട്ടാത്തതുകൊണ്ടായിരുന്നില്ല അവര്‍ ആ ജോലി തെരഞ്ഞെടുത്തത്. പ്രൊഡക്ഷന്‍ ഡിസൈനോടുള്ള താത്പര്യം കൊണ്ട് കൂടിയായിരുന്നു. 2016-ല്‍ പുറത്തിറങ്ങിയ സഞ്ജീവ് ശര്‍മയുടെ സാത് ഉചാകെ,ശ്രീജിത്‌
മുഖര്‍ജിയുടെ ഫോര്‍ഗെറ്റ് മി നോട്ട്, 2021-ല്‍ പുറത്തിറങ്ങിയ നെറ്റ്ഫിള്ക്‌സ് ആന്തോളജിയായ റേ എന്നിവയിലെല്ലാം പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്തു. 

അനസൂയ സെന്‍ഗുപ്ത ഭര്‍ത്താവ് യഷ്ദീപിനൊപ്പം | Photo: instagram/ anasuya sengupta

എന്നാല്‍ ഇതിനിടയില്‍ പ്രതിസന്ധികളുടെ ഒരു നീണ്ടനിര അനസൂയയുടെ ജീവിതത്തിലേക്ക് ഒന്നിനുപിറകെ ഒന്നായി വന്നു. മാനസികാരോഗ്യം നഷ്ടപ്പെട്ട് ഒരു മുറിക്കുള്ളില്‍ ഒറ്റയ്ക്ക് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അവരെത്തി. അന്ന് മുംബൈയില്‍ ആളുകളുമായി ഇടപഴകുമ്പോഴും മറുവശത്ത് തനിക്ക് തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അവര്‍ മനസിലാക്കി. പതുക്കെ ആളുകളില്‍ നിന്ന് അകലുമെന്ന് മനസിലായതോടെ അനസൂയ മുംബൈ വിട്ട് ഗോവയിലേക്ക് താമസം മാറി.അച്ഛന്‍ നല്‍കിയ പിന്തുണയായിരുന്നു അന്ന് അവര്‍ക്ക് കരുത്ത് പകര്‍ന്നത്.

പക്ഷേ ഗോവയിലേക്കുള്ള ഈ മാറ്റത്തില്‍ അവര്‍ ആശയക്കുഴപ്പത്തിലായിരുന്നു. തന്റെ സാമ്പത്തിക സ്രോതസ് ഇല്ലാതാകുമെന്നും കരിയര്‍ ഗ്രാഫില്‍ താഴ്ച സംഭവിക്കുമെന്നും അനസൂയ ഭയപ്പെട്ടു. അന്ന് അവരുടെ കൈ പിടിച്ച് അച്ഛന്‍ ചോദിച്ചത് ഇങ്ങനെയാണ് ' ഇതില്‍ കൂടുതല്‍ ഇനി എന്ത് സംഭവിക്കാനാണ്?'. ഈ ചോദ്യത്തോടെ എല്ലാം പരിഹരിക്കപ്പെട്ടുവെന്നും ഗോവയിലേക്ക് യാത്ര തിരിച്ചെന്നും അനസൂയ മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

ഗോവയില്‍ ഒരു സ്വപ്‌നതുല്ല്യമായ ജീവിതമാണ് അനസൂയയെ കാത്തിരുന്നത്. അത്യാവശ്യം ചിത്രങ്ങള്‍ വരയ്ക്കുമായിരുന്ന അവര്‍ തന്റെ പെയ്ന്റിങ്ങുകള്‍ പ്രിന്റ് ചെയ്ത് അത് കലണ്ടര്‍ രൂപത്തിലാക്കി അത് സോഷ്യല്‍ മീഡിയയിലൂടെ വില്‍പനയ്ക്കുവെച്ചു. അങ്ങനെയൊരു കലണ്ടര്‍ വില്‍പന അനസൂയയുടെ ജീവത്തില്‍ വഴിത്തിരിവാകുകയും ചെയ്തു. തന്റെ ഭര്‍ത്താവും കൂട്ടുകാരനുമായ യഷ്ദീപിനെ അനസൂയ കണ്ടുമുട്ടി.

കലണ്ടറിന്റെ കോപ്പി വേണമെന്ന് പറഞ്ഞാണ് യഷ്ദീപ് ആദ്യമായി അനസൂയയ്ക്ക് മെസ്സേജ് അയക്കുന്നത്. ഈ സംസാരം പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദത്തിലെത്തി. ഡിസ്‌ക്ക് ജോക്കിയായിരുന്ന യഷ്ദീപുമായി അവര്‍ വേഗത്തില്‍ അടുത്തു. ഇരുവര്‍ക്കും സംസാരിക്കാന്‍ ഒരുപാട് പൊതുവിഷയങ്ങളുണ്ടായിരുന്നു. 

അനസൂയ സെന്‍ഗുപ്ത സംവിധായകന്‍ ബൊജനോവിനൊപ്പം| Photo: instagram/ anasuya sengupta

'അന്ന് കലണ്ടര്‍ വാങ്ങാന്‍ വന്നപ്പോള്‍ ഞങ്ങള്‍ മണിക്കൂറുകളോളം സംസാരിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഞങ്ങള്‍ ഗോവ മുഴുവന്‍ കറങ്ങി. ഞാന്‍ എന്റെ സ്‌കൂട്ടറിലും യഷ്ദീപ് അവന്റെ എന്‍ഫീല്‍ഡിലും. യോഗയും ബീച്ചും പാര്‍ട്ടികളും ഡാന്‍സും സുഹൃത്തുക്കളുടെ പിറന്നാള്‍ ആഘോഷവുമെല്ലാമായി ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു എന്നെ കാത്തിരുന്നത്.'- നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ അനസൂയ പറയുന്നു.

ഇതിനിടയിലാണ് 'ദി ഷെയിംലെസി'ന്റെ സംവിധായകനായ ബള്‍ഗേറിയക്കാരന്‍ കോണ്‍സ്റ്റന്റെയ്ന്‍ ബൊചനോവിന്റെ മെസ്സേജ് അനസൂയയുടെ ഇന്‍ബോക്‌സിലെത്തിയത്. ഇരുവരും ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളായിരുന്നു. താന്‍ ഒരു പുതിയ സിനിമയെടുക്കുന്നുണ്ടെന്നും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കണമെന്നുമായിരുന്നു മെസ്സേജിലുണ്ടായിരുന്നത്. ഓഡിഷന്‍ ക്ലിപ്പ് അയക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 'എന്തിന്' എന്നായിരുന്നു അനസൂയയുടെ മറുചോദ്യം. കാരണം അവര്‍ക്ക് അഭിനയത്തില്‍ ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. അഭിനേത്രിയാകണമെന്ന് ആഗ്രഹവും ഇല്ലായിരുന്നു. അതിനേക്കാളേറെ പ്രൊഡക്ഷന്‍ ഡിസൈനാണ് ഇഷ്ടപ്പെട്ടിരുന്നത്. 

എന്നാല്‍ യഷ്ദീപിന്റെ നിര്‍ബന്ധം കൂടിയായതോടെ അനസൂയ ഓഡിഷന്‍ ക്ലിപ്പ് അയച്ചുകൊടുത്തു. ബൊജനോവ് യെസ് പറയാന്‍ താമസമുണ്ടായില്ല. അങ്ങനെ 'ദി ഷെയിംലെസ്സില്‍' രേണുകയായി അനസൂയ മികച്ച പ്രകടനം പുറത്തെടുത്തു. ക്വീര്‍ സമൂഹത്തെ പിന്തുണയ്ക്കുന്ന ചിത്രം രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് പറയുന്നത്. ഡല്‍ഹിയിലെ ഒരു വേശ്യാലയത്തില്‍ നിന്ന് ഒരു പോലീസുകാരനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെടുന്ന രേണുക, ദേവിക എന്ന കൗമാരക്കാരിയെ കണ്ടുമുട്ടുന്നതാണ് ചിത്രം പറയുന്നത്. ഇരുവരും പിന്നീട് പ്രണയത്തിലാകുന്നു. ഒമാര ഷെട്ടിയാണ് ദേവികയായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ട് മാസം നേപ്പാളിലും മുംബൈയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. 


 

Content Highlights: lifestory of anasuya sengupta the first Indian actor to win best actress at cannes 2024