ആ രണ്ട് ബലഹീനതകൾ ഇല്ലായിരുന്നെങ്കിൽ ഈ ജീവിതം തന്നെ മറ്റൊന്നാകുമായിരുന്നു - അന്ന് ധർമേന്ദ്ര പറഞ്ഞു

ധർമേന്ദ്രയും ഹേമാമാലിനിയും
ധർമേന്ദ്രയും ഹേമാമാലിനിയും

ജീവിതത്തില്‍ രണ്ട് ബലഹീനതകളാണുണ്ടായിരുന്നതെന്ന് ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട് ധര്‍മേന്ദ്ര. മദ്യപാനവും പ്രണയവും. കരിയര്‍ തന്നെ അപകടത്തിലാക്കിയ അമിതമദ്യപാനത്തെക്കുറിച്ചുള്ളൊരു ചോദ്യത്തിന് പണ്ടൊരിക്കല്‍, കാവ്യാത്മകമായിരുന്നു നിത്യഹരിതനായകന്റെ വേദനയും കുറ്റബോധവും കലര്‍ന്ന മറുപടി. 'പ്രണയം എന്നെ കൊന്നു, മദ്യവും. മദ്യമില്ലെങ്കില്‍ പ്രണയവുമില്ല. ഇതില്ലായിരുന്നെങ്കില്‍ ഈ ജീവിതം തന്നെ മറ്റൊന്നാകുമായിരുന്നു.'

ഷോലേയുടെ സെറ്റിലിരുന്ന് നായകന്‍ വീരു രഹസ്യമായി പന്ത്രണ്ട് കുപ്പി ബിയര്‍ ഒറ്റയിരിപ്പിന് അകത്താക്കിയ കഥ പണ്ടേ പാട്ടാണ് ബോളിവുഡില്‍. ആനന്ദിലെ വേഷം രാജേഷ് ഖന്നയ്ക്ക് കൊടുത്തതിൽ പരിഭവിച്ച് മദ്യലഹരിയിൽ ഒരു രാത്രി മുഴുവൻ ഫോൺ ചെയ്ത് ഋഷികേശ്‌ മുഖർജിയുടെ ഉറക്കം കെടുത്തിയത് ധർമേന്ദ്ര തന്നെ കുമ്പസരിച്ച കഥ. കലങ്ങിമറിഞ്ഞ ആ കാലം കടക്കാന്‍ പാടേറെപ്പെട്ടു ധര്‍മേന്ദ്ര. അതേ സെറ്റില്‍ ഹേമമാലിനിക്കൊപ്പമുള്ള ഷോട്ട് പലവട്ടം റീട്ടേക്കെടുക്കാന്‍ അണിയറയിലെ സഹായികള്‍ക്ക് കൈമടക്ക് കൊടുത്ത കഥയും ഷോലെ പോലെ തന്നെ ഹിറ്റാണ് നിറംപിടിപ്പിച്ച കഥകള്‍ക്ക് പഞ്ഞമൊട്ടുമില്ലാത്ത ബോളിവുഡില്‍. അരങ്ങേറ്റചിത്രമായ തും ഹസീന്‍ മേ ജവാന്റെ സെറ്റില്‍ തന്നെ മൊട്ടിട്ടിരുന്നു ആരാധനയില്‍ വിരിഞ്ഞ അനുരാഗം എന്നാണ് ബിയോണ്ട് ദി ഡ്രീം ഗേള്‍ എന്ന ജീവിതകഥയില്‍ ഹേമമാലിനിയുടെ സാക്ഷ്യം. സെറ്റില്‍ ആ പൗരുഷം കണ്ടമാത്രയില്‍ തന്നെ ആകര്‍ഷണം തോന്നിയെന്ന് പറഞ്ഞത് ഹേമമാലിനി മാത്രമല്ല, ജയ ബച്ചന്‍ കൂടിയാണ്. അരങ്ങേറ്റചിത്രമായ ഗുഡ്ഡിയില്‍ ആദ്യമായി കണ്ണില്‍ക്കണ്ണില്‍ കണ്ടനേരം ഉള്ളിലൊരു കൊള്ളിയാന്‍ മിന്നിയ കഥ പറയുമ്പോള്‍ ഹേമമാലിനിയുമുണ്ടായിരുന്നു ഒപ്പം. അങ്ങനെ പൗരുഷവും പ്രണയവും മാത്രമല്ല, സിനിമയ്ക്ക് അവിഭാജ്യമായ ചേരുവകള്‍ പലതിന്റെയും സഞ്ചയമായിരുന്നു ധര്‍മേന്ദ്ര കേവല്‍ കൃഷന്‍ ഡിയോള്‍ എന്ന ലുധിയാനക്കാരന്‍.

Content Highlights: life story of bollywood actor dharmendra, love life, hema malini

Continue reading