കാന്‍ ഓര്‍മിപ്പിച്ച ദുരന്ത നായിക, കൊലയ്ക്ക് ഇരയായി പൊലിഞ്ഞ ജീവിതവും മരണത്തിലെ ദൂരുഹതകളും

പ്രിയാ രാജ്വംശിന് കാന്‍ ഫെസ്റ്റിവല്‍ ചുവപ്പു പരവതാനി വിരിച്ചിട്ടില്ല. പാം ഡി ഓറിന്റെയോ ഗ്രാന്‍പ്രീയുടെയോ അസുലഭ സൗഭാഗ്യം അവര്‍ക്ക് വര്‍ണക്കുട പിടിച്ചിട്ടുമില്ല. എന്നിട്ടും പായല്‍ കപാഡിയയെയും ടീമിനെയും പുരസ്‌കാരനിറവില്‍ കണ്ടപ്പോള്‍ മനസിലേയ്ക്ക് ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെന്ന പോലെ പ്രിയയുടെ സുന്ദരമായ മുഖവും പടി കടന്നുവന്നു. തീര്‍ത്തും രംഗബോധമില്ലാതെ, ഇന്നും ചുരുളഴിയാത്ത അവരുടെ ദാരുണമായ മരണവും. നിനച്ചിരിക്കാതെയാണ് അവരെ സിനിമ വന്നു വിളിച്ചത്. അത്ര പോലും നിനയ്ക്കാത്ത നേരത്താണ് ക്രൂരമായൊരു കൊലപാതകത്തിന്റെ രൂപത്തില്‍ മരണവും, സിനിമ പോലെ സംഭവബഹുലമായ ആ ജീവിതത്തിലേയ്ക്ക് വിരുന്ന് വന്നത്. ആദിമധ്യാന്തം ഒരു ബോളിവുഡ് ബ്ലോക്ബസ്റ്ററിനുവേണ്ട എല്ലാ മെലോഡ്രാമാ ചേരുവകളുമുണ്ടായിരുന്ന ആ ജീവിതത്തെ കാനിന്റെ പകിട്ടുമായി കൂട്ടിയിണക്കുന്നത് ചേതന്‍ ആനന്ദാണ്. പായലിന് എട്ട് പതിറ്റാണ്ട് മുന്‍പേ കാനിലെ ഗ്രാന്‍പ്രീ ആദ്യമായി ഇന്ത്യയിലെത്തിച്ച സംവിധായകന്‍. ചേതന്റെ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച നായികയാണ് പ്രിയ. പിന്നീട് കല്ല്യാണം കഴിക്കാതെ തന്നെ മൂന്ന് പതിറ്റാണ്ട് ജീവിതപങ്കാളിയായി കഴിയുകയും ജീവിതസായാഹ്നത്തില്‍ സിനിമയെപോലും വെല്ലുന്ന ആന്റിക്ലൈമാക്സ് പോലെ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തു. കൊല്ലം ഇരുപത്തിനാല് കഴിഞ്ഞിട്ടും ഇന്നും തീര്‍പ്പാവാതെ തുടരുകയാണ്, ചേതന്റെ മക്കള്‍ പ്രതികളായ, ആ കേസും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയും.
ചേതന്റെ നീച്ചാ നഗര്‍ മറ്റ് പതിനൊന്ന് ചിത്രങ്ങള്‍ക്കൊപ്പം പ്രഥമ കാന്‍ ഫെസ്റ്റിവലില്‍ തന്നെ ഇന്നത്തെ പാം ഡി ഓര്‍ ആയ പഴയ ഗ്രാന്‍പ്രീ നേടി ചരിത്രം കുറിക്കുമ്പോള്‍ പത്ത് വയസ്സേ ഉണ്ടായിരുന്നുള്ളൂ പ്രിയക്ക് പ്രായം. പിന്നെയും ഒരു പത്ത് കൊല്ലം കഴിഞ്ഞു മാത്രമാണ് അവര്‍ തീര്‍ത്തും അപ്രതീക്ഷിതമായി വെള്ളിത്തിരയുടെ മാസ്മരിക ലോകത്ത് വിരുന്നുവന്നത്.
Content Highlights: bollywood, actress priya rajvansh, chetan anand, cannes film festival, haqeeqat