"ദോശ പോലെ തോന്നിക്കുന്ന ആ ഇഞ്ചേര തിന്നുതീർക്കാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്"

തൃശ്ശൂരിലെ പകല്‍ രാവിന് വഴിമാറിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ റോഡില്‍നിന്ന് വാഹനങ്ങള്‍ നീണ്ട ഹോണുകള്‍ മുഴക്കുന്നുണ്ട്. വീട്ടിലേക്ക് തിരികെ കയറാന്‍ വിദ്യാര്‍ഥികളുടെയും ഉദ്യോഗാര്‍ഥികളുടെയും ഓട്ടം. തൃശ്ശൂര്‍-ഷൊര്‍ണൂര്‍ റോഡിലുള്ള മിന്റ് മലബാര്‍ റെസ്റ്റോറന്റിലും അതിന്റെ അലയൊലികളുണ്ട്. ഭക്ഷണം പാഴ്സല്‍ മേടിക്കാനായും കഴിക്കാനുമായി ആളുകളുടെ തിരക്ക്. എങ്കിലും രണ്ടാംനില ശാന്തം. മിന്റ് മലബാറിലെ തിരക്കൊഴിഞ്ഞ കോര്‍ണറില്‍ ഭക്ഷണത്തിനായി ലിയോണ ലിഷോയ് ഇരിക്കുന്നു.
അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഭക്ഷണം കഴിക്കുന്ന കാര്യത്തിലും ലിയോണ അത്ര മോശമല്ല. എന്നാല്‍, ഒരു വ്യത്യാസമുണ്ട് സിനിമയില്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ സെലക്ടീവായ പോലെ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലും സെലക്ടീവാണ് താരം. ഇഷ്ടപ്പെട്ടതെന്തോ അത് തേടിപ്പിടിച്ച് കഴിക്കും.
അധികനേരമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. നിറപുഞ്ചിരിയോടെ ഒരാള്‍ മുന്നിലെത്തി. ''എന്തൂട്ടാ കഴിക്കേണ്ടത്...'' തനി നാടന്‍ തൃശ്ശൂര്‍ശൈലിയില്‍ ഒരു ചോദ്യം മുന്നിലിട്ടു.
''ബിരിയാണിയുണ്ടോ?'' ലിയോണയുടെ മറുചോദ്യമെത്തി. ''കടായ് ബിരിയാണിയുണ്ട്. അതെടുത്താലോ?'' അതിന്റെ കൂടെ പഞ്ചാബി ചിക്കനും ചൈനീസ് ചോപ്സി ചിക്കനും ഓര്‍ഡര്‍ ചെയ്തു.
എതോപ്യയിലെ ഇഞ്ചേര നമ്മുടെ ദോശ
പിന്നാലെ ലിയോണ തന്റെ ഭക്ഷണപ്രേമത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ''യു.എ.ഇ., ശ്രീലങ്ക, മലേഷ്യ, എതോപ്യ; നാലു രാജ്യങ്ങളിലും പോയിട്ടുണ്ട്. കുറച്ചുകാലം അവിടെ താമസിക്കുകയും ചെയ്തു. ഇതില്‍ മൂന്നെണ്ണം ഏഷ്യന്‍ രാജ്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അവിടെ എല്ലാം പരിചയമുള്ളതും. യു.എ.ഇ.യില്‍വെച്ചായിരുന്നു ശരിക്കുമുള്ള മന്തിയുടെ രുചിയറിഞ്ഞത്. അന്നത് ആസ്വദിച്ച് കഴിക്കുകയും ചെയ്തു. മലേഷ്യയിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നതായിരുന്നു. ശ്രീലങ്കയില്‍വെച്ച് കുറേ മീന്‍വിഭവങ്ങള്‍ കഴിച്ചു. എല്ലാം ഒന്നിനൊന്ന് മെച്ചം. മറക്കാന്‍ പറ്റാത്തത് എതോപ്യയിലെ ഇഞ്ചേരയാണ്. നമ്മുടെ നാട്ടിലെ ദോശപോലെ തോന്നും. മടക്കിമടക്കി കുറേ വലുപ്പത്തിലുള്ള ഒരു ദോശ. സാമ്പാറും ചട്നിയും പോലെ അതിന് ചുറ്റും കുറേ സാധനങ്ങളുണ്ട്. കഴിക്കാന്‍ തുടങ്ങിയപ്പോഴല്ലേ രസം! മൊത്തം പുളി. തുടങ്ങിയ ആവേശമൊന്നും തോന്നിയില്ല തീര്‍ക്കാന്‍. എങ്ങനെയൊക്കെയോ തീര്‍ത്തു.''
പറഞ്ഞ ആവേശം തീരുന്നതിന് മുന്‍പ് രണ്ട് മണ്‍കുടങ്ങള്‍ മുന്നിലെത്തി. സംഭവം മറ്റൊന്നുമല്ല. നമ്മുടെ കടായി ബിരിയാണി. മണ്‍കുടങ്ങളിലാക്കിയാണ് ഇവിടെ കടായി ബിരിയാണി വിളമ്പുന്നത്. നല്ല വൃത്തിയുള്ള കുടങ്ങളാണ്. കുടം തുറക്കും മുന്‍പേ ചോപ്സിയും പഞ്ചാബിയുമെത്തി.
അമ്മയുടെ രുചി
കുടം തുറക്കുന്നതിനിടയില്‍ ലിയോണ വീണ്ടും സംസാരിച്ചുതുടങ്ങി. ''അമ്മയുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് എനിക്ക് മിസ്സ് ചെയ്യല്‍. ഷൂട്ടിങ്ങിന്റെ ഷെഡ്യൂള്‍ നീളുന്നതിനനുസരിച്ച് അമ്മയുടെ ഭക്ഷണവും കഴിക്കാന്‍ തോന്നും. അമ്മയുടെ പരിപ്പ് കറിയാണ് ബെസ്റ്റ്. തേങ്ങ വറുത്തരച്ച് നല്ല പെരുമ്പാവൂര്‍ സ്‌റ്റൈലില്‍ ഉണ്ടാക്കിത്തരും. അതുപോലെ തന്നെ രസവും രസകരമാണ്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ അമ്മയോട് ഇതുണ്ടാക്കി തരാനും പറയും.''
അപ്പോഴേക്കും കുടം തുറന്നതിന്റെ ബിരിയാണി മണം പരന്നിരുന്നു. ആവശ്യത്തിലധികമുണ്ട് ബിരിയാണിയുടെ അളവ്. എട്ട് ചെറിയ ബോണ്‍ലെസ് പീസുകളാണ് ഉള്ളില്‍. നല്ല ചൂടും. അന്വേഷിച്ചപ്പോള്‍ തന്തൂരി അടുപ്പില്‍വെച്ചാണ് ബിരിയാണി ദം ചെയ്യുന്നതെന്ന് മനസിലായി ഇതാണ് അതിന്റെ ചൂടിന്റെയും രുചിയുടെയും രഹസ്യം.
തുറന്ന അതേ ആവേശത്തില്‍ തന്നെ ലിയോണ കുറച്ച് ബിരിയാണി പ്ലേറ്റിലേക്ക് കമഴ്ത്തി. പിന്നാലെ രുചിച്ചും തുടങ്ങി. സംഭവം കിടുവാണെന്ന് എക്സ്പ്രഷനുണ്ട് മുഖത്ത്. അടിപൊളി എന്ന് കൈകൊണ്ട് ആക്ഷന്‍ കാണിച്ചു. ''ബിരിയാണി കിടുവാണ് ട്ടോ.'' ലിയോണയുടെ കമന്റെത്തി. മിന്റ് ഹോട്ടലിന്റെ ഉടമ നിഷാദിന്റെ മുഖത്തും സന്തോഷം.
പഞ്ചാബി ചിക്കനും ചോപ്സി ചിക്കനും പ്ലേറ്റിലേക്ക് തട്ടിയിട്ട് ഓരോന്ന് രുചിച്ചുനോക്കി. പഞ്ചാബി സ്പൈസിയാണ്. ചിക്കന്റെ കുറച്ച് വലുപ്പമുള്ള പീസുകളാണ് ഇതിലുള്ളത്. ചോപ്സിയാണെങ്കില്‍ ചെറിയ ചെറിയ പീസുകള്‍. കാരറ്റും മഷ്റൂമും ഫ്രൈഡ് ന്യൂഡില്‍സുമെല്ലാമുണ്ട്. കോഴിമുട്ടയും പൊട്ടിച്ചിട്ടിട്ടുണ്ട്. എല്ലാം ഇടയ്ക്കിടെ കഴിച്ച് ആസ്വദിക്കുന്നുണ്ട് ലിയോണ.
''ഷൂട്ടിങ്ങിനിടെയാണേല്‍ ഭക്ഷണം ചിലപ്പോള്‍ നിയന്ത്രിക്കാറുണ്ട്. 'എതുരീത' ഞാന്‍ നായികയായിയെത്തുന്ന തെലുഗുചിത്രമാണ്. ലൊക്കേഷന്‍ വിശാഖപട്ടണത്തായിരുന്നു. ആ സമയം സ്വയം നിയന്ത്രിച്ചിരുന്നു. എന്നാല്‍ അവസാന ദിനമായപ്പോഴെക്കും എല്ലാ കണ്‍ട്രോളും പോയി, പൂതെരെകുലു എന്നൊരു മധുരം കഴിച്ചു. അയ്യോ...! പിന്നെ എത്രയെണ്ണം കഴിച്ചെന്ന് ഓര്‍മയില്ല. അത്രയും അടിപൊളിയായിരുന്നു. ചിലപ്പോ ലൊക്കേഷനിലെ ഭക്ഷണവും നല്ല അടിപൊളിയാവാറുണ്ട്. പിന്നെ ഇനി മിന്റ് മലബാറിലെ കടായി ബിരിയാണിയും ഓര്‍മയില്‍ നില്‍ക്കും ട്ടോ'' ലിയോണ പറഞ്ഞവസാനിപ്പിച്ചു.
(സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ പ്രസിദ്ധീകരിച്ചത്)
Content Highlighs: leona leshoy food story mathrubhumi star & style
Content Highlights: