കാറിന്റെ ബോണറ്റിൽവെച്ച് സിഗരറ്റ് കൂടിൽ വയലാർ എഴുതി; 'വെള്ളാരംകുന്നിനു മുഖംനോക്കാൻ വെണ്മേഘം കണ്ണാടി'

കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത കുറ്റാന്വേഷണ സിനിമയാണ് കോട്ടയം കൊലക്കേസ്. പ്രേംനസീർ നായകൻ. നായിക ഷീലയും. 1967-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ എഴുതിയത് വയലാർ രാമവർമ. സംഗീതം ബി.എ. ചിദംബരനാഥ്.
ഈ ചിത്രത്തിൽ, ‘ആരാധകരേ വരൂ വരൂ...’ (പി. ലീല) കൈയിൽ മുന്തിരിക്കിണ്ണവുമായ് (എൽ.ആർ. ഈശ്വരി) വെള്ളാരം കുന്നിന് മുഖം നോക്കാൻ... (കെ.പി. ചന്ദ്രമോഹൻ, പി. ലീല), പൊന്നമ്പല മേട്ടിൽ പുത്തിലഞ്ഞി കാട്ടിൽ (പി.ബി. ശ്രീനിവാസ്), അല്ലലുള്ള പുലയിക്കേ ചുള്ളിയുള്ള കാടറിയൂ... (ഉത്തമൻ) എന്നിങ്ങനെ അഞ്ചുഗാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. എൽ.ആർ. ഈശ്വരി പാടിയ വ്യത്യസ്തമായ ഗാനമാണ്,
കൈയിൽ മുന്തിരിക്കിണ്ണവുമായെന്റെ
കണ്ണാടിവാതിൽ തുറന്നവനേ
സ്വപ്നം കാണുന്ന പ്രായത്തിലെന്തിനു
പുഷ്പശരമെയ്തു...
എന്നെ നീ പുഷ്പശരമെയ്തു?
വയലാറിന്റെ മനോഹരമായ വരികൾക്ക് ആകർഷകമായ സംഗീതത്തിന്റെ അകമ്പടിയുണ്ടായിരുന്നു. എൽ.ആർ. ഈശ്വരി നന്നായി പാടിയിട്ടുമുണ്ട്.
പി.ബി. ശ്രീനിവാസ് പാടിയ
പൊന്നമ്പലമേട്ടിൽ പുത്തിലഞ്ഞിക്കാട്ടിൽ
പൂനുള്ളാൻവന്ന തമ്പുരാട്ടി
പൊന്നോലക്കുടക്കീഴിൽ ഒന്നിച്ചു നിന്നിട്ട്
പുതിയൊരു രോമാഞ്ചം -മേലാകെ
പുതിയൊരു രോമാഞ്ചം
എന്ന ഗാനവും നിലവാരമുള്ളതും കേൾക്കാൻ സുഖം പകരുന്നതുമാണ്. സിനിമയുടെ പരാജയം കാരണമായിരിക്കാം ഗാനങ്ങൾ ജനഹൃദയങ്ങളിലെത്താതിരുന്നത്. ആകാശവാണിയും ഗാനങ്ങൾ പ്രക്ഷേപണം ചെയ്യാൻ വിമുഖതകാട്ടി. അതുകൊണ്ടുതന്നെ ഗ്രാമഫോൺ റെക്കോഡുകൾ അധികം വിറ്റഴിയാതെപോയി. ഗ്രാമഫോൺ റെക്കോഡുകളുടെ കാലം കഴിഞ്ഞ് കുറെ വർഷങ്ങൾക്കുശേഷം റെക്കോഡുകൾതേടി എച്ച്.എം.വി.യുടെ കേരളത്തിലെ പ്രധാന വിതരണക്കാരായ തൃശ്ശൂരുള്ള എസ്.വി. രാമസ്വാമി അയ്യർ ആൻഡ് സൺസിന്റെ കടയിൽ പോയപ്പോൾ കണ്ടത് കോട്ടയം കൊലക്കേസിന്റെ എണ്ണമറ്റ റെക്കോഡുകളായിരുന്നു. അവിടെനിന്നാണ് നാലുപാട്ടുകളടങ്ങിയ രണ്ട് റെക്കോഡുകൾ കിട്ടുന്നത്.
വെള്ളാരം കുന്നിന് മുഖം നോക്കാൻ എന്ന ഗാനത്തിനോട് കൂടുതൽ പ്രിയം തോന്നാൻ കാരണം കെ.എസ്. സേതുമാധവൻ എന്ന പ്രശസ്ത സിനിമാ സംവിധായകനാണ്. 2020 മേയ് നാലിന് എനിക്കൊരു ഫോൺ വരുന്നു. പരിചയമുള്ള നമ്പറല്ല.
ഞാൻ ഹലോ പറഞ്ഞപ്പോൾ ‘‘വസന്തനല്ലേ?’’ എന്ന ചോദ്യമാണ് മറുപടിയായി കേട്ടത്
‘‘അതെ, ആരാ വിളിക്കുന്നത്?’’ -ഞാൻ ചോദിച്ചു.
‘‘കെ.എസ്. സേതുമാധവനാണ്’’
എനിക്ക് വിശ്വസിക്കാനായില്ല. ആരെങ്കിലും പറ്റിക്കാൻ വിളിച്ചതായിരിക്കും എന്നാണ് കരുതിയത്.
‘‘സിനിമാ സംവിധായകൻ?’’ -ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.
‘‘അതെ’’
‘‘എന്തിനാ സാർ വിളിച്ചത്?’’ എന്ന് ചോദിക്കുന്നതിനു മുമ്പേ അദ്ദേഹം പറഞ്ഞു:
‘‘കോട്ടയം കൊലക്കേസ് എന്ന ചിത്രത്തിലെ വെള്ളാരം കുന്നിന് മുഖം നോക്കാൻ’ എന്ന ഗാനത്തിന്റെ ഓഡിയോ ഒന്നയച്ചുതരണം. തൃശ്ശൂരുള്ള എന്റെ സുഹൃത്ത് ഗിരിജനാണ് നമ്പർ തന്നത്. താങ്കളുടെ കൈയിലുണ്ടാവുമെന്നും പറഞ്ഞു.’’
ഗിരിജേട്ടൻ എന്റെയും സുഹൃത്താണ്. എന്നെപ്പോലെ പഴയപാട്ടുകളുടെയും പഴയ സിനിമകളുടെ ആരാധകനാണ്. ഗാനം ഉടനെ അയച്ചുതരാം എന്നുപറഞ്ഞ് അപ്പോൾതന്നെ ഞാൻ ഓഡിയോ ഫയൽ അയച്ചുകൊടുത്തു. പാട്ടുകേട്ട് ഉടനെത്തന്നെ അദ്ദേഹത്തിന്റെ മെസേജ് വന്നു:
Thank You!
God Bless You and Your Family!
(ഇപ്പോഴും അത് വാട്‌സാപ്പിൽ കിടക്കുന്നുണ്ട്)
ഞാനുടനെ എന്റെ ശേഖരത്തിൽനിന്ന് ‘വെള്ളാരംകുന്നിന് മുഖം നോക്കാൻ’ എന്ന ഗാനമുള്ള റെക്കോഡ് തപ്പിയെടുത്തു. അത് ഗ്രാമഫോണിൽ പാടിപ്പിച്ച് വീഡിയോ എടുത്ത് അയച്ചുകൊടുത്തു. കെ.എസ്. സേതുമാധവൻസാറിന് ആ വിഡിയോ ഏറെ ഇഷ്ടപ്പെട്ടു.
അദ്ദേഹം വീണ്ടും എന്നെ വിളിച്ചു. കുറെനേരം സംസാരിച്ചു. വെള്ളാരം കുന്നിന് മുഖം നോക്കാൻ എന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ചാണ് അദ്ദേഹം അപ്പോൾ വാചാലമായത്. ഇത്, അദ്ദേഹംതന്നെ സംവിധാനംചെയ്ത പാൽമണം എന്ന തമിഴ് സിനിമയിലെ, ‘നിലവുപ്പെൺ മുഖം പാർക്ക’ എന്നു തുടങ്ങുന്ന ഒരു പാട്ടിന്റെ മലയാളം വേർഷനാണ്. ആ പാട്ടിനെക്കുറിച്ചാണ് പിന്നീട് സംസാരിച്ചത്. ടി.എം. സൗന്ദർ രാജനും പി. സുശീലയും ചേർന്ന് ആലപിച്ച ഈ ഗാനമെഴുതിയത് വാലി. ഈണം നൽകിയത് ആർ. പാർത്ഥസാരഥി. 1966-നുമുമ്പ് പൂർത്തിയായെങ്കിലും ചില സങ്കേതികപ്രശ്നങ്ങൾമൂലം പാൽമണം റിലീസ് ചെയ്തത് 1968-ലാണ് (കോട്ടയം കൊലക്കേസ് പുറത്തിറങ്ങിയത് 1967-ൽ). പാൽമണത്തിലെ തന്റെ ആ ഇഷ്ടഗാനംപോലൊരു ഗാനം തന്റെ അടുത്തസിനിമയിൽ ഉൾപ്പെടുത്തണം എന്ന് കെ.എസ്. സേതുമാധവൻ മനസ്സിൽ കൊണ്ടുനടക്കുന്ന കാലം. ഒരുദിവസം ജയമാരുതി പ്രൊഡക്‌ഷൻസിനുവേണ്ടി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആവശ്യവുമായി നിർമാതാവായ ടി.ഇ. വാസുദേവൻ എത്തുന്നു. കഥകേട്ടപ്പോൾ കെ.എസ്. സേതുമാധവന് അതിൽ തീരെ താത്‌പര്യം തോന്നിയില്ല. പക്ഷേ, തനിക്ക് ആദ്യമായി സിനിമ സംവിധാനംചെയ്യാൻ അവസരം നൽകിയ ആളാണല്ലോ ടി.ഇ. വാസുദേവൻ (ചിത്രം: ജ്ഞാനസുന്ദരി. ബാനർ: അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്‌സ്). കൂടാതെ, ജയമാരുതിയുടെ ആദ്യ ഹിറ്റ് സിനിമയായ കുട്ടിക്കുപ്പായത്തിന്റെ സംവിധായകൻ എന്ന പദവിയുംകൂടിയുണ്ട്. അതൊന്നും മറക്കാൻ പാടില്ലല്ലോ. അങ്ങനെ ടി.ഇ. വാസുദേവന്റെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി ആ പ്രോജക്ട് ഏറ്റെടുക്കുകയായിരുന്നു. അതാണ് കോട്ടയം കൊലക്കേസ്. സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കിടയിൽ മദ്രാസിൽവെച്ച് ഒരു ദിവസം വയലാർ രാമവർമയുമായി കാറിൽ യാത്രചെയ്യുകയായിരുന്നു, കെ.എസ്. സേതുമാധവൻ. കാറിലിരുന്ന് പാൽമണത്തിലെ തന്റെ ഇഷ്ടഗാനം വയലാറിന് പാടിക്കേൾപ്പിച്ചിട്ട്, ഇതുപോലൊരു ഗാനം എഴുതിത്തരാമോ എന്നു ചോദിക്കുന്നു. ഒരാവൃത്തികൂടി കേട്ടശേഷം കാർ നിർത്താൻ വയലാർ രാമവർമ ആവശ്യപ്പെടുന്നു. കാർ നിർത്തി പുറത്തിറങ്ങിയ വയലാർ രാമവർമ ഗാനം എഴുതാനായി കടലാസ് ആവശ്യപ്പെട്ടു. ആ സമയത്ത് ഒരു ചെറിയ കടലാസ് കഷണംപോലുമുണ്ടായിരുന്നില്ല.
പിന്നെ കിട്ടിയ സിഗരറ്റുകൂട് പൊളിച്ച് നിവർത്തി അത് കാറിന്റെ ബോണറ്റിൽവെച്ച് വയലാർ രാമവർമ എഴുതിയ ഗാനമാണ് ‘വെള്ളാരംകുന്നിനു മുഖം നോക്കാൻ വെണ്മേഘം കണ്ണാടി’. വളരെ പെട്ടെന്ന് വയലാർ ഗാനമെഴുതിത്തീർത്തു. എഴുതിയ വരികൾ വായിച്ച് കെ.എസ്. സേതുമാധവൻ അദ്‌ഭുതപ്പെട്ടുപ്പോയി.
നോക്കൂ-
നിലവുപ്പെൺ മുഖം പാർക്ക
നീലമേഘം കണ്ണാടി
നീലമേഘം മുഖം പാർക്ക
നീരോടൈ കണ്ണാടി
നീരോടൈ മുഖം പാർക്ക
നിലം താനെ കണ്ണാടി
നീയും നാനും മുഖം പാർക്ക
നെഞ്ചം താൻ കണ്ണാടി എന്നാണ് തമിഴ് പാട്ടിൽ വാലി എഴുതിയത്. വാലിയുടെ വരികൾ വയലാർ രാമവർമ ഇങ്ങനെ മാറ്റി:
വെള്ളാരംകുന്നിനു മുഖം നോക്കാൻ വെണ്മേഘം കണ്ണാടി
വെണ്മേഘത്തിനു മുഖം നോക്കാൻ
വെണ്മണിച്ചെറുപുഴ കണ്ണാടി
നമുക്കിരുപേർക്കും മുഖം നോക്കാൻ
നമ്മുടെ ഹൃദയം കണ്ണാടി
ഇരുഗാനങ്ങളിലെയും പല്ലവിയിലെ സാമ്യം ശ്രദ്ധിക്കുക. പക്ഷേ, അനുപല്ലവിയിലും ചരണത്തിലും വയലാറിന്റെ സ്വതന്ത്രഭാവന ചിറകുവിടർത്തിയതായി കാണാം. തമിഴ് ഗാനത്തിലെ ബാക്കിയുള്ള വരികൾ ശ്രദ്ധിക്കുക:
നൂലാടൈ മേലാട
മേലാടൈ കാറ്റാട
കാറ്റോട് കൊടിയാട
കൊടിയൊട് ഉറവാട
ഉറവാടും ഉന്നോട്
മനം പോകും പിന്നോട്
ഒരു പാതി ഉള്ളംതാൻ
നിലയാകും എന്നോട്
മഴൈ മേഘം കുഴലാക
മധുകിണ്ണം ഇതഴാക
അലൈ നീലവിഴിയാക
നടന്തായെൻ വഴിയാക
കുളിർ വാനം കടലാക
ഇളം മേനി പടകാക
മേൽകാറ്റ്ര് തുണൈയാക
സെൽവോമെ ഇണൈയാക
മലയാളത്തിൽ അതിങ്ങനെയായി:
കിളികിളിപ്പെണ്ണിനു തുഴഞ്ഞുപോകാൻ കിഴക്കൻ കാറ്റൊരു പൂന്തോണി
കിഴക്കൻ കാറ്റിനു തുഴഞ്ഞുപോകാൻ കിങ്ങിണിയോളം പൂന്തോണി
നമുക്കിരുപേർക്കും തുഴഞ്ഞുപോകാൻ നമ്മുടെ പ്രേമം പൂന്തോണി
ചിത്തിരത്തുമ്പിക്കു കിടന്നുറങ്ങാൻ ചന്ദനത്താമര പൂമെത്ത
താമരപ്പൂവിനു കിടന്നുറങ്ങാൻ
താരില തളിരില പൂമെത്ത
നമുക്കിരുപേർക്കും കിടന്നുറങ്ങാൻ
നമ്മുടെ സ്വപ്നം പൂമെത്ത
കെ.എസ്. സേതുമാധവന്റെ ആഗ്രഹത്തിന് വഴങ്ങി നല്ലൊരു ഗാനം വയലാർ എഴുതിയെങ്കിലും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയതിലാണ് സങ്കടം. അതുപോലെ, ‘അല്ലലുള്ള പുലയിക്കേ ചുള്ളിയുള്ള കാടറിയൂ’ എന്ന ഗാനത്തിൽ ജാതിപ്പേരുള്ള കാരണം ആകാശവാണി അംഗീകരിച്ചില്ല. അതുകൊണ്ട് അത് റേഡിയോ ശ്രോതാക്കൾക്ക് കേൾക്കാനുമായില്ല!
Content Highlights: ks sethumadhavan movie kottayam kola case song memory