വലിയ സദസ്സുകണ്ട് പരിഭ്രമിച്ച പത്തുവയസ്സുകാരി, എന്നാൽ പാടി തുടങ്ങിയപ്പോഴോ... പെർഫെക്ഷനിസ്റ്റ് ചിത്ര

മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ
തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഹാളിൽ സ്വരതേജസിന്റെ സംഗീത നിശ. കെ എസ് ചിത്രയാണ് മുഖ്യ ഗായിക. പാടാനുള്ള തന്റെ ഊഴം എത്തിയപ്പോൾ സ്റ്റേജിന്റെ പടവുകൾ കയറി ചിത്ര നേരെ നടന്നുചെന്നത്, ഹാർമോണിയവുമായി വേദിയുടെ ഓരത്ത് ഒതുങ്ങിയിരുന്ന നരച്ച താടിക്കാരനു മുന്നിലേക്ക്. കാലുകൾ തൊട്ട് വണങ്ങി അനുഗ്രഹത്തിനായി മുന്നിൽ തലകുനിച്ച് നിന്ന വാനമ്പാടിയെ അത്ഭുതത്തോടെ, അതിലേറെ വാത്സല്യത്തോടെ നോക്കിയിരുന്നു വേണുഗോപാലൻ നായർ എന്ന് പേരുള്ള 72 വയസ്സുകാരനായ ആ ഹാർമോണിസ്റ്റ് .
പഴയൊരു കാലം പുനർജനിച്ചിരിക്കണം ആ നിമിഷം വേണുഗോപാലന്റെ ഓർമയിൽ തിറ്റാണ്ടുകൾ മുൻപത്തെ ഒരു ഒക്ടോബർ രാത്രി. കൈതമുക്കിലെ പുന്നപുരം ക്ഷേത്രാങ്കണത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി, മൈക്കിലേക്ക് ഹൃദയം തുറന്നു പാടുന്ന പത്തു വയസ്സുകാരി. തൊട്ടടുത്ത് എക്കോഡിയന്റെ മെലഡി ബട്ടണുകളിലൂടെ ചടുലമായി വിരലുകളോടിച്ചു വേണുഗോപാലൻ നായർ. പാടുന്നതിനിടെ, വിചിത്രരൂപിയായ ഉപകരണം വായിക്കുന്ന അങ്കിളിന്റെ' മുഖത്തേക്ക് ഇടയ്ക്കിടെ ആകാംക്ഷയോടെ തല ചെരിച്ചു നോക്കും കൊച്ചു ഗായിക; പ്രോത്സാഹസൂചകമായ ഒരു ചിരിയ്ക്കു വേണ്ടി. എത്ര വലിയ ഗായികയായി തീർന്നാലും എന്റെ മനസ്സിലെ കെ എസ് ചിത്രയ്ക്ക് അന്നത്തെ പത്തുവയസ്സുകാരിയുടെ നിഷ്‌കളങ്ക ഭാവം തന്നെ ഇന്നും,'' -- വേണുഗോപാലൻ നായർ പറയുന്നു.
ആദ്യമായി വലിയൊരു സദസ്സിനു മുന്നിൽ പാടുന്നതിന്റെ പരിഭ്രമം മുഴുവൻ ഉണ്ടായിരുന്നു ആ മുഖത്ത്. പക്ഷെ ആലാപനത്തിലെ പെർഫക്ഷന്റെ കാര്യത്തിൽ അന്നും വിട്ടുവീഴ്ച്ചയില്ല ചിത്രയ്ക്ക്; ശ്രുതിശുദ്ധിയുടെയും..''
ചിത്രയുടെ ആദ്യ സ്റ്റേജ് പരിപാടിയായിരുന്നു അത്. കൂടെ പാടുന്നത് ചേച്ചി കെ എസ് ബീന. 1974 ലെ ആ ഗാനമേളയുടെ മങ്ങിയ ഓർമ്മകളേ അന്നത്തെ കൊച്ചു പാട്ടുകാരിയുടെ മനസ്സിൽ അവശേഷിക്കുന്നുള്ളൂ. പക്ഷെ വേണുഗോപാലൻ നായർ ആ സായാഹ്നം എങ്ങനെ മറക്കാൻ? അറിഞ്ഞുകൊണ്ടല്ലെങ്കിലും ഐതിഹാസികമായ ഒരു സംഗീത യാത്രയുടെ തുടക്കത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നല്ലോ അദ്ദേഹം. രണ്ടു തലമുറകൾക്ക് വേദിയിൽ അകമ്പടി സേവിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു അന്ന് ഞാൻ.
''മുൻപ് പലവട്ടം ചിത്രയുടെ അച്ഛൻ കരമന കൃഷ്ണൻ നായരുടെ ഗാനമേളകളിൽ ഹാർമോണിയവും എക്കോഡിയനും വായിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ അറിയപ്പെടുന്ന പാട്ടുകാരനാണ് അന്നു കൃഷ്ണൻ നായർ. വേണ്ടാ വിഷാദം വേണ്ടാത്ത ഭാരം ഒന്ന് ചിരിക്കൂ'' എന്ന പാട്ടായിരുന്നു സ്റ്റേജിൽ അക്കാലത്ത് കൃഷ്ണൻ നായരുടെ ഹിറ്റുകളിൽ ഒന്ന്. പിന്നെ ദേഖ് കബീരാ രോയാ' എന്ന ഹിന്ദി ചിത്രത്തിൽ മന്നാഡേ പാടിയ കോൻ ആയാ മേരെ മൻ കെ ദ്വാരേ'' എന്ന പാട്ടും. 1977 ൽ വെങ്ങാനൂർ സ്‌കൂളിൽ നടന്ന ഒരു പരിപാടിയിൽ അച്ഛന്റെയും രണ്ട് മക്കളുടെയും പാട്ടുകൾക്ക് അകമ്പടി സേവിക്കാൻ കഴിഞ്ഞതായിരുന്നു ആദ്യകാലത്ത് എനിക്ക് വീണു കിട്ടിയ ഭാഗ്യങ്ങളിൽ ഒന്ന്.'' -- കേരളത്തിലെ തലമുതിർന്ന എക്കോഡിയൻ വാദകരിൽ ഒരാളായ വേണുഗോപാൽ നായർ ഓർക്കുന്നു.
(പു:നപ്രസിദ്ധീകരണം)
Content Highlights: On the occasion of KS Chithra's birthday, veteran harmonist Venugopalan Nair fondly reminisces accompanying the 10-year-old Nightingale of Kerala during her very first stage performance back in 1974.