ജീവിതത്തിലെ എല്ലാ വഴിത്തിരിവുകളിലും കീരവാണിക്കൊപ്പമുണ്ട് മൂകാംബികാദേവി; അളവറ്റ സ്നേഹമായി, കരുതലായി

എം.എം. കീരവാണി | ഫോട്ടോ: Getty Images
എം.എം. കീരവാണി | ഫോട്ടോ: Getty Images

1990 ഫെബ്രുവരിയിൽ കൊല്ലൂരിൽ ചെന്ന് ദേവിയെ ചെന്നുകണ്ടു തൊഴുതു മടങ്ങിയതിന് പിന്നാലെയാണ് ജീവിതത്തിന്റെ തന്നെ ഗതി തിരിച്ചു വിട്ട ആ ഫോൺകോൾ കീരവാണിയെ തേടിയെത്തിയത്: ഒരു സിനിമക്ക് സ്വതന്ത്രമായി സംഗീത സംവിധാനം ചെയ്യാനുള്ള ക്ഷണം. രാമോജി ഗ്രൂപ്പിന്റെ ഭാഗമായ ഉഷാകിരൺ മൂവീസിൽ നിന്നായിരുന്നു ആ വിളി. അങ്ങനെ മനസു മമത എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി തുടക്കം കുറിക്കുന്നു അദ്ദേഹം. "ദേവിയുടെ അനുഗ്രഹമല്ലെങ്കിൽ പിന്നെ മറ്റെന്താണ് അപ്രതീക്ഷിതമായ ആ ക്ഷണത്തിന് പിന്നിൽ ?" -- ഓസ്കാർ അവാർഡ് ജേതാവായ സംഗീത സംവിധായകന്റെ ചോദ്യം.

"അതേ മൂകാംബിക യാത്രയിൽ മറ്റൊരു അത്ഭുതം കൂടി സംഭവിച്ചു. സൗപർണ്ണികയിൽ മുങ്ങി നിവർന്നതിന് പിന്നാലെ ഞാൻ ഒരു ശപഥമെടുത്തു: ഇനിയൊരിക്കലും മദ്യം തൊടില്ല. ജീവിതത്തിൽ പത്തു തവണയെങ്കിലും മദ്യം കഴിച്ചിട്ടുണ്ടാകും അതുവരെ. അന്നത്തെ ആ ശപഥം ഇതാ ഈ നിമിഷം വരെ ലംഘിച്ചിട്ടില്ല ഞാൻ. മൂകാംബികാ സന്നിധിയിൽ വെച്ച് അങ്ങനെയൊരു തീരുമാനം എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് ദേവിയല്ലെങ്കിൽ പിന്നെ മറ്റാരാണ്?"

Also Read: ‘നിറയെ തേനുള്ള വ്യത്യസ്തമായ പൂക്കളുള്ള പൂന്തോട്ടമാണ് മലയാള സിനിമ, ഒരുതുള്ളിയേ ഞാനെടുത്തിട്ടുള്ളൂ’

അതിനും മൂന്ന് വർഷം മുൻപായിരുന്നു കീരവാണിയുടെ ആദ്യ കൊല്ലൂർ യാത്ര. മൂകാംബികയുടെ അഭൗമമായ ആകർഷണവലയത്തിലേക്ക് നയിച്ചത് ഇളയരാജ സ്വരപ്പെടുത്തി പാടിയ ജനനീ ജനനീ എന്ന ഗാനമാണെന്ന് വിശ്വസിക്കുന്നു കീരവാണി. അന്നുമുതലേ ദേവീസന്നിധിയിൽ ചെന്ന് പ്രാർത്ഥിക്കണമെന്ന മോഹം മനസ്സിലുണ്ട്. ഗുരുവായ രാജാമണിയുടെയും ഇഷ്ടദേവിയാണ് മൂകാംബിക. അങ്ങനെ 1987 ൽ സഹോദരൻ കാഞ്ചിയുടെ കൂടെ കീരവാണി ആദ്യമായി മൂകാംബികാ സന്നിധിയിൽ ചെല്ലുന്നു.

"പ്രഥമ ദർശനത്തിൽ തന്നെ എനിക്കായി ഒരു അത്ഭുതം കാത്തുവെച്ചിരുന്നു ദേവി. വിട്ടുമാറാത്ത ശ്വാസതടസ്സത്തിന് അടിമയായിരുന്നു അക്കാലത്ത് ഞാൻ. എന്നിട്ടും കുത്തിത്തുളയ്ക്കുന്ന തണുപ്പ് വകവെക്കാതെ ദേവിയെ സ്മരിച്ചുകൊണ്ട് ഞാൻ സൗപർണ്ണികയിൽ മുങ്ങിനിവർന്നു. അത്ഭുതമെന്നോണം ആ മുങ്ങിനിവരലിൽ എന്റെ ആസ്ത്‌മ അപ്രത്യക്ഷമായി. പിന്നീടൊരിക്കലും ശ്വാസതടസ്സം അനുഭവപ്പെട്ടിട്ടില്ല."

മൂന്ന് വർഷം കൂടി കഴിഞ്ഞ് സുഹൃത്തും ബേസ് ഗിറ്റാറിസ്റ്റുമായ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കീരവാണി തീർത്ഥഹള്ളിയിൽ എത്തുന്നു. അപ്പോഴാണ് അറിയുന്നത് അവിടെ നിന്ന് മൂന്ന് മണിക്കൂർ യാത്രയേയുള്ളൂ കൊല്ലൂരിലേക്ക് എന്ന്. പിന്നെ സംശയിച്ചില്ല. വിവാഹപ്പിറ്റേന്ന് നേരെ മൂകാംബികയിലേക്ക് പുറപ്പെട്ടു. സൗപർണ്ണികയിൽ വീണ്ടും മുങ്ങി നിവർന്നപ്പോൾ ഉണ്ടായ അനുഭൂതി വിവരിക്കുക അസാധ്യം. ഓരോ തവണയും മുങ്ങിനിവരുന്നത് പുതിയൊരു ജന്മത്തിലേക്കാണെന്ന് തോന്നും.

പിന്നീട് പല തവണ ദേവീ സന്നിധിയിൽ ചെന്നു പ്രാർത്ഥിച്ചിട്ടുണ്ട്; അമ്മയോടൊപ്പവും, കൂടെ ജോലി ചെയ്യുന്ന സംഗീത കലാകാരന്മാർക്കൊപ്പവും. മൂകാംബികാദേവിയുടെ അടിയുറച്ച ഭക്തയാണ് കീരവാണിയുടെ അമ്മ. വഴിപാടുകളും പ്രാർത്ഥനയുമായി എന്നും ദേവിയെ പ്രസാദിപ്പിച്ചുകൊണ്ടിരിക്കും. "അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കൊല്ലൂരിൽ ഒരു വീടുവെച്ച് താമസിക്കുക എന്നത്. എന്നാൽ അത് എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു എനിക്ക്. കാട്ടുപ്രദേശമാണ്. മൃഗങ്ങളുടെയും ഇഴജന്തുക്കളുടേയുമൊക്കെ ശല്യം പ്രതീക്ഷിക്കാം. ചികിത്സാ സൗകര്യവും തീർത്തും അപര്യാപ്തം. അവിടെ ഒറ്റയ്ക്ക് താമസിക്കുന്നത് സുരക്ഷിതമേയല്ല."

എന്നാൽ അമ്മയുണ്ടോ സ്വന്തം തീരുമാനത്തിൽ നിന്ന് പിന്മാറുന്നു? ദേവീ സന്നിധിയിൽ തന്നെ വേണം ശിഷ്ടജീവിതം എന്ന് ഉറച്ചു കഴിഞ്ഞിരുന്നു അവർ. ഒടുവിൽ അമ്മയ്ക്ക് വേണ്ടി കൊല്ലൂരിൽ ഒരു വീട് പണിയുന്നു കീരവാണി. രണ്ടു വർഷം മുൻപ് ഈ ലോകത്തു നിന്ന് യാത്രയാകും വരെ അമ്മ അവിടെ താമസിച്ചു. അമ്മയുടെ വിയോഗശേഷം ആ വീട് മൂകാംബിക ദേവസ്ഥാനത്തിന് സംഭാവന ചെയ്യാനായിരുന്നു മകന്റെ തീരുമാനം.

എത്രയോ തവണ മൂകാംബികാ സന്നിധിയിൽ ചെന്ന് പ്രാർത്ഥിച്ചിട്ടുണ്ട്. സൗപർണ്ണികയിൽ മുങ്ങിനിവർന്നിട്ടുമുണ്ട്. ഓരോ ദർശനവും പുതുപുത്തൻ അനുഭൂതിയാണ് മനസ്സിൽ നിറയ്ക്കുക. ".പ്രതീക്ഷ കൈവിടാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഊർജ്ജം പകരുന്നത് അത്തരം അനുഭവങ്ങളല്ലേ ?" -- കീരവാണിയുടെ ചോദ്യം.

Content Highlights: Oscar-winning music composer M.M. Keeravani shares deeply personal and miraculous experiences linked to his visits to the Kollur Mookambika Temple, from curing his asthma in the Souparnika River to receiving his maiden film offer right after visiting the shrine.