അസാധാരണകഥ;ഓരോ ഫ്രെയിമിലും അതീവ ശ്രദ്ധചെലുത്തിയെടുത്ത സേതുമാധവന്റെ യക്ഷി

പൂര്‍വ സംഭവങ്ങളിലൂടെ ഉദ്വേഗമണയ്ക്കുംവിധം മുന്നോട്ടുനീങ്ങുന്ന മലയാറ്റൂരിന്റെ കരുത്തുറ്റ കഥയ്ക്ക് തോപ്പില്‍ ഭാസി വിദഗ്ധമായി ചലച്ചിത്രഭാഷ്യം ചമച്ച ചിത്രമായിരുന്നു യക്ഷി. അതിലേറെ കഠിനമായിരുന്നു സംവിധായകന്‍ സേതുമാധവന്റെ ഉത്തരവാദിത്വം. ഒരസാധാരണ കഥയായതിനാല്‍ത്തന്നെ, ഓരോ ഫ്രെയിമിലും അതീവശ്രദ്ധ ചെലുത്തിയാണ് തന്റെ സംവിധാനകര്‍മം അദ്ദേഹം നിര്‍വഹിച്ചത്. 'യക്ഷി'സാമ്പത്തികമായി വന്‍ വിജയമായിരുന്നു.

1968 ഓഗസ്റ്റ് 30-ാം തീയതി- മഞ്ഞിലാസ് സിനി എന്റര്‍പ്രൈസസിന്റെ കൊടിക്കൂറയില്‍ 'യക്ഷി'കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. മാതൃഭൂമി വാരികയില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഈ നോവല്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയപ്പോഴേ പരശ്ശതം വായനക്കാര്‍ പ്രതീക്ഷകളോടെ അതിനെ അനുഗമിച്ചു. പ്രൊഫസര്‍ ശ്രീനിയും രാഗിണിയും അവാച്യമായൊരു അനുഭൂതിയാണ് വായനക്കാരില്‍ സൃഷ്ടിച്ചത്.

മറ്റൊരു പങ്കാളിക്കൊപ്പം 'നാടന്‍പെണ്ണും', 'തോക്കുകള്‍ കഥപറയുന്നു'വും എം.ഒ. ജോസഫ് സ്വതന്ത്രമായി നിര്‍മിച്ച പ്രഥമചിത്രമാണിത്.''ശാസ്ത്രവും അന്ധവിശ്വാസവും കൈകോര്‍ത്തു പിടിക്കുന്ന ഒരസാധാരണ യക്ഷിക്കഥ'' എന്നാണ് ചിത്രത്തിന്റെ പരസ്യങ്ങള്‍ അവകാശപ്പെട്ടത്. പൊതുസമ്മതനും സുന്ദരനും വിദ്യാര്‍ഥിനീ-വിദ്യാര്‍ഥികളുടെ ആരാധനാപാത്രവുമായ കെമിസ്ട്രി പ്രൊഫസര്‍ ശ്രീനിവാസനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അധ്യാപനത്തിന് പുറമേ, യക്ഷികളെക്കുറിച്ചുള്ള ഗവേഷണത്തിലും തത്പരനായ അയാള്‍, അതിനായി പഴയ താളിയോലകളും ഇതര രേഖകളും വിശകലനം ചെയ്ത്, പല കണ്ടെത്തലുകളും നടത്തുന്നു. യക്ഷികള്‍ യഥാര്‍ഥത്തില്‍ ഉണ്ടെന്ന നിഗമനത്തിലാണയാള്‍ ചെന്നെത്തുന്നത്. ഇതിനിടെ, സഹാധ്യാപിക വിജയലക്ഷ്മിയുമായി അല്പം അടുപ്പത്തിലുമാകുന്നു.

തികച്ചും അപ്രതീക്ഷിതമായ ഒരു ലാബ് പൊട്ടിത്തെറിയില്‍ ശ്രീനിയുടെ മുഖത്തിന് സാരമായ പൊള്ളലേല്‍ക്കുന്നു. അതോടെ, മുഖത്തിന്റെ ഒരുവശം കരുവാളിച്ച അയാളില്‍ നിന്നും വിജയലക്ഷ്മി അകലുന്നു. പ്രേമം, പ്രായേണ പുറംപകിട്ടിന്റെ ആകര്‍ഷണീയത മാത്രമെന്ന് ശ്രീനി തിരിച്ചറിയുന്നു.

യാദൃച്ഛികമായാണയാള്‍ ഒരു സ്ത്രീയെ തെരുവില്‍ കണ്ടുമുട്ടുന്നത്- ഒരര്‍ദ്ധരാത്രിയില്‍. ക്രമേണ അവര്‍ തമ്മിലടുക്കുന്നു. വിവാഹത്തിലാണ് ആ ബന്ധം ചെന്നെത്തുന്നത്. അവളുടെ ചില സംസാരങ്ങളും ചെയ്തികളും അയാളെ മതിഭ്രമത്തിലാഴ്ത്തുന്നു. അനിയന്ത്രിതമായ മാനസികസംഘര്‍ഷം അയാളെ സംശയാലുവാക്കുക മാത്രമല്ല ചെയ്തത്, തനിക്ക് ശാരീരികമായി അപ്രാപ്യയാണവള്‍ എന്ന് വന്നതോടെ രാഗിണിയായി തന്റെ ജീവിതത്തിലേക്ക് കടന്നുവന്നവള്‍ യക്ഷി തന്നെയെന്ന് ശ്രീനി തീര്‍പ്പു കല്പിക്കുകയും ചെയ്യുന്നു. അയല്‍ക്കാരന്റെ ഭാര്യയുടെ ഗര്‍ഭമലസിയത്, വളര്‍ത്തുനായ ദുരൂഹമായി കൊല്ലപ്പെട്ടത്, വെള്ളിയാഴ്ച പാലമരം പൂത്തത് ഇവയൊക്കെ രാഗിണിയുടെ സ്വത്വം സംശയാതീതമായി അയാള്‍ക്കു മുന്നില്‍ വെളിവാക്കുന്നു. ഒടുവില്‍ കഴുത്തു ഞെരിച്ചവള്‍ കൊല്ലപ്പെടുന്നു. പക്ഷേ, അവള്‍ പുകച്ചുരുളുകളായി ആകാശത്തേക്കുയര്‍ന്നുയര്‍ന്നു പോയെന്നാണ് അയാളുടെ വെളിപ്പെടുത്തല്‍.

പ്രൊഫ. ശ്രീനിവാസനായുള്ള സത്യന്റെ ഭാവാഭിനയം അപൂര്‍വചാരുതയെഴുന്നതാണ്. മാറിമാറി വരുന്ന ഭിന്നഭാവങ്ങള്‍ ആ മുഖത്ത് അനായാസേന പ്രകടമാകുന്നത് കാണേണ്ടതാണ്. കൊടിയ മാനസികാഘാതം വിദ്യാസമ്പന്നനായ ഒരു വ്യക്തിയുടെ മനസ്സില്‍ സൃഷ്ടിക്കുന്ന കെടുതികള്‍ അന്യൂനമായ ഭാവപ്പകര്‍ച്ചയോടെയാണ് സമര്‍ഥമായി അദ്ദേഹം ആവിഷ്‌കരിക്കുന്നത്. ഒരു വിദഗ്ധന്റെ കരങ്ങളിലല്ലെങ്കില്‍, അമ്പേ പാളിപ്പോകുമായിരുന്ന ഈ കഥാപാത്രത്തെ സസൂക്ഷ്മം പഠനവിധേയമാക്കിയാണ് സത്യന്‍ കാണികള്‍ക്ക് മുന്‍പിലെത്തിക്കുന്നത്. 'അദ്ഭുതസിദ്ധികളുള്ള അതുല്യനടന്‍'എന്ന് സത്യനെ ചില നിരൂപകര്‍ വിശേഷിപ്പിച്ചത് ഈ ചിത്രത്തോടെയാണെന്ന് തോന്നുന്നു.

ശാരദ അവതരിപ്പിച്ച രാഗിണിയും 'ദുര്‍ഘടം'പിടിച്ച ഒരു കഥാപാത്രമാണ്. കാമുകിയായും ഭാര്യയായും നര്‍ത്തകിയായുമൊക്കെ രാഗിണിയെ സമര്‍ഥമായി ഉള്‍ക്കൊണ്ടിട്ടുണ്ട്, ശാരദ.

പുനഃപ്രസിദ്ധീകരണം

Content Highlights: K.S.Sethumadhavan' Yakshi

Content Highlights: