'ദൃശ്യം 2-ന്റെ സമയത്ത് കേട്ട കഥ, കോർട്ട് റൂം ഡ്രാമയാണ്, സസ്പെൻസും ട്വിസ്റ്റും പ്രതീക്ഷിക്കരുത്'

'നേരി'ന്റെ ലൊക്കേഷനിൽ മോഹൻലാൽ, ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ എന്നിവർ
'നേരി'ന്റെ ലൊക്കേഷനിൽ മോഹൻലാൽ, ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ എന്നിവർ

മോഹൻലാൽ,-ജീത്തുജോസഫ്-ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ട് വീണ്ടും. വർഷങ്ങൾക്കുശേഷം മോഹൻലാൽ വക്കീൽ വേഷമണിയുന്ന ‘നേര്‌’ പ്രദർശനത്തിനൊരുങ്ങി. 2013-ലാണ് മൂവർസംഘം ആദ്യമായി ഒന്നിച്ച ‘ദൃശ്യം’ തിയേറ്ററുകളിലെത്തിയത്. മലയാളസിനിമയുടെ ജാതകം മാറ്റിയെഴുതിയ ദൃശ്യം തന്നെയാണ് ലാൽ-ജീത്തുജോസഫ് കൂട്ടുകെട്ടിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന പ്രധാനഘടകം. മികച്ച ട്വിസ്റ്റും സസ്പെൻസും നിലനിർത്തിയ ദൃശ്യം പ്രേക്ഷകർക്ക്‌ ഇന്നുമൊരു ഹരമാണ്. കോവിഡ് കാലത്ത് ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒ.ടി.ടി. യിൽത്തന്നെ റിലീസ് ചെയ്ത ‘ട്വൽത്ത്മാനാ’ണ് മോഹൻലാൽ- ജീത്തുജോസഫ്- ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാനചിത്രം. നേര് സിനിമയുടെ വിശേഷങ്ങളിങ്ങനെ:

നേര് നൽകുന്ന പ്രതീക്ഷകൾ.., കഥ പിറന്ന വഴി

ജീത്തുജോസഫ്: ട്വിസ്റ്റും-സസ്പെൻസും ഇല്ലാത്ത ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ് നേര്. ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന കഥയല്ല സിനിമയുടേത്. പടം തുടങ്ങി ആദ്യ പത്തുമിനിറ്റിൽത്തന്നെ കാര്യങ്ങൾ പ്രേക്ഷകർക്ക് മനസ്സിലാകും. ഒരു ക്രൈം നടക്കുന്നു, കേസ് കോടതിയിൽ എത്തുന്നു, പിന്നീടുള്ള വിചാരണയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. അഡ്വ. ശാന്തി മായാദേവിയുമായിച്ചേർന്നാണ് നേരിന്റെ തിരക്കഥ തയ്യാറാക്കിയത്. മോഹൻലാലിനെ നായകനാക്കി രണ്ടുഭാഗങ്ങളിലായി ഞാനൊരുക്കുന്ന ‘റാം’ സിനിമയിൽ അഭിനയിക്കാനെത്തിയതായിരുന്നു ശാന്തിമായാദേവി. എന്നാൽ, കോവിഡ് കാരണങ്ങളാൽ റാമിന്റെ ഷെഡ്യൂൾ നീണ്ടുപോകുകയും ദൃശ്യം രണ്ടാംഭാഗം എഴുതിത്തുടങ്ങുകയും ചെയ്തു. ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിലെ കോടതിരംഗങ്ങൾ ഭംഗിയായി എഴുതാൻ അഡ്വക്കേറ്റായ ശാന്തിയുടെ സഹായം തേടി, ദൃശ്യം ടുവിലെ കോടതി സംഭാഷണങ്ങൾ അവരുടെ ഇടപെടലുകളിലൂടെയാണ് മികച്ചതായത്‌. ശാന്തി ആ സിനിമയിൽ അഭിഭാഷകയുടെ വേഷത്തിൽ എത്തുകയും ചെയ്തു. ആ അടുപ്പത്തിൽനിന്നാണ് നേരിന്റെ ത്രഡ് ഞാൻ അവരുമായി പങ്കുെവക്കുന്നത്. വർഷങ്ങൾക്കുമുമ്പ് മനസ്സിൽ കയറിക്കൂടിയ ഒരു കഥയാണ് സിനിമയുടേത്. വൈകാരികമായ കോടതിരംഗങ്ങളാണ് സിനിമയുടെ കരുത്ത്. വിഷയത്തെക്കുറിച്ച് അവരുമായി സംസാരിക്കുകയും തിരക്കഥാരചനയിൽ സഹകരിക്കാൻ ക്ഷണിക്കുകയും ചെയ്തു. ലാൽ സാറിനൊപ്പം ഇതിനുമുമ്പ് ചെയ്ത സിനിമകളെല്ലാം ഏറ്റെടുത്തതുപോലെ നേരും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷ.

ആന്റണി പെരുമ്പാവൂർ : ദൃശ്യം ടുവിന്റെ ചിത്രീകരണ സമയത്താണ് നേരിന്റെ ത്രഡ് കേൾക്കുന്നത്. നമ്മുടെ നാട്ടിലും ലോകത്തിന്റെ പലഭാഗത്തും കേട്ടിട്ടുള്ള ഒരു വിഷയമാണ് സിനിമ പറയുന്നത്. കേസിലെ ഒരു അവസ്ഥയാണ് സിനിമയിലുള്ളത്‌. ചില സാഹചര്യങ്ങൾ കോടതിയിൽ എങ്ങനെ അവതരിപ്പിക്കപ്പെടുമെന്നും വിചാരണചെയ്യപ്പെടുമെന്നുമെല്ലാമുള്ള കാര്യങ്ങളാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. ലാൽ സാർ വർഷങ്ങൾക്കുശേഷം വീണ്ടും വക്കീൽവേഷത്തിൽ സ്‌ക്രീനിൽ എത്തുകയാണ്. ‘അധിപൻ’ സിനിമയിലെ വക്കീൽ വേഷമാണ് എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്. ‘ഹരികൃഷ്ണൻസ്’ എന്ന സിനിമയിലാണ് പിന്നീട് അദ്ദേഹം അത്തരമൊരു വേഷം അവതരിപ്പിച്ചത്. ആശീർവാദ് സിനിമയുടെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണ് നേര്. മലയാളികൾ ലാൽസാറിനെ കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകൾ നിർമിക്കുകയെന്നതാണ് ആശീർവാദിന്റെ ലക്ഷ്യം.

നേര് എന്ന ചിത്രത്തിൽനിന്നൊരു രം​ഗം

പ്രതീക്ഷയുടെ അമിതഭാരം സൃഷ്ടിക്കാതെയാണ് നേര് പ്രദർശനത്തിനെത്തുന്നത്. ബോധപൂർവമാണോ ഇത്തരമൊരു നീക്കം...

ജീത്തുജോസഫ്: അമിതപ്രതീക്ഷകൾ സൃഷ്ടിച്ചും വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചും സിനിമകൾ പ്രദർശനത്തിനെത്തിക്കുന്ന രീതി എനിക്കറിയില്ല. സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായമാണ് ചിത്രത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. പലതരം മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് മനസ്സിനിഷ്ടപ്പെട്ട ഒരു കഥ തിരഞ്ഞെടുക്കുന്നത്. പറയാൻ ഉദ്ദേശിക്കുന്ന കഥ ഭംഗിയായി അവതരിപ്പിക്കാൻ ശ്രമിക്കും. ബാക്കിയെല്ലാം പ്രേക്ഷകർ തീരുമാനിക്കട്ടെ. ദൃശ്യത്തിലെ ജോർജുകുട്ടിയെപ്പോലെയോ അല്ലെങ്കിൽ അതിലും സാധാരണക്കാരനായോ ആണ്‌ ലാൽസാർ നേരിലെത്തുന്നത്. ഞങ്ങൾ ഒന്നിലധികം സിനിമകളിൽ പ്രവർത്തിച്ചതിനാൽ അദ്ദേഹത്തിന്റെ രീതികൾ എനിക്കും എന്റെ ഇടപെടലുകൾ അദ്ദേഹത്തിനും കൃത്യമായി അറിയാം. മാനസികമായുള്ള പൊരുത്തവും വിശ്വാസവും സിനിമയ്ക്ക് ഗുണംചെയ്തിട്ടുണ്ട്. കഥയുടെ വൺലൈൻ കേട്ടപ്പോൾത്തന്നെ നിങ്ങളിത് എഴുതൂ എന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. കാര്യങ്ങളെ പോസിറ്റീവായി കാണുന്ന വ്യക്തിയാണ് ആന്റണി, എത്രമനോഹരമായാണ് ലാൽസാറുമായി അദ്ദേഹം ചേർന്നുനിൽക്കുന്നതെന്ന് ഞാൻ അതിശയത്തോടെ നോക്കിയിട്ടുണ്ട്, അത്തരം ബന്ധങ്ങൾ ഇന്നത്തെക്കാലത്ത് കുറവാണ്. ഒരു സിനിമ നിർമിക്കാൻ ഉറപ്പിച്ചുകഴിഞ്ഞാൽ പിന്നീടുയരുന്ന ഏത് പ്രശ്നത്തിനും ആന്റണി പരിഹാരം കണ്ടുകൊള്ളും.

ആശീർവാദിന്റെ പുതിയ യാത്രകളെക്കുറിച്ച്...

ആന്റണി പെരുമ്പാവൂർ: മലയാളസിനിമയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ആശീർവാദ് നടത്തുന്നത്. ലാൽ സാറിന്റെ തന്നെ സംവിധാനത്തിലൊരുങ്ങന്ന ‘ബറോസും’ ലൂസിഫറിന്റെ രണ്ടാംഭാഗമായ ‘എമ്പുരാനു’മെല്ലാം അതിനുള്ള ശ്രമങ്ങളാണ്. വലിയ ആഘോഷമായി കൊട്ടിഘോഷിച്ച് അന്യഭാഷാചിത്രങ്ങൾ നമ്മുടെ നാട്ടിലേക്കെത്തുന്നതുപോലെ നമ്മുടെ സിനിമകൾ മറുനാടുകളിലും സ്വീകരിക്കപ്പെടുന്ന കാലമാണ്‌ ഇനി വരാനുള്ളത്. വലിയസ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ചിലപ്പോഴൊക്കെ വലിയവലിയ ടീമുകളുമായി കൈകോർക്കേണ്ടിവരും. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന എമ്പുരാന്റെ നിർമാണം ലൈക്ക പ്രൊഡക്‌ഷൻസുമായി ചേർന്നാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഡൽഹി, ലഡാക്ക് എന്നിവിടങ്ങളിലായി പൂർത്തിയായി. രണ്ടാം ഘട്ടം ജനുവരിയിൽ തുടങ്ങും. യു.എസ്., യു.കെ., ദുബായ്, ഇന്ത്യ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ 2024 അവസാനത്തോടെ തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമം.

സിനിമ ഒരു സീക്രട്ട് റെസിപ്പി -മോഹൻലാൽ

ഏത് സിനിമയിൽ സഹകരിക്കുമ്പോഴും അതൊരു മികച്ച പ്രോജക്റ്റായി മാറട്ടെ എന്ന പ്രാർഥനയാകും മനസ്സിൽ, സിനിമയുടെ വിജയപരാജയങ്ങൾ ഒരിക്കലും നമുക്ക് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. അതൊരു സീക്രട്ട് റെസിപ്പിയാണ്. ഓരോ സിനിമയ്ക്കും അതിന്റേതായൊരു ജാതകമുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

'നേര്' എന്ന പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ, സത്യം തെളിയിക്കാൻ നടത്തുന്ന ഒരു യാത്രയാണ് ഈ സിനിമ. ഒരുപാട് വർഷങ്ങൾക്കുശേഷമാണ് ഞാനൊരു അഭിഭാഷകവേഷം വീണ്ടും അണിയുന്നത്. നേരിൻ്റെ എഴുപത് ശത മാനത്തോളം രംഗങ്ങൾ കോടതി മുറിക്കുള്ളിലാണ് ചിത്രീകരിച്ചിരി ക്കുന്നത്. കോടതിയുടെ ഇടപടലുകളും പ്രവർത്തനങ്ങളും സൂക്ഷ്മമായി പഠിച്ചാണ് ഓരോ രംഗങ്ങളും തയ്യാറാക്കിയത്. സംവിധായകന്റെ ബ്രില്യൻസ് സിനിമയിൽ കാണാം. ഒരുപാട് കാര്യങ്ങൾകൊണ്ട് നിസ്സഹായനായ എന്നാൽ, മിടുക്കനായ ഒരാളാണ് ഇതിലെ അഭിഭാഷകൻ.

Content Highlights: jeethu joseph, antony perumbavoor and mohanlal about neru movie