പണമില്ലാതെ ക്രിക്കറ്റിനെ ഉപേക്ഷിച്ചു, ഓട്ടക്കാരനായി മികച്ച നടനായി

കുട്ടിക്കാലത്ത് ക്രിക്കറ്റിനോടായിരുന്നു ഇര്‍ഫന്‍ ഖാന് ഭ്രമം. ക്രീസില്‍ ഉറ്റ ചങ്ങാതി സതീഷ് ശര്‍മയായിരുന്നു കൂട്ട്. സ്‌കൂളിലും കോളേജിലും ഇരുവരും നന്നായി തന്നെ ക്രിക്കറ്റില്‍ തിളങ്ങി. അങ്ങനെയാണ് സി.കെ.നായിഡു ടൂര്‍ണമെന്റിനു വേണ്ടിയുള്ള രാജസ്ഥാന്‍ അണ്ടര്‍ 23 ടീമില്‍ ഇടം നേടുന്നത്. സി.കെ. നായിഡു ട്രോഫി എന്നാല്‍ രഞ്ജി ട്രോഫിയുടെ തൊട്ടുമുന്‍പത്തെ പടി. അങ്ങനെ ക്രിക്കറ്റില്‍ പുതിയ സ്വപ്‌നങ്ങള്‍ നെയ്തുതുടങ്ങി ഇര്‍ഫന്‍.
എന്നാല്‍, വിധി ഇര്‍ഫനുവേണ്ടി കാത്തുവച്ചത് ക്രീസിലെ വിരുന്നായിരുന്നില്ല. ഒരു സാധാരണ മുസ്ലീം പഷ്തൂണ്‍ കുടുംബത്തില്‍ ജനിച്ച ഇര്‍ഫന് സംസ്ഥാന ടീമില്‍ കളിക്കുമ്പോള്‍ വരുന്ന ചെലവ് താങ്ങാവുന്നതായിരുന്നില്ല. ഒരു ചെറുകിട ടയര്‍ കമ്പനി നടത്തുന്ന അച്ഛന്‍ ജഗിര്‍ദാര്‍ ഖാന് മകന്റെ സ്വപ്‌നം പൂവണിയിക്കാനുള്ള ത്രാണിയുണ്ടായിരുന്നില്ല.
ഇല്ലായ്മയുടെ ഗൂഗ്ലിക്ക് മുന്നില്‍ അങ്ങനെ ഇര്‍ഫന്‍ തളര്‍ന്നു. ക്രിക്കറ്റ് എന്ന സ്വപ്‌നം പാതിവഴിയിൽ തന്നെ ഉപേക്ഷിച്ചു. സംസ്ഥാന ടീമിലേയ്ക്കുള്ള ക്ഷണം ഹൃദയം പിളര്‍ന്ന വേദനയോടെയാണ് ഇർഫൻ വേണ്ടെന്നുവച്ചത്. ബാറ്റും ബോളും മൂലയ്ക്ക് വച്ച് ഇർഫൻ പഠനത്തിലേയ്ക്ക് തിരിഞ്ഞു.
പിന്നെയാണ് ക്രിക്കറ്റ് കുത്തിക്കിളച്ചിട്ട് ഒഴിഞ്ഞുപോയ മനസ്സില്‍ അഭിനയമോഹം മുളപൊട്ടുന്നത്. അങ്ങനെയാണ് 1994ല്‍ എം.എയ്ക്ക് പഠിക്കുമ്പോള്‍ ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലേയ്ക്ക് സ്‌കോളര്‍ഷിപ്പോടെ പ്രവേശം ലഭിക്കുന്നത്.
പുതിയ ക്രീസില്‍ ഇര്‍ഫന്റെ ഇന്നിങ്‌സ് പിഴച്ചില്ല. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങി നേരെ വണ്ടികയറിയത് ബോളിവുഡിന്റെ ഈറ്റില്ലമായ മുംബൈയ്ക്ക്. സീരിയലുകളായിരുന്നു ആദ്യം വാതില്‍തുറന്നുകൊടുത്തത്. ചാണക്യയും ഭാരത് ഏക ഖോജദം ബനേഗി അപ്‌നി ബാത്തും ചന്ദ്രകാന്തയും പോലുള്ള ദൂരദര്‍ശന്റെ അക്കാലത്തെ സൂപ്പര്‍ഹിറ്റ് പരമ്പരകളെല്ലാം ഇര്‍ഫന്റെ കരിയറിലെ ചെറിയ ചെറിയ ചവിട്ടുപടികളായി.
സീരിയലുകളില്‍ ശ്രദ്ധേമായ നിരവധി വേഷങ്ങള്‍ അഭിനയിച്ച് പൊലിപ്പിച്ചെങ്കിലും 2005 വരെ കാത്തിരിക്കേണ്ടിവന്നു ബോളിവുഡിന്റെ മനസ്സില്‍ കയറിപ്പറ്റാന്‍. എന്നാല്‍, രോഗ് എന്ന ആദ്യ ചിത്രത്തോടെ തന്നെ ഇര്‍ഫനെ നിരൂപകര്‍ നോട്ടമിട്ടു. വാക്കുകളേക്കാള്‍ അയാളുടെ കണ്ണുകളാണ് സംസാരിക്കുന്നത് എന്നായിരുന്നു ആദ്യ ശ്രദ്ധേയമായ നിരൂപണം. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായില്ല ഇര്‍ഫന്. ഗ്രാമ്യമായ ലുക്കും ഒതുക്കമുള്ള ഭാവവും കനത്ത ശബ്ദവും കൊണ്ട് വില്ലനും സ്വഭാവനടനുമായി റിയലിസ്റ്റിക് വേഷങ്ങളില്‍ നിറഞ്ഞാടുകയായിരുന്നു ഇര്‍ഫന്‍. ഹാസിലിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും ലഭിച്ചു. അയാളുടെ മട്ടും ഭാവവും നമ്മളെ ഭയചകിതരാക്കുന്നുവെന്നായിരുന്നു അക്കാലത്തുണ്ടായ പ്രധാന നിരൂപണം.
ഇതിനിടെ ഹോളിവുഡില്‍ നിന്നും വന്നു ഇര്‍ഫന് ക്ഷണം. സ്ലം ഡോഗ് മില്ല്യണറിലും എമേസിങ് സ്‌പൈഡര്‍മാനിലെയും ലൈഫ് ഓഫ് പൈയിലെയും ജുറാസിക് വേള്‍ഡിലെയും വേഷങ്ങള്‍ കൊണ്ട് ഹോളിവുഡിലും ശ്രദ്ധേയമായ സാന്നിധ്യമായി.
ഇര്‍ഫന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വര്‍ഷം 2012 ആയിരുന്നു. മൂന്ന് ചിത്രങ്ങളില്‍ മാത്രമാണ് ആ വര്‍ഷം ഇര്‍ഫന്‍ വേഷമിട്ടത്. മൂന്നും ചരിത്രം കുറച്ചു. ആദ്യത്തേത് ബോളിവുഡ് ചിത്രം പാന്‍ സിങ് തോമര്‍. ഇര്‍ഫനെ ഇന്ത്യയിലെ മികച്ച നടനാക്കിയ ടൈറ്റില്‍ റോള്‍. പിന്നെ ദി അമേസിങ് സ്‌പൈഡര്‍മാനിലെ ഡോ. രജിത് രഥ് എന്ന വില്ലന്‍. ഏറ്റവും ഒടുവില്‍ ലൈഫ് ഓഫ് പൈയിലെ പിസി പട്ടേല്‍ എന്ന പൈയുടെ മുതിര്‍ന്ന വേഷവും.
ഇന്ത്യയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബോപിക്കെന്ന് വിശേഷിപ്പിക്കാവുന്ന പാൻ സിങ് തോമറിൽ അസാധാരണമായ അഭിനയമാണ് ഇര്‍ഫന്‍ കാഴ്ചവച്ചത്. കായികതാരമായി തുടങ്ങി ചമ്പലിനെ വിറപ്പിച്ച കൊള്ളത്തലവനായി മാറിയ പറക്കും സിഖ് മിൽഖസിങ്ങിന്റെ സമകാലികൻ പാന്‍ സിങ് തോമറിന്റെ വേഷം വിസ്മയിപ്പിക്കുന്ന രീതിയിലാണ് ഇര്‍ഫന്‍ വെള്ളിത്തിരയില്‍ അഭിനയിച്ചു ഫലിപ്പിച്ചത്. ട്രാക്കിലെ പോലെ കൊള്ളയടിക്കുശേഷം പോലീസില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന പാന്‍ സിങ് തോമറുടെ വേഷത്തിനുവേണ്ടി ഏറെ ശാരീരിക അധ്വാനവും വേണ്ടിവന്നിരുന്നു ഇര്‍ഫന്. ഈ യാതനയ്ക്ക് അര്‍ഹിക്കുന്ന ബഹുമതി തന്നെയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന്റെ രൂപത്തില്‍ ഇര്‍ഫനെ തേടിയെത്തിയത്. ചെറുപ്പകാലത്ത് കായികസ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നതിന് മറ്റൊരു കായികതാരത്തിന്റെ പകർന്നാട്ടത്തിലൂടെ കാലം നടത്തിയ പ്രായശ്ചിത്തം.
അര ഡസനോളം ചിത്രങ്ങള്‍ മാറ്റിവച്ചാണ് ഇര്‍ഫന്‍ പാന്‍ സിങ് തോമറായത്. എന്തായാലും ആ യാതന ഫലം കണ്ടു. ദേശീയ അവാര്‍ഡിന് പുറമെ അര ഡസനോളം പുരസ്‌കാരങ്ങള്‍ ഇയൊരൊറ്റ വേഷത്തിന്റെ പേരില്‍ ഇര്‍ഫനെ തേടിയെത്തി.
Content Highlights: Irfan Khan Actor Started As Cricket Player Got National Award For Pan Singh Tomar
Content Highlights: