'നൂറിന്റെ നാല് നോട്ടായിരുന്നു ആദ്യശമ്പളം; വയറു വെശന്ന് കഴിയരുത്, അന്ന് അമ്മ പറഞ്ഞു'

നൂറിന്റെ നാല് പിടയ്ക്കുന്ന നോട്ടുകൾ. ആദ്യ ശമ്പളം അതായിരുന്നു.
കാഷ്യറിൽ നിന്ന് തുക വാങ്ങി കീശയിലിടുമ്പോൾ സ്വയം പറഞ്ഞു. ഇനിയുള്ള ഒരു മാസം നിന്റെ ജീവിതം ഈ നോട്ടുകളുടെ തണലിലാണ്. സൂക്ഷിച്ചും കണ്ടും ചെലവാക്കിക്കോ. ഇല്ലെങ്കിൽ പട്ടിണി ഉറപ്പ്.
എൻജിഒ ഹോസ്റ്റലിലെ താമസം അനധികൃതമായതിനാൽ വാടക വലിയ പ്രശ്നമല്ല. എന്നാൽ ശാപ്പാടിന് പണം മുടക്കിയേ പറ്റൂ. ബസ്സുകൂലി വേറെ. പിന്നെ ചെലവൂർ വേണുവിന്റെ സൈക്കോ മുതൽ പ്രിതീഷ് നന്ദിയുടെ ഇലസ്ട്രേറ്റഡ് വീക്കിലി വരെയുള്ള വാരികകൾ പണം മുടക്കി വാങ്ങണം. വായന ലഹരിയാണല്ലോ. ക്രൗണിൽ ചെന്ന് സിനിമ കാണാനുള്ള പ്രലോഭനം വേറെ. നാനൂറിൽ ഒതുങ്ങിക്കിട്ടുമോ ഒരു മാസം? സംശയമാണ്. വീട്ടിൽ നിന്ന് നയാപൈസ ധനസഹായം ചോദിച്ചുവാങ്ങില്ല എന്ന് ഉള്ളിലെ "ദുരഭിമാനി" നേരത്തെ തീരുമാനിച്ചുറച്ചിരുന്നത് കൊണ്ട് പ്രത്യേകിച്ചും.
ആദ്യ ശമ്പളത്തിൽ നിന്ന് നൂറു രൂപയെങ്കിലും അമ്മക്ക് കൊടുക്കണം. കൊടുത്തേ പറ്റൂ. പുതിയ ജോലിയിൽ ചേരാൻ പുറപ്പെടുമ്പോൾ കുട്ടിമ്മാമ ( അമ്മയുടെ അനുജൻ) തന്ന ഉപദേശമാണ്. "അമ്മ ചോയ്ക്ക്യാനൊന്നും പോണില്ല. ന്നാലും കൊടുക്കണം. നിനക്ക് ബുദ്ധിമുട്ടുണ്ടാവും ന്നറിയാം. മൂക്കിക്കൂടെ വലിക്കാനേ ണ്ടാവൂ നാന്നൂറുറുപ്യ. ന്നാലും ആദ്യത്തെ ശമ്പളല്ലേ ? കൊടുത്താ അമ്മക്ക് വല്യ സന്തോഷാവും...."
നൂറു രൂപയെങ്കിലും അമ്മക്ക് കൊടുത്തേ പറ്റൂ. ബാക്കി തുക കൊണ്ട് മതി കാലക്ഷേപം എന്ന് തീരുമാനിച്ചു. സ്‌കൂളിൽ പോകുമ്പോഴും കോളേജ് ഹോസ്റ്റലിൽ നിന്ന് അവധിക്ക് വരുമ്പോഴും ചോദിക്കുമ്പോഴൊക്കെ പത്തും ഇരുപതും എടുത്തു തന്നിരുന്ന ആളാണ്. ആകെ നൂറു രൂപയേ ഉണ്ടാകൂ അമ്മയുടെ ഹാൻഡ് ബാഗിൽ. എന്നാലും മക്കൾ ചോദിച്ചാൽ താലിമാല വരെ അഴിച്ചെടുത്തു കയ്യിൽ വെച്ചു തന്നുകളയും അമ്മ. അതാണ് സ്ഥിതി.
ശമ്പളം കൈപ്പറ്റിയതിന്റെ പിറ്റേ ആഴ്ച്ച വീട്ടിൽ ചെന്നുകയറിയ ഉടൻ ആദ്യം ചെയ്‌തത് അമ്മയ്ക്കുള്ള "പാരിതോഷികം" കൈയിൽ വെച്ചുകൊടുക്കുകയാണ്. ഒന്നും പറയാതെ തന്നെ കാര്യം മനസ്സിലായി അമ്മക്ക്. സന്തോഷത്തോടെ നോട്ട് കണ്ണോട് ചേർത്ത ശേഷം മേശവലിപ്പ് തുറന്ന് അതിലിട്ടു അമ്മ. എന്നിട്ട് പറഞ്ഞു: "അബുബക്കറുടെ പീട്യെന്ന് കൊറച്ച് സാധനം വാങ്ങാനുണ്ട്. നാളെ പരിപ്രഥമൻ ണ്ടാക്കാം." മകന്റെ ഏറ്റവും വലിയ ദൗർബല്യം പരിപ്രഥമൻ ആണെന്നായിരുന്നു അമ്മയുടെ വിശ്വാസം. അതിൽ വാസ്തവത്തിന്റെ അംശം ഉണ്ടായിരുന്നു താനും.
മുന്നൂറ് രൂപയോളം ബാക്കിയുണ്ട് ഇനി കയ്യിൽ. അതുകൊണ്ട് വേണം മാസം തള്ളിനീക്കാൻ. സാരമില്ല. എങ്ങനെയെങ്കിലും ഒപ്പിക്കാം. കൂട്ടിന് മറ്റൊരു നാനൂറ് രൂപ ശമ്പളക്കാരൻ കൂടിയുണ്ടല്ലോ. കൗമുദിയിലെ സഹപത്രപ്രവർത്തകനും സഹമുറിയനുമായ ജഗദീഷ് ബാബു. അറ്റകൈക്ക് കൃഷ്ണേട്ടന്റെ ഹോട്ടലിൽ കടം പറയാം. സിനിമാഭ്രമം ഒഴിവാക്കാം. അടുത്ത മാസം ശമ്പളം കിട്ടുമ്പോൾ അഡ്ജസ്റ്റ് ചെയ്യാം.
അവധി കഴിഞ്ഞു തിങ്കളാഴ്ച്ച കാലത്ത് കോഴിക്കോട്ടേക്ക് ബസ് കയറാൻ പുലർച്ചെ വീട്ടിൽ നിന്നിറങ്ങുമ്പോൾ യാത്രയാക്കാൻ ഉമ്മറപ്പടി വരെ കൂടെ വന്നു അമ്മ. കോഴിക്കോട്ടെത്തിയ ഉടൻ കത്തയക്കണമെന്ന് ചട്ടം കെട്ടി. അഞ്ചു ദിവസം കഴിഞ്ഞാൽ തിരികെ വീട്ടിലെത്തേണ്ട ആളാണ്. എന്നാലും ഒന്നര മണിക്കൂർ മാത്രം അകലെയുള്ള നഗരത്തിൽ സുരക്ഷിതമായി എത്തിയ വിവരത്തിന് മകൻ ഒരു പോസ്റ്റ് കാർഡ് ഇടണമെന്നത് അമ്മക്ക് നിർബന്ധമുള്ള കാര്യം. കൃത്യമായി മറുപടിയും അയക്കും അമ്മ. അതൊരു ശീലം. ഫോണില്ലാത്ത കാലമല്ലേ.
യാത്ര പറഞ്ഞിറങ്ങിയപ്പോൾ എന്തോ ഓർത്തിട്ടെന്നപോലെ പിന്നിൽ നിന്ന് വിളിച്ചു അമ്മ. "ഒരു കാര്യം മറന്നു. നീ അവിടെ നിൽക്ക്. ഒരു സാധനം തരാനുണ്ട്...."
തിടുക്കത്തിൽ അകത്തേക്ക് നടക്കുന്നു അമ്മ. തിരിച്ചെത്തുമ്പോൾ കയ്യിൽ എന്തോ ചുരുട്ടിപ്പിടിച്ചിട്ടുണ്ട്. പടിയിറങ്ങി മുന്നിൽ വന്ന് അതെന്റെ കൈയിൽ വെച്ചുതന്നു അമ്മ.
നിവർത്തി നോക്കിയപ്പോൾ നൂറിന്റെ ഒരു നോട്ട്.
"ഇത് നീ തന്നെ കയ്യിൽ വെച്ചോ ചെക്കാ. നിനക്ക് പൈസക്ക് ബുദ്ധിമുട്ടുണ്ടാവും. ഇത്തിരിപ്പോന്ന ശമ്പളല്ലേ ഉള്ളു. ന്റെ കയ്യിൽ ആവശ്യത്തിന് പൈസണ്ട് തല്ക്കാലം. നിനക്ക് ബുദ്ധിമുട്ട് തോന്ന്യാ അമ്മക്ക് എഴുതിയാ മതി. വയറു വെശന്ന് കഴിയരുത്....."
മറുപടിക്ക് കാത്തുനിൽക്കാതെ പടികയറി പോകുന്ന അമ്മയെ നോക്കി നിശ്ശബ്ദനായി നിന്നു കുറെ നേരം.
ഈ അമ്മയുടെ ഒരു കാര്യം....
Content Highlights: A deeply emotional Malayalam narrative that captures the bond between a mother and son through the memory of a first salary.