ആദ്യമായി പ്രധാനവേഷംചെയ്ത ചിത്രത്തിന് മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍; ശ്രദ്ധനേടി കുമാര്‍ സുനിലും

ആദ്യമായി പ്രധാനവേഷം ചെയ്ത സിനിമയ്ക്ക് മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ. തീയേറ്ററിലെത്തിയ സിനിമ കണ്ടിറങ്ങുന്നവരിൽ നിന്നെത്തുന്ന അഭിനന്ദനപ്രവാഹം. അരിയല്ലൂരിലെ തീരപ്രദേശങ്ങളിൽ കുമാർ സുനിലിന്റെയുള്ളിലെ സന്തോഷത്തിരമാലകൾ ആർത്തിരമ്പുകയാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മലപ്പുറത്തിന്റെ അഭിമാനമായി മാറിയ ഫെമിനിച്ചി ഫാത്തിമ സിനിമയിലെ നായകനാണ് സുനിൽ. ഭാര്യയുടെ അവകാശങ്ങൾ മാനിക്കാതെ വീട്ടിനുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്ന അഷ്‌റഫെന്ന മദ്രസാധ്യാപകനായാണ് സുനിൽ കൈയടി നേടിയത്. മികച്ച നടി, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നവാഗത തിരക്കഥാകൃത്ത് എന്നീ അവാർഡുകളാണ് കുമാർ സുനിലിന്റെ സ്വന്തം ഫെമിനിച്ചി സ്വന്തമാക്കിയത്.
പത്താം ക്ലാസുമുതൽ അരിയല്ലൂരിലും പരിസരപ്രദേശങ്ങളിലും നാടകം കളിച്ചായിരുന്നു കുമാർ സുനിലിന്റെ വളർച്ച. 1986-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആനന്ദക്കോട്ട എന്ന നാടകത്തിന് സന്തോഷ് പേരത്തറയോടൊപ്പം ദൃശ്യഭാഷയൊരുക്കിയാണ് തുടക്കം. അമച്ചർ നാടകങ്ങൾ, കോമഡി സ്‌കിറ്റുകൾ, ശാസ്ത്ര സാഹിത്യ പരിഷത്ത് നാടകങ്ങൾ എന്നിവയിൽ മികവുകാട്ടി.
ജയപ്രകാശ് കുളൂരിന്റെ രചനകളിലൂടെ ഒറ്റയാൻ നാടകങ്ങളിൽ സക്രിയമായി. അഭിനയം തലയ്ക്കുപിടിച്ചപ്പോൾ കേരളത്തിലെ നാട്ടിൻപുറങ്ങളിലെ വീടുകളെ നാടകവേദിയാക്കി മാറ്റി. ഇങ്ങനെ ആയിരത്തിലധികം വീടുകളിൽ വെളിച്ചെണ്ണയെന്ന നാടകം അവതരിപ്പിച്ച് സുനിൽ പുതുചരിത്രമെഴുതി. ഇതിനിടയിൽ മെഡിക്കൽ റെപ്രസന്റേറ്റീവായും ലാബ് ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തിയും ഉപജീവനമാർഗം കണ്ടെത്തി.
ഉണ്ണിക്കൃഷ്ണൻ ആവളയുടെ ഉടലാഴത്തിലൂടെയാണ് സിനിമയിലേക്കുള്ള കാൽവെപ്പ്. ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിങ് സർവീസ്, കാതൽ തുടങ്ങിയ സിനിമകളിൽ നല്ല വേഷം കിട്ടി. ജോഷിയുടെ ആന്റണിയിലും കോലാഹലം, 18+, വെള്ളരിപ്പട്ടണം തുടങ്ങിയ സിനിമകളിലും കഥാപാത്രങ്ങളായി. ഇവയിലെ പ്രകടനങ്ങളാണ് ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമയിലേക്ക് വഴിയൊരുക്കിയത്. ഡെപ്യൂട്ടി തഹസിൽദാറായ നവീൻ പരപ്പനങ്ങാടി, ബൈജു പരപ്പനങ്ങാടി, പ്രശാന്ത്, ഡോ. എം. സജീഷ് എന്നിവരാണ് സുനിലിന്റെ കലാപ്രവർത്തനത്തിന് കൂട്ട്. അരിയല്ലൂരിലെ പരേതരായ അയ്യപ്പന്റെയും ലീലയുടെയും മകനാണ് ഈ 54-കാരൻ. ടി. ബീനയാണ് ഭാര്യ. വിദ്യാർഥികളായ തനുശിവ്, ശിവ് കാർത്തിക് എന്നിവർ മക്കളാണ്.
Content Highlights: Kumar Sunil`s debut film `Feminichi Fatima` earns 3 Kerala State Film Awards