'നമ്മൾ ഭയക്കുന്ന റോളുകൾ ചെയ്തില്ലെങ്കിൽഒരു നടൻ എന്നനിലയിൽ വളർച്ചയുണ്ടാവില്ല’

പത്തുവർഷംമുന്നേ ഇത്തിരി പേടിച്ചും കുറച്ച് മടിച്ചുമാണ് സിനിമയിൽ വന്നതെന്ന് പറയാൻ ഒട്ടും മടിയുണ്ടായിരുന്നില്ല ദുൽഖർ സൽമാന്. സിനിമ ഒരു മുഴുനീള കരിയറാക്കാൻ പറ്റുമോയെന്ന കാര്യത്തിൽ അത്ര ഉറപ്പില്ലാത്തതായിരുന്നു ആ പേടിയുടെ കാരണങ്ങളിലൊന്ന്. അഭിനയത്തിന്റെ പത്തുവർഷം പൂർത്തിയാക്കുമ്പോൾ അഭിനേതാവ് എന്നനിലയിൽ ഏറെ ആത്മവിശ്വാസമുള്ള ഒരാളായി മാറിയിരിക്കുന്നു ദുൽഖർ സൽമാൻ. പുതിയ സിനിമയായ ‘സല്യൂട്ട്’ ഒ.ടി.ടി. പ്ലാറ്റ്ഫോമായ സോണിലിവിൽ റിലീസാവുന്നതിന്റെ തൊട്ടുതലേന്നാണ് ദുൽഖർ സംസാരിച്ചത്.
പരീക്ഷയെഴുതി ഫലംകാത്തിരിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. അതുപോലെയൊരു ടെൻഷൻ ഉണ്ടാവാറുണ്ടോ, പുതിയ സിനിമകൾ റിലീസ് ചെയ്യുമ്പോൾ
=എനിക്ക് മാത്രമല്ല, അതെല്ലാവർക്കുമുണ്ട്. സിനിമയുടെ ഭാഗമാവുന്ന ഏതൊരാൾക്കും അതുണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഓരോ പുതിയ സിനിമയും റിലീസ് ചെയ്യുമ്പോൾ ടെൻഷനും പേടിയുമൊക്കെ എനിക്കുമുണ്ടാവാറുണ്ട്.
സല്യൂട്ടിലെ അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഓഫീസർ താങ്കളിലെ നടന് നൽകിയ വെല്ലുവിളി എന്തായിരുന്നു
=ഞാനിതുവരെ ഒരു സിനിമയിലും മുഴുനീള പോലീസ് വേഷം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഈ സിനിമയിൽ എനിക്ക് കൂടുതൽ ആവേശം തോന്നിയതും. വിക്രമാദിത്യനിൽ ചെറിയൊരു പോലീസ് വേഷമുണ്ടായിരുന്നു. അതിലേ ഞാനിതുവരെ പോലീസ് യൂണിഫോം ഇട്ടിട്ടുമുള്ളൂ. അതിന്റേതായൊരു ടെൻഷൻ എനിക്കുണ്ടായിരുന്നു. ഞാൻ പോലീസ് യൂണിഫോമിട്ടാൽ നന്നാവുമോ, പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമോ, എന്റെ മുഖത്ത് പോലീസ് ലുക്ക് വരുമോ എന്നുതുടങ്ങിയുള്ള ചില പേടികൾ. പക്ഷേ, നമ്മൾ ഭയക്കുന്ന റോളുകൾ ചെയ്തില്ലെങ്കിൽ ഒരു നടൻ എന്നനിലയിൽ വളർച്ചയുണ്ടാവില്ല. അതുകൊണ്ടുതന്നെ ഈ സിനിമയോട് തുടക്കംമുതലേ എനിക്കൊരു ആവേശം തോന്നിയിരുന്നു. പിന്നെ ഇതിലെ കേസും അതിന്റെ അന്വേഷണവുമൊക്കെ ഒറിജിനൽ പോലെ തോന്നിയിട്ടുണ്ട്.
കഥ ബോബി സഞ്ജയ്, സംവിധാനം റോഷൻ ആൻഡ്രൂസും. ഇങ്ങനെയൊരു പ്രോജക്ടിൽ ദുൽഖർ കൂടി പങ്കുചേരുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകൾ വർധിക്കും.
=മലയാളത്തിൽ യുവാക്കളും പുതിയ ആളുകളുമൊക്കെ ചേർന്നുള്ള സിനിമകളിലാണ് ഞാൻ കുറെക്കാലമായി കൂടുതലും അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ പരിചയസമ്പത്തുള്ള ടീമിനൊപ്പം വർക്ക് ചെയ്യുമ്പോൾ പ്രതീക്ഷകളും വർധിക്കും. മാത്രമല്ല, എനിക്കിവരിൽനിന്നൊക്കെ ഒരുപാട് പഠിക്കാനുമുണ്ട്. സിനിമയിൽ പരിചയസമ്പന്നരാവുമ്പോൾ എല്ലാത്തിനെക്കുറിച്ചും അവർക്ക് വ്യക്തതയുണ്ടാവും. നമുക്ക് അവരോട് ചോദ്യങ്ങൾ ചോദിക്കാം. അതുപോലെ അനുഭവപരിചയമുള്ള എഴുത്തുകാർ. അവർ എഴുതുമ്പോൾ അതിനുമുണ്ടാവും നല്ല വ്യക്തതയും ആഴവും പരപ്പും. എന്നിട്ടും ഞാൻ പറയുന്ന അഭിപ്രായങ്ങൾക്കൊക്കെ ബോബി സഞ്ജയുമാരും കാതോർത്തിരുന്നു. ഇതൊരു ചെറിയ ആശയത്തിൽനിന്ന് വികസിച്ചുവന്ന സിനിമയാണ്. അതിന്റെ ഓരോവളർച്ചയിലും ഞാനും പങ്കാളിയായിരുന്നുവെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു.
സല്യൂട്ട് നിർമിച്ചിരിക്കുന്നത് നിർമാതാവുമ്പോൾ ഈ മേഖലയിൽ എന്തൊക്കെ മാറ്റങ്ങൾവരുത്താൻ കഴിയുന്നുണ്ട്
=സ്വന്തം കാലിൽനിൽക്കുന്ന, ലാഭമുണ്ടാക്കാൻ കഴിയുന്ന കമ്പനിയായി ഇതിനെ മാറ്റിയെടുക്കണമെന്നാണ് ആഗ്രഹം. ഇപ്പോൾ സിനിമയ്ക്കായി വായ്പയെടുത്തൊക്കെ പണം മുടക്കിക്കഴിഞ്ഞാൽ കോവിഡ്പോലുള്ള പ്രശ്നങ്ങളൊക്കെ വരുമ്പോൾ വലിയ നഷ്ടംവരും. ഞാൻ നിർമാണക്കമ്പനി ഒരിക്കലും വ്യക്തിപരമായ ആവശ്യത്തിനുണ്ടാക്കിയതല്ല. സിനിമയിൽ എന്റെ പ്രതിഫലം കൂട്ടാനോ അല്ലെങ്കിൽ ഒരു പടത്തിൽ എന്റെ ഷെയർ കൂട്ടാനോ വേണ്ടിയുള്ളൊരു സംരംഭമാണിതെന്നും ചിന്തിച്ചിട്ടില്ല. സിനിമയിൽനിന്ന് കിട്ടുന്നത് പരമാവധി വേറെ സിനിമകളിലേക്ക് നിക്ഷേപിക്കാൻ പറ്റണം. എന്റേതുമാത്രമല്ലാത്ത സിനിമകളും നിർമിക്കണം. ഇതൊക്കെയാണ് മനസ്സിലുള്ളത്. കുഞ്ഞുസിനിമകളായാലും അത് പരമാവധി വിജയിപ്പിക്കാൻ പറ്റണമെന്നും അതേപോലുള്ള സിനിമകളുമായി ആളുകൾ നമ്മുടെയടുത്തേക്ക് ഇനിയും വരണമെന്നൊക്കെയുണ്ട്. എനിക്ക് വർഷം അഞ്ചാറുപടമേ ചെയ്യാൻപറ്റൂ. നിർമാതാവ് എന്നനിലയിൽ അതിൽക്കൂടുതൽ ചെയ്യണമെന്നുണ്ട്. ഇതൊരു സെൽഫ് റണ്ണിങ് കമ്പനിയാക്കി മാറ്റണം. അതിനൊരു ടീമുണ്ടാവണം. റൈറ്റിങ് ഡിപ്പാർട്ട്മെന്റുണ്ടാവണം.
താങ്കൾ നിർമിച്ച് നായകനാവുന്ന സിനിമ. അതിൽ അഭിനയിക്കുകകൂടി ചെയ്യുമ്പോൾ നടനെന്നനിലയിൽ ഉത്തരവാദിത്വം വർധിക്കുന്നുണ്ടോ
=ഇല്ല. ഈ കമ്പനി തുടങ്ങിയപ്പോൾത്തന്നെ ഞാനൊരു നല്ല ടീമുണ്ടാക്കിയിരുന്നു. ഇതിലുള്ളവരെല്ലാം വർഷങ്ങളായിട്ട് എനിക്കറിയാവുന്നവരും നല്ല ജോലികൾ വിട്ടിട്ട് ഇതിലേക്ക് വരുകയുമൊക്കെ ചെയ്തവരാണ്. ഇവർക്ക് സിനിമ മാത്രമല്ല, ബിസിനസും അറിയാം. ഞങ്ങൾ ആദ്യമൊരു കുഞ്ഞിപ്പടം വെച്ചിട്ട് തുടങ്ങിയതും അതുകൊണ്ടാണ്. അതുവെച്ച് പഠിക്കാം, സംവിധാനം ഉണ്ടാക്കാം. അതിലൊരു തെറ്റുപറ്റിയാലും അത് നമ്മളെ വലിയരീതിയിൽ ബാധിക്കില്ല. നമുക്ക് സേഫായിട്ട് പുറത്തുവരാനും പറ്റും. രണ്ടാമത് ഞങ്ങൾ ചെയ്തത് ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയാണ്. അതുകഴിഞ്ഞ് ‘കുറുപ്പ്’ എത്തുമ്പോഴേക്ക് ഞങ്ങളുടെ ടീം വളരെ സ്ട്രോങ്ങായി മാറിയിരുന്നു. എനിക്കിപ്പോൾ പുറത്തുള്ളൊരു കമ്പനിയുടെ സിനിമയിൽ ജോലിചെയ്യുന്നതിനെക്കാൾ കംഫർട്ടബിളായി തോന്നുന്നത് എന്റെ നിർമാണക്കമ്പനിക്കുവേണ്ടി അഭിനയിക്കുമ്പോഴാണ്.
അഭിനയത്തിൽ താങ്കൾ പത്തുവർഷം പൂർത്തിയാക്കുകയാണ്. സെക്കൻഡ് ഷോയിൽനിന്ന് ഇപ്പോൾ സല്യൂട്ട് വരെ. ഈ പത്തുവർഷം കൊണ്ട് ദുൽഖർ സിനിമയിൽ എത്രദൂരം സഞ്ചരിച്ചിട്ടുണ്ട്
=ഞാനിത്രതന്നെ എത്തുമെന്ന് വിചാരിച്ചയാളല്ല. സത്യംപറഞ്ഞാൽ, ഒരുപാട് പേടിയോടെയാണ് ഞാൻ സിനിമയിൽ വന്നത്. ഭാവിയെന്താവുമെന്നറിയില്ല. ഇതൊരു കരിയറായി മാറ്റിയെടുക്കാൻ പറ്റുമോ എന്നത് എപ്പോഴും ആകാംക്ഷയുള്ള ചോദ്യമായിരുന്നു. കാരണം ഇതെനിക്ക് സ്വയം തിരഞ്ഞെടുക്കാൻ പറ്റിയ മേഖലയല്ലല്ലോ. പ്രേക്ഷകർ സ്വീകരിച്ചാലേ നമുക്ക് മുന്നോട്ടുപോവാൻ പറ്റൂ. അങ്ങനെയൊക്കെ ഒരുപാട് പേടിച്ച് പേടിച്ച് ചെറിയ ചുവടുവെപ്പുകളിലൂടെയാണ് ഞാൻ ഈ രംഗത്തേക്ക് കടന്നുവന്നത്. പക്ഷേ, എന്തും സ്വയം തിരഞ്ഞെടുക്കാനുള്ളൊരു സ്വാതന്ത്ര്യം എനിക്കെപ്പോഴും കിട്ടിയിരുന്നു, നോ പറയാനാണെങ്കിൽപ്പോലും. സീനിയറായ ഒരു ഫിലിം മേക്കറാണെങ്കിലും ഞാൻ നോ പറഞ്ഞാൽ, അവർ എന്നോട് ഒരു വിരോധവുമില്ലാതെ അത് മനസ്സിലാക്കുകയും എന്റെ മനസ്സിൽ എന്തോരം സിനിമയുണ്ടെന്ന് തിരിച്ചറിയുകയുമൊക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഭാഗ്യങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരോടെല്ലാം എനിക്കൊരുപാട് നന്ദിയുണ്ട്. ഇപ്പോഴും എന്തുതരം സിനിമചെയ്യണമെന്ന് ചോദിച്ചാൽ എനിക്ക് മറുപടിപറയാൻ അറിയില്ല. പക്ഷേ, ഒരു ആശയം കേൾക്കുമ്പോൾ അത് ഒറിജിനൽ ഐഡിയ ആണെന്നും നല്ല സിനിമയാവുമെന്നൊക്കെ തോന്നിയാണ് ഞാൻ മുന്നോട്ടുസഞ്ചരിക്കുന്നത്. തുടങ്ങിയ സമയത്ത് ഞാൻ വേറെ ഭാഷകളിൽ അഭിനയിക്കുമെന്നൊന്നും പ്രതീക്ഷിച്ചിട്ടില്ല. പിന്നെ സിനിമ മാർക്കറ്റ് ഇങ്ങനെ മാറുമെന്നൊന്നും വിചാരിച്ചിട്ടുമില്ല. 2012-ലെ സിനിമാഭൂപടമല്ല ഇപ്പോൾ നമുക്ക് മുന്നിലുള്ളത്. എല്ലാം പ്രവചനാതീതമാണ്. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ ആഗ്രഹങ്ങൾക്കുംമീതെ ചാടിയെത്തിയപോലെ തോന്നുന്നുണ്ട്.
ഒരു അഭിനേതാവെന്നനിലയിൽ താങ്കളെ കാലം ഏതുരീതിയിൽ രേഖപ്പെടുത്തണമെന്നാണ് ആഗ്രഹം
=ഞാൻ സത്യസന്ധനാണെന്ന് രേഖപ്പെടുത്തിയാൽ മതി. അതുമാത്രമാണ് എന്റെ മോഹം. ഞാൻ മഹാനാണോ നല്ലവനാണോ മോശമാണോ എന്നൊന്നും എനിക്ക് അറിയാൻപാടില്ല. ജോലിയോടും തിരഞ്ഞെടുക്കുന്ന സിനിമകളോടുമൊക്കെ എല്ലാത്തരത്തിലും സത്യസന്ധനായി ജീവിക്കുന്നൊരാളാണ് ഞാൻ. ഒന്നിലും ഒരിക്കലും കുറുക്കുവഴി തേടിയിട്ടില്ല. ഒന്നിന്റെയും സാമ്പത്തികവശം നോക്കിയിട്ടുമില്ല. എല്ലാം എന്നിലേക്ക് സ്വാഭാവികമായി വന്നുചേർന്നതാണ്.
ആവനാഴിയും യവനികയുമൊക്കെ മമ്മൂട്ടിയുടെ അവിസ്മരണീയമായ പോലീസ് വേഷങ്ങളാണ്. അദ്ദേഹത്തിന്റെ പോലീസ് കഥാപാത്രങ്ങളിൽ മറക്കാൻപറ്റാത്തത് ഏതാണ്
=എൺപതുകളിലെ വാപ്പച്ചിയുടെ എല്ലാ സിനിമകളും എനിക്കൊരുപാട് ഇഷ്ടമാണ്. അതൊക്കെ നൊസ്റ്റാൾജിക്കാണ്. യവനികയെല്ലാം ഒരുപാടുവട്ടം കണ്ടിട്ടുണ്ട് ഞാൻ. ഓരോ കഥാപാത്രത്തിലും വാപ്പച്ചി എന്തെങ്കിലുമൊരു വ്യത്യാസം കൊണ്ടുവരാറുണ്ട്. പോലീസ് യൂണിഫോം ധരിച്ചാലും അതിലെ ഓരോ കഥാപാത്രങ്ങളെയും വേറിട്ടറിയാൻ പറ്റും. ഒരു പ്രേക്ഷകൻ എന്നനിലയിൽ ഈയൊരു ഭാവമാറ്റം കണ്ട് ആസ്വദിച്ചയാളാണ് ഞാനും. ആവനാഴിയും ഇൻസ്പെക്ടർ ബൽറാമുമൊക്കെ വീട്ടിലിരുന്ന് കണ്ടത് ഓർമയുണ്ട്. കൊച്ചിയിലെ വീട്ടിൽ ഒരു ഷെൽഫ് നിറയെ ആവനാഴിയുടെ ഷീൽഡ് വെച്ചിട്ടുണ്ടായിരുന്നു. അത് നൂറുദിവസത്തിലധികം തിയേറ്ററിൽ പ്രദർശിപ്പിച്ചതിന്റെ സ്മാരകശിലകൾപോലെ.
Content Highlights: Dulquer Salmaan Interview, Salute Movie, Roshan Andrews, upcoming projects