ഭാരതിരാജയ്ക്ക് മുൻപും പിൻപും: തമിഴ് സിനിമയുടെ ദിശ മാറ്റിയ സംവിധായകൻ

#ടി.കെ. ശങ്കരനാരായണൻ| tksanku9@gmail.com
പി. ഭാരതിരാജ| ഫോട്ടോ: വി. രമേഷ്
പി. ഭാരതിരാജ| ഫോട്ടോ: വി. രമേഷ്

ഇന്ന് അന്തരിച്ച പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ ഭാരതിരാജയ്ക്ക് 80 വയസ്സ് തികഞ്ഞ സന്ദർഭത്തിൽ, അദ്ദേഹത്തിന്റെ ജീവിതവഴികളും സിനിമായാത്രയും അടയാളപ്പെടുത്തി ടി.കെ. ശങ്കരനാരായണൻ തയ്യാറാക്കിയ ലേഖനം വായനക്കാർക്കായി പുനഃപ്രസിദ്ധീകരിക്കുന്നു.

ജീവിതത്തിലൂടെയുള്ള ചില മനുഷ്യരുടെ പ്രയാണവും വിജയത്തിലേക്കുള്ള അവരുടെ ആരോഹണവും എല്ലാ കാലത്തിനും പ്രചോദനമാണ്. തേനിയിലെ അല്ലിനഗരം എന്ന ദരിദ്ര ഗ്രാമത്തിൽനിന്ന്‌ മദിരാശി മഹാനഗരത്തിലെത്തി തമിഴ് സിനിമയുടെ ദിശമാറ്റിയ ഭാരതിരാജയുടെ ജീവിതകഥ അത്തരത്തിലൊന്നാണ്. ഭാരതിരാജയ്ക്ക് 80 വയസ്സുതികയുന്ന ഈ സന്ദർഭത്തിൽ പ്രചോദനാത്മകമായ ആ ജീവിതം കുറിച്ചിടുകയാണ് തമിഴ് ബ്രാഹ്മണരുടെയും അഗ്രഹാരങ്ങളുടെയും കഥപറഞ്ഞ എഴുത്തുകാരൻ

ൻ ഇനിയ തമിഴ് മക്കളേ’ എന്ന ശബ്ദംകേട്ടാൽ ഏതു തിരക്കിലും തമിഴ്നാട്ടിൽ ആളുകൾ ഒന്നു തിരിഞ്ഞുനോക്കും; ചെവികൊടുക്കും. കൈയടിക്കും. അത്രമേൽ പ്രിയപ്പെട്ടതാണ് അവർക്ക് അൻപിൽ പൊതിഞ്ഞ ഭാരതിരാജയുടെ ശബ്ദം.

തേനി അല്ലിനഗരത്തിൽ പെരിയമായ തേവരുടെയും മീനാക്ഷിയമ്മാളുടെയും മകനായി പിറന്ന ചിന്നസ്വാമിയിൽനിന്നു ഭാരതിരാജ എന്ന സംവിധായകനിലേക്കുള്ള ദൂരം കഠിനാധ്വാനത്തിന്റെയും തിക്താനുഭവങ്ങളുടേതുമാണ്‌. നാടകമെഴുത്തിലും സംവിധാനത്തിലും കുഞ്ഞുന്നാളിലേ തത്‌പരനായിരുന്നെങ്കിലും ’52-ൽ തേനിയിലെ ഓലക്കുടിൽ തിയേറ്ററിൽ കണ്ട ശിവാജി ഗണേശന്റെ പരാശക്തി ചിന്നസ്വാമിയെ കീഴ്‌മേൽ മറിച്ചിട്ടു. ആ സിനിമ പലവട്ടംകണ്ട ചിന്നസ്വാമിക്ക് ശിവാജിയിലെ കരുത്തനായ നടൻ നെഞ്ചിൽ കത്തിക്കയറി. വീട്ടിൽ, പള്ളിക്കൂടത്തിൽ, ഗ്രാമത്തിണ്ണകളിൽ ശിവാജി ഉറഞ്ഞാടി. ചിന്ന ശിവാജി എന്ന വട്ടപ്പേരുപോലും കിട്ടി. പക്ഷേ, അല്ലിനഗരം പോലൊരു ഉൾഗ്രാമത്തിലെ കുട്ടിക്ക് മദിരാശി കൈയെത്താ നഗരമായിരുന്നു.
പത്തുകഴിഞ്ഞപ്പോൾ ഇനിയെന്ത് എന്നായി ചിന്ത. മേൽപഠിപ്പ് പഠിക്കണമെങ്കിൽ മധുരൈ നഗരത്തിൽ ചെല്ലണം. ചിന്നസ്വാമിക്ക് അതിന് താത്‌പര്യമില്ല. അവിടെ അയച്ച് പഠിപ്പിക്കാനുള്ള വസതി കുടുംബത്തിനുമില്ല. നാടകംകൊണ്ട് വയറുനിറയുകയുമില്ല.

തേനിയിലും സമീപഗ്രാമങ്ങളിലും മലേറിയ പടരുന്ന കാലമായിരുന്നു. ആപത്തിനെക്കുറിച്ച് ബോധവത്കരണം നടത്താൻ ദിവസവേതനത്തിന് ആളെയെടുക്കുന്നു എന്ന വിളംബരം പെരിയമായ തേവരുടെ ശ്രദ്ധയിൽപ്പെട്ടു. പത്താണ് അടിസ്ഥാനയോഗ്യത. സർക്കാരുദ്യോഗം ! കഴിവുതെളിയിച്ചാൽ ജോലി സ്ഥിരപ്പെടും. മനസ്സിൽ അഭിനയമോഹവുമായി ചിന്നസ്വാമി എന്ന സാനിറ്ററി ഇൻസ്പെക്ടർ മലേറിയയെക്കുറിച്ച് പറയാൻ വീടുവീടാന്തരം കയറിയിറങ്ങി.

തേനിക്കടുത്ത് പണ്ണയാപുരം എന്ന ഗ്രാമത്തിൽ ജോലിചെയ്യവേ ഒരു നാടകം കാണാനിടയായി. നാടകത്തിന് പിന്നണിചേർത്തത് ഇളയരാജയായിരുന്നു. സ്വന്തമായി വാദ്യോപകരണങ്ങൾ ഇല്ലാത്തകാലത്ത് അറ്റങ്ങൾ വലിച്ചുകെട്ടിയ ഇരുമ്പുകമ്പിയിൽ ദിണ്ടിക്കൽ പൂട്ടുകൊണ്ട് ഇളയരാജ സംഗീതം നിർമിക്കുന്നത് ചിന്നസ്വാമി അദ്‌ഭുതത്തോടെ കണ്ടുനിന്നു. രാജയ്ക്ക് ഭാസ്‌കർ ജ്യേഷ്ഠനും ഗംഗൈ അമരൻ അനുജനുമായിരുന്നു. നാടകങ്ങൾക്ക് പിന്നണിചേർക്കാൻ അവർ സംഘമായി സഞ്ചരിക്കുമ്പോൾ ചിന്നസ്വാമിയും കുടെക്കൂടി.

ഒരുരാത്രി നാടകംകഴിഞ്ഞ് മടങ്ങുന്നവഴി റോഡിന്റെ ഒരുവശത്ത് വലിയ ആൾക്കൂട്ടം. പോലീസ് പാതുകാപ്പ് അവിടത്തെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്ക് വന്നിരിക്കുകയാണ് ടി.എം. സൗന്ദർരാജനും പി. സുശീലയും. രണ്ടുപേരും സിനിമയിൽ ജ്വലിച്ചുനിൽക്കുന്ന സമയം. പണവും പുകഴും കിട്ടണമെങ്കിൽ സിനിമയിൽ കയറിക്കൂടണമെന്ന് ചിന്നസ്വാമിയുടെ തലയിൽ ഒരു ആക്കം. ഇതേ തോന്നൽ ഇളയരാജയ്ക്കുമുണ്ടായി. സിനിമയിൽ കയറണമെങ്കിൽ പക്ഷേ, മദിരാശിയിലെത്തണം. മദിരാശിയാണ് സിനിമാനഗരം ചിന്നസ്വാമിയുടെ ഈ പൈത്തിയം അമ്മയാണ് തിരിച്ചറിഞ്ഞത്. പല ദിവസങ്ങളിലും മകൻ ചിത്തഭ്രമം പിടിച്ചവനെപ്പോലെ മദ്രാസ്‌, മദ്രാസ് എന്നു പിറുപിറുത്ത് തന്റെ സിനിമാമോഹത്തെ പർവതീകരിച്ചു. ചെക്കൻ ഇവിടെത്തുടർന്നാൽ മുഴുപ്രാന്തവുമെന്ന് അമ്മ ഉൾക്കൊണ്ടു. കടംവാങ്ങിയ 300 രൂപയും ഒരു ബാഗ് തുണിമണികളുമായി മദിരാശിക്ക് പോകുന്ന ഏതോ ലോറിയിൽ ചിന്നസ്വാമിയെ പാക്ക് ചെയ്തു. തേനിയിൽനിന്ന് പുറപ്പെട്ട ലോറി മദിരാശിയെത്താൻ രണ്ടുദിവസമെടുത്തു. ഒരു മുറി തരപ്പെടുന്നതുവരെ അടുത്ത ബന്ധുവീട്ടിൽ തങ്ങാം എന്നായിരുന്നു തീരുമാനം. അവർ പ്രാതലിന് വിളമ്പുന്ന പലഹാരത്തിൽ ഒരു പങ്ക്‌ അവർ കാണാതെ ചിന്നസ്വാമി പോക്കറ്റിലാക്കി, കോടമ്പാക്കത്ത് അലഞ്ഞു വിശക്കുമ്പോൾ കഴിക്കാൻ. ബാക്കിനേരമെല്ലാം ടാപ്പുവെള്ളം.

ഈ ടാപ്പുവെള്ളം ശീലിച്ചത് ജീവിതത്തിന്റെ പല ഘട്ടങ്ങളിലും തുണയായി. കൗമാരത്തിൽ അച്ഛനോട്‌ വഴക്കിട്ട്‌ വീടുവിട്ടിറങ്ങിയപ്പോൾ മധുരൈ റെയിൽവേസ്റ്റേഷനായിരുന്നു അഭയം. ഒരുദിവസം കഷ്ടിച്ച് കഴിയുമ്പോഴേക്കും വയറ്് അതിന്റെ പരുക്കൻസ്വഭാവം കാണിച്ചുതുടങ്ങി. സ്റ്റേഷനിൽ വിശ്രമിച്ചിരുന്ന ഗുഡ്സ് നിറയെ അരിച്ചാക്കുകളായിരുന്നു. ഒരു കരിങ്കല്ലുകൊണ്ട് കുത്തിയപ്പോൾ നിരയൊപ്പിച്ച് വീണ അരിക്കുനേരെ ട്രൗസർപോക്കറ്റ് തുറന്നുപിടിച്ചു. പിന്നെ അതേ പോക്കറ്റ് ടാപ്പുവെള്ളത്തിനുനേരെ തുറന്നുപിടിച്ചു. കുറെ കഴിയുമ്പോൾ അരി വെള്ളത്തിൽ കുതിർന്ന് കഴിക്കാൻപാകത്തിലാവും. ഈ ശീലം വീട്ടിലും പതിവായിരുന്നു. അന്നത്തെ ഈ അരിസമരം രണ്ടുനാൾ പിന്നിട്ടു. മൂന്നാംപക്കം പിടിച്ചുനിൽക്കാൻ കഴിയാതെ വീട്ടിലേക്ക്.

ഇളയരാജയും സഹോദരങ്ങളും ഇതിനകം മദിരാശിയിലെത്തിക്കഴിഞ്ഞിരുന്നു. നാടകങ്ങൾക്ക് പിന്നണിചേർക്കലാണ് ഉപജീവനമാർഗം. ചിന്നസ്വാമിയും അവരോടൊപ്പം കൂടി. മൈലാപ്പൂർ തമിഴ്‌ ക്ലബ്ബിൽ ചിന്നസ്വാമി ടിക്കറ്റുവെച്ച് നാടകമവതരിപ്പിച്ചു. ഇളയരാജ സംഘത്തിന് ബന്ധമുണ്ടായിരുന്ന ഒരു നിർമാതാവ് വഴിയാണ് കന്നഡ സംവിധായകൻ പുട്ടണ്ണയിലേക്കുള്ള ചിന്നസ്വാമിയുടെ രംഗപ്രവേശം. ഭാവിയിൽ സിനിമാസംവിധായകനാവുമ്പോൾ ചിന്നസ്വാമി എന്ന ഈ പേര്‌ കാണികൾക്ക് രുചിക്കില്ലെന്ന് പുട്ടണ്ണ സൗമ്യമായി ചിരിച്ചു. മറ്റൊരു പേരിനുവേണ്ടി ഒരുപാടുദിനങ്ങൾ ആലോചിച്ചുനടന്നു. അനുജൻ ജയരാജുമായി അനുജനപ്പുറം ഒരു ബന്ധമുണ്ടായിരുന്നു. ഭാരതി പ്രിയസഹോദരിയും. ജയരാജിലെ ‘രാജ’യെ ഭാരതിയോട് ഒന്നുവിളക്കി. ഭാരതിരാജ എന്ന പേരിന് പുട്ടണ്ണ പച്ചക്കൊടി വീശി.

തിരക്കേറിയപ്പോൾ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പുട്ടണ്ണ ബെംഗളൂരുവിലേക്ക് സ്ഥലംമാറി. അതോടെ എം. കൃഷ്ണൻനായർ, കെ.എസ്. സേതുമാധവൻ ഉൾപ്പെടെ പല സംവിധായകരുടെയും സഹായിയായി ഭാരതിരാജ പണിയാറ്റി. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ അവരുടെ പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ദാഹം എന്ന സിനിമയിൽ ആദ്യവസാനം ജോലിചെയ്യാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി. സിനിമാ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ദാഹം വിശദമായി പഠിപ്പിച്ചു. സ്വതന്ത്രമായി സിനിമ സംവിധാനംചെയ്യാം എന്ന ആത്മവിശ്വാസം അതുണ്ടാക്കി.

മനസ്സിൽ പല കഥകളുണ്ടാക്കുന്നു. കാണുന്ന നിർമാതാക്കളോടൊക്കെ പറഞ്ഞുനോക്കുന്നു. ആയിടയ്ക്കാണ് രാജ്ക്കണ്ണ് എന്ന മുതലാളിയെ പരിചയപ്പെടുന്നത്. രാജ്ക്കണ്ണ് പുതിയ സിനിമയുടെ ആലോചനയുമായി മദിരാശിയിലുണ്ട്. മൂന്നു കഥകൾ പറഞ്ഞതിൽ മയിൽ എന്നകഥ അദ്ദേഹത്തിനിഷ്ടമായി. ആര്‌ സംവിധാനംചെയ്യും ? എസ്.പി. മുത്തുരാമൻ ഉൾപ്പെടെ പല പ്രമുഖ സംവിധായകരെയും ഭാരതിരാജ നിർദേശിച്ചു. രാജ്‌ക്കണ്ണിന് ആരെയും ബോധിച്ചില്ല. ചായകുടിക്കാൻ പുറത്തിറങ്ങിയ വേളയിൽ തിരക്കൊഴിഞ്ഞ സന്ധ്യയുടെ നിരത്തിലൂടെ നടക്കുമ്പോൾ അഞ്ചുരൂപയുടെ നോട്ടെടുത്ത് രാജ്ക്കണ്ണ് ഭാരതിരാജയുടെ പോക്കറ്റിലിട്ടു.
‘‘നീ താൻ ഇന്ത പടത്തുക്ക് ഇയക്കുനർ*** ...’’

ഒരുമാസത്തോളംനീണ്ട സംഗീതപരിപാടി അവതരിപ്പിക്കാൻ മുംബൈക്ക്‌ പോയതായിരുന്നു ഇളയരാജയും സഹോദരങ്ങളും. തിരിച്ചുവരുമ്പോൾ ജ്യേഷ്ഠൻ ഭാസ്കറുടെ കൂടെ ഭാര്യയുമുണ്ട്. മുംബൈയിൽവെച്ച് പൊടുന്നനെ വന്നുചേർന്ന ബന്ധം. താമസിയാതെ ഇളയരാജയും വിവാഹിതനായി. അതോടെ ഭാരതിരാജയുടെ അമ്മയ്ക്ക് ഇരിക്കപ്പൊറുതികെട്ടു. സമീപഗ്രാമത്തിൽ പെണ്ണുകാണാൻ പോയപ്പോൾ പെൺകുട്ടിയോട്‌ തന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞു. സംവിധാന സഹായിക്ക് കഷ്ടിച്ച് ഒരു ക്ലാർക്കിന്റെ ശമ്പളമൊക്കെയേ കിട്ടൂ. സ്വതന്ത്ര സംവിധായകനാവുമ്പോൾ വരുമാനവും വീടും സൗകര്യങ്ങളുമൊക്കെയുണ്ടാവും. ആ തുറന്നുപറച്ചിൽ പെൺകുട്ടിക്ക് ഇഷ്ടമായിക്കാണണം. വിവാഹം വാക്കാൽ ഉറച്ചു. എന്നാൽ, തേനി ചന്തയിൽ സാധനങ്ങൾ വാങ്ങാൻ വന്ന പെൺവീട്ടുകാർ പയ്യനെക്കുറിച്ച് ഒന്നന്വേഷിക്കാമെന്നു തീരുമാനിച്ചു. സിനിമയിൽ അവസരംതേടി നടക്കുന്ന സ്ഥിരവരുമാനമില്ലാത്ത ആളാണ് എന്ന റിപ്പോർട്ട്‌ വിവാഹംമുടക്കി. അകന്നബന്ധത്തിലെ ചന്ദ്രലീല പിന്നീട്‌ ഭാരതിരാജയ്ക്ക് ഭാര്യയായി. എവിടെയെത്തുമെന്ന് അന്തവും കുന്തവുമില്ലാതെ അനിശ്ചിതത്വത്തിൽ ജീവിതം ആടിയുലഞ്ഞ ദിനങ്ങൾ...

മയിൽ എന്ന കഥ രാജ്ക്കണ്ണിന് ഇഷ്ടമായെങ്കിലും ആ സിനിമയുടെ പ്രവർത്തനങ്ങൾ പുരോഗതിയില്ലാതെ നിൽക്കുകയായിരുന്നു. ഒരുച്ചയ്ക്ക് വാടകയ്ക്ക് കഴിയുന്ന പെട്ടിക്കടപോലുള്ള വീടിനുമുന്നിൽ ഒരു അംബാസഡർ കാർ വന്നുനിന്നു. അപ്പോഴേക്കും ഭാരതിരാജ അച്ഛനായിക്കഴിഞ്ഞിരുന്നു. കാറിൽനിന്നിറങ്ങിയ രാജ്ക്കണ്ണ് തൊട്ടിലിൽ മയങ്ങുകയായിരുന്ന കുഞ്ഞിന്റെ മാറിൽ നൂറിന്റെ ഒരു കെട്ടുവെച്ചു. എത്രയും പെട്ടെന്ന് സിനിമയുടെ പണിയാരംഭിക്കാൻ നിർദേശം നൽകി. പിറ്റേന്നുതന്നെ ക്യാമറാമാൻ നിവാസിനെയുംകൂട്ടി ഭാരതിരാജ ലൊക്കേഷൻ കാണാൻ പുറപ്പെട്ടു.

തമിഴ്സിനിമയുടെ ദിശ മാറ്റിമറിച്ച പതിനാറു വയതിനിലെ അങ്ങനെ സംഭവിക്കുകയായിരുന്നു. കന്നിസംരംഭത്തിന് ബാല്യകാലസുഹൃത്ത് ഇളയരാജതന്നെ പിന്നണിയും പാട്ടും ചേർത്തു. ഏറ്റവുംനല്ല ഗായികയ്ക്കുള്ള ദേശീയ അവാർഡ്‌ ‘സിന്ദൂരപ്പൂവേ’ എന്ന പാട്ട്‌ ജാനകിക്ക് നേടിക്കൊടുത്തു. ആ സിനിമയ്ക്ക് കമൽഹാസന്‌ മുപ്പതിനായിരമാണ് ശമ്പളം. ശ്രീദേവിക്ക് എണ്ണായിരം. സാക്ഷാൽ രജനീകാന്തിന് മൂവായിരം. 1977-ൽ അഞ്ചുലക്ഷം രൂപയ്ക്ക് നിർമിച്ച പതിനാറു വയതിനിലെ ഒരുവർഷത്തിലധികം ഓടി തമിഴ്നാട്ടിൽ ചരിത്രംസൃഷ്ടിച്ചു. നടീനടന്മാരുടെ താരമൂല്യത്തിൽ കേന്ദ്രീകരിച്ചുനിന്ന തമിഴ് തിരൈ ഉലകം സംവിധായകന്റെ മികവിലേക്ക് ഉറ്റുനോക്കാൻ തുടങ്ങി.

സംവിധായകൻ താരമാവുകയായിരുന്നു. ആ താരത്തെ പിൻപറ്റി തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽനിന്ന്‌ സംവിധാനസ്വപ്നങ്ങളുമായി ചെറുപ്പക്കാർ മദിരാശിക്ക് വണ്ടികയറാൻ തുടങ്ങി. തമിഴ്‌ സിനിമയിൽ ഭാവുകത്വത്തിന്റെയും ദിശയുടെയും പുതിയപാത തുറക്കപ്പെട്ടു. നവസിനിമകളുടെ ഒരുകാലം സംഭവിക്കുകയായിരുന്നു. അതിനാൽ ഭാരതിരാജയ്ക്കുമുമ്പും പിമ്പും എന്ന് തമിഴ്സിനിമ ഇന്നും വിശകലനം ചെയ്യപ്പെടുന്നു.

Content Highlights: A detailed retrospective tribute tracking the incredible journey of legendary Tamil filmmaker Bharathiraja, from his humble beginnings in Theni and early struggles alongside maestro Ilaiyaraaja, to revolutionizing Tamil cinema with his masterpiece 16 Vayathinile.