‘ശാന്തികൃഷ്ണ നായികയായ ചിത്രം കണ്ട് അദ്ദേഹം വിളിച്ചു, സംവിധാനം ചെയ്യാനിരുന്ന ചിത്രം എന്നെ ഏൽപ്പിച്ചു’

#ജി. വേണുഗോപാൽ
പി. ഭാരതിരാജ, പി. വാസു | ഫോട്ടോ: മാതൃഭൂമി
പി. ഭാരതിരാജ, പി. വാസു | ഫോട്ടോ: മാതൃഭൂമി

രണത്തിന് കീഴടങ്ങിയത് സിനിമാലോകത്തെ എവറസ്റ്റ് കൊടുമുടിയാണെന്ന് തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകൻ പി. വാസു പറഞ്ഞു. പ്രശസ്ത തെന്നിന്ത്യൻ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഭാരതിരാജയുടെ വിയോഗത്തെക്കുറിച്ച് മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു പി. വാസു. സ്റ്റുഡിയോയിൽനിന്ന് നാട്ടിൻപുറത്തേക്ക് തമിഴ്സിനിമയെ ഇറക്കിക്കൊണ്ടുവന്നു എന്നതാണ് ഭാരതിരാജയുടെ സിനിമയുടെ പ്രത്യേകത. അക്കാലത്ത് സ്റ്റുഡിയോകൾക്കുള്ളിൽ സെറ്റിട്ടായിരുന്നു തമിഴ്സിനിമകളുടെ ഷൂട്ടിങ് നടന്നിരുന്നത്. എന്നാൽ ഭാരതിരാജ തന്റെ ഷൂട്ടിങ് ലൊക്കേഷനുകളെ ഗ്രാമത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് മാറ്റി. നാട്ടിൻപുറത്തെ ഗ്രാമീണ ജീവിതങ്ങളുടെ ഉൾത്തുളിപ്പുകളും ഭാഷാപ്രയോഗത്തിന്റെ വൈവിധ്യവും നിഷ്‌കളങ്കരായ ഗ്രാമീണരുടെ ജീവിതതാളവും അദ്ദേഹം നേരിട്ട് സിനിമയിൽ വരച്ചുകാട്ടി. ഭാരതിരാജ തിരക്കഥയെഴുതിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം 16 വയതിനിലെ എന്നതായിരുന്നു. അന്നുവരെ നിലവിലുള്ള പാരമ്പര്യത്തെ മറികടന്ന് ഒരു പുതിയ തരം ഗ്രാമീണ ലോകത്തെയാണ് ആ സിനിമ സൃഷ്ടിച്ചത്.

സംവിധായകൻ ശ്രീധരന് ശേഷം തമിഴ്സിനിമാലോകത്തെ ട്രെൻഡ് ക്രിയേറ്ററായിരുന്നു ഭാരതിരാജ എന്ന് പി. വാസു പറയുന്നു. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി പുതുമുഖങ്ങളെവെച്ച് സിനിമ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. നിരവധി പുതുമുഖങ്ങളെയാണ് അദ്ദേഹം തമിഴ് സിനിമയിലേക്ക് കൊണ്ടുവന്നത്. കാർത്തിക്ക്, രാധ, രേവതി, രാധിക, വിജയശാന്തി, പാണ്ഡ്യൻ, നെപ്പോളിയൻ, ഭാഗ്യരാജ്, ത്യാഗരാജൻ തുടങ്ങി നിരവധി ആളുകൾ ഇക്കൂട്ടത്തിൽ പെടുന്നു. അക്കാലത്ത് ഏറെക്കുറെ പുതുമുഖങ്ങളായ കമൽഹാസൻ, രജനീകാന്ത്, ശ്രീദേവി എന്നിവരെയും വളർത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിരവധി സംവിധായകർ തിരക്കഥാകൃത്തുക്കൾ സാങ്കേതികപ്രവർത്തകർ തുടങ്ങിയവരെയും ഭാരതിരാജ സിനിമാലോകത്തേക്ക് കൈപിടിച്ചുയർത്തി.

തന്നെ ഒരു മികച്ച സംവിധായകനാക്കി മാറ്റുന്നതിൽ ഭാരതിരാജ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് പി. വാസു പറഞ്ഞു. ശാന്തികൃഷ്ണയെ ആദ്യമായി നായികയാക്കി താൻ ചെയ്ത പനീർ പുഷ്പങ്ങൾ എന്ന സിനിമ കണ്ടിട്ട് ഭാരതിരാജ തന്നെ വിളിച്ച് അദ്ദേഹം ചെയ്യാനിരുന്ന സിനിമയുടെ സംവിധാനം എന്നെ ഏൽപ്പിച്ചു. ഒരു തുടക്കക്കാരനായ എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹവും അംഗീകാരവുമായിരുന്നു അത്. മെല്ലെ പേശുങ്കൾ എന്ന ചിത്രമായിരുന്നു അത്. ഭാനുപ്രിയ ആദ്യമായി സിനിമാലോകത്ത് പരിചയപ്പെടുത്തിയ ചിത്രം. 1983-ലാണിത്. നീ ഒരു വലിയ സംവിധായകൻ ആകുമെന്ന് അന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.

സാധാരണ എല്ലാവരും സിനിമാനടന്മാരെ കാണാൻ കൊതിക്കും. എന്നാൽ, ഞാൻ ഏറ്റവും കൂടുതൽ കാണാൻ കൊതിച്ചത് സംവിധായകനായ ഭാരതിരാജയെ ആയിരുന്നു. അദ്ദേഹത്തെ കാണാൻ അക്കാലത്ത് വലിയ തിരക്കായിരുന്നു. പലരും നടന്മാരാകണമെന്ന് ആഗ്രഹിക്കാറുണ്ട്. എന്നാൽ തമിഴ് സിനിമാലോകത്തെ ഒരുപറ്റം ചെറുപ്പക്കാരുടെ ആഗ്രഹം ഭാരതിരാജയെ പോലെ ഒരു സംവിധായകൻ ആകണമെന്നതായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ അത്ര വലിയ സ്വാധീനമാണ് അക്കാലത്ത് എല്ലാവരിലും സൃഷ്ടിച്ചിരുന്നത്. ആദ്യമായി ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ ദൂരെനിന്ന് കുറേ സമയം നോക്കി നിൽക്കുകയാണ് ചെയ്തത്.

അക്കാലത്ത് സിനിമയ്ക്ക് വേണ്ട ഒരു നായക ലുക്കും ഇല്ലാത്ത ആളായിരുന്നു പാണ്ഡ്യൻ. ആ പാണ്ഡ്യന്റെ കഴിവുകളെ കണ്ടറിഞ്ഞ് തന്റെ സിനിമകളിൽ ഉൾപ്പെടുത്തി നടനാക്കി വളർത്തിയത് ഭാരതിരാജ ആയിരുന്നു. താനൊരു സംവിധായകൻ ആകണമെന്ന് കൊതിച്ചതിനു പിന്നിൽ ഭാരതിരാജയോടുള്ള ആരാധനയും ഉണ്ടായിരുന്നു.

1993-ലാണ് അദ്ദേഹം പുതുമുഖങ്ങൾ ആയ രാധികയെയും വിജയകുമാറിനെയും വെച്ച് കിഴക്ക് ചീമയിലെ എന്ന സിനിമ ചെയ്യുന്നത്. വിഗ്‌നേഷ് പാണ്ഡ്യൻ, വടിവേലു എന്നിവരെ സഹകഥാപാത്രങ്ങളായും അവതരിപ്പിച്ചു. പലരും പരാജയപ്പെടും എന്ന് കരുതിയ ചിത്രത്തെ സൂപ്പർഹിറ്റാക്കിയാണ് ഭാരതിരാജ മാറ്റിയത്. ക്യാമറയ്ക്ക് പിന്നിലെ സകലകലാവല്ലഭൻ ആകണം സംവിധായകൻ എന്ന് പഠിപ്പിച്ചത് ഭാരതിരാജയായിരുന്നു. പകരം വെക്കാൻ ഇല്ലാത്ത ഒരു സർവകലാശാലയാണ് അദ്ദേഹം. ഒരു നടൻ എങ്ങനെയൊക്കെ അഭിനയിക്കണം, ഗാനങ്ങൾ എവിടെയൊക്കെ ചേർക്കാം, മേക്കപ്പ് എന്തായിരിക്കണം, ക്യാമറ എവിടെയാണ് വെക്കേണ്ടത്, എന്നിങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ഗ്രാഹ്യം ഭാരതിരാജയ്ക്ക് ഉണ്ടായിരുന്നു. തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ഭാരതിരാജ സിനിമാ സംവിധാനം ചെയ്തിട്ടുണ്ട്. വ്യക്തിപരമായി മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തിന് തന്നെ വലിയ ഒരു നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട് കൊണ്ട് ഉണ്ടായതെന്ന് പി. വാസു പറഞ്ഞു.

Content Highlights: Renowned Tamil filmmaker and screenwriter Bharathiraja has passed away, a loss described by director P. Vasu as the fall of Kollywood's Everest. P. Vasu credited Bharathiraja with revolutionizing Tamil cinema by moving shoots from indoor studios to realistic rural village settings. Bharathiraja was a legendary trendsetter who introduced and nurtured numerous superstars, including Kamal Haasan, Rajinikanth, Radhika, and Revathi. Vasu fondly recalled how Bharathiraja appreciated his work with Shanthikrishna in 'Paneer Pushpangal' and handed him the direction of 'Mella Pesungal' starring Bhanupriya. Describing Bharathiraja as a cinematic university, Vasu emphasized his absolute mastery over acting, music placement, makeup, and cinematography