ജയലളിതയുടെ ഏക ബോളിവുഡ് നായകന്‍; ഹിറ്റുകളേറെയുണ്ടായിട്ടും അന്യംനിന്ന സൂപ്പര്‍സ്റ്റാര്‍ പദവി

ഡിസംബര്‍ എട്ടിന് 90-ാം പിറന്നാള്‍ ആഘോഷിക്കാന്‍ കേവലം 13 ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇതിഹാസ ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ വിയോഗം. ആക്ഷന്‍ ഹീറോ മുതല്‍ റൊമാന്റിക് വേഷങ്ങള്‍വരെ ചെയ്ത ധര്‍മേന്ദ്രയുടെ ആറുപതിറ്റാണ്ടുനീണ്ടുനിന്ന സിനിമാ ജീവിതത്തിനുകൂടിയാണ് അന്ത്യമാവുന്നത്. മരണം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നത്. അഗസ്ത്യ നന്ദ അവതരിപ്പിക്കുന്ന സൈനിക കഥാപാത്രത്തിന്റെ പിതാവിന്റെ വേഷത്തിലാണ് ‘ഇക്കിസി’ല്‍ ധര്‍മേന്ദ്ര വെള്ളിത്തിരയിലെത്തുക.
ഹിറ്റുകള്‍ ഏറെ, സൂപ്പര്‍സ്റ്റാര്‍ പദവി അന്യം
ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ നായകനായിട്ടും സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കപ്പെടാതെ പോയ നടനാണ് ധര്‍മേന്ദ്ര. ധര്‍മേന്ദ്രയുടെ അത്രയും ഹിറ്റ് സിനിമകകളില്‍ നായകരായിട്ടില്ലാത്ത സമകാലികരും തുടര്‍ന്നുവന്ന നടന്മാരും സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹരായി. ധര്‍മേന്ദ്ര സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത് ദിലീപ് കുമാര്‍ ആയിരുന്നു സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്. പിന്നാലെ അത് കുറച്ചുകാലം രാജേഷ് ഖന്ന സ്വന്തമാക്കി. 70-കളില്‍ അമിതാഭ് ബച്ചനായിരുന്നു ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍.
ധര്‍മേന്ദ്രയുടെ ഹിറ്റ് ചിത്രങ്ങള്‍ മിക്കവാറും പിറന്നത് 70-കളിലായിരുന്നു. ഇവയിലേറേയും നായകതുല്യമായ ഒന്നിലേറെ കഥാപാത്രങ്ങളുള്ള ചിത്രങ്ങളായിരുന്നു. 'ഷോലെ’, ’യാദോം കി ഭാരത്’, ‘മേരാ ഗാവോം മേരാ ദേശ്’, ‘ധരം വീര്‍’ എന്നിവ ഉദാഹരണങ്ങള്‍. ഇതേ സമയത്ത് മറ്റ് നായകനടന്മാര്‍ സ്വന്തമായി ഹിറ്റ് സിനിമകള്‍ പുറത്തിറക്കിക്കൊണ്ടിരുന്നു.
80-കളിലും ഹിറ്റുകളുടെ ഭാഗമായെങ്കിലും, അമിതാഭ് ബച്ചന്‍, വിനോദ് ഖന്ന, ഋഷി കപൂര്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ധര്‍മേന്ദ്രയുടേതെല്ലാം ചെറിയ നിലയിലുള്ള ചിത്രങ്ങളായിരുന്നു. ആറ് ബ്ലോക്ബസ്റ്റര്‍, ഏഴ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ധര്‍മേന്ദ്രയുടേതായി വന്നു. എന്നാല്‍, മിഥുന്‍ ചക്രവര്‍ത്തിക്ക് ശേഷം ഏറ്റവും കൂടുതല്‍ പരാജയചിത്രങ്ങളുള്ള രണ്ടാമത്തെ ബോളിവുഡ് നടന്‍ എന്ന പേരും ധര്‍മേന്ദ്രയ്ക്ക് വന്നുചേര്‍ന്നു. 150-ഓളമാണ് ധര്‍മേന്ദ്രയുടെ പേരിലുള്ള പരാജയചിത്രങ്ങള്‍. ഇതും സൂപ്പര്‍സ്റ്റാര്‍ പദവി ധര്‍മേന്ദ്രയ്ക്ക് അപ്രാപ്യമാക്കി.
ജയലളിതയുടെ ആദ്യബോളിവുഡ് നായകന്‍
തെന്നിന്ത്യന്‍ നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ആദ്യമുഴുനീള ബോളിവുഡ് ചിത്രത്തിലെ നായകനായിരുന്നു ധര്‍മേന്ദ്ര. 1968-ല്‍ ടി. പ്രകാശ് റാവുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ഇസ്സത്ത്' എന്ന ചിത്രത്തില്‍ ശേഖര്‍, ദിലീപ് സിങ് എന്നീ ഇരട്ടവേഷത്തിലാണ് ധര്‍മേന്ദ്ര അഭിനയിച്ചത്. ദിലീപ് സിങ്ങിന്റെ പ്രണയിനിയുടെ വേഷത്തിലാണ് ജയലളിത ചിത്രത്തിലെത്തിയത്.
ജയലളിതയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നില്ല 'ഇസ്സത്ത്'. അവര്‍ ആദ്യമായി അഭിനയിച്ചത് മന്‍-മൗജി എന്ന ചിത്രത്തിലാണ്. കേവലം മൂന്നുമിറ്റ് മാത്രമുണ്ടായിരുന്ന വേഷമായിരുന്നു അത്. ജയലളിത ആദ്യമായി ബോളിവുഡില്‍ മുഴുനീള നായികാ വേഷം അവതരിപ്പിച്ച ചിത്രമെന്നാതാണ് 'ഇസ്സത്തി'ന്റെ പ്രത്യേകത. പിന്നീട് അവര്‍ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായിട്ടില്ല.
സാമ്പത്തികമായി വലിയ മെച്ചമായിരുന്നില്ല 'ഇസ്സത്ത്'. എന്നാല്‍, ധര്‍മേന്ദ്രയുടേയും ജയലളിതയുടേയും കെമിസ്ട്രി ചര്‍ച്ച ചെയ്യപ്പെട്ടു.
Content Highlights: A Legend's Last Bow: Remembering Dharmendra, Bollywood's Evergreen Hero