ഓർമ്മകളിലെ അച്ഛനും അമ്മയും: ഒരു മകളുടെ ഹൃദയത്താളുകൾ

#സിന്ധു രാജീവ്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ജീവിതം ചിലപ്പോഴൊക്കെ പഴയൊരു പുസ്തകം പോലെയാണ്. പേജുകൾ മറിയുമ്പോഴും മായാത്ത മഷിയിൽ പതിഞ്ഞ ചില വരികൾ അതിലുണ്ടാകും. ഇന്ന് ഫാദേഴ്സ് ഡേയിൽ, എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് എന്റെ അച്ഛന്റെയും അമ്മയുടെയും മുഖങ്ങളാണ്. അച്ഛൻ വെറുമൊരു കോളേജ് പ്രൊഫസറായിരുന്നില്ല, മറിച്ച് മനസ്സ് കൊണ്ട് ഒരു കവിയും ഗാനരചയിതാവും കൂടിയായിരുന്നു. അച്ഛന്റെ പേര് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ.

തന്റെ തൂലികത്തുമ്പിൽ നിന്നും പിറന്ന 95 ചലച്ചിത്ര ഗാനങ്ങളിലൂടെ അച്ഛൻ മലയാളിയുടെ സംഗീത ലോകത്ത് സ്വന്തം അടയാളം പതിപ്പിച്ചു. പക്ഷെ, അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ 'അധ്യായം' സിനിമയേക്കാൾ ഉപരിയായിരുന്നു. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ ബാല്യകാല സുഹൃത്തും, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനുമായിരുന്നു എന്റെ അച്ഛൻ. അവരുടേത് വെറും സൗഹൃദമായിരുന്നില്ല, കൗതുകങ്ങളും സ്വപ്നങ്ങളും പങ്കുവെച്ച ആത്മസൗഹൃദമായിരുന്നു.

ഇന്ന് ഫാദേഴ്സ് ഡേയിൽ അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ, ആ ഓർമ്മകൾക്ക് തിളക്കം കൂട്ടാൻ അമ്മ കൂടെയില്ല എന്നതാണ് ഏറ്റവും വലിയ വേദന. എന്റെ അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് വെറും ആറ് മാസമേ ആയിട്ടുള്ളൂ. അമ്മയുടെ അഭാവം വീട്ടിലെ ഓരോ കോണിലും വലിയൊരു ശൂന്യതയായി പടരുമ്പോഴും, ആ ഓർമ്മകളാണ് എനിക്ക് കരുത്ത്.

എന്റെ അച്ഛനെ സ്‌നേഹിക്കാനും അദ്ദേഹത്തിന്റെ പാട്ടുകളും സൗഹൃദകഥകളും കേൾക്കാനും അമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. അച്ഛന്റെ വരികളിൽ അമ്മ അനുഭവിച്ച സംഗീതവും, ആ സൗഹൃദത്തിന്റെ ചൂടും അമ്മയുടെ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ട്.

ഇന്ന് അച്ഛനെ കുറിച്ച് പറയുന്നതും ഓർക്കുന്നതും അമ്മയ്ക്കും ഏറെ സന്തോഷം നൽകുന്ന കാര്യമായിരുന്നുവെന്ന് എനിക്കറിയാം. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മങ്ങിപ്പോയേക്കാവുന്ന ഈ ഓർമ്മകളെ, ഇന്ന് ഞാൻ ഇവിടെ കുറിക്കുന്നത് എന്റെ സ്‌നേഹം കൊണ്ടാണ്. അച്ഛന്റെ പാട്ടുകളിലും, ആ സൗഹൃദത്തിന്റെ കഥകളിലും, അമ്മയുടെ പുഞ്ചിരിയിലും ഇന്നും അവർ 'രണ്ടുപേരും എന്നോടൊപ്പം തന്നെയുണ്ട്.'

ലോകത്തിലെ ഏറ്റവും വലിയ സമ്മാനമായി ഞാൻ കരുതുന്നത്, ഇത്രയും മഹത്തായ ഒരു പാരമ്പര്യമുള്ള കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞുവെന്നതാണ്. അച്ഛാ, ഇന്ന് അച്ഛൻ ഇല്ലെങ്കിലും, അച്ഛൻ എഴുതിയ വരികളിലൂടെയും അച്ഛന്റെ പ്രിയ സുഹൃത്തിന്റെ ഓർമ്മകളിലൂടെയും അച്ഛൻ ഞങ്ങളിൽ ജീവിക്കുന്നു.

രതി രജനീഗന്ധി രതി രജനീഗന്ധി

രഹസ്യസ്വപ്നമായ് വിടരൂ

എന്റെ മനസ്സിൻ ലയമായ് ഉണരൂ

അമ്പലനടയിലെ ആമ്പൽ വിളക്കിലെ

സന്ധ്യാവർണ്ണമായ് വിരിയുമ്പോൾ

നീ സിന്ദൂരമുഖിയായ് നിൽക്കുമ്പോൾ

മണ്ഡപക്കോണിലെ ചിത്രക്കോണിൽ

മറഞ്ഞു ഞാൻ കണ്ടൂ

നിന്റെ മലർ മിഴി ഞാൻ കണ്ടൂ

ഈ വരികളിൽ അച്ഛൻ പകർന്നുനൽകിയ അനുഭൂതി പോലെയായിരുന്നു അച്ഛന്റെയും അമ്മയുടെയും പ്രണയവും. അത് വെറുമൊരു വിവാഹബന്ധമായിരുന്നില്ല, മറിച്ച് മുറപ്പെണ്ണായ അമ്മയോടുള്ള അച്ഛന്റെ ആത്മാർഥമായ പ്രണയത്തിന്റെ പരിസമാപ്തിയായിരുന്നു. സിനിമയിലെ കഥകളെക്കാൾ മനോഹരമായിരുന്നു അവരുടെ സ്വന്തം പ്രണയകഥ.

നിങ്ങൾ രണ്ടുപേരും സ്വർഗത്തിൽ ഒത്തുചേർന്ന് ഇന്നും ആ പഴയ പ്രണയ ഗാനങ്ങൾ പാടുന്നുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. വിശ്വാസം മാത്രം അല്ല അങ്ങനെ തന്നെ ആയിരിക്കും അമ്മേ, അമ്മ ഇല്ലാത്ത ഈ ദിനം അച്ഛന്റെ ഓർമ്മകൾ കൊണ്ട് ഞാൻ നിറയ്ക്കുന്നു.

അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഈ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ. മനോഹരമായ നിമിഷം. എന്നും എന്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു. അച്ഛൻ എഴുതിയ വരികളിലൂടെ.

Content Highlights: On Father's Day, the daughter of late college professor, poet, and popular Malayalam film lyricist Chirayinkeezhu Ramakrishnan Nair shared an emotional tribute. She remembered his 95 cinematic songs, his deep friendship with evergreen actor Prem Nazir, and his beautiful romance with his cousin-wife, who passed away six months ago.