ആരാധകരുടെ പ്രിയ മെഗാസ്റ്റാർ; അഭിനയജീവിതത്തിൽ 48 വർഷം പൂർത്തിയാക്കി ചിരഞ്ജീവി

അഭിനയജീവിതത്തിൽ 48 വർഷം പൂർത്തിയാക്കി തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. തന്റെ സിനിമായാത്രയെ ഓർമിപ്പിച്ചുകൊണ്ടും ചലച്ചിത്ര പ്രവർത്തകർക്കും സാങ്കേതിക വിദഗ്ധർക്കും നന്ദി പറഞ്ഞുകൊണ്ടും, തന്നെ പിന്തുണച്ച തലമുറകളായ ആരാധകരോടുള്ള കൃതജ്ഞത അറിയിച്ചുകൊണ്ടും താരം എക്‌സിൽ ഒരു വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചു. ഔദ്യോഗിക നേട്ടങ്ങളേക്കാൾ പ്രേക്ഷകരിൽ നിന്ന് ലഭിച്ച സ്‌നേഹത്തിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചിരഞ്ജീവിയുടെ സോഷ്യൽ മീഡിയാ കുറിപ്പ്
'ഈ 48 വർഷത്തിനിടയിൽ ഞാൻ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരുപാട് വിജയങ്ങൾക്ക് സാക്ഷിയായി. എനിക്ക് നിരവധി പുരസ്‌കാരങ്ങളും ആദരവുകളും ലഭിച്ചു. ഈ നീണ്ട യാത്രയിൽ, എന്നിൽ വിശ്വാസമർപ്പിച്ച് അവസരങ്ങൾ നൽകിയ ഓരോ നിർമാതാവിനും, എന്നിലെ നടന്റെ പുതിയ വശങ്ങൾ കണ്ടെത്തിയ ഓരോ സംവിധായകനും, എന്റെ ഓരോ സിനിമയ്ക്കും പിന്നിൽ രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത അഭിനേതാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും, നിങ്ങളിൽ ഓരോരുത്തർക്കും-എന്റെ ഹൃദയംഗമമായ നന്ദി. നേടിയ വിജയങ്ങളേക്കാളെല്ലാം വലുതാണ് നിങ്ങൾ എനിക്ക് നൽകിയ സ്‌നേഹം. ആ ആദരവുകളേക്കാൾ വിലമതിക്കാനാവാത്തതാണ് നിങ്ങളുടെ ഹൃദയങ്ങളിൽ എനിക്ക് നൽകിയ സ്ഥാനം. എന്നെ ഒരു കുടുംബാംഗമായി കണ്ട് അത്തരത്തിലുള്ള സമാനതകളില്ലാത്ത സ്‌നേഹവും വാത്സല്യവും ചൊരിഞ്ഞ ഓരോ ആരാധകനും-എന്റെ ഹൃദയം നിറഞ്ഞ നന്ദി,' അദ്ദേഹം പറഞ്ഞു.
സിനിമാ ജീവിതം, നാഴികക്കല്ലുകൾ
കോനിഡേല ശിവ ശങ്കര വര പ്രസാദ് എന്നാണ് ചിരഞ്ജീവിയുടെ യഥാർത്ഥ പേര്. അഭിനയജീവിതത്തിന്റെ തുടക്കത്തിൽ അദ്ദേഹം ചിരഞ്ജീവി എന്ന സ്‌ക്രീൻ നെയിം സ്വീകരിക്കുകയായിരുന്നു. 1978 സെപ്റ്റംബർ 22-നാണ് ചിരഞ്ജീവിയുടെ ആദ്യ ചിത്രമായി 'പ്രാണം ഖരീദു' തിയേറ്ററുകളിൽ എത്തിയത്. 'പുണാദി റല്ലു' ആണ് അദ്ദേഹം ആദ്യം അഭിനയിച്ച ചിത്രമെങ്കിലും, കെ. വാസു സംവിധാനം ചെയ്ത 'പ്രാണം ഖരീദു' നേരത്തെ റിലീസ് ചെയ്യുകയായിരുന്നു. ചിത്രത്തിൽ നരസിംഹ എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിച്ചത്.
അഭിനയജീവിതത്തിന്റെ തുടക്കത്തിൽ പ്രതിനായക വേഷങ്ങൾ ചെയ്തുവന്ന ചിരഞ്ജീവി പതിയെ നായകവേഷങ്ങൾ ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റി. 1983-ൽ പുറത്തിറങ്ങിയ ഖൈദി എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത്. തുടർന്നിങ്ങോട്ട് 150 ചിത്രങ്ങൾ അദ്ദേഹം നായകനായി പുറത്തുവന്നു. പിന്നാലെ മെഗാസ്റ്റാർ എന്ന വിശേഷണവും താരം സ്വന്തമാക്കി. യമഡുകി മൊഗഡു, ജാഗദേക വീരുഡു അതിലോക സുന്ദരി, ഗ്യാങ് ലീഡർ, ഘരണ മൊഗുഡു തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ താരമൂല്യം ഉയർത്തി.
1992-ൽ പുറത്തിറങ്ങിയ ആപത്ബാന്ധവുഡു എന്ന ചിത്രം ചരിത്രത്തിൽ ഇടംപിടിച്ചു. അതിനുകാരണം ചിത്രത്തിനായി ചിരഞ്ജീവി വാങ്ങിയ പ്രതിഫലമായിരുന്നു. അന്ന് 1.25 കോടി രൂപയാണ് അദ്ദേഹം പ്രതിഫലമായി കൈപ്പറ്റിയത്. അക്കാലത്ത് രജനീകാന്തും കമൽ ഹാസനും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഒരു സിനിമയ്ക്ക് 60 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ മാത്രമാണ് പ്രതിഫലം വാങ്ങിയിരുന്നത്. അന്ന് ഇന്ത്യയിൽ ഒരു നടനും ഒരുകോടി രൂപ എന്ന പ്രതിഫല പരിധി കടന്നിരുന്നില്ല. എന്നാൽ കെ. വിശ്വനാഥ് സംവിധാനം ചെയ്ത 'ആപദ്ബാന്ധവുഡു'വിലെ അഭിനയത്തിന് ചിരഞ്ജീവി പ്രതിഫലത്തിന്റെ കാര്യത്തിൽ റെക്കോഡിട്ടു. ആ തുക വാങ്ങുന്ന ആദ്യ ഇന്ത്യൻ നടനായി അദ്ദേഹം മാറുകയും ചെയ്തു. ഒരു പ്രാദേശിക ഭാഷാ ചിത്രത്തിൽ പ്രധാനമായും പ്രവർത്തിച്ച ഒരു തെലുങ്ക് നടൻ രാജ്യത്തെ മുഴുവൻ ഏറ്റവും ഉയർന്ന വാണിജ്യ മൂല്യമുള്ള താരമായി മാറുകയായിരുന്നു. ചിരഞ്ജീവി പുതിയ മാനദണ്ഡം കുറിച്ച ശേഷമാണ് മറ്റ് പ്രമുഖ താരങ്ങൾ ഒരു കോടി എന്ന തുക കടന്നത്. 1994-ൽ കമൽ ഹാസനും തൊട്ടുപിന്നാലെ രജനീകാന്തും നേട്ടം കൈവരിച്ചു.
രാഷ്ട്രീയ പ്രവേശനം, തിരിച്ചുവരവ്
സിനിമയിലെ വലിയ വിജയങ്ങൾക്ക് ശേഷം ചിരഞ്ജീവി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും സിനിമയിൽനിന്ന് ഏകദേശം ഒരു പതിറ്റാണ്ടോളം ഇടവേള എടുക്കുകയും ചെയ്തു. 2008-ൽ അദ്ദേഹം പ്രജാരാജ്യം പാർട്ടി സ്ഥാപിക്കുകയും പിന്നീട് കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. തുടർന്ന് 2017-ൽ 'ഖൈദി നം. 150' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ശക്തമായി തിരിച്ചെത്തിയത്. അതിനുശേഷം 2019-ൽ പുറത്തിറങ്ങിയ 'സെയ്‌റാ നരസിംഹ റെഡ്ഡി', 'വാൾട്ടയർ വീരയ്യ' തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ബോക്‌സ് ഓഫീസ് മൂല്യം വീണ്ടും തെളിയിച്ചു.
അനിൽ രവിപുടി സംവിധാനം ചെയ്ത 'മന ശങ്കര വര പ്രസാദ് ഗാരു' എന്ന ചിത്രത്തിലാണ് അദ്ദേഹം ഒടുവിൽ വേഷമിട്ടത്. വെങ്കടേഷും നയൻതാരയുമാണ് ചിരഞ്ജീവിക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തിയത്. 200 കോടി രൂപ നിർമാണച്ചെലവുള്ള ചിത്രം ആ തുക മറികടന്ന് വലിയ ലാഭമാണ് നേടിയത്. വിദേശ ബോക്‌സ് ഓഫീസിലും വലിയ മുന്നേറ്റം നടത്തിയ ചിത്രം നോർത്ത് അമേരിക്കയിൽ ചിരഞ്ജീവിയുടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയായി മാറി.
തന്റെ കരിയറിൽ ചിരഞ്ജീവി ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 'പ്രതിബന്ധ്' (1990), 'ആജ് കാ ഗുണ്ട രാജ്' (1992), 'ദി ജെന്റിൽമാൻ' (1994) എന്നിവ അദ്ദേഹത്തിന്റെ ഹിന്ദി ചിത്രങ്ങളിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ഗ്യാങ് ലീഡർ' എന്ന ചിത്രത്തിന്റെ ഹിന്ദി റിമേക്കായിരുന്നു 'ആജ് കാ ഗുണ്ട രാജ്'. തന്റെ സ്വന്തം ഹിന്ദി ഭാഷാ ചിത്രങ്ങൾക്ക് പുറമെ, ചിരഞ്ജീവിയുടെ നിരവധി തെലുങ്ക് സിനിമകൾ ഡബ്ബ് ചെയ്ത് ഹിന്ദിയിലും മലയാളത്തിലുമുൾപ്പെടെ റിലീസ് ചെയ്യുകയും, രാജ്യത്തുടനീളമുള്ള പ്രേക്ഷകരിലേക്ക് അദ്ദേഹത്തിന്റെ ജനപ്രീതി എത്തിക്കുകയും ചെയ്തു.
പ്രധാന പുരസ്‌കാരങ്ങൾ
'മെഗാ സ്റ്റാർ' എന്നറിയപ്പെടുന്ന അദ്ദേഹം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വിജയകരവും സ്വാധീനശക്തിയുമുള്ള നടന്മാരിൽ ഒരാളായി വ്യാപകമായി കണക്കാക്കുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നർത്തകരിൽ ഒരാളായും അദ്ദേഹം ആഘോഷിക്കപ്പെടുന്നു. 2006-ൽ പത്മഭൂഷൻ, 2024-ൽ പത്മവിഭൂഷൻ എന്നീ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. 2022-ലെ ഐ.എഫ്.എഫ്.ഐ. ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രഘുപതി വെങ്കയ്യ പുരസ്‌കാരം, മൂന്ന് നന്ദി പുരസ്‌കാരങ്ങൾ, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും ഓണററി അവാർഡും ഉൾപ്പെടെയുള്ള ഒമ്പത് സൗത്ത് ഫിലിംഫെയർ പുരസ്‌കാരങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന നേട്ടങ്ങൾ. 2013-ൽ സി.എൻ.എൻ-ഐ.ബി.എൻ. അദ്ദേഹത്തെ 'ഇന്ത്യൻ സിനിമയുടെ മുഖം മാറ്റിയ മനുഷ്യരിൽ' ഒരാളായി വിശേഷിപ്പിച്ചു. 2024-ൽ ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും പ്രഗത്ഭനായ നടൻ-നർത്തകൻ എന്ന നിലയിലുള്ള ഗിന്നസ് ലോക റെക്കോർഡ് അദ്ദേഹത്തിന് ലഭിച്ചു.
പുതിയ ചിത്രങ്ങൾ
ബോബി കൊല്ലി സംവിധാനം ചെയ്യുന്ന കാക എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ഒരു ചിത്രം. വസിഷ്ഠ ഒരുക്കുന്ന വിശ്വംഭരാ എന്ന ഫാന്റസി ചിത്രവും ചിരഞ്ജീവിയുടേതായി വരുന്നുണ്ട്.
Content Highlights: Megastar Chiranjeevi marks 48 years in the film industry and shares a emotional thank-you note on X. Debuted in 1978 with 'Pranam Khareedu' and went on to star in over 150 films as a lead actor. Created history in 1992 by becoming the first Indian actor to be paid ₹1.25 crore for 'Aapadbandhavudu'. Honored with prestigious awards including Padma Bhushan (2006), Padma Vibhushan (2024), and a Guinness World Record. Upcoming projects include Vassishta's fantasy drama 'Vishwambhara' and Bobby Kolli's 'Kaaka'.