‘അടുത്ത സിനിമയിൽ ഭാഗ്യരാജിനെയും പൂർണിമയെയും കാസ്റ്റ് ചെയ്യണമെന്നായിരുന്നു ആഗ്രഹം’

#ബാലചന്ദ്രമേനോന്‍
ബാലചന്ദ്രമേനോനും ഭാ​ഗ്യരാജും, ഭാ​ഗ്യരാജ് കുടുംബത്തോടൊപ്പം | ഫോട്ടോ: മാതൃഭൂമി
ബാലചന്ദ്രമേനോനും ഭാ​ഗ്യരാജും, ഭാ​ഗ്യരാജ് കുടുംബത്തോടൊപ്പം | ഫോട്ടോ: മാതൃഭൂമി

ഭാഗ്യരാജിനെ ഞാൻ ആദ്യമായി കാണുന്നത് സ്‌ക്രീനിലാണ്. ‘സിഗപ്പു റോജാക്കൾ’ എന്ന സിനിമയിലായിരുന്നു അത്. അതിൽ പ്രധാനപ്പെട്ട കഥാപാത്രമൊന്നുമായിരുന്നില്ല. എന്നാൽ, പ്രസക്തിയുള്ള കഥാപാത്രമായിരുന്നു. കമൽഹാസന്റെ നായകകഥാപാത്രവും ഭാഗ്യരാജിന്റെ കഥാപാത്രവും തമ്മിൽ ടോയ്‌ലറ്റിനുള്ളിൽവെച്ച് ഒരു സംഘട്ടനരംഗമുണ്ട്. ആ സീനിൽ അദ്ദേഹത്തിന്റെ ശബ്ദമാണ് ഞാനന്ന് ശ്രദ്ധിച്ചത്. പ്രത്യേകതയുള്ള ശബ്ദം. മാത്രമല്ല, മൊത്തത്തിലുള്ള പകിട്ടും. ആള് കൊള്ളാമല്ലോ എന്ന തോന്നലാണ് മനസ്സിൽ വന്നത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, പേര് കൃഷ്ണസ്വാമി ഭാഗ്യരാജെന്നാണും സ്ക്രിപ്റ്റൊക്കെ എഴുതുന്നയാളാണ് എന്നുമൊക്കെ. പിന്നീടാണ് ഞങ്ങളെ രണ്ടുപേരെയും താരതമ്യംചെയ്ത്, മലയാളത്തിലെ ഭാഗ്യരാജ് എന്ന വിശേഷണം എനിക്കുകിട്ടുന്നതും.

അദ്ദേഹത്തിന്റെ സിനിമകൾ പലതും തേടിപ്പിടിച്ച് ഞാൻ കാണാൻ തുടങ്ങി. തമിഴിൽ മെലോഡ്രാമയുടെ അതിപ്രസരമില്ലാത്ത സിനിമകൾ ഒരുക്കിയയാളാണ് ഭാഗ്യരാജ്. സാധാരണക്കാരുടെ ജീവിതവും സാധാരണക്കാരുടെ സിനിമയുമായിരുന്നു അതെല്ലാം. ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമകൾ. അധികവും കുടുംബസിനിമകൾ എന്ന ഗണത്തിൽപ്പെടുത്താവുന്നവ.

ഞങ്ങൾ രണ്ടുപേരും ചെയ്തിരുന്നത് ഒരേഭാരമുള്ള ജോലികളായിരുന്നു, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം-അതായിരിക്കാം എന്നെയും അദ്ദേഹത്തെയും തുലനംചെയ്യാനുള്ള കാരണം. എന്റെ, ‘ഒരു പൈങ്കിളിക്കഥ’ എന്ന സിനിമയുടെ നൂറാംദിനാഘോഷം എറണാകുളത്ത് നടന്നപ്പോൾ മുഖ്യാതിഥിയായി എത്തിയത് ഭാഗ്യരാജായിരുന്നു. പ്രേംനസീറും ചടങ്ങിലുണ്ടായിരുന്നു.

അന്നദ്ദേഹം പറഞ്ഞൊരു കാര്യം ഇന്നും എന്റെ മനസ്സിലുണ്ട്: ‘നിങ്ങൾ എന്തുകൊണ്ടാണ് ഇദ്ദേഹത്തെ മലയാളത്തിലെ ഭാഗ്യരാജ് എന്ന് വിശേഷിപ്പിക്കുന്നത്? എനിക്കതിനോട് യോജിപ്പില്ല. കാരണം, ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകൾ വ്യത്യസ്തങ്ങളാണ്. മാത്രമല്ല അങ്ങനെയൊരു വിശേഷണം ആർക്കും നൽകാൻ പാടില്ല. കുറെക്കാലം എന്നെ, ‘മദ്രാസിലെ രാജ്കപൂർ’ എന്ന് ആളുകൾ വിശേഷിപ്പിച്ചിരുന്നു. ഞാനതിനെ എതിർക്കുകയും ചെയ്തിട്ടുണ്ട്. ബാലചന്ദ്രമേനോന് ഇങ്ങനെയൊരു വിശേഷണമുണ്ടാകുമ്പോൾ അതിനെതിരേ മിണ്ടാതിരിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ മഹാമനസ്കതകൊണ്ടാണ്’ എന്നാണ് ഭാഗ്യരാജ് പറഞ്ഞത്.

‘അമ്മയാണേ സത്യം’ എന്ന എന്റെ സിനിമ തമിഴിൽ നിർമിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ചില കാരണങ്ങളാൽ അത് നടന്നില്ല. ഏറ്റവും ഒടുവിൽ അദ്ദേഹത്തെ നേരിൽക്കണ്ടത് ദുബായിൽ വെച്ചാണ്, രണ്ടുവർഷംമുൻപ്. ഏറ്റവും സങ്കടകരമായ കാര്യം മറ്റൊന്നാണ്. ഞാൻ അടുത്ത സിനിമയുടെ പണിപ്പുരയിലായിരുന്നു. അതിൽ രണ്ടുദമ്പതിമാരിൽ ഒന്നായി ഭാഗ്യരാജിനെയും പൂർണിമയെയും കാസ്റ്റ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനിടെയാണ് സങ്കടകരമായ ഈ വാർത്ത. എന്നെ ‘മേനൻ’ എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. ആ വിളി ഇപ്പോഴും എന്റെ കാതിൽ കേൾക്കാം. വളരെ നല്ല ഒരു സൗഹൃദം, ഒരു കുടുംബംപോലെ. എന്നെ സംബന്ധിച്ച് വലിയൊരു നഷ്ടമാണ്.

Content Highlights: Reflections on the first encounter with K. Bhagyaraj through screen performances. Analysis of Bhagyaraj's unique style in Tamil family dramas. Clarification on the 'Malayalam Bhagyaraj' moniker and mutual professional respect. Personal anecdote regarding the desire to cast Bhagyaraj and Poornima in a future project. Deep personal loss felt by Balachandra Menon over their enduring friendship