ബിഗ് സ്ക്രീനിലെ അജിത് കുമാർ, റേസിംഗ് ട്രാക്കിന്റെ 'ഗ്ലാഡിയേറ്റർ', കയ്യടി തിരശ്ശീലയ്ക്ക് പുറത്തേക്കും

#മൂവി ഡെസ്ക്
അജിത് കുമാർ | ഫോട്ടോ: X
അജിത് കുമാർ | ഫോട്ടോ: X

തിയേറ്ററുകളിൽ ആരാധകരെക്കൊണ്ട് കയ്യടിപ്പിക്കുകയും ആർപ്പുവിളിപ്പിക്കുകയും ചെയ്തിട്ടുണ്ട് തമിഴ് സൂപ്പർതാരം അജിത്. എന്നാൽ ബിഗ്സ്ക്രീനിന് പുറത്തും ആരാധകരെ ആവേശത്തിമിർപ്പിലാക്കുകയാണ് അദ്ദേഹം. അത് റേസിംഗ് കാറിന്റെ സ്റ്റിയറിങ്ങിന് പിന്നിലിരുന്നാണെന്ന് മാത്രം. അജിത്തിന്റെ റേസിംഗ് ജീവിതത്തെ അടിസ്ഥാനമാക്കി അണിയിച്ചൊരുക്കിയ 'ഗ്ലാഡിയേറ്റേഴ്സ്: ഇൻ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്' (Gladiators: In Pursuit of Challenges) എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ അദ്ദേഹത്തിന്റെ മോട്ടോർസ്പോർട്ടുമായുള്ള ദീർഘകാല ബന്ധത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതാണ്. ട്രെയിലർ പുറത്തുവന്നതിനുപിന്നാലെ കാർ റേസിങ്ങിലേയ്ക്ക് അജിത്ത് കുറച്ചധികം ശ്രദ്ധ കൊടുക്കുന്നുണ്ടോ എന്ന തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്.

ഗ്ലാഡിയേറ്റേഴ്സ്: ഇൻ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്

'ദൈവ തിരുമകൻ', 'സൈവം', തലൈവാ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് 'ഗ്ലാഡിയേറ്റേഴ്സ്: ഇൻ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്'. സിനിമയുടെ വെളിച്ചത്തിനപ്പുറമുള്ള അജിത്തിന്റെ മറ്റൊരു മുഖമാണ് ചിത്രം കാണിച്ചുതരുന്നത്. ഒരു പ്രൊഫഷണൽ റേസർ എന്ന നിലയിലുള്ള അജിതിന്റെ ജീവിതത്തിലേക്കുള്ള കടന്നുചെല്ലൽ കൂടിയാണ് ഗ്ലാഡിയേറ്റേഴ്സ്. ശനിയാഴ്ച റിലീസ് ചെയ്ത നാല് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ഇരമ്പുന്ന എഞ്ചിനുകളും കഠിനമായ സർക്യൂട്ടുകളും ഉയർന്ന വേഗതയിൽ റേസ് ചെയ്യുമ്പോൾ അനുഭവപ്പെടുന്ന കടുത്ത സമ്മർദ്ദങ്ങളും കാണാം. എൻഡ്യൂറൻസ് റേസിംഗിന്റെ ആവശ്യകതകളും റേസിംഗ് ട്രാക്കുകളിലെ വെല്ലുവിളികളും നേരിടുന്ന അജിതിനെയാണ് ഇതിൽ പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഫോർമുല വൺ ഡ്രൈവറായ നരേൻ കാർത്തികേയൻ ഉൾപ്പെടെയുള്ള മോട്ടോർ സ്പോർട്സ് മേഖലയിലെ പ്രമുഖർ ഈ ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അജിത്ത് എന്ന നടനെക്കാൾ, സ്വന്തം ഇഷ്ടപ്രകാരം റേസിംഗ് കാറിലേക്ക് കയറിയിരുന്ന് കായികപരവും മാനസികവുമായ ബുദ്ധിമുട്ടുകൾ സ്വയം ഏറ്റെടുക്കുന്ന അജിത്ത് എന്ന മനുഷ്യനിലാണ് 'ഗ്ലാഡിയേറ്റേഴ്സ്' ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിജയത്തോടും പരാജയത്തോടുമുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെക്കുറിച്ചും ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിലെ ആവേശമാണ് വലുതെന്നതാണ് അജിത്തിന്റെ കാഴ്ചപ്പാടെന്ന് ട്രെയിലറിൽ വ്യക്തമാക്കുന്നുണ്ട്. സ്വന്തം പരിമിതികളെ മറികടക്കുക, അടുത്ത വെല്ലുവിളി ഏറ്റെടുക്കുക, സ്റ്റിയറിംഗിന് പിന്നിൽ ഇരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കുക എന്നിവയാണ് അദ്ദേഹത്തിന് പ്രധാനമെന്നും ഡോക്യുമെന്ററി ട്രെയിലർ വ്യക്തമാക്കുന്നു.

അജിത്തിന്റെ ഭാര്യയും മുൻ നടിയുമായ ശാലിനി, അഭിനയരംഗത്തുനിന്ന് വിട്ടുനിന്നു ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഈ ഡോക്യുമെന്ററിയിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണ്. മക്കളായ അനുഷ്കയും ആദ്വിക്കും ഒപ്പമുണ്ട്. അജിത്തിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ചും പരാജയങ്ങളെ അദ്ദേഹം നേരിടുന്ന രീതിയെക്കുറിച്ചും ശാലിനി ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. റേസ്ട്രാക്കിൽ നിന്നും സിനിമ സെറ്റിൽ നിന്നും വ്യത്യസ്തനായ ഒരു അച്ഛനെക്കൂടി ഇതിലൂടെ കാണിച്ചുതരുന്നു.

ഡോക്യുമെന്ററിയുടെ ഒറിജിനൽ സൗണ്ട് ട്രാക്കായ 'ബോൺ ടു റേസ്' (Born to RACE) ഉടൻ പുറത്തിറങ്ങുമെന്ന് സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ അറിയിച്ചിട്ടുണ്ട്. അജിത്തിന്റെ ആരാധകർക്ക് ഇതൊരു പ്രത്യേക അനുഭവമായിരിക്കുമെന്നും ട്രെയിലറിലെ സംഗീതത്തിന് നൽകിയ മികച്ച പ്രതികരണത്തിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

അജിത്തിന്റെ റേസിങ് കരിയർ

90കളിൽത്തന്നെ അജിത്ത് മോട്ടോർ സൈക്കിൾ റേസിംഗ് ആരംഭിച്ചിരുന്നു. പരിക്കും സിനിമയിലെ തിരക്കുംകാരണം അദ്ദേഹം സിംഗിൾ-സീറ്റർ കാറുകളിലേക്ക് ശ്രദ്ധ കൊടുക്കുകയായിരുന്നു. 2002-ൽ ഫോർമുല മാരുതി നാഷണൽ ചാമ്പ്യൻഷിപ്പിലൂടെ താരം മത്സര റേസിംഗിലേക്ക് തിരിച്ചെത്തി. തന്റെ ഇനത്തിൽ നാലാം സ്ഥാനം നേടുകയും ചെയ്തു. അക്ബർ ഇബ്രാഹിമിനുകീഴിലായിരുന്നു അക്കാലത്ത് അജിത്തിന്റെ പരിശീലനം. 2003-ൽ അഞ്ച് ഏഷ്യൻ രാജ്യങ്ങളിലായി നടന്ന ഫോർമുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യൻഷിപ്പിൽ അന്തർദേശീയ തലത്തിൽ മത്സരിച്ചു. 2004-ൽ ബ്രിട്ടീഷ് ഫോർമുല 3 സ്കോളർഷിപ്പ് ക്ലാസിൽ പങ്കെടുത്തെങ്കിലും സിനിമാ തിരക്കുകൾ കാരണം അദ്ദേഹത്തിന് സീസൺ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു.

2010-ലാണ് റേസിംഗ് ട്രാക്കിലേക്കുള്ള അജിത്തിന്റെ ശക്തമായ തിരിച്ചുവരവ്. സഹ ഇന്ത്യൻ ഡ്രൈവർമാർക്കൊപ്പം അന്താരാഷ്ട്ര എഫ്.ഐ.എ. ഫോർമുല ടൂ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചുകൊണ്ട് സിംഗിൾ-സീറ്റർ റേസിംഗിലേക്ക് ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. തുടർന്ന് എം.ആർ.എഫ്. റേസിംഗ് പരമ്പരയിലും പങ്കെടുത്തു. 2011 മുതൽ 2024 വരെയുള്ള കാലയളവിൽ സിനിമയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി അജിത് മത്സര റേസിംഗ് സർക്യൂട്ടിൽ നിന്ന് മാറിനിന്നു. എങ്കിലും ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗിലും മെക്കാനിക്സിലുമുള്ള വലിയ താല്പര്യം താരം തുടർന്നു.

Also Read: റേസിങ്ങിനിടെ കാർ അപകടത്തിൽപ്പെട്ടു, നടൻ അജിത്ത് അദ്ഭുതകരമായി രക്ഷപ്പെട്ടു

ഗ്ലോബൽ എൻഡുറൻസ് റേസിംഗിലേക്കുള്ള തിരിച്ചുവരവ്

2025-ൽ അജിത് കുമാർ റേസിങ് എന്ന പേരിൽ അദ്ദേഹം സ്വന്തമായി റേസിങ് സംരംഭം ആരംഭിച്ചു. മിഷ്ലിൻ 24എച്ച് ദുബായ് മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി തന്റെ വിഭാഗത്തിൽ മൂന്നാം സ്ഥാനം അജിത്ത് സ്വന്തമാക്കി. വെനീസിൽ വെച്ച് ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയറിനുള്ള ഫിലിപ്പ് ചാരിയോൾ പുരസ്കാരവും അജിത്തിന് ലഭിച്ചു. അടുത്തിടെ മിെഷ്ലിൻ ലെ മാൻസ് കപ്പിൽ എൽ.എം.പി.3 ലിജിയർ ജെ.എസ്. പി325 പ്രോട്ടോടൈപ്പ് റേസ് കാർ ഓടിച്ചുകൊണ്ട്, തന്റെ ടീമായ 'അജിത് റെഡ് ആന്റ് ബൈ വിരാജിനൊപ്പം' ഉയർന്ന പ്രൊഫൈലുള്ള അന്താരാഷ്ട്ര എൻഡുറൻസ് റേസിങ്ങിലേയ്ക്കും ആരാധകരുടെ AK മുന്നേറി.

പുതിയ സിനിമ

നീണ്ട ഇടവേളയ്ക്കുശേഷം ഒരു സിനിമ പ്രഖ്യാപിച്ചിട്ടുണ്ട് അജിത്. ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിനുശേഷം സംവിധായകൻ അധിക് രവിചന്ദ്രനുമായി ഒരുമിക്കുന്ന ചിത്രത്തിന് ഡെയർ ഡെവിൾ എന്നാണ് പേര് നൽകിയിരിക്കുന്നത്. ശാലിനി അജിത് കുമാർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം ആണ്. അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടനാരംഭിക്കും.

Content Highlights: The official trailer for Gladiators: In Pursuit of Challenges, directed by Vijay, offers an intimate look at superstar Ajith Kumar's long-standing passion for professional motorsport and endurance racing, featuring rare screen appearances by his wife Shalini, their children, and insights from India's first F1 driver Narain Karthikeyan.