മൂത്രമൊഴിക്കാതിരിക്കാൻ വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാൾ ഭീകരമായ ഒന്ന് വേറെയില്ല- ശ്രിന്ദ

ശ്രിന്ദ | Photo: www.instagram.com|srindaa|
ശ്രിന്ദ | Photo: www.instagram.com|srindaa|

യഥാർത്ഥ സംഭവം ആസ്പദമാക്കിയൊരുക്കിയ തൊട്ടാൽ പൊള്ളുന്ന വിഷയം സംസാരിക്കുന്ന ചിത്രമാണ് ഫ്രീഡം ഫൈറ്റിലെ അസംഘടിതർ. ചിത്രത്തോടൊപ്പം പ്രധാന വേഷത്തിലെത്തിയ ശ്രിന്ദയും പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുക തന്നെ വേണമെന്നും ഒരു പ്രത്യേക ട്രാക്കിൽ സഞ്ചരിക്കണമെന്ന ഒരു നിർബന്ധവുമില്ലാത്തയാളാണ് താനെന്നും പറയുകയാണ് ശ്രിന്ദ. 

കുഞ്ഞില കഥ പറഞ്ഞപ്പോൾ

ഈ സിനിമ ചെയ്യണം എന്നുതന്നെയായിരുന്നു തോന്നിയത്. തിരക്കഥ നേരത്തെ അയച്ചുതന്നിരുന്നു. ശരിക്ക് നടന്ന സംഭവമാണ് തിരക്കഥയാക്കിയത്. കാലിക പ്രസക്തിയുള്ള വിഷയമാണ്. അങ്ങനെയുള്ള ഒരു വിഷയം സംസാരിക്കുന്ന സിനിമയാവുമ്പോൾ തീർച്ചയായും അതിന്റെ ഭാ​ഗമാവണമെന്ന് തന്നെയാണ് തോന്നിയത്.

സമാന അനുഭവസ്ഥരുമായി ആശയവിനിമയം നടത്തിയിരുന്നോ?

സമാന അനുഭവസ്ഥരുമായി ആശയവിനിമയം നടന്നിട്ടില്ല. കാരണം സിനിമയുടെ സംവിധായികയായ കുഞ്ഞില കോഴിക്കോട്ടുകാരിയാണ്. കുഞ്ഞിലയ്ക്ക് വളരെ ആഴത്തിൽ അറിയുന്നൊരു വിഷയമാണ്. വിജി ചേച്ചി (വിജി പെൺകൂട്ട്)യെ കുഞ്ഞിലയ്ക്ക് മുമ്പും വ്യക്തിപരമായി അറിയാം. എല്ലാ കാര്യങ്ങളും കുഞ്ഞിലയുമായാണ് ചർച്ച ചെയ്തിട്ടുള്ളത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോഴാണ് വിജി ചേച്ചിയുൾപ്പെടെയുള്ളവരെ പരിചയപ്പെടുന്നത്. അവരൊക്കെ സമരം നയിച്ചയാളാണ്.

അസംഘടിതർ എന്ന ചിത്രത്തിൽ ശ്രിന്ദ, വിജി പെൺകൂട്ട് എന്നിവർ

അസംഘടിതരിലെ യഥാർത്ഥ സമരനായിക

വിജി ചേച്ചി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. യഥാർത്ഥ സംഭവത്തേക്കുറിച്ച് കൂടുതലറിയാനും ആ സമയത്ത് അവർ നേരിട്ടിരുന്ന വെല്ലുവിളികളും മറ്റും ഷൂട്ടിങ് സമയത്ത് പങ്കുവെയ്ക്കുമായിരുന്നു. വെറുതേയിരിക്കുമ്പോൾ പഴയ കാര്യങ്ങളൊക്കെ ചർച്ച ചെയ്യും. ചില രം​ഗങ്ങളെടുക്കുമ്പോൾ ചേച്ചിയും നന്നായി വിശദീകരിച്ച് തരുമായിരുന്നു. വിജി ചേച്ചി അവരായിത്തന്നെയാണ് അഭിനയിച്ചത്. അതൊരു പുതിയ അനുഭവമായിരുന്നു. 

മൂത്രമൊഴിക്കാതിരിക്കാൻ വെള്ളം കുടിക്കാതിരിക്കുക എന്ന അവസ്ഥ

ഭക്ഷണവും വെള്ളവുമെല്ലാം മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളാണ്. മൂത്രമൊഴിക്കാതിരിക്കാൻ വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാൾ ഭീകരമായ ഒന്ന് വേറെയില്ല. പ്രാഥമികമായ ആവശ്യങ്ങൾ ഉപേക്ഷിക്കുക എന്ന് പറഞ്ഞാൽത്തന്നെ കൊടും ഭീകരതയാണ്.

കുഞ്ഞില നല്ല സംവിധായികയാണ്

ഈയൊരു സിനിമ ഇത്രയും മനോഹരമായി ചെയ്യാൻ കഴിയുക എന്ന് പറയുന്നത് കുഞ്ഞിലയ്ക്ക് ആ വിഷയത്തോടുള്ള സമീപനമാണ്.  എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്.  യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട ആളുകളാണ് ഈ സിനിമയ്ക്കുവേണ്ടി നിന്നിട്ടുള്ളത്. അതെല്ലാം ഈ സിനിമയ്ക്ക് സഹായകമായിട്ടുണ്ട്. സംവിധായകരിൽ സ്ത്രീ, പുരുഷൻ എന്നൊന്നില്ല. ഒരു നല്ല ഡയറക്ടർ അവരുടെ കാഴ്ചപ്പാട് എങ്ങനെ ആവിഷ്കരിക്കുന്നു, നമ്മളെ എങ്ങനെ വിശ്വസിപ്പിക്കുന്നു എന്നതെല്ലാം ഓരോ ഘടകങ്ങളാണ്. അങ്ങനെ നോക്കിയാൽ കുഞ്ഞില നല്ല സംവിധായികയാണ്.

സംവിധായിക കുഞ്ഞിലയും ശ്രിന്ദയും

ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണം

ഓരോ സിനിമയ്ക്കും ഓരോ സ്വഭാവമാണല്ലോ. ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണം. അസംഘടിതർ അത്തരത്തിലുള്ള ഒരു സിനിമയാണ്. എന്റർടെയിനർ ഒക്കെയാണെങ്കിൽ ചർച്ച ചെയ്യപ്പെടുന്ന രീതികൾ വ്യത്യസ്തമായിരിക്കും. 

ഫ്രീഡം ഫൈറ്റിലെ മറ്റുസിനിമകൾ

എല്ലാ സിനിമകളും കണ്ടിരുന്നു. എല്ലാ സിനിമകളിലേയും വൈകാരികത ഉൾക്കൊള്ളാനായി. അസംഘടിതർ പോലെ തന്നെ എല്ലാ സിനിമകളും നന്നായി ഇഷ്ടപ്പെട്ടു.

ഒരേ ട്രാക്കിൽ സഞ്ചരിക്കണമെന്ന് നിർബന്ധമില്ല

വരുന്ന സിനിമകളിൽ പറ്റുന്നത് ചെയ്യുന്നു. ഒരുപ്രത്യേക ട്രാക്കിൽ സഞ്ചരിക്കണമെന്ന ഒരു നിർബന്ധവുമില്ലാത്തയാളാണ് ഞാൻ. കഥാപാത്രത്തിന് കഥയിൽ എത്ര പ്രാധാന്യമുണ്ടെന്ന് മാത്രമേ നോക്കാറുള്ളൂ. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ അവസരം കിട്ടണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്.

ഇമേജ് തകർക്കാൻ മനഃപൂർവം ശ്രമിച്ചിട്ടില്ല

1983-ലെ കഥാപാത്രത്തിലൂടെയാണ് മലയാളികൾ എന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയത് അല്ലെങ്കിൽ അറിഞ്ഞുതുടങ്ങിയത്. ഇമേജിനെ ഭയപ്പെടുന്നൊന്നുമില്ല.  ഇമേജ് നമുക്ക് എപ്പോൾ വേണമെങ്കിലും മാറ്റാം. കിട്ടുന്ന കഥാപാത്രങ്ങളനുസരിച്ച് ചെയ്യാം എന്നുള്ളതാണ്. ഇമേജ് തകർക്കാൻ മനഃപൂർവമായി ഒരിക്കലും ശ്രമിച്ചിട്ടില്ല. ഞാനായിട്ട് തന്നെയാണ് എപ്പോഴും നിന്നിട്ടുള്ളത്. ഞാനല്ലാതെ ചെയ്യുന്നത് എന്റെ കഥാപാത്രങ്ങളാണ്. അതിലാണ് എനിക്ക് സന്തോഷവും. 

ഭീഷ്മ പർവത്തിൽ ശ്രിന്ദ

പുതിയ ചിത്രങ്ങൾ

ഇനി വരാനിരിക്കുന്നത് അമൽ നീരദിന്റെ ഭീഷ്മ പർവമാണ്. മാർച്ച് മൂന്നിനാണ് റിലീസ്. അതിന്റയൊരു ആശ്ചര്യത്തിലും സന്തോഷത്തിലുമാണ്. വളരെക്കാലമായിട്ടുള്ള ആ​ഗ്രഹമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലഭിനയിക്കുക എന്നത്. ട്രാൻസിൽ അമലേട്ടൻ ക്യാമറ ചെയ്തിരുന്നു. പിന്നെ മമ്മൂക്ക. അത്രയും സന്തോഷത്തോടെ ചെയ്ത സിനിമയാണ് ഭീഷ്മ പർവം.

Content Highlights: actress srinda interview, freedom fight movie, bheeshma parvam

Content Highlights: