സുരേഷ് ഗോപിയെ കാണാന്‍ പറ്റിയില്ലെങ്കിലും സുരാജിനൊപ്പം അഭിനയിച്ചല്ലോ; മദനോത്സവത്തിലെ 'അമ്മായി'

ചെറുപ്പം മുതലേയുണ്ട് കാസര്‍കോട് മടിക്കൈ സ്വദേശിനി ചന്ദ്രികയ്ക്ക് സിനിമാ മോഹം. അഭിനയമോഹം കലശലായി നടന്‍ സുരേഷ് ഗോപിയെ കാണാന്‍ തിരുവനന്തപുരത്തെ വീട്ടില്‍പ്പോയി കാണാന്‍ പറ്റാതെ മടങ്ങേണ്ടിവന്ന അനുഭവമുണ്ട് ചന്ദ്രികയ്ക്ക്. പക്ഷേ കാലം അവര്‍ക്കായി കാത്തുവെച്ചത് വെള്ളിത്തിരയുടെ ശോഭ തന്നെയായിരുന്നു. അതും രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എന്ന ഹിറ്റ്‌മേക്കറുടെ രചനയില്‍ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം മുഴുനീളവേഷം. തിയേറ്ററുകളില്‍ പൊട്ടിച്ചിരി തീര്‍ത്ത് മുന്നേറുന്ന മദനോത്സവം എന്ന ചിത്രത്തിലെ നായകന്‍ മദനന്റെ അമ്മായി ആയെത്തിയ ചന്ദ്രിക മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
മദനോത്സവത്തിലേക്കെത്തിയത് ഓഡിഷന്‍ വഴി
കാസര്‍കോട് മടിക്കൈ എന്ന സ്ഥലത്താണ് വീട്. ഇതാദ്യമായാണ് സിനിമയില്‍ മുഖം കാണിക്കുന്നത്. വീട്ടമ്മയാണ്. മടിക്കൈയില്‍ തൊഴിലുറപ്പ് എ.ഡി.എസ് ആണ്. സിനിമയില്‍ അഭിനയിക്കാനുള്ള താത്പര്യം പണ്ടേയുണ്ട്. അനിയനോട് ഇക്കാര്യം ഇടയ്ക്ക് പറയുമായിരുന്നു. ഈയിടെ അനിയന്‍ അഭിനയിക്കാന്‍ ആളെ തേടുന്നു എന്ന ഒരു പരസ്യം ശ്രദ്ധയില്‍പ്പെടുത്തി. ബളാലിലുള്ള രാജേഷ് അഴീക്കോട് എന്ന സാറാണ് അനിയനോട് ഈ വിവരം പറഞ്ഞത്. കാഞ്ഞങ്ങാട് റെസ്റ്റ് ഹൗസില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ട്, പോയിനോക്കാം എന്നാണ് പറഞ്ഞത്. അങ്ങനെ പോയി. ഒരു സീന്‍ അഭിനയിച്ച് കാണിക്കണമായിരുന്നു. പണിക്ക് പോവാതെ ഉറങ്ങിക്കിടക്കുന്ന സുരാജിനെ എഴുന്നേല്‍പ്പിക്കുന്ന രംഗമാണ് ചെയ്യേണ്ടിയിരുന്നത്. ചെയ്തുകൊടുത്തപ്പോള്‍ത്തന്നെ അവര്‍ക്കിഷ്ടമായി.
അമ്മ വേഷം അമ്മായിയായപ്പോള്‍
സുരാജിന്റെ അമ്മയുടെ വേഷം എന്നായിരുന്നു പറഞ്ഞത്. പിന്നെയാണ് അമ്മായി ആക്കിയത്. ബളാലിലായിരുന്നു ഷൂട്ടിങ്. അവിടെ അടുത്തൊരു വീടെടുത്തു തന്നിരുന്നു താമസിക്കാന്‍. 52 ദിവസമുണ്ടായിരുന്നു ചിത്രീകരണം. ആദ്യമായിട്ടാണ് ഇത്രയും ദിവസം വീടുവിട്ടു നില്‍ക്കുന്നത്. രാവിലെ സെറ്റിലെത്തുമ്പോള്‍ സംവിധായകന്‍ സുധീഷ് സാര്‍ ഡയലോഗ് പറഞ്ഞുതരും. എന്നിട്ട് ചേച്ചിയുടെ രീതിയില്‍ പറഞ്ഞോ എന്നുപറയും. ഞാന്‍ ഡയലോഗ് കാണാതെ പഠിക്കും, എവിടെയും നോക്കാതെ പറയും. അങ്ങനെയാണ് ചെയ്തിരുന്നത്. പിന്നെ അവര്‍ പറഞ്ഞുതരുന്നത് നമ്മുടെ ശൈലിയില്‍ ചെറുതായി കൂട്ടിച്ചേര്‍ക്കും. പിന്നെ കാസര്‍കോട് ഭാഷയായതുകൊണ്ട് പറയാന്‍ എളുപ്പമായിരുന്നു. സംവിധായകന്‍ സുധീഷ് സാറും നന്നായി സഹായിച്ചു.
എന്നെ നന്നായി പേടിപ്പിച്ചോ എന്നാണ് സുരാജ് പറഞ്ഞത്
സുരാജ് തന്ന പിന്തുണയേക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ. ആ സാറില്ലെങ്കില്‍ ഞാനീ സിനിമയില്‍ ഇല്ല. ദേഷ്യപ്പെട്ട് സംസാരിക്കുന്ന സീനൊക്കെയുണ്ടായിരുന്നു. എനിക്കാണെങ്കില്‍ എന്തോ പോലെയായിരുന്നു. അദ്ദേഹം അത് മനസിലാക്കി. എന്നിട്ട് എന്നോട് പറഞ്ഞു, അമ്മായീ നിങ്ങള്‍ ഒരു രീതിയിലും വിഷമിക്കേണ്ട. നിങ്ങളെന്നെ നല്ലോണം പേടിപ്പിച്ചോ. നമ്മുടെ സിനിമ വിജയിക്കണമെങ്കില്‍ നിങ്ങള്‍ക്ക് നന്നായി ദേഷ്യം വരണം. അത് കേട്ടതോടെയാണ് എനിക്ക് ധൈര്യം വന്നത്.
സ്വാതി ദാസിനെ നന്നായി അടിച്ചു
സ്വാതി ദാസ് ചെയ്ത കഥാപാത്രത്തോട് അമ്മായിക്ക് ഉള്ളില്‍ സ്‌നേഹമൊക്കെയുണ്ട്. അവന്‍ നന്നായിക്കോട്ടേ എന്ന് വിചാരിച്ചാണ് തല്ലുന്നത്. കുറേ പ്രാവശ്യം ആ സീനെടുത്തു. ഡമ്മി വടിയാണെങ്കിലും തല്ലിക്കൊണ്ടിരിക്കുകയല്ലേ, എനിക്ക് എന്തോപോലെ ആയി. വേദനിക്കുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ധൈര്യമായി തല്ലിക്കോ എന്നാണ് സ്വാതി പറഞ്ഞത്.
സുരാജ് വീട്ടില്‍ വന്നു, ഭക്ഷണം കഴിക്കാന്‍ പറ്റിയില്ല
ഷൂട്ടിങ്ങിന്റെ ഇടയ്ക്ക് ഒരുദിവസം സുരാജ് വീട്ടില്‍ വന്നിരുന്നു. മക്കള്‍ ഒരു ദിവസം പറഞ്ഞു സുരാജ് സാറിനെ ഒന്നു കാണണമെന്ന്. ചോദിച്ചുനോക്കാമെന്ന് പറഞ്ഞു. സെറ്റിലെത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് കാര്യം പറഞ്ഞു. അതിനെന്താ, വരാമല്ലോ എന്ന് സുരാജ് സാര്‍ പറഞ്ഞു. എനിക്കും സാറിനും ഷൂട്ടുള്ള ദിവസം രാത്രി ഒരു ഏഴുമണിയായപ്പോള്‍ അദ്ദേഹം വന്നുപറഞ്ഞു നമുക്ക് ഉടനെ വീട്ടില്‍ പോയിട്ട് വരാമെന്ന്. ഒരു മണിക്കൂര്‍കൊണ്ട് പോയി തിരിച്ചുവരാമെന്നും പറഞ്ഞു. ഇവിടെ വന്നപ്പോഴുണ്ട് ഒരുപാട് ആളുകള്‍. സാറിന് വീട്ടില്‍ വന്നിട്ട് ഇരിക്കാന്‍ പോലും പറ്റിയില്ല. ഒന്നും കഴിക്കാനും പറ്റിയില്ല.
സിനിമ കണ്ടിറങ്ങിയപ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞു
ആദ്യത്തെ ദിവസം തന്നെ പോയി സിനിമ കണ്ടു. ആരും തിരിച്ചറിയേണ്ട എന്നുകരുതി സെക്കന്‍ഡ് ഷോയ്ക്കാണ് പോയത്. എന്നിട്ടും എന്നെ തിരിച്ചറിഞ്ഞു. ചുറ്റും ആളുകൂടി. ഫോട്ടോയെടുത്തു, കൈതന്നു. പിന്നെ ബളാലില്‍ ഒരു പരിപാടിയിലേക്ക് അതിഥിയായി ക്ഷണിച്ചിട്ടുമുണ്ട്. അമ്മായിയുടെ അഭിനയം അടിപൊളിയാണെന്ന് പറഞ്ഞു.
ഇഷ്ട നടന്‍ സുരേഷ് ഗോപി
പണ്ടാണെങ്കില്‍ സുരേഷ് ഗോപിയായിരുന്നു ഇഷ്ടമുള്ള നടന്‍. 2012-ല്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി സുരേഷ് ഗോപിയെ കാണാന്‍ തിരുവനന്തപുരത്തെ വീട്ടില്‍ പോയിട്ടുണ്ട്. അനിയനായിരുന്നു കൂടെ വന്നത്. പോവേണ്ട എന്ന് ഒരുപാടുപ്രാവശ്യം പറഞ്ഞതാണ്. ഞാന്‍ കേട്ടില്ല. ഒടുവില്‍ അവന്റെ കാലുപിടിച്ചാണ് സമ്മതിപ്പിച്ചത്. സുരേഷ് ഗോപി സാറിന്റെ വീട്ടില്‍ പോയെങ്കിലും കാണാന്‍ പറ്റിയില്ല. അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി അകത്തേക്ക് കടത്തിവിട്ടില്ല. വീടെങ്കിലും കണ്ടോട്ടേ എന്ന് ചോദിച്ചു. അതും ശരിയായില്ല. എന്തായാലും സുരേഷ് സാറിനെ കാണാന്‍ പറ്റിയില്ലെങ്കിലും സുരാജ് സാറിന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയല്ലോ.
Content Highlights: actress chandrika interview, chandrika about madanolsavam movie and suraj venjaramoodu