'പല സിനിമാക്കാരും വലിയ വേഷങ്ങൾ തരാൻ മടിച്ചു, വിഷാദാവസ്ഥയിലേക്കുവരെ എത്തിയ നാളുകളുണ്ടായിരുന്നു'

ജോർജുകുട്ടിയുടെയും റാണിയുടെയും മകളായ പ്ലസ്ടുക്കാരി അഞ്ജുവിൽനിന്ന് കൗശലക്കാരിയായ അഞ്ജിതയിലേക്ക് കൂടുമാറിയെത്താൻ അൻസിബ ഹസ്സൻ സഞ്ചരിച്ച ദൂരമേറെയാണ്. മലയാള സിനിമാ ചരിത്രത്തിലെതന്നെ ശ്രദ്ധേയമായ സിനിമയായ ‘ദൃശ്യ’ത്തിലെ അഞ്ജു എന്ന പ്ലസ്ടുക്കാരിയെ അവതരിപ്പിച്ചതോടെ ആ വേഷത്തിൽ വർഷങ്ങളോളം പല സിനിമാക്കാരുടെയും മനസ്സുകളിൽ തളയ്ക്കപ്പെട്ട ഒരാൾ. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുതിയ കഥാപാത്രങ്ങളും പ്രതീക്ഷകളുമായി അൻസിബ വീണ്ടുംവരുകയാണ്. ‘കുറുക്കൻ’ എന്ന സിനിമയിൽ അഭിനയിച്ചതിന്റെ വിശേഷങ്ങൾ അൻസിബ ‘മാതൃഭൂമി’യുമായി പങ്കുവെക്കുന്നു
കൗശലക്കാരുടെ കുറുക്കൻ
ജീവിതത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് കുറുക്കനിലെ ഏറ്റവുംവലിയ സന്തോഷമെന്ന് അൻസിബ പറയുന്നു. ‘കുറുക്കൻ എന്ന സിനിമയിൽ മോഡലിങ് ചെയ്യുന്ന അഞ്ജിത എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. മോഡലിങ്ങും റേഡിയോ ജോക്കിയും അവതാരകയുമൊക്കെയായി ജീവിതത്തിൽചെയ്യുന്ന വേഷങ്ങളുമായി ഏറെ സാമ്യമുള്ളതാണ് അഞ്ജിതയുടെ കഥാപാത്രം. വിനീതേട്ടനും ഷൈനേട്ടനും ഞാനുമൊക്കെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അതിജീവനത്തിനായി ഏറെ കൗശലങ്ങൾ ചെയ്യുന്നവരാണ്. വീണേടം വിഷ്ണുലോകം എന്ന മട്ടിലുള്ള കുറുക്കൻമാരായ കുറെ മനുഷ്യരുടെ കഥയാണ് സിനിമ. വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തിലും സംഘർഷത്തിലുമൊക്കെ കണ്ണിയായി നിൽക്കുന്ന കഥാപാത്രമാണ് അഞ്ജിത’- അൻസിബ പുതിയ കഥാപാത്രത്തിന്റെ വിശേഷങ്ങൾ പറഞ്ഞു.
ശ്രീനിയങ്കിളും വിനീതേട്ടനും
‘സിനിമയിലെത്തുമ്പോൾ മമ്മുക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിക്കണമെന്ന വലിയമോഹം എനിക്കുണ്ടായിരുന്നു. എന്നാൽ അത് ആരോടും പറയാതെ മനസ്സിൽ ഒളിച്ചുവെച്ചു. ദൃശ്യത്തിലൂടെ ലാലേട്ടന്റെയും സി.ബി.ഐ.യിലൂടെ മമ്മുക്കയുടെയുംകൂടെ അഭിനയിക്കാൻ സാധിച്ചു. അതുപോലെ എന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു വിനീതേട്ടനൊപ്പം അഭിനയിക്കണമെന്നത്. പുതിയ തലമുറയിലെ ബാലചന്ദ്രമേനോൻ സ്റ്റൈലിലുള്ള വിനീതേട്ടന്റെ സാന്നിധ്യംതന്നെ വളരെ പോസിറ്റീവ് ഫീൽ പകരുന്നതാണ്. ശ്രീനിയങ്കിൾ രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞശേഷം വീണ്ടും അഭിനയരംഗത്തേക്കെത്തിയ സിനിമയാണ് കുറുക്കൻ. ശ്രീനിയങ്കിളിന്റെ തിരിച്ചുവരവിൽ അദ്ദേഹത്തിനൊപ്പം ചേരാൻ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ്. സിനിമയുടെ പൂജനടന്ന ദിവസംതന്നെ ശ്രീനിയേട്ടൻ അവിടെ വന്നിരുന്നു. അന്നുതന്നെ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചു’- അൻസിബ പറഞ്ഞു.
ജോർജുകുട്ടിയുടെ മകൾ
ദൃശ്യത്തിലെ ജോർജുകുട്ടിയുടെ പ്ലസ്ടുക്കാരിയായ മകൾ അഞ്ജുവിന്റെ വേഷംചെയ്തത് വർഷങ്ങളോളം സ്വാധീനിച്ചെന്നും അൻസിബ പറയുന്നു. ‘ദൃശ്യം സിനിമ കഴിഞ്ഞിട്ടും പലരും എന്നെ ജോർജുകുട്ടിയുടെ മകൾതന്നെയായാണ് കണ്ടത്. ചെറിയ കുട്ടിയല്ല, എന്നാൽ, വലിയ പെൺകുട്ടി ആയിട്ടുമില്ല എന്ന മട്ടിലാണ് എല്ലാവരും കണ്ടത്. നമ്മുടെ ചുറ്റുമുള്ള ബഹുഭൂരിപക്ഷം അച്ഛനമ്മമാർക്കും എപ്പോഴും ഇഷ്ടംതോന്നുന്ന ഒരു മകളാണ് അഞ്ജു. അച്ഛനമ്മമാർ പറയുന്നത് കേട്ട് അനുസരണയോടെ നടക്കുന്ന ഒരു മകൾ. ദൃശ്യത്തിലെ അഞ്ജുവായി വർഷങ്ങളോളം എന്നെ കണ്ടിരുന്ന പല സിനിമാക്കാർക്കും എനിക്ക് വലിയ വേഷങ്ങൾ നൽകാൻ ആശങ്കയുണ്ടായിരുന്നു. എന്നെ മാനസികമായി ഏറെ തളർത്തി വിഷാദാവസ്ഥയിലേക്കുവരെ എത്തിച്ച നാളുകളായിരുന്നു അതെല്ലാം’- അൻസിബ പിന്നിട്ട വഴികളെക്കുറിച്ച് പറഞ്ഞു.
സൂര്യ പറഞ്ഞു, എനിക്കറിയാം
‘സിനിമ മാത്രമല്ല ജീവിതമെന്ന തിരിച്ചറിവിലാണ് ഞാൻ അവതാരകയായും മോഡലായുമൊക്കെ പുതിയ വഴികളിലൂടെ സഞ്ചരിച്ചത്. ‘കോമഡി സൂപ്പർ നൈറ്റ്’ പോലുള്ള ഷോകൾ പുതിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. ഇപ്പോൾ സിനിമയയൊന്നുമില്ലല്ലേയെന്ന് വെറുതേ കുത്തിച്ചോദിച്ച് നമ്മളെ മനഃപൂർവം സങ്കടപ്പെടുത്തുന്ന കുറെപ്പേർ നൽകിയ മോശം അനുഭവങ്ങളിൽനിന്ന് നല്ല ചിന്തകളിലേക്കുള്ള സഞ്ചാരമായിരുന്നു അതൊക്കെ. അതിനിടയ്ക്കാണ് തമിഴ് നടൻ സൂര്യയുടെ ഒരു സിനിമയുടെ പരിപാടിയിൽ ഞാൻ അവതാരകയായെത്തിയത്. എന്നെ അറിയാമെന്നും ‘ദൃശ്യം’ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് കണ്ടതെന്നും സൂര്യ പറഞ്ഞപ്പോൾ വലിയ സന്തോഷംതോന്നി. കിട്ടാത്തതിനെപ്പറ്റി ഓർത്ത് സങ്കടപ്പെടണ്ടായെന്നും പുതിയ പ്രതീക്ഷകളിലേക്ക് സഞ്ചാരം തുടരണമെന്നും മനസ്സിൽ ഉറപ്പിച്ച നിമിഷമായിരുന്നു അതെല്ലാം’- അൻസിബ സങ്കടങ്ങളിൽനിന്ന് പുതിയ സ്വപ്നങ്ങളിലേക്കുപറന്ന കഥപറഞ്ഞു.
സംവിധാനമാണ് സ്വപ്നം
വിഷ്വൽ കമ്യൂണിക്കേഷനിൽ ഡിഗ്രി നേടി ദുബായിൽ റേഡിയോ ജോക്കിയായി ജോലിചെയ്യുമ്പോഴും അൻസിബയ്ക്ക് സിനിമയുടെ അണിയറയിലേക്കുള്ള സ്വപ്നങ്ങൾ ഏറെയുണ്ട്. ‘ഒരു നടി എന്നതിനപ്പുറം സംവിധായിക എന്ന വലിയൊരുസ്വപ്നം എനിക്കുണ്ട്. അതിനുള്ള ചില ശ്രമങ്ങൾ തുടങ്ങിയെങ്കിലും കോവിഡ് ലോക്ഡൗണിൽ അതും നിലച്ചുപോകുകയായിരുന്നു. ദൃശ്യത്തിനുശേഷം കെ. മധുസാർ സി.ബി.ഐ. സിനിമയിൽ എനിക്ക് മമ്മുക്കയ്ക്കൊപ്പം സി.ബി.ഐ. ഓഫീസറുടെ വേഷംതന്നത് വലിയൊരു ഭാഗ്യമായിരുന്നു. ജയലാൽ ദിവാകരൻ എന്ന നവാഗത സംവിധായകന്റെ ‘കുറുക്കൻ’ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചത് വർണചിത്രയുടെ മഹാ സുബൈർ ഇക്കയാണ്. ഈ സിനിമയിലേക്കുള്ള വരവും വലിയൊരുമാറ്റത്തിന്റെ തുടക്കമായിട്ടാണ് കരുതുന്നത്. മികച്ച സംവിധായകർക്കൊപ്പം നല്ല വേഷങ്ങൾ ഇനിയും ചെയ്യണം. ഒപ്പം സംവിധാനവും’- അൻസിബ പറഞ്ഞു.
Content Highlights: actress ansiba about her dreams and new movie kurukkan, ansiba interview