ആക്രമണത്തില്‍ വാരിയെല്ല് തകര്‍ന്നു, ചോരയില്‍ കുളിച്ചിട്ടും പുലിയിലെ പിടിത്തം അയാള്‍ വിട്ടില്ല

#ഭാനുപ്രകാശ്
ത്യാഗരാജൻ (ആന വളർത്തിയ വാനമ്പാടിയിൽ)
ത്യാഗരാജൻ (ആന വളർത്തിയ വാനമ്പാടിയിൽ)

സാഹസികതകളുടെ തിരയൊടുങ്ങാത്ത കടലുതന്നെയായിരുന്നു പുലികേശിയുടെ ജീവിതം. ഷൂട്ടിങ്ങില്ലാത്ത ദിവസങ്ങളില്‍ വെളുപ്പിന് നാലുമണിക്കു മുമ്പേ ഉണര്‍ന്ന്, കുളി കഴിഞ്ഞ് കളരിയില്‍ പ്രവേശിക്കും. പിന്നെ മൂന്നു മണിക്കൂര്‍ ആയുധ പരിശീലനമാണ്. ഒപ്പം ശിഷ്യരെ പഠിപ്പിക്കും. തുടര്‍ന്ന് എണ്ണ തേച്ച് രണ്ടാമത്തെ കുളി. ഒരുപാട് ഭക്ഷണം കഴിക്കുന്ന സ്വഭാവമുണ്ടായിരുന്നില്ല പുലികേശിക്ക്. കഴിക്കുന്ന ഭക്ഷണം മികച്ചതാവണമെന്ന് നിര്‍ബ്ബന്ധമായിരുന്നു. നാടന്‍ ഭക്ഷണങ്ങളോടായിരുന്നു പ്രിയം. വല്ലപ്പോഴും മാത്രമേ ഹോട്ടല്‍ ഭക്ഷണം കഴിക്കൂ. മിക്ക ദിവസങ്ങളിലും ഭക്ഷണം കഴിക്കാനെന്നു പറഞ്ഞ് മൂന്നുനേരവും പുലികേശി എവിടേക്കോ പോവും. ചിലപ്പോഴെല്ലാം വളരെ വിഷമത്തോടെ തനിച്ചിരിക്കുന്ന പുലികേശിയെ ത്യാഗരാജന്‍ കണ്ടിട്ടുണ്ട്. അങ്ങനെയൊരവസരത്തില്‍, മറ്റാരോടും പറയാത്ത തന്റെ ജീവിതരഹസ്യങ്ങള്‍ പുലികേശി ത്യാഗരാജനോട് പറഞ്ഞു. ആ ചുരുളഴിക്കുമ്പോള്‍ പുലികേശിയുടെ കണ്ണ് നിറഞ്ഞിരുന്നു. അഞ്ചു വയസ്സുള്ള ഒരു കുട്ടിയെയും കൂട്ടിയാണ് ഒരു സായാഹ്നത്തില്‍ നാടകമന്‍ട്രത്തിലേക്ക് പുലികേശി കടന്നുവന്നത്. നാടകത്തിന്റെ റിഹേഴ്സല്‍ നടക്കുന്ന സമയമായിരുന്നു അത്. ത്യാഗരാജനെ മാത്രം പുലികേശി അടുത്തേക്ക് വിളിച്ചു. ഒപ്പമുള്ള കുട്ടിയെ ചൂണ്ടി ചോദിച്ചു: 'ഇവനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?' 'ഇല്ല' എന്ന ത്യാഗരാജന്റെ മറുപടിക്ക് പുലികേശിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'സ്വന്തം അനിയനെപ്പോലെ നോക്കണം. ഇത് എന്റെ മകനാണ്.' പച്ചയായ തന്റെ ജീവിതത്തിന്റെ ഏടുകള്‍ ത്യാഗരാജനു മുന്നില്‍ പുലികേശി തുറന്നുവെച്ചു.

പുലികേശി തുറന്നുപറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം മറ്റൊരാളെയും അറിയിക്കാതിരിക്കാന്‍ ത്യാഗരാജന് കഴിഞ്ഞു. അങ്ങനെയൊരു വിശ്വാസം ത്യാഗരാജനില്‍ ഉള്ളതുകൊണ്ടു മാത്രമാണ് പുലികേശി എല്ലാം തുറന്നുപറഞ്ഞതും. പുലികേശിയിലെ സാഹസികനായ മനഷ്യന്റെ ആര്‍ദ്രമായ മനസ്സ് തൊട്ടറിഞ്ഞ അതേ ദിവസംതന്നെയാണ് നീലാ പ്രൊഡക്ഷന്‍സിനുവേണ്ടി ചെയ്യാന്‍ പോകുന്ന കറുത്ത കൈ എന്ന ചിത്രത്തെക്കുറിച്ചും ത്യാഗരാജന്‍ പുലികേശിയില്‍നിന്ന് കേട്ടത്. പി. സുബ്രഹ്‌മണ്യം എന്ന മെറിലാന്‍ഡ് സുബ്രഹ്‌മണ്യത്തെക്കുറിച്ച് കേട്ടതിനപ്പുറം അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു കറുത്ത കൈ ത്യാഗരാജനു നല്‍കിയത്. മദിരാശിയിലെ പല സ്റ്റുഡിയോകളില്‍ വെച്ചും ത്യാഗരാജന്‍ സുബ്രഹ്‌മണ്യത്തെ കണ്ടിട്ടുണ്ട്. എല്ലാവരും ഭയഭക്തിബഹുമാനങ്ങളോടെ മുതലാളി എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. സുബ്രഹ്‌മണ്യം മുതലാളിയുടെ മുന്നില്‍ ഇരിക്കാന്‍പോലും ആരും ധൈര്യപ്പെടില്ല. അതിനുള്ള സ്വാതന്ത്ര്യം നടന്‍ സത്യനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുലികേശിയുടെ സംഘട്ടനരീതികളോട് വലിയ താത്പര്യം കാണിച്ചിരുന്നു മുതലാളി. അതുകൊണ്ടുതന്നെ കുറ്റാന്വേഷണചിത്രമായ കറുത്ത കൈയിലെ സംഘട്ടനസംവിധാനം പുലികേശിയെയാണ് അദ്ദേഹം ഏല്‍പ്പിച്ചത്. രാജമല്ലിക്കുശേഷം മലയാളത്തില്‍ പുലികേശി ചെയ്ത ചിത്രമായിരുന്നു കറുത്ത കൈ. 1955ല്‍ നീലാ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സി.ഐ.ഡി. എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ എം. കൃഷ്ണന്‍ നായര്‍ തന്നെയാണ് കറുത്ത കൈയും സംവിധാനം ചെയ്തത്. പ്രേംസസീര്‍, തിക്കുറിശ്ശി, ജോസ് പ്രകാശ്, അടൂര്‍ ഭാസി, ഷീല, ശാന്തി, പറവൂര്‍ ഭരതന്‍, ആറന്മുള പൊന്നമ്മ, എസ്.പി. പിള്ള തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. വില്ലന്റെ ഡ്യൂപ്പായി ത്യാഗരാജന്‍ അവതരിപ്പിച്ച ചടുലമായ സ്റ്റണ്ട് രംഗങ്ങള്‍ സെറ്റില്‍ വലിയ ചര്‍ച്ചയായി. കൃഷ്ണന്‍ നായര്‍ക്ക് ത്യാഗരാജനെ ഏറെ ഇഷ്ടമായി. അപ്പോഴെല്ലാം പുലികേശി അഭിമാനത്തോടെ പറഞ്ഞു: 'അവന്‍ എന്റെ ശിഷ്യനാണ്.' 1964ലെ ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തിയ കറുത്ത കൈ പ്രേക്ഷകരെ ഹരംകൊള്ളിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അതിലെ ഉശിരന്‍ സംഘട്ടനവും കാര്‍ ചേസിങ്ങുമായിരുന്നു.

Content Highlights: stunt master thyagarajan, life story, memories, action movies, malayalam film, unknown stories

Continue reading