ആ പാട്ടുകളാണ് എന്നെ നിങ്ങളറിയുന്ന ഋഷി കപൂര്‍ ആക്കി വളര്‍ത്തിയത്

1970 കളിലെ യുവതയുടെ ഹരമായിരുന്ന ഋഷി കപൂര്‍ ഇനി ഓര്‍മ്മ. ഋഷിയുടെ ശബ്ദമായി ``ബോബി''യില്‍ അവതരിച്ച ശൈലേന്ദ്ര സിംഗിനെ ഇന്നും നാം ഓര്‍ക്കുന്നത് ആ സിനിമയിലെ കാലാതിവര്‍ത്തിയായ ഗാനങ്ങളിലൂടെയാണ്. ബോബിയുടെ കഥ, ഋഷിയുടെ ശബ്ദമായിരുന്ന ശൈലേന്ദ്ര സിംഗിന്റെ ഓര്‍മ്മകളില്‍..
ഗുല്‍മാര്‍ഗില്‍ പോകണം. ഹോട്ടല്‍ ഹൈലാന്‍ഡ് പാര്‍ക്കില്‍ ഒരു രാത്രി തങ്ങണം. ``ബോബി'' സിനിമ ആദ്യം കണ്ടപ്പോഴേ ഷാരുഖ് ഖാന്റെ മനസ്സില്‍ മൊട്ടിട്ട മോഹം. നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ സ്വപ്നം സഫലമായതിന്റെ ആവേശത്തില്‍ ഷാരുഖ് ട്വിറ്ററില്‍ കുറിച്ചു: ``അവിശ്വസനീയം. റൂം നമ്പര്‍ 305 ലാണ് ഞാന്‍ ഇപ്പോള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബോബിയിലെ പ്രശസ്തമായ `ഹം തും ഏക് കമരേ മേ ബന്ധ് ഹോ ഔര്‍ ഛാബി ഖോ ജായേ' എന്ന ഗാനം ഋഷി കപൂറും ഡിംപിള്‍ കപാഡിയയും ചേര്‍ന്ന് പാടി അഭിനയിച്ച അതേ മുറിയില്‍. കൂട്ടിന് സുന്ദരിമാര്‍ ആരുമില്ല. മധുരമുള്ള കുറെ ഓര്‍മ്മകള്‍ മാത്രം. ആനന്ദ് ബക്ഷി എഴുതിയതു പോലെ, മുറിയുടെ താക്കോല്‍ ഒന്ന് കളഞ്ഞു പോയെങ്കില്‍ എന്നാശിച്ചു പോകുന്നു; വെറുതെ....'' :
ഹൈലാന്‍ഡ് പാര്‍ക്കിലും പരിസരത്തും മുംബൈയിലെ ആര്‍ കെ സ്റ്റുഡിയോയിലുമൊക്കെയായി രാജ്കപൂര്‍ ചിത്രീകരിച്ച ആ ഒരൊറ്റ പ്രണയഗാനരംഗം ആവര്‍ത്തിച്ചു കാണാന്‍ വേണ്ടി നിരവധി തവണ തിയേറ്ററില്‍ ഇടിച്ചുകയറിയിട്ടുണ്ട് ചെറുപ്പത്തില്‍ ഷാരുഖ് ഖാന്‍. കാലമേറെ കഴിഞ്ഞിട്ടും ``ബോബി''യോടും അതിലെ പാട്ടിനോടുമുള്ള തീവ്രപ്രണയത്തിന് തെല്ലുമില്ല മങ്ങല്‍. വീട്ടിനടുത്തുള്ള തിയേറ്ററില്‍ നിന്ന് ബോബി ആദ്യം കണ്ട അന്നത്തെ സ്‌കൂള്‍ കുട്ടി സങ്കല്പിച്ചിട്ടു പോലുമുണ്ടാവില്ല പ്രിയഗാനം ചിത്രീകരിച്ച സ്ഥലത്ത് ഒരിക്കല്‍ എത്തിപ്പെടും താനെന്ന്. യഷ്രാജ് ഫിലിംസിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് കാശ്മീരില്‍ ചെന്നപ്പോള്‍, ബാല്യസ്മരണ പുതുക്കാനായി ഒരു രാത്രി മാറ്റിവെക്കുകയായിരുന്നു ഷാരുഖ്. പതിറ്റാണ്ടുകളായി ഉള്ളില്‍ കൊണ്ടുനടന്ന മോഹങ്ങളെല്ലാം അന്ന് സാധിച്ചു; ഒന്നൊഴിച്ച്. യുഗ്മഗാനം പാടി ചുവടുവെക്കാന്‍ ആരാധനാപാത്രമായ ഡിംപിളിനെ ഒത്തുകിട്ടിയില്ല. ``ബോബി''യിലെ നായികയ്ക്ക് ഇപ്പോള്‍ പ്രായം 60. എങ്കിലും ഗുല്‍മാര്‍ഗിലെ ആ രാത്രിയില്‍ തനിക്കൊപ്പം കൗമാരക്കാരിയായ ബോബി ബ്രഗാന്‍സയും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാനാണ് ഷാരുഖിന് ഇഷ്ടം. അത്രയേറെ പ്രണയിച്ചുപോയിരുന്നു ഒരിക്കല്‍ ഡിംപിളിന്റെ കഥാപാത്രത്തെ.
കഥ തീരുന്നില്ല. ചരിത്രമുറങ്ങുന്ന ആ പഴയ `ബോബി' ലൊക്കേഷന്‍ കാണാന്‍ മറ്റൊരു വി ഐ പി താരം കൂടി ഷാരൂഖിന് പിന്നാലെ ഗുല്‍മാര്‍ഗിലെത്തി. സാക്ഷാല്‍ ഋഷി കപൂര്‍. ബോബിയിലെ നായകന്‍. പൊതുവെ ഗൃഹാതുരതയില്‍ അഭിരമിക്കുന്ന ശീലക്കാരനല്ല ഋഷി. പഴയ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് ഓര്‍മ്മ പുതുക്കാന്‍ വേണ്ടി വീണ്ടും യാത്ര ചെയ്യുന്ന പതിവുമില്ല. പക്ഷേ ഇതെങ്ങനെയല്ല. ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ട ഇടമാണ്. ഒരു പാട് ഓര്‍മ്മകള്‍ മയങ്ങിക്കിടക്കുന്ന സ്ഥലം. ``യാദൃച്ഛികമായി വീണ്ടും അവിടെ എത്തിപ്പെട്ടപ്പോള്‍ അത്ഭുതം തോന്നി. കാലം അവിടെ ഘനീഭവിച്ചു നില്‍ക്കുന്നു . പച്ച പുതച്ച വഴിയോരവും പുഞ്ചിരി തൂകുന്ന പൂക്കളും ഒക്കെ നാല്‍പ്പതു വര്‍ഷം മുന്‍പത്തെ പോലെ തന്നെ.'' ഇന്നും ``ബോബി''യിലെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ദിനങ്ങള്‍ അപൂര്‍വമാണ് ഋഷിയുടെ ജീവിതത്തില്‍. `` ശൈലേന്ദ്ര സിംഗും നരേന്ദ്ര ചഞ്ചലും പാടിയ ആ പാട്ടുകളാണ് എന്നെ നിങ്ങളറിയുന്ന ഋഷി കപൂര്‍ ആക്കി വളര്‍ത്തിയത്. അല്ലാതെ തുടക്കക്കാരന്റെ എല്ലാ പോരായ്മകളും നിറഞ്ഞ എന്റെ അഭിനയമല്ല.'' -ആത്മാര്‍ത്ഥതയുടെ തെളിച്ചമുള്ള വാക്കുകള്‍.
സാധാരണക്കാരന്റെ മനസ്സില്‍ ``ബോബി'' ആദ്യം ഇടം നേടിയത് ലക്ഷ്മീകാന്ത് പ്യാരേലാല്‍ ഈണമിട്ട പാട്ടുകളിലൂടെ തന്നെയാവണം. സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയില്‍ വഴിയരികിലെ ചായക്കടകളില്‍ നിന്നും കല്യാണ വീടുകളിലെ പാട്ടുകോളാമ്പികളില്‍ നിന്നും ബോബിയിലെ പാട്ടുകള്‍ നിരന്തരം ഒഴുകിയെത്തിയിരുന്ന കാലം എങ്ങനെ മറക്കാന്‍? ഗാനചിത്രീകരണമൊക്കെ വെള്ളിത്തിരയില്‍ കാണാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു; വര്‍ഷങ്ങളോളം. വയനാട്ടിലെ ചുണ്ടേല്‍ എന്ന കൊച്ചു ഗ്രാമത്തിലുള്ള ഞങ്ങളുടെ ഒരേയൊരു റോഷന്‍ ടാക്കീസില്‍ ഹിന്ദി പടങ്ങള്‍ കളിക്കുന്ന പതിവില്ല അന്ന്. ജനസംഖ്യയില്‍ നല്ലൊരു ഭാഗം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തോട്ടം തൊഴിലാളികള്‍ ആയതുകൊണ്ടാവാം മലയാളം, തമിഴ് ചിത്രങ്ങളേ അവിടെ വരൂ; അതും റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞ് . ഹിന്ദി സിനിമകള്‍ കാണാന്‍ കല്‍പ്പറ്റ അനന്തപദ്മയിലോ വിജയയിലോ പോകണം. അല്ലെങ്കില്‍ അമ്പതു കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട്ട്. `ബോബി' കോഴിക്കോട്ടെ തിയേറ്ററില്‍ ചെന്ന് കാണുമ്പോഴേക്കും 1970 കളുടെ അവസാനമായിരുന്നു എന്നാണോര്‍മ്മ. അന്നും മനസ്സില്‍ തങ്ങിയത് പാട്ടുകളും അവയുടെ ചിത്രീകരണവും തന്നെ. മോണോയില്‍ നിന്ന് സ്റ്റീരിയോയിലേക്ക് ഹിന്ദി സിനിമ പിച്ചവെച്ചു തുടങ്ങിയ ഘട്ടമായിരുന്നതിനാലാവണം ആകര്‍ഷകമായ ഒരു സൗണ്ടിംഗ് ഉണ്ടായിരുന്നു ഗാനങ്ങള്‍ക്കെല്ലാം. ലക്ഷ്മീകാന്ത് പ്യാരേലാലിന്റെ ആര്‍ഭാടപൂര്‍ണ്ണമായ വാദ്യവിന്യാസം കൂടി ചേര്‍ന്നപ്പോള്‍ യുവത്വം നിറഞ്ഞുതുളുമ്പുന്ന ശ്രവ്യാനുഭവങ്ങളായി. പിന്നെ ശൈലേന്ദ്ര സിംഗ് എന്ന പുതു ഗായകന്റെ നവ്യമായ നാദസൗഭഗവും: മേ ശായര്‍ തോ നഹി, ഹം തും ഏക് കമ്രേ മേ ബന്ധ് ഹോ , ചൂട്ട് ബോലേ കൗവേ ഖാട്ടേ, നാ ചാഹൂ സോനാ ചാന്ദീ.... ഏതു പാട്ടാണ് മറക്കാനാകുക?
സിനിമാക്കമ്പം തലയ്ക്കു പിടിച്ച ബാല്യമായിരുന്നു ശൈലേന്ദ്രയുടേത്. ചെറുപ്പം മുതലേ പാടുമെങ്കിലും നടനാകാനായിരുന്നു മോഹം. അതിനുള്ള രൂപസൗഭഗവുമുണ്ട്. സ്വപ്നം സഫലമാക്കാനായി പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയുട്ടില്‍ അഭിനയം പഠിക്കാന്‍ ചേരുന്നു ശൈലേന്ദ്ര. ശബാന ആസ്മി, സറീന വഹാബ്, റീത്താ ഭാദുരി, മലയാളിയായ മോഹന്‍ ശര്‍മ്മ ഒക്കെ അന്നവിടെ സഹപാഠികള്‍. പക്ഷെ കോഴ്‌സ് പൂര്‍ത്തിയാക്കും മുന്‍പ് പിതാവിന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ വി പി സാഥെ വഴി ബോബിയിലേക്കുള്ള ക്ഷണം വരുന്നു. അഭിനയിക്കാനാണെന്നാണ് ശൈലേന്ദ്ര സിംഗ് കരുതിയത്. ആര്‍ കെ സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ അഞ്ചു പേരടങ്ങിയ ഓര്‍ക്കസ്ട്രയുമായി ലക്ഷ്മികാന്ത് പ്യാരേലാല്‍ കാത്തിരിക്കുന്നു. രാജ് കപൂറുമുണ്ട് കണ്‍സോളില്‍. പാടാന്‍ വേണ്ടിയാണു ക്ഷണം എന്നറിഞ്ഞപ്പോള്‍ ചെറിയൊരു പരിഭ്രമം തോന്നി. പുറത്തുകാണിച്ചില്ലെന്നു മാത്രം. തൊട്ടു മുന്‍പ് ബോബിക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗസല്‍ മൂഡുള്ള പാട്ടാണ് സംഗീത സംവിധായകര്‍ അവിടെ വെച്ച് ശൈലേന്ദ്രയെ പഠിപ്പിച്ചത്: മേ ശായര്‍ തോ നഹി.. ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ അന്നു തന്നെ പരീക്ഷണാര്‍ത്ഥം ഗാനം ടേപ്പില്‍ പകര്‍ത്തുകയും ചെയ്തു. പുതുഗായകന്റെ ശബ്ദം റെക്കോര്‍ഡിംഗിന് അനുയോജ്യമാണോ എന്നറിയണമല്ലോ. ( അന്ന് പശ്ചാത്തലത്തില്‍ കോംഗോ ഡ്രം വായിച്ച സുന്ദരനായ ചെറുപ്പക്കാരനെ ശൈലേന്ദ്ര സിംഗ് ഇന്നുമോര്‍ക്കുന്നു -- പില്‍ക്കാലത്ത് തിരക്കേറിയ സംഗീത സംവിധായകനായി വളര്‍ന്ന രാജേഷ് രോഷന്‍. )
രണ്ടാഴ്ച്ചത്തെ റിഹേഴ്സലിന് ശേഷം നവരംഗ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ``ബോബി''യിലെ ഗാനങ്ങളുടെ റെക്കോര്‍ഡിംഗ്. നാളികേരമുടച്ച് ഗാനലേഖനത്തിന് തുടക്കം കുറിച്ചത് സാക്ഷാല്‍ ലതാ മങ്കേഷ്‌കര്‍. രാജ് കപൂര്‍ ചിത്രങ്ങളുടെ ``ഭാഗ്യദേവത''യായിരുന്നു എന്നും ലതാജി. നൂറോളം വാദ്യോപകരണ വിദഗ്ദര്‍ അണിനിരന്ന ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള റെക്കോര്‍ഡിംഗ് ഒരു ആഘോഷം തന്നെയായിരുന്നു എന്നോര്‍ക്കുന്നു ശൈലേന്ദ്ര. ``ഹം തും ഏക് കമരേ മേ ബന്ധ് ഹോ എന്ന ഗാനമാണ് ആദ്യം റെക്കോര്‍ഡ് ചെയ്തത്. ലതാജിയോടൊത്താണ് പാടേണ്ടത് എന്നറിഞ്ഞപ്പോഴേ എന്റെ നെഞ്ചിടിപ്പ് കൂടി. കുട്ടിക്കാലം മുതലേ നമ്മള്‍ ദൈവത്തെ പോലെ ആരാധിക്കുന്ന പാട്ടുകാരിയല്ലേ? കുച്ഛ് ദില്‍ നേ കഹാ, ജാരെ ഉഡ് ജാരെ പഞ്ചി തുടങ്ങിയ പാട്ടുകളൊക്കെ സ്വയം മറന്നു കേട്ട് നിന്നിട്ടുണ്ട് ഒരിക്കല്‍. പക്ഷെ ഒരിക്കലും എന്നെ ഒരു തുടക്കക്കാരനായി കണ്ട് അവഗണിച്ചില്ല അവര്‍. പകരം വാത്സല്യപൂര്‍വ്വം പെരുമാറി. തൊട്ടടുത്ത് നിന്ന് പാടിയിട്ടു പോലും ലതാജിയുടെ ശബ്ദം കേള്‍ക്കാന്‍ പ്രയാസമായിരുന്നു. അവര്‍ ചുണ്ടനക്കുന്നതേ നമ്മള്‍ കാണൂ. ശബ്ദം അതീവ ലോലമെങ്കിലും സ്പീക്കറിലൂടെ പുറത്തുവരുമ്പോള്‍ അത് വേറൊരു തലത്തില്‍ എത്തിക്കഴിഞ്ഞിട്ടുണ്ടാകും. ഒരു തരം മാജിക്.''
``മേ ശായര്‍ തോ നഹി''യുടെ പിറവിയും മറക്കാനാവില്ല. ഗാനം സൂപ്പര്‍ ഹിറ്റാകുമെന്ന് ആദ്യം പ്രവചിച്ചവരില്‍ ഒരാള്‍ പിന്നണിയില്‍ അതീവ ഹൃദ്യമായി ഗിറ്റാര്‍ വായിച്ച ഗോരഖ് ശര്‍മ്മയാണ്. ശര്‍മ്മയുടെ ഗിറ്റാര്‍ തന്ത്രികളെ ഒഴിച്ചുനിര്‍ത്തി ഈ ഗാനത്തെ കുറിച്ച് സങ്കല്‍പ്പിക്കുക പോലും അസാധ്യം. ഗാനം റെക്കോര്‍ഡ് ചെയ്ത അതേ ദിവസം വൈകീട്ടായിരുന്നു ബോബിയുടെ റിലീസിന് മുന്നോടിയായി സിനിമാരംഗത്തെ പ്രമുഖര്‍ക്ക് വേണ്ടി നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ രാജ് കപൂര്‍ ഒരുക്കിയ ആര്‍ഭാടപൂര്‍ണ്ണമായ വിരുന്ന്. ``പ്രശസ്തരുടെ ഒരു നിര തന്നെയുണ്ടായിരുന്നു അതിഥികളായി. താരങ്ങള്‍, സംഗീത സംവിധായകര്‍, രാഷ്ട്രീയനേതാക്കള്‍..അങ്ങനെ പലരും''-ശൈലേന്ദ്ര സിംഗ് ഓര്‍ക്കുന്നു. ``വിരുന്നിനിടെ രാജ് സാബ് ഋഷിയെയും ഡിംപിളിനെയും എന്നെയും അലങ്കരിച്ച ഒരു സോഫയ്ക്ക് മുകളില്‍ കയറ്റി നിര്‍ത്തി. ഓരോരുത്തരെയായി സദസ്സിന് പരിചയപ്പെടുത്തി. ഇതാ ഇയാളാണ് ഇന്നത്തെ താരം എന്നു പറഞ്ഞു എന്നെ പരിചയപ്പെടുത്തുമ്പോള്‍ മേ ശായര്‍ തോ നഹി എന്ന ഗാനം പശ്ചാത്തലത്തില്‍ ഒഴുകിവരുന്നുണ്ടായിരുന്നു. നിറഞ്ഞ സദസ്സിന്റെ കയ്യടി ഇപ്പോഴും എന്റെ കാതിലുണ്ട്.
പരിപാടി കഴിഞ്ഞ ശേഷം ഹാളിന്റെ ഒരു ഒഴിഞ്ഞ കോണിലേക്ക് എന്നെ മാറ്റിനിര്‍ത്തി രാജ് കപൂര്‍ പറഞ്ഞ വാക്കുകളും ഓര്‍ക്കുന്നു: ബേട്ടാ, ഈ പാട്ട് നിന്നെ ഒരു താരമാക്കി മാറ്റും. എന്നെ വിശ്വസിക്കാം. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക. പ്രശസ്തിയുടെ പടവുകള്‍ കയറിപ്പോകുമ്പോള്‍, ചിലരൊക്കെ അതേ പടികളിലൂടെ താഴേക്ക് ഇറങ്ങിവരുന്നത് കാണാം. അവരെ വണങ്ങാന്‍ മറക്കരുത്.'' അന്നത്തെ വിരുന്നില്‍ നിന്ന് ശൈലേന്ദ്ര സിംഗിന്റെ ഓര്‍മ്മയില്‍ അവശേഷിക്കുന്ന മറ്റൊരു മുഖം ഗായകന്‍ മുകേഷിന്റേതാണ്. സദസ്സിന്റെ അഭ്യര്‍ത്ഥന മാനിച്ച് പുതുമുഖ ഗായകന്‍ മേ ശായര്‍ തോ നഹി എന്ന ഗാനം ലൈവ് ആയി പാടുമ്പോള്‍ പശ്ചാത്തലത്തില്‍ ഹാര്‍മോണിയം വായിച്ചത് മുകേഷായിരുന്നു. `` ആ വലിയ മനസ്സിന് മുന്‍പില്‍ നമസ്‌കരിച്ചു പോയ നിമിഷങ്ങള്‍. എന്നെ പോലൊരു നവാഗത ഗായകന് വേണ്ടി ഹാര്‍മോണിയം വായിക്കാന്‍ മറ്റാര് തയ്യാറാകും?''
ശങ്കര്‍-ജയ്കിഷന്‍ കൂട്ടുകെട്ടില്‍ നിന്ന് ലക്ഷ്മികാന്ത് പ്യാരേലാലിലേക്കുള്ള മാറ്റം രാജ് ചിത്രങ്ങളുടെ ആരാധകര്‍ എങ്ങനെ സ്വീകരിക്കും എന്നായിരുന്നു എല്ലാവരുടെയും ആകാംക്ഷ. പക്ഷേ ആശങ്കകളെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ബോബിയിലെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായി. 1973 സെപ്തംബര്‍ 27 ന് സിനിമ തിയേറ്ററുകളില്‍ എത്തുമ്പോഴേക്കും ഇന്ത്യ മുഴുവന്‍ ഏറ്റുപാടിതുടങ്ങിയിരുന്നു ആ ഗാനങ്ങള്‍. ആരാണീ പുതിയ ഗായകന്‍ എന്ന് ജനം കൗതുകത്തോടെ പരസ്പരം ചോദിച്ചുകൊണ്ടിരുന്ന കാലം. രായ്ക്കുരാമാനം ശൈലേന്ദ്ര സിംഗ് യുവാക്കളുടെ ഹരമായി മാറുന്നു ``ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം കിനാവ് പോലെ.''-- ശൈലേന്ദ്ര. ``ഞാന്‍ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത പ്രശസ്തിയും ആരാധനയുമാണ് ആ ഗാനങ്ങള്‍ നേടിത്തന്നത്. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കലായിരുന്നു മാസങ്ങളോളം എന്റെ പ്രധാന ജോലി. ആരാധികമാരുടെ വേട്ടയാടല്‍ അതിനു പുറമെ. സ്വന്തം ചോരയില്‍ പേന മുക്കി എനിക്ക് പ്രണയലേഖനങ്ങള്‍ എഴുതിയ സുന്ദരിമാര്‍ വരെയുണ്ട്. ശരിക്കും ആസ്വദിച്ചുപോയി ആ അനുഭവങ്ങള്‍ എല്ലാം. ചെറുപ്പമല്ലേ..'' 11 കോടി രൂപയുടെ കളക്ഷനുമായി 1970 കളിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളില്‍ ഒന്നായി മാറി ബോബി. രണ്ടു വര്ഷം കഴിഞ്ഞു വെളിച്ചം കണ്ട ഷോലെ മാത്രമേ വരുമാനത്തില്‍ ബോബിയെ കടത്തിവെട്ടിയുള്ളു. ഋഷി -ഡിംപിള്‍ ജോഡി മാത്രമല്ല, ബോബിയില്‍ ചെറുകിട റോളുകളില്‍ അഭിനയിച്ചവര്‍ പോലും തിരക്കേറിയ താരങ്ങളായി.
``പ്രേം നാം ഹേ മേരാ, പ്രേം ചോപ്ര'' എന്ന വിഖ്യാതമായ ഡയലോഗുമായി വെള്ളിത്തിരയില്‍ വന്നുപോയ വില്ലന്‍ പ്രേംചോപ്രക്കു പോലുമുണ്ടായി ഫാന്‍സ് ക്ലബ്ബുകള്‍. ഗാനരചയിതാവ് ആനന്ദ് ബക്ഷിയും സംഗീത സംവിധായക സഖ്യമായ ലക്ഷ്മികാന്ത് പ്യാരേലാലിനും തിരക്കേറുന്നതും ബോബിയുടെ വിജയത്തോടെ തന്നെ. പക്ഷേ പടത്തിന്റെ മുഖ്യ വിജയഘടകമായിരുന്ന ശൈലേന്ദ്ര സിംഗിന് മാത്രം ആ ഭാഗ്യമുണ്ടായില്ല. ബോബിയില്‍ തുടങ്ങി ബോബിയില്‍ ഒടുങ്ങി ശൈലേന്ദ്രയുടെ ശുക്രദശ; പിന്നെയും കുറച്ചു പടങ്ങളില്‍ കൂടി പാടിയെങ്കിലും.
``ബോബിക്ക് ശേഷം വന്ന സിനിമകളിലും ഋഷി ഗായകനായി എന്റെ പേര്‍ ശുപാര്‍ശ ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.'' ശൈലേന്ദ്ര സിംഗ് ഓര്‍ക്കുന്നു. തൊട്ടു പിന്നാലെ വന്ന `ഖേല്‍ ഖേല്‍ മേ'യില്‍ ഋഷിക്ക് വേണ്ടി പ്രധാന ഗാനങ്ങള്‍ എല്ലാം പാടിയത് കിഷോര്‍ കുമാര്‍. അവസരങ്ങള്‍ കുറഞ്ഞതോടെ ഇടക്കൊരിക്കല്‍ അഭിനയത്തിലും കൈ വച്ചെങ്കിലും അവിടെയും ശൈലേന്ദ്ര സിംഗിനെ ഭാഗ്യം തുണച്ചില്ല. സംഘ ഗാനങ്ങളും സ്റ്റേജ് പരിപാടികളുമായി കാലം കഴിക്കേണ്ടിവന്നു അദ്ദേഹത്തിന്. ``ഇന്നോര്‍ക്കുമ്പോള്‍ സിനിമയെ അമിതമായി ആശ്രയിച്ചതാണ് എനിക്ക് പിണഞ്ഞ അബദ്ധം എന്ന് തോന്നുന്നു. വളര്‍ന്നുവരുന്ന ഗായകരെ മുളയിലേ നുള്ളിക്കളയാന്‍ ശ്രമിച്ച ഒരു ലോബി അന്ന് ഹിന്ദി സിനിമാ രംഗത്തുണ്ടായിരുന്നു. സിനിമയുടെ മുഖ്യധാരയില്‍ നമ്മെ ഒറ്റപ്പെടുത്താന്‍ വേണ്ടി ഏതറ്റം വരെയും പോകും അക്കൂട്ടര്‍. ഒരിക്കല്‍ പ്രമേഹം കൂടി ആശുപത്രിയില്‍ ഒരാഴ്ചയോളം ചെലവഴിക്കേണ്ടി വന്നപ്പോള്‍ എന്റെ ശബ്ദം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് പ്രചരിപ്പിച്ചവരുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ബൈപാസ് സര്‍ജറിക്ക് വേണ്ടിയാണത്രെ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായത്.'' അനുശോചനം അറിയിക്കാന്‍ ശൈലേന്ദ്രയെ ഫോണില്‍ വിളിച്ചവര്‍ നിരവധി. ഫോണിന്റെ മറുതലക്കല്‍ നിന്ന് ഹലോ എന്ന പ്രതികരണം കേട്ട് ചിലര്‍ക്കെങ്കിലും നിരാശ വന്നിരിക്കണം. എന്നെന്നേക്കുമായി നിശബ്ദനായ ശൈലേന്ദ്ര സിംഗിനെയാകുമല്ലോ അവര്‍ പ്രതീക്ഷിച്ചിരിക്കുക.
ബോബിയില്‍ തന്റെ ഭാഗ്യശബ്ദമായിരുന്ന ശൈലേന്ദ്ര പിന്നീടെങ്ങനെ ബോളിവുഡിന്റെ മുഖ്യധാരയില്‍ നിന്ന് അകന്നുപോയി എന്ന ചോദ്യത്തിന് ``ഖുല്ലം ഖുല്ല'' എന്ന ആത്മകഥയില്‍ സ്വതസിദ്ധമായ ശൈലിയില്‍ വിശദീകരണം നല്‍കുന്നുണ്ട് ഋഷി . ``ബോബിക്ക് പിന്നാലെ വന്ന ചിത്രങ്ങളില്‍ എല്ലാം ശൈലു (ശൈലേന്ദ്ര സിംഗ്) ആയിരിക്കണം എന്റെ ശബ്ദം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. സെഹ്രീലാ ഇന്‍സാന്‍, ഖേല്‍ ഖേല്‍ മേ എന്നീ സിനിമകളില്‍ ശൈലുവിനെ ഗായകനായി പരീക്ഷിക്കാന്‍ സംഗീത സംവിധായകന്‍ ആര്‍ ഡി ബര്‍മ്മനെ പ്രേരിപ്പിച്ചതും ഞാന്‍ തന്നെ. ഖേല്‍ ഖേല്‍ മേയിലെ ഹം നേ തുംകൊ ദേഖാ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ശൈലു പാടുന്നത് അങ്ങനെയാണ്. എന്നാല്‍ ഈ സിനിമകളിലെ ഏറ്റവും മികച്ച മൂന്ന് ഈണങ്ങള്‍ പാടുന്നത് കിഷോര്‍ കുമാര്‍ ആയിരിക്കണം എന്ന് ആര്‍ ഡിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കിഷോര്‍ പാടിയില്ലെങ്കില്‍ ആ പാട്ടുകള്‍ താന്‍ ഉപേക്ഷിച്ചുകളയും എന്ന് ആര്‍ ഡി ഭീഷണി മുഴക്കിയപ്പോള്‍ വഴങ്ങുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല എനിക്കും പടത്തിന്റെ സംവിധായകനും. അങ്ങനെ മൂന്ന് മനോഹരമായ സോളോ ഗാനങ്ങള്‍ കിഷോറിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു -- സെഹ്രീലാ ഇന്‍സാനിലെ ഓ ഹന്‍സിനീ, ഖേല്‍ ഖേല്‍ മേയിലെ ഖുല്ലം ഖുല്ല പ്യാര്‍ കരേംഗേ ഹം ദോനോം, ഏക് മേ ഔര്‍ ഏക് തൂ എന്നീ പാട്ടുകള്‍. മൂന്നും സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു. പിന്നീടാ പാട്ടുകള്‍ കേട്ടുനോക്കിയപ്പോള്‍ കിഷോറിന് മാത്രമേ അവയോടു നീതി പുലര്‍ത്താന്‍ കഴിയുമായിരുന്നുള്ളൂ എന്ന് തോന്നി....'' ഓ ഹന്‍സിനി എന്ന മനോഹര ഗാനത്തെ കുറിച്ച് കൗതുകമാര്‍ന്ന ഒരോര്‍മ്മ പങ്കുവെക്കാനുണ്ട് ശൈലേന്ദ്ര സിംഗിന്: ``ആ പാട്ട് എന്നെ പാടിപ്പഠിപ്പിക്കുക വരെ ചെയ്തതാണ് ആര്‍ ഡി ബര്‍മ്മന്‍. റെക്കോര്‍ഡിംഗിനായി ഫിലിം സെന്റര്‍ സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ ഗേറ്റ് പൂട്ടിക്കിടക്കുന്നു. ഓര്‍ക്കസ്ട്രക്കാരുടെ മിന്നല്‍ പണിമുടക്ക്. നിരാശയോടെ തിരിച്ചുപോന്നു. റെക്കോര്‍ഡിംഗ് പിന്നെയും നീണ്ടുനീണ്ടു പോയി. ഒടുവില്‍ ഞാന്‍ കേട്ടത് അത് കിഷോര്‍ദായുടെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തു എന്നാണ്. എന്റെ ഭാഗ്യദോഷം എന്നേ പറയാനുള്ളൂ.''
നിര്‍ഭാഗ്യങ്ങളുടെ ഘോഷയാത്രക്കിടയില്‍ വീണുകിട്ടിയ ചില അസുലഭ ഭാഗ്യങ്ങളുമുണ്ട്. മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, ലത മങ്കേഷ്‌കര്‍, ആശാ ഭോസ്ലെ തുടങ്ങിയ ആരാധനാപാത്രങ്ങള്‍ക്കൊപ്പം മൈക്രോഫോണിന് മുന്നില്‍ നില്‍ക്കാനായി എന്നതാണ് അവയിലൊന്ന്. `ചാച്ചാ ഭതീജ'യിലാണ് റഫി സാഹിബിനൊപ്പം ആദ്യം പാടിയത് -- ലക്ഷ്മീകാന്ത് പ്യാരേലാലിന്റെ ഈണത്തില്‍ ``കോയീ മാനേ യാ നാ മാനേ''. സുഹാഗിലെ ``ഏ യാര്‍ സുന്‍ യാരീ തേരി '' എന്ന ഗാനത്തില്‍ റഫിയും ആശയുമായിരുന്നു സഹഗായകര്‍. പര്‍വരിഷ് (1977) എന്ന ചിത്രത്തില്‍ റഫിയ്ക്കും കിഷോര്‍ കുമാറിനും ഒപ്പം ``ഹം പ്രേമി പ്രേം കര്‍നാ ജാനേ'' എന്ന ഗാനത്തില്‍ പങ്കാളിയായതും മറക്കാനാവില്ല. ``റഫി സാഹിബിന്റെ പാട്ടുകള്‍ കേട്ടും ഏറ്റുപാടിയും വളര്‍ന്ന ബാല്യമാണ് എന്റേത്. മറ്റു പാട്ടുകാരേയും ഇഷ്ടമില്ല എന്നല്ല. പക്ഷേ റഫിയെ പോലെ ഏതു ഭാവവും അനായാസം ആലാപനത്തില്‍ കൊണ്ടുവരാന്‍ കഴിയുന്ന ഗായകര്‍ വേറെയില്ല. ഗൈഡ് എന്ന ചിത്രത്തിലെ തേരെ മേരെ സപ്‌നേ എത്ര കേട്ടാലും മതിവരില്ല എനിക്ക്. ആ ഇതിഹാസ ഗായകനെ കാണാനും പരിചയപ്പെടാനും ഒരുമിച്ചു പാടാനും കഴിഞ്ഞു എന്നത് മഹാഭാഗ്യം.''-- ശൈലേന്ദ്ര സിംഗ് പറയുന്നു.
അമര്‍ അക്ബര്‍ ആന്റണിയിലെ ശീര്‍ഷക ഗാനത്തില്‍ (അന്‍ഹോനി കോ ഹോനി കര്‍ദേ ) അമിതാബ് ബച്ചന് വേണ്ടി കിഷോറും വിനോദ് ഖന്നയ്ക്ക് വേണ്ടി മഹേന്ദ്ര കപൂറും ശബ്ദം പകര്‍ന്നപ്പോള്‍ ശൈലേന്ദ്ര സിംഗ് പാടിയത് ഋഷി കപൂറിന് വേണ്ടി. അപൂര്‍വമായി വീണുകിട്ടിയ അവസരങ്ങളുമായി ജീവിതം കഷ്ടിച്ച് മുന്നോട്ടു പോകുമ്പോഴാണ് നിനച്ചിരിക്കാതെ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം വരുന്നത്. നടനും നിര്‍മ്മാതാവുമായ രാജേന്ദ്ര കുമാറിന്റെ സഹോദരന്‍ നരേഷ് കുമാര്‍ സംവിധാനം ചെയ്ത ``ദോ ജാസൂസ്'' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. രാജ് കപൂറും രാജേന്ദ്ര കുമാറും കുറ്റാന്വേഷകനായി അഭിനയിച്ച ആ ചിത്രത്തില്‍ സഹനടന്റെ റോളിലാണ് ശൈലേന്ദ്ര സിംഗ്. പടം ശരാശരി വിജയമായിരുന്നെങ്കിലും ശൈലേന്ദ്രയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് നൗക്കര്‍, ജനത ഹവില്‍ദാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അതിഥി വേഷം. മകനെ നായകനും രേഖയെ നായികയുമാക്കി സ്വന്തം പിതാവ് ജോഗേന്ദ്ര സിംഗ് നിര്‍മ്മിച്ച ``എഗ്രിമെന്റ്'' എന്ന സിനിമ എട്ടു നിലയില്‍ പൊട്ടിയതോടെ ശൈലേന്ദ്രയുടെ അഭിനയ പര്‍വത്തിനും തിരശീല വീണു. അപര്‍ണ സെന്‍ അഭിനയിച്ച ഒരു ബംഗാളി ആര്‍ട്ട് സിനിമയിലും നായകനായിട്ടുണ്ട് ശൈലേന്ദ്ര സിംഗ്.
Content Highights: Rishi Kapoor hum tum ek kamre mein band ho Bobby Movie Bollwbood
Content Highlights: