'മെലിഞ്ഞുനീണ്ട നിന്നെ ആര് സിനിമയിലെടുക്കാൻ?' അന്ന് പൈപ്പിലെ വെള്ളം കുടിച്ചാണ് വിശപ്പകറ്റിയത്

മദിരാശിയിലെ കൊത്താവല്‍ചാവടിയിലുള്ള പച്ചക്കറി മാര്‍ക്കറ്റിനു മുന്നില്‍ ലോറി ഓടിത്തളര്‍ന്ന് നിന്നു. നേരം വെളുത്തിരുന്നില്ല. ഡ്രൈവർ വിളിച്ചപ്പോഴാണ് ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്. പെട്രോമാക്സിന്റെ വെളിച്ചത്തില്‍ ചായ അടിച്ചുകൊണ്ടിരിക്കുന്ന തട്ടുകടക്കാരെനെയാണ് ആദ്യം കണ്ടത്. നേരെ അങ്ങോട്ടു ചെന്നു. ആവി പറക്കുന്ന ചായ ഊതിക്കുടിക്കുന്നതിനിടയില്‍ ത്യാഗരാജന്‍ വീടിനെപ്പറ്റി ഓര്‍ത്തു. അമ്മ പുലര്‍ച്ചയ്ക്ക് എഴുന്നേല്‍ക്കാറുള്ളതാണ്. തന്നെ കാണാതെ വന്നതില്‍ എന്തെല്ലാം വിഷമങ്ങള്‍ ഇപ്പോള്‍ വീട്ടുകാര്‍ അനുഭവിക്കുന്നുണ്ടാവും. പക്ഷേ, സിനിമ എന്ന സ്വപ്നം നല്‍കിയ ധൈര്യം അപ്പോള്‍ ത്യാഗരാജനെ പൊതിഞ്ഞുനിന്നിരുന്നു. തട്ടുകടയിലെ ബെഞ്ചിലിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്നവര്‍ സംസാരിക്കുന്നതുപോലും തലേദിവസം റിലീസായ നാടോടിമന്നന്‍ എന്ന എം.ജി.ആര്‍. സിനിമയെക്കുറിച്ചാണ്. അതിലെ എം.ജി.ആറിന്റെ സ്റ്റണ്ടും പാട്ടുമൊക്കെ അവരെ ആവേശഭരിതരാക്കിയിട്ടുണ്ടെന്നും വര്‍ത്തമാനത്തില്‍ നിന്നു മനസ്സിലായി. അതെല്ലാം ചായയുടെ ചൂടിനൊപ്പം ത്യാഗരാജന്റെ മനസ്സിനെയും ശരീരത്തെയും ചൂടുപിടിപ്പിച്ചു. ചായ കുടിച്ചശേഷം ആമ്പൂര്‍ ബാബുവിനെ അന്വേഷിച്ച് യാത്ര തുടങ്ങി.
വടപളനിയിലാണ് ബാബു താമസിക്കുന്നതെന്ന് നാട്ടുകാരില്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. കൊത്താവല്‍ചാവടിയില്‍ നിന്ന് വടപളനിയിലേക്ക് പന്ത്രണ്ട് കിലോമീറ്ററോളം ദൂരമുണ്ടെന്ന് തട്ടുകടക്കാരന്‍ പറഞ്ഞു. നേരംവെളുക്കാന്‍ ഇനിയും സമയമുണ്ട്. പിന്നെ ഒന്നും ആലോചിച്ചില്ല. ബാഗും തൂക്കി വടപളനി ലക്ഷ്യമാക്കി നടന്നു. യാത്രയ്ക്കിടയില്‍ പലരോടും വഴി ചോദിച്ചു. കുറേ പോകാനുണ്ട്... ഇനിയും പോകണം എന്നൊക്കെയായിരുന്നു മറുപടി. വഴിയരികിലെ വലിയ സിനിമാ പോസ്റ്ററുകളില്‍ നോക്കി നടക്കുന്ന ത്യാഗരാജന്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. 'എവിടേക്കാണ് പോകുന്നത്?' 'എവിടുന്നാണ് വരുന്നത്?' പിന്നെ പേര്, വിലാസം ഇങ്ങനെ പോലീസുകാരുടെ ഒരുപാടു ചോദ്യങ്ങള്‍. എല്ലാറ്റിനും കൃത്യമായി മറുപടി നല്‍കിയപ്പോള്‍ ബാഗിലെന്താണെന്നായി പിന്നത്തെ ചോദ്യം.
'ഷര്‍ട്ടും പാന്റുമാണ് സാര്‍' എന്ന് പറഞ്ഞപ്പോള്‍ 'വേറെയൊന്നുമില്ലല്ലോ' എന്നായി അടുത്ത ചോദ്യം. 'ഇല്ല സാര്‍' എന്നു പറഞ്ഞ് ത്യാഗരാജന്‍ ബാഗ് പോലീസിനു നേരെ നീട്ടി. ബാഗ് പരിശോധിക്കാനൊന്നും നിന്നില്ല. പൊയ്ക്കോളാനായിരുന്നു പോലീസിന്റെ മറുപടി. കഷ്ടകാലത്തിന് ബാഗ് തുറന്നിരുന്നെങ്കില്‍ വീട്ടില്‍ നിന്നു മോഷ്ടിച്ച പണം കണ്ടുപിടിക്കുമായിരുന്നു. പോലീസില്‍നിന്നു രക്ഷപ്പെട്ടതോടെ നടത്തത്തിന് വേഗം കൂട്ടി. വടപളനിയിലെത്തുമ്പോള്‍ നേരം വെളുത്തിരുന്നു. ബാബുവിനെ പലരോടും അന്വേഷിക്കേണ്ടിവന്നു. ഒടുവില്‍ പത്രം വില്‍ക്കുന്ന ഒരു വൃദ്ധനാണ് വഴി പറഞ്ഞുകൊടുത്തത്. അയാള്‍ കാണിച്ച വഴിയിലൂടെ സഞ്ചരിച്ച് ബാബു താമസിക്കുന്ന വീട് കൃത്യമായി കണ്ടെത്തി.
Content Highlights: stunt master thyagarajan life story tamil movie bhanuprakash