കത്തി ഫൈറ്റ് കഴിഞ്ഞപ്പോള്‍ പുലികേശി പറഞ്ഞു: ഇവന്‍ നമ്മുടെ സംഘത്തിന്റെ അഭിമാനമാവും

#ഭാനുപ്രകാശ്
ത്യാഗരാജന്റെ ഗുരു പുലികേശി
ത്യാഗരാജന്റെ ഗുരു പുലികേശി

നാടകമൺട്രത്തിലേക്ക് വീണ്ടും കടന്നുചെല്ലുമ്പോള്‍ ഉള്ളില്‍ നല്ല ഭയമുണ്ടായിരുന്നു. പറയാതെ പോയതിന് വഴക്കു പറയുന്ന പുലികേശിയെയാണ് ത്യാഗരാജന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അദ്ദേഹം ദേഷ്യപ്പെട്ടില്ല. 'എന്തിനാണ് തിരിച്ചുവന്നത്?' ഇതു മാത്രം ചോദിച്ചു. അര്‍ധപട്ടിണിയിലും മുഴുപ്പട്ടിണിയിലും കഴിഞ്ഞ നാടകമണ്‍ട്രത്തിലെ ജീവിതത്തെ കുറിച്ച് ത്യാഗരാജന്‍ വിശദീകരിച്ചു.

'ഇനി ഞാന്‍ ഇവിടം വിട്ടുപോകില്ല, മരണംവരെ കൂടെയുണ്ടാകും' എന്നു പറഞ്ഞപ്പോള്‍ പുലികേശി ഒരു സഹോദരന്റെ സ്നേഹത്തോടെ ത്യാഗരാജനെ ചേര്‍ത്തുനിര്‍ത്തി. 
'ശരി, ത്യാഗരാജന്‍ നിന്നോളു.' 
നാടകഗ്രൂപ്പിലേക്കാണ് പുലികേശി ത്യാഗരാജനെ എടുത്തത്. മിക്ക ദിവസങ്ങളിലും നാടക റിഹേഴ്സലുണ്ടാകും. അതുവരെ പരിചിതമല്ലാത്ത നാടകങ്ങളിലായിരുന്നു അഭിനയിക്കേണ്ടിവന്നത്. പുലികേശിയുടെ സംവിധാനത്തില്‍ പകലെന്നോ രാത്രിയെന്നോ നോക്കാതെയുള്ള നാടകപരിശീലനം. പെേ്രടാമാക്സിന്റെ വെളിച്ചത്തില്‍ മദിരാശിയുടെ പലഭാഗങ്ങളിലും നാടകം അവതരിപ്പിച്ചു. അഭിനയിക്കുക മാത്രമായിരുന്നില്ല, നാടകസാമഗ്രികളെല്ലാം കൊണ്ടുപോകുമ്പോഴും തിരിച്ചുവരുമ്പോഴും എണ്ണി തിട്ടപ്പെടുത്തുന്ന ജോലിയും ത്യാഗരാജനുതന്നെയായിരുന്നു. നാടകമെന്നത് സ്‌റ്റേജില്‍നിന്ന് അഭിനയിക്കേണ്ട ഒന്നുമാത്രമല്ല, അതിനു പിറകില്‍ കഠിനാദ്ധ്വാനമേറെയുണ്ടെന്ന തിരിച്ചറിവാണ് ഓരോ അരങ്ങും ത്യാഗരാജന് സമ്മാനിച്ചത്. നാടകമില്ലാത്ത ദിവസങ്ങളില്‍ മറ്റുള്ളവര്‍ ഫൈറ്റ് പ്രാക്ടീസ് ചെയ്യുന്നത് കണ്ടുമനസ്സിലാക്കും. രാത്രി അതെല്ലാം സ്വയം പ്രാക്ടീസ് ചെയ്യും. പണ്ട് സിനിമ കണ്ടു മടങ്ങുമ്പോള്‍ അതിലെ ഫൈറ്റുകള്‍ നദിക്കരയില്‍വെച്ച് ചെയ്തതുപോലെ. ക്രമേണ നാടകത്തെക്കാള്‍ താത്പര്യം ഫൈറ്റ് പഠിക്കുന്നതിലായി. പക്ഷേ, കണ്ടുപഠിക്കുകയല്ലാതെ പഠിപ്പിച്ചുതരാന്‍ ആളില്ലല്ലോ. ത്യാഗരാജന്‍ പുലികേശിയോട് ചോദിച്ചു: 'സാര്‍, ഞാനും ഫൈറ്റ് പഠിക്കട്ടെ?'
പുലികേശി ത്യാഗരാജനെ നന്നായിട്ടൊന്നു നോക്കിയശേഷം പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: 'നാടകത്തില്‍ കളിക്കാനുള്ള ആരോഗ്യംപോലുമില്ല, പിന്നെയാണോ ഫൈറ്റ് പഠിക്കാന്‍ പോകുന്നത്? അത് വിട്ടേക്ക്, തല്‍ക്കാലം നാടകം മതി.'
'അല്ല സാര്‍, എനിക്ക് ഫൈറ്റ് പഠിക്കണം.'
ത്യാഗരാജന്റെ ആ താത്പര്യത്തിനു മുമ്പില്‍ പുലികേശി സമ്മതം മൂളി, 'ശരി, അടുത്ത ദിവസം മുതല്‍ തുടങ്ങാം.' 
പിറ്റേന്ന് കാലത്ത് പുലികേശിയുടെ കാല്‍ തൊട്ടു വന്ദിച്ച് ത്യാഗരാജന്‍ ഫൈറ്റ് പഠിക്കാന്‍ തുടങ്ങി. ആദ്യം കത്തികൊണ്ടുള്ള ഫൈറ്റാണ് പഠിപ്പിച്ചത്. കത്തി ഫൈറ്റില്‍ പത്ത് സ്‌റ്റെപ്പുണ്ട്. ആദ്യ ദിവസം തന്നെ മൂന്ന് സ്‌റ്റെപ്പ് ചെയ്തത് കണ്ടപ്പോള്‍ പെട്ടെന്ന് പുലികേശി ത്യാഗരാജനോട് ഫൈറ്റ് നിര്‍ത്താന്‍ പറഞ്ഞു. അരികിലേക്ക് വിളിച്ച് അദ്ദേഹം ചോദിച്ചു: 'നീ ഇതിനു മുമ്പ് കത്തി ഫൈറ്റ് എവിടെ നിന്നെങ്കിലും പഠിച്ചിട്ടുണ്ടോ?'
'ഇല്ല സാര്‍, ഞാന്‍ പഠിച്ചിട്ടില്ല. നാട്ടില്‍ കളരിയാശാന്മാര്‍ ചെയ്യുന്നതു കണ്ട് പഠിച്ചതാണ്. അല്ലാതെ പഠിക്കാന്‍ വേണ്ടി ഒരു സ്ഥലത്തും പോയിട്ടില്ല.'
ആ മറുപടി കേട്ടയുടന്‍ പുലികേശി അടുത്ത സ്‌റ്റെപ്പ് കാണിച്ചുകൊടുത്ത് അതുപോലെ ചെയ്യാന്‍ പറഞ്ഞു. നാലാമത്തെ സ്‌റ്റെപ്പും ത്യാഗരാജന്‍ ചെയ്തു. ഒരാഴ്ചകൊണ്ട് പത്തു സ്‌റ്റെപ്പും ഭംഗിയായി ചെയ്തപ്പോള്‍ നാടകമൺട്രത്തിലെ എല്ലാ ഫൈറ്റേഴ്സിന്റെയും മുന്നില്‍വെച്ച് പുലികേശി പറഞ്ഞു: 'കണ്ടില്ലേ, ഒരാഴ്ചകൊണ്ടാണ് ത്യാഗരാജന്‍ കത്തി ഫൈറ്റിലെ പത്ത് സ്‌റ്റെപ്പുകളും പഠിച്ചത്. ഇവന്‍ നമ്മുടെ സംഘത്തിന്റെ അഭിമാനമാകും.'
പുലികേശിയുടെ വാക്കുകള്‍ കേട്ട് എല്ലാവരും കൈയടിച്ചപ്പോള്‍ ഒരാള്‍ മാത്രം മാറിനില്‍ക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമായിരുന്നില്ല, ആദ്യമായി മദിരാശിയിലെത്തിയപ്പോള്‍, സഹായിക്കുമെന്ന പ്രതീക്ഷയില്‍ ത്യാഗരാജന്‍ ചെന്നുകണ്ട ആമ്പൂര്‍ ബാബു. തന്റെ നാട്ടുകാരനായ ഇവന്‍ സിനിമയില്‍ വന്ന് നന്നായി പേരെടുത്തുപോവുമോ എന്ന ആശങ്ക ബാബുവില്‍ ഉള്ളതുകൊണ്ടു മാത്രമാണ് അയാള്‍ തന്നെ സഹായിക്കാതിരുന്നതെന്ന് ത്യാഗരാജന്‍ പതിയെ മനസ്സിലാക്കിത്തുടങ്ങി. 
പുലികേശിയുടെ പ്രശംസ ത്യാഗരാജന് ജീവിതത്തില്‍ കിട്ടിയ ആദ്യത്തെ അംഗീകാരമായിരുന്നു. അദ്ദേഹവുമായുള്ള അടുപ്പം കൂടിയപ്പോള്‍ 'സാര്‍' എന്ന വിളി 'ആശാനേ' എന്നായി മാറി. തുടര്‍ന്ന് പുലികേശി പുതിയ ഫൈറ്റുകള്‍ അച്ചടക്കത്തോടെ ത്യാഗരാജന് പഠിപ്പിച്ചുകൊടുക്കാന്‍ തുടങ്ങി. കത്തിയും കമ്പും വാളും ഉറുമിയും ശൂലവും... അങ്ങനെ പലതരം ഫൈറ്റുകള്‍ പുലികേശിയില്‍നിന്ന് പഠിച്ചു. വെളുപ്പിന് നാലുമണിക്ക് ഒരു കാപ്പി കുടിച്ച് തുടങ്ങുന്ന പരിശീലനം എട്ടു മണിവരെ നീളും. പിന്നെ വൈകീട്ട് നാലു മുതല്‍ രാത്രി ഒമ്പതു മണി വരെയും പരിശീലനമുണ്ടാകും. ഇതിനിടയിലുള്ള സമയം നാടക റിഹേഴ്സലിനാണ്. അങ്ങനെ ദിവസം പതിനേഴ് മണിക്കൂറിലധികം ജോലി ചെയ്തു. കഷ്ടപ്പാടുകള്‍ അപ്പോഴും തീര്‍ന്നിട്ടില്ലായിരുന്നു. രണ്ടു ദിവസം കൂടുമ്പോള്‍ രണ്ടോ മൂന്നോ രൂപ കിട്ടും. അതുകൊണ്ട് പട്ടിണി കൂടാതെ കഴിയും. പണം കിട്ടാതെ വരുമ്പോള്‍ വീണ്ടും പട്ടിണിയാകും. ഈ ഘട്ടത്തിലൊക്കെ ത്യാഗരാജനെ സഹായിച്ച ഒരു വലിയ മനുഷ്യന്‍ വടപളനിയിലുണ്ടായിരുന്നു. ദൈവത്തിന്റെ അവതാരമെന്നോണം ജീവിതത്തിലേക്ക് കടന്നുവന്ന വടിവേല്‍ മേസ്തിരിയെപ്പോലെ മറ്റൊരാള്‍. തനിക്കും ഭാര്യയ്ക്കും കഴിക്കാന്‍ വെച്ചിരുന്ന ഭക്ഷണം ഒരു രാത്രി വിശന്നു തളര്‍ന്നെത്തിയ ത്യാഗരാജന് സ്നേഹത്തോടെ വിളമ്പിക്കൊടുത്ത ഗുരുവായൂര്‍ സ്വദേശിയായ കൃഷ്ണന്‍ നായര്‍.

Content Highlights: stunt choreographer thyagarajan action tamil movie shivaji ganeshan, mgr

Continue reading