സിനിമാമോഹവുമായി വന്ന പയ്യനോട് സെറ്റിലുള്ളവര്‍ കാണിച്ച നെറികേടുകള്‍ കണ്ട് ചിരിക്കുകയായിരുന്നു താരങ്ങൾ

#ഭാനുപ്രകാശ്
സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ
സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ

എം.ജി.ആറിനെ നേരില്‍ കണ്ടതോടെ വിശപ്പൊന്നും ഒരു പ്രശ്നമല്ലാതായി. നീണ്ട ഒമ്പതു ദിവസം പച്ചവെള്ളം മാത്രം കുടിച്ച് തെരുവിലുറങ്ങിയ ത്യാഗരാജന്റെ അനുഭവം കേള്‍ക്കുമ്പോള്‍ ആരും പെട്ടെന്ന് വിശ്വസിക്കില്ല. പക്ഷേ, അതായിരുന്നു വാസ്തവം. പാവങ്ങള്‍ക്ക് കൊടുക്കാനായി അമ്മ കരുതിവെച്ച പണം മോഷ്ടിച്ചതാണ് താന്‍ ചെയ്ത വലിയ തെറ്റെന്ന് ആ മനസ്സ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. പണം നഷ്ടപ്പെട്ടതില്‍ ത്യാഗരാജന്‍ പിന്നീട് അധികം വിഷമിച്ചില്ല. കട്ടെടുത്ത പണം ദൈവം തന്റെ കൈയില്‍നിന്ന് തിരിച്ചെടുത്തു എന്നു മാത്രം വിശ്വസിച്ചു. ഒമ്പതു ദിവസത്തെ പട്ടിണി ആ മോഷണത്തിന്റെ ശിക്ഷയായി കരുതി. വയറു കത്തിക്കരിഞ്ഞപ്പോഴും മോഷ്ടിക്കാന്‍ ത്യാഗരാജന് തോന്നിയില്ല. ഒടുവില്‍ ദൈവത്തിന്  തോന്നിക്കാണണം, ഇനി ത്യാഗരാജനെ കഷ്ടപ്പെടുത്തേണ്ടെന്ന്. ഒമ്പതാം നാള്‍ ദൈവം ത്യാഗരാജനരികിലേക്ക് ഒരാളെ അയച്ചു. ഗോവിന്ദരാജ്. നാട്ടില്‍ നാടകങ്ങള്‍ അഭിനയിക്കുന്ന കാലത്ത് ത്യാഗരാജന്‍ പരിചയപ്പെട്ട ഒരു തയ്യല്‍ക്കാരനാണയാള്‍. ഗോവിന്ദരാജിന്റെ ബന്ധുക്കള്‍ മദിരാശിയിലുണ്ട്. അവരെ കാണാനാണ് അയാള്‍ വന്നത്.

തെരുവില്‍ വെച്ച് ത്യാഗരാജനെ കണ്ടപ്പോള്‍ ഗോവിന്ദരാജിന് പെട്ടെന്ന് തിരിച്ചറിയാനായില്ല. അത്രമാത്രം മാറിപ്പോയിരുന്നു ആ രൂപം. നടന്ന കാര്യങ്ങളെല്ലാം ത്യാഗരാജന്‍ ഗോവിന്ദരാജിനോട് പറഞ്ഞു. വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുത്തശേഷം ഗോവിന്ദരാജ് അയാളുടെ സുഹൃത്തിന്റെ അടുത്തേക്ക് ത്യാഗരാജനെ കൂട്ടിക്കൊണ്ടുപോയി. തങ്കയ്യ എന്നായിരുന്നു സുഹൃത്തിന്റെ പേര്. തയ്യല്‍ക്കാരനായിരുന്ന അദ്ദേഹം തന്റെ കടയോടു ചേര്‍ന്ന് 'ശങ്കര്‍ ടീ ഷോപ്പ്' എന്ന പേരില്‍ ചായക്കടയും നടത്തിയിരുന്നു. തങ്കയ്യയുടെ മുന്നില്‍ ത്യാഗരാജനെ കൊണ്ടു നിര്‍ത്തിയശേഷം ഗോവിന്ദരാജ് പറഞ്ഞു: 'വലിയ വീട്ടിലെ പയ്യനാണ്, സിനിമാഭ്രാന്ത് തലയ്ക്കു പിടിച്ച് വന്നതാണ്. തല്‍ക്കാലം എന്തെങ്കിലും ജോലി കൊടുത്ത് ഇവിടെ നിര്‍ത്തണം.' 
ത്യാഗരാജന് നല്‍കാന്‍ പറ്റുന്ന ജോലിയൊന്നും അവിടെയില്ലായിരുന്നു. എങ്കിലും ഗോവിന്ദരാജ് പറഞ്ഞതല്ലേ എന്നു കരുതി തങ്കയ്യ ത്യാഗരാജനെ തനിക്കൊപ്പം നിര്‍ത്തി. മടങ്ങാന്‍ നേരം ഗോവിന്ദരാജിനോട് ത്യാഗരാജന്‍ പറഞ്ഞു: 'ഞാനിവിടെയുണ്ടെന്ന് നാട്ടിലൊരിക്കലും അറിയരുത്. എന്റെ അപേക്ഷയാണ്.' ഇത്രയും കഷ്ടപ്പെട്ട സ്ഥിതിക്ക് സിനിമയില്‍ എന്തെങ്കിലുമാവാതെ നാട്ടിലേക്ക് തിരിച്ചുപോവില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന ഒരു മനുഷ്യന്റെ വാക്കുകള്‍.

Content Highlights: stunt choreographer thyagarajan tamil movie, mgr, malayalam movie fight scene, life story, hardship

Continue reading