നേട്ടത്തിലും ലാഭവിഹിതത്തിലും മുന്നിൽ: 17 രൂപയ്ക്ക് ഓഹരി വാങ്ങിയാൽ 40 രൂപ ലാഭവിഹിതം

20 രൂപയ്ക്ക് താഴെ മാത്രം വിലയുള്ള പെന്നി ഓഹരി ലാഭവിഹിതമായി പ്രഖ്യാപിച്ചത് ഓഹരിവിലയുടെ ഇരട്ടിയിലധികം തുക. ഇതോടെ രണ്ടുദിവസമായി അപ്പർ സർക്യൂട്ട് ഭേദിക്കുകയും ചെയ്തു. മുൻനിര ടൂൾ നിർമാതാക്കളായ ടപാരിയ ടൂൾസ് ആണ് വൻതുക ലാഭവിഹിതം പ്രഖ്യാപിച്ചത്.
തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരിവില അഞ്ചു ശതമാനം ഉയർന്ന് 17.89 നിലവാരത്തിലെത്തിയിരുന്നു. വിപണി അവധി പിന്നിട്ട് ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾത്തന്നെ ഓഹരിവില 17.89 നിലവാരത്തിലെത്തുകയും ചെയ്തു. കഴിഞ്ഞ ജൂലൈയിലാണ് 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 37.09 രൂപ രേഖപ്പെടുത്തിയത്.
പത്തു രൂപ മുഖവിലയുള്ള ഓഹരിക്ക് 400 ശതമാനം ഇടക്കാല ഡിവിഡന്റാണ് പ്രഖ്യാപിച്ചത്. ഡിവിഡന്റ് ലഭിക്കാൻ റെക്കോഡ് തീയതിക്കുമുമ്പ് നിക്ഷേപം നടത്തേണ്ടതുണ്ട്. അതായത്, റെക്കോഡ് തീയതിയായി നിശ്ചയിച്ചിട്ടുള്ളത് നവംബർ 12 ആണ്. അതുപ്രകാരം നവംബർ 11-ന് ഓഹരി വാങ്ങിയാൽ മാത്രമേ ലാഭവിഹിതത്തിന് അർഹതയുണ്ടാകൂ.
പ്രവർത്തനമികവും അറ്റാദായത്തിലെ വർധനവുമാണ് വൻതുക ലാഭവിഹിതം നൽകാനുള്ള കാരണം. നടപ്പു സാമ്പത്തികവർഷത്തെ രണ്ടാം പാദത്തിൽ കമ്പനി മികച്ച വളർച്ച രേഖപ്പെടുത്തി. അറ്റാദായത്തിൽ 18.42 ശതമാനമാണ് വർധന. മുൻവർഷം ഇതേ പാദത്തിൽ 40.50 കോടിയായിരുന്ന ആദായം നടപ്പുവർഷത്തിൽ 47.97 കോടിയായി.
ഒരു മാസത്തിനിടെ പത്തു ശതമാനമാണ് ഓഹരിവില വർധിച്ചത്. നേട്ടക്കണക്കുകൾ കണ്ട് ഓഹരി വാങ്ങാമെന്നു വിചാരിച്ചാൽ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയില്ല. വാങ്ങാൻ ആളുണ്ടെങ്കിലുംവിൽക്കാൻ ആരും തയ്യാറല്ല എന്നതാണ് കാരണം. ഇടപാടു നടക്കുന്ന ഓഹരികളുടെ എണ്ണം പരിമിതവുമാണ്.
ടപാരിയ, ബങ്കൂർ കുടുംബാംഗങ്ങളായ പ്രൊമോട്ടർമാരുടെ കൈവശമാണ് കമ്പനിയുടെ 71.5 ശതമാനം ഓഹരികളും. പൊതുനിക്ഷേപകരുടെ കൈവശം വെറും 8.78 ശതമാനം ഓഹരികൾ മാത്രം. വിദേശനിക്ഷേപകരുടെയോ മ്യൂച്വൽ ഫണ്ടുകളുടെയോ കൈവശം ഒരു ഓഹരി പോലുമില്ല.
എല്ലാവർഷവും ഉയർന്ന തോതിലാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിക്കാറുള്ളത്. ഇതിനുമുമ്പ് ജൂലൈ 22-ന് 350 ശതമാനം (ഓഹരിയൊന്നിന് 35 രൂപ) നൽകിയിരുന്നു. 2025 ജൂലൈയിൽ 25 രൂപയും നവംബറിൽ 32.50 രൂപയും ഡിവിഡന്റ് നൽകി. കമ്പനിയുടെ മൊത്തം വിപണിമൂല്യം 27.15 കോടി രൂപ മാത്രമാണ്.
Content Highlights: Taparia Tools declared a 400% interim dividend of Rs 40 per share., The stock is trading below Rs 20 (around Rs 17.89), hitting upper circuits., The record date for the dividend is November 12., Company reported an 18.42% increase in net profit for the second quarter., Promoters hold 71.5% of the shares, making floating stock extremely low.